Tuesday, August 4, 2009

തൊമ്മനും മക്കളും

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ രംഗത്തെ ഒരു ബ്രാഡ്മാന്‍ ആയിരുന്നു തൊമ്മിചെട്ടന്‍ എന്ന് വിളിക്കുന്ന ശ്രീമാന്‍ തൊമ്മന്‍ അവര്‍കള്‍. കടല്‍ അതിന്റെ തനി കൊണം കാണിക്കുന്ന കര്‍കിടകത്തില്‍ വരെ കഴുത്തൊപ്പം കടലില്‍ ഇറങ്ങി വല വീശി മീന്‍ പിടിച്ചു വരുന്ന തൊമ്മന്‍ ചേട്ടന്‍, വളര്‍ന്നു വരുന്ന മുക്കുവ കുട്ടികള്‍ക്ക് ഒരു മാതൃക എന്നതില്‍ ഉപരി അത്ഭുതം തന്നെ ആയിരുന്നു. ബ്രാഡ്മാന്‍ ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളില്‍ ടെന്നിസിലും കഴിവ് തെളിയിച്ചിരുന്ന പോലെ നമ്മുടെ തൊമ്മി ചേട്ടനും മീന്‍ പിടുത്തം ഇല്ലാത്ത സമയങ്ങളില്‍ സന്തതി പരമ്പരകളില്‍ കഴിവ് തെളിയിച്ചിരുന്നു . അത് കൊണ്ടു തന്നെ ആറു ആണ്‍ തരികള്‍ ഉള്‍പ്പെടെ പത്തു കുട്ടികളുടെ തന്ത ആയിരുന്നു നമ്മുടെ കഥാ നായകന്‍. കടലിനോടു ഒരു വീശു വലയും ആയി മല്ലിട്ട് വീട്ടിലെ ദാരിദ്ര്യം അടക്കുക മാത്രമല്ല, ഒന്നോ രണ്ടോ പേര്‍ക്ക് പോകാവുന്ന ചെറിയ ഒരു വള്ളം കൂടെ സംഘടിപ്പിച്ചു മൂപ്പിലാന്‍.

മീന്‍ ഇല്ലാതെ ഒരു ഉരുള ചോറ് പോലും ഇറങ്ങാത്ത എന്നെ സംബന്ധിച്ച് തൊമ്മന്‍ ചേട്ടന്‍ വലിയൊരു അനുഗ്രഹം ആയിരുന്നു. പ്രത്യേകിച്ച് കടല്‍ കലിപ്പ് ഉണ്ടാക്കുന്ന ദിവസങ്ങളില്‍. ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അടങ്ങി ഇരിക്കുന്നത് തൊമ്മന്‍ ചേട്ടന്‍ വലയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നിടത്ത് പോയിരിക്കുമ്പോള്‍ ആണ്. കടലില്‍ വെച്ചു അങ്ങേര്‍നടത്തിയിട്ടുള്ള വീര സാഹസികതകള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ അങ്ങേരുടെ ഒരു ആരാധകന്‍ ആയി മാറിയിരുന്നു.( അത് കൊണ്ടാണല്ലോ രണ്ടിലെ സയന്‍സ് പരീക്ഷക്ക്‌ വല ഉപയോഗിച്ചു ഇര പിടിക്കുന്ന ജീവിയുടെ പേരു ചോദിച്ചപ്പോള്‍ തൊമ്മന്‍ ചേട്ടന്‍ എന്ന് എഴുതി വെച്ചത്). കടലമ്മയെ നേരിട്ടു കണ്ടതും തിമിന്ഗലത്തിന്റ്റെ കൊച്ചിനെ ചൂണ്ടയിട്ടു പിടിച്ചതും ഒക്കെ വിവരിക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരിക്കുമായിരുന്നു.

തൊമ്മിചെട്ടന്റെ ആണ്മക്കള്‍ ആറു പേരും അപ്പന്റെ മാര്‍ഗം പിന്തുടര്‍ന്ന് പങ്ക (തുഴ) പിടിക്കാന്‍ പ്രായം ആയപ്പോള്‍ തന്നെ വള്ളത്തില്‍ പോകാന്‍ തുടങ്ങി. മക്കളുടെ കഴിവില്‍ അഭിമാനിച്ചിരുന്ന തൊമ്മിചെട്ടന്‍ അവര്‍ക്ക് കല്‍പ്പിച്ചു കൊടുത്ത പേരാണ് "പാണ്ഡവപ്പട" പാണ്ഡവന്മാര്‍ അഞ്ചു പേരല്ലേ ഉള്ളൂ എന്ന് ഞാന്‍ ആദ്യം ഓര്‍ത്തെങ്കിലും കര്‍ണനും കര്‍മ്മണാ അല്ലേലും ജന്മനാ ഒരു പാണ്ഡവന്‍ ആണല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.അതോടൊപ്പം എഴുത്തും വായനയും ഇല്ലെങ്കിലും, സത്യ ക്രിസ്ത്യാനി ആയിരുന്നിട്ടും തൊമ്മിചെട്ടന്റെ പുരാണ ബോധത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ എനിക്ക് അങ്ങേരോടുള്ള ആരാധന കൂടിയതെ ഉള്ളൂ. ഒരിക്കല്‍ ഇതേ സംശയം നേരിട്ടു ചോദിച്ച ഒരാളോട് കണക്കു മനസിലാക്കി കൊടുക്കാന്‍ തൊമ്മിചെട്ടന്‍ ഒരു ചൊല്ല് ചൊല്ലി കേള്‍ക്കണ വരെ ആരാധന നീണ്ടു. "പഞ്ചാപാണ്ഡവര്‍ കട്ടിലിന്റെ കാല് പോലെ ആറു പേര്‍". ശരിയാണ് .തൊമ്മിചെട്ടന്‍ കിടക്കുന്ന കയറു മേഞ്ഞ കട്ടിലിനു കാലുകള്‍ ആറാണ്.

മക്കളുടെ കാര്യത്തില്‍ തൊമ്മിചെട്ടനു കണക്കു കൂട്ടലുകള്‍ അവിടം മുതല്‍ പിഴക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത്. താമസിയാതെ അപ്പനും മക്കളും ചേര്‍ന്ന് പത്തു പേര്‍ക്ക് പോകാവുന്ന ഒരു വള്ളം വാങ്ങി. വള്ളത്തിനു പേരു പാണ്ഡവപ്പട എന്ന് തന്നെ ഇട്ടു. ആദ്യ കാലങ്ങളില്‍ അപ്പന്‍ തന്നെ ആയിരുന്നു ക്യാപ്ടന്‍. അപ്പനും മക്കളും കൂടെ തുഴയും തോളത്തു വച്ചു പണിക്കു പോകുന്ന കണ്ടാല്‍ ക്രിസ് ഗെയിലിന്റെ കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ മുണ്ടും ഉടുത്തു ബാറ്റും തോളത്തു വെച്ചു പോവുക ആണെന്നെ തോന്നൂ. കാലം കഴിഞ്ഞപ്പോള്‍ തൊമ്മി ചേട്ടന്റെ അവസ്ഥ കൊല്കട്ട ടീമിലെ ഗാംഗുലിയെ പോലെ ആയി. ക്യാപ്ടന്‍ സ്ഥാനം പോയി. അതോടെ വള്ളത്തിന്റെ ചുമതല മക്കള്‍ ഏറ്റെടുത്തു. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പോലെ വള്ളത്തെ അണിയിച്ചൊരുക്കി സ്നേഹം പ്രകടിപ്പിച്ചു.നിറയെ കൊടിയും റിബണും ഒക്കെ ആയി മൊത്തത്തില്‍ വള്ളം കണ്ടാല്‍ ഒരു ചാന്ത്പൊട്ട്‌ ലുക്ക്‌ ഉണ്ടായിരുന്നു.

കാലയളവില്‍ നാട്ടിലെ ഒട്ടു മിക്ക അടിപിടി കേസുകളിലും ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി പാണ്ഡവന്മാര്‍ മാറിയിരുന്നു. അവരുടെ പിതാസ്നേഹം നാട്ടില്‍ വളരെ ഫേമസ് ആയതു പെട്ടെന്നാണ്.ഒരിക്കല്‍ ഒരു ചാകര സമയം. ക്യാപ്ടന്‍ സ്ഥാനം പോയെങ്കിലും വള്ളത്തില്‍ ഒരു കോച്ചിന്റെ റോളില്‍ തൊമ്മി ചേട്ടനും ഉണ്ടായിരുന്നു. അന്ന് അവര്‍ക്ക് നല്ല കോള് തന്നെ കിട്ടി. വല നിറയെ മത്തി (ചാള). വലയില്‍ നിന്നും ബക്കറ്റില്‍ മീന്‍ വാരി വള്ളത്തില്‍ ഇട്ടിട്ടു വള്ളം നിറഞ്ഞു മുങ്ങാറായി . വലയില്‍ രണ്ടോ മൂന്നോ ബക്കറ്റ് മീന്‍ ബാക്കി. ഇനി എന്ത് ചെയ്യണം എന്ന് എല്ലാരും അമരത്തുള്ള യുധിഷ്ടിരന്‍ ആന്റപ്പനെ നോക്കി. ആന്റപ്പന്‍ വള്ളതിലെക്കും വലയിലെക്കും മാറി മാറി നോക്കി. പിന്നെ വിധി പറഞ്ഞു. "വലയില്‍ ഇനിയും മീന്‍ ഉള്ള കൊണ്ടു ഒരു കാര്യം ചെയ്യ്‌. അപ്പനെ എടുത്തു വെള്ളത്തില്‍ ഇട്ടേച്ചും ബാക്കി മീന്‍ വാരി വള്ളത്തിലിട് ".ബാക്കി പാണ്ഡവന്മാര്‍ അത് കേട്ട് ആഞ്ഞു ചിരിച്ചെങ്കിലും പിന്നെ തൊമ്മി ചേട്ടന്‍ അവരുടെ കൂടെ വള്ളത്തില്‍ പോയിട്ടില്ല.

ഒരിക്കല്‍ ഒരു കടല്‍ ഇളക്കകാലത്ത് കട്ടിലില്‍ ചാകാന്‍ റെഡി ആയി കിടക്കുന്ന അപ്പനേം കണ്ടു ബീഡി ഒന്നു ആഞ്ഞു വലിച്ചു കടപ്പുറത്തേക്ക് പോയതായിരുന്നു മൂന്നാമന്‍ മൈക്കള്‍. ഇളകി മറിയുന്ന കടലിനെ നോക്കി, ഇളകി മറിയുന്ന വയറിനെ ശാന്തമാക്കി, ആണ്ടമാന്‍ നിക്കോബാറില്‍ ഞണ്ട് ഇറുക്കതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ആണ് അയലത്തെ ജോപ്പന്‍ വന്നു പറയുന്നതു."അപ്പന്‍ പണ്ടാരടങ്ങി." മൈക്കള്‍ ചെയ്തിരുന്ന കാര്യം പൂര്‍ത്തിയാക്കി, നേരെ പള്ളിയില്‍ ചെന്നു കുടിശിക തീര്‍ത്തു രശീത്‌ വാങ്ങി. അഞ്ചു മണിക്ക് അടക്കത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.നേരെ പോയി പെട്ടിക്ക് ഓര്‍ഡര്‍ കൊടുത്തു. വീട്ടിലേക്ക് പോണ വഴി ദിവാകരേട്ടന്റെ ഷാപ്പില്‍ കേറി വൈകിട്ടത്തേക്ക് കള്ളിന് കാശ് കൊടുത്തു. എല്ലാവരുടേം ക്ഷീണം മാറണ്ടേ? ഒരു ഇരുപതു ലിറ്റര്‍ തന്നെ ആയിക്കോട്ടെ. ഇപ്പോള്‍ ഒരു ബലത്തിന് ഒരു കുപ്പീം മേടിച്ചു. ഒരു കുപ്പി കള്ള് അങ്ങനെ നിപ്പന്‍ അടിച്ച് നില്‍ക്കുമ്പോള്‍ പുള്ളിയെ തിരക്കി മൂത്ത ചേട്ടന്റെ മോന്‍ ജിമ്മിച്ചന്‍ എത്തി. ജിമ്മിച്ചന്‍ ഇളയപ്പനോട് കിതച്ചു കൊണ്ടു പറഞ്ഞു . "അമ്മച്ചീം എല്ലാരും കൂടെ ഉച്ചത്തില്‍ കാറണ കേട്ടു അപ്പാപ്പന്‍ എഴുന്നേറ്റു. എല്ലാവരേം തെറി പറഞ്ഞു പിന്നേം കിടന്നു ". ഇതു കേട്ട് എല്ലാവരും മൈക്കള്‍ കുഞ്ഞിനെ കളിയാക്കി.കലി കയറിയ മൈക്കള്‍ എല്ലാവരോടുമായി പറഞ്ഞു. "അപ്പന്‍ ചത്താലും ചത്തില്ലെലും അടക്കം അഞ്ചു മണിക്കുണ്ടാകും".

ഇങ്ങനെ അപ്പനും മക്കളും തമ്മിലുള്ള സ്നേഹത്തെ പറ്റി നാട്ടിലെ പണിയില്ലാത്ത പാണന്മാര്‍ പാടി നടന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും വിശേഷ ദിവസങ്ങളിലും,വിശേഷം ഇല്ലാത്ത ദിവസങ്ങളിലും കുടിക്കാനായി പാണ്ഡവന്മാര്‍ ചാരായം വാറ്റുമ്പോള്‍ ആദ്യം അവര്‍ അപ്പന് കൊടുക്കുമായിരുന്നു...കൃത്യം രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അപ്പനൊന്നും സംഭവിച്ചില്ലേല്‍ മാത്രമേ രണ്ടാമതൊരാള്‍്ക്ക് അവര്‍ ചാരായം കുടിക്കാന്‍കൊടുത്തിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ പലതങ്ങനെ കഴിഞ്ഞു പോയി.കഴിഞ്ഞ മാസം നാലാമത്തെ മകന്‍ പീറ്റര്കുട്ടിയുടെ നാല്‍പ്പതു അടിയന്തിരത്തിന് ഞങ്ങള്‍ പന്തല്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ബീഡി ഒന്നുകൂടെ ആഞ്ഞു വലിച്ചു കൊണ്ട് തൊമ്മന്‍ ചേട്ടന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു." ബാക്കിയുള്ളവന്മാര്‍ കൂടെ ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഒരു നല്ല മീന്‍ കറി കൂട്ടാന്‍ ഞാന്‍ തന്നെ വള്ളത്തില്‍ പോകേണ്ടി വരുമെന്നാ തോന്നണത് എന്റെ കര്‍ത്താവേ."

17 comments:

  1. ചാരായം വാറ്റുമ്പോള്‍ ആദ്യം അവര്‍ അപ്പന് കൊടുക്കുമായിരുന്നു...കൃത്യം രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അപ്പനൊന്നും സംഭവിച്ചില്ലേല്‍ മാത്രമേ രണ്ടാമതൊരാള്‍്ക്ക് അവര്‍ ചാരായം കുടിക്കാന്‍കൊടുത്തിരുന്നുള്ളൂ.
    Best idea!!!

    ReplyDelete
  2. i am your old anonymous friend,.. wow what a dialog dear...... google mobile number chodikkuvaa.. enikku athilla.. njaan enthu cheyyum aashaaney?puthiya gmailedukkan?

    ReplyDelete
  3. അമ്മച്ചീം എല്ലാരും കൂടെ ഉച്ചത്തില്‍ കാറണ കേട്ടു അപ്പാപ്പന്‍ എഴുന്നേറ്റു. എല്ലാവരേം തെറി പറഞ്ഞു പിന്നേം കിടന്നു

    ഹഹ ....അതിഷ്ടപ്പെട്ടു..കൊള്ളാം കൂട്ടുകാരാ കഥ ...

    ReplyDelete
  4. കൊള്ളാം കൂട്ടുകാരാ നന്നായിട്ടുണ്ട് ....
    ഉപമകള്‍ ഒക്കെ ഒന്നാം തരം . തുടക്കത്തിലെ ബ്രാഡ്മാന്‍ പ്രയോഗം തന്നെ സൂപ്പര്‍ .. കുറെ കാലം കൂടി നന്നായി ചിരിച്ചു...

    ReplyDelete
  5. ചാത്തനേറ്: അവതരണം നന്നായി.

    ReplyDelete
  6. അനൂപേ!!!!
    ഞാന്‍ നമിച്ചു! ചിരിച്ചു മറിഞ്ഞിഷ്ടാ! :-)

    ഈ ബ്ലോഗൊക്കെ ഇങ്ങനെ മറഞ്ഞു കിടക്കുന്നത് തമാശ ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ നഷ്ടമാണ്!
    എത്തിപ്പെട്ടതിന് കുട്ടിച്ചാത്തന് സ്തുതി.
    ഞാന്‍ ഇനി ഇവിടൊക്കെത്തന്നെ കാണും!

    ReplyDelete
  7. കുട്ടിച്ചാത്തന് സ്തുതി.

    kalakki monee.. keep writing..!!

    ReplyDelete
  8. അരീക്കോടന്‍ മാഷേ നന്ദി.
    ചാണക്യന്‍, രഘു നാഥന്‍ മാഷ്,മാത്തന്‍, ഉണ്ണിക്കുട്ടാ: വളരെ നന്ദി
    കുട്ടിച്ചാത്താ ഇത് വരെ ചാത്തനേറ് കൊണ്ടില്ലല്ലോ എന്ന സിശമം മാറി...നന്ദി
    അരവിന്ദേട്ടാ, സന്തോഷം ആയി... ഞാന്‍ ആദ്യം വായിച്ച മലയാളം ബ്ലോഗ്‌ സീറോ ഹോണ്ട- കലാശം ആണ്..പിന്നെ അത് പോലുള്ള ബ്ലോഗുകള്‍ തേടിയുള്ള അലച്ചില്‍ എന്നെ എവിടെ എത്തിച്ചു...ഇപ്പോളിതാ ചേട്ടന്റെ കമന്റും..വളരെ നന്ദി.ആദ്യ കഥ പോസ്റ്റ്‌ ചെയ്ത സമയത്ത് ചേട്ടന് ഒരു മെയില്‍ അയച്ചിരുന്നു.
    അനോണിമസ്‌ കൂട്ടുകാരാ...താങ്കളെ എത്രയും പെട്ടെന്ന് ഒരു ബ്ലോഗ്ഗറായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..ആശംസകള്‍

    ReplyDelete
  9. തൊമ്മൻ ചേട്ടനും കൊള്ളാം മക്കളും കൊള്ളാം
    അല്ല ഇത് മ്മക്ക് സിനിമയാക്കിയാലോ

    ReplyDelete
  10. ഏതായാലും തൊമ്മനും മക്കളും കലക്കി.

    ReplyDelete
  11. ഇതിലെ ഏറ്റവും ഇഷ്ടായത്..

    "വലയില്‍ ഇനിയും മീന്‍ ഉള്ള കൊണ്ടു ഒരു കാര്യം ചെയ്യ്‌. അപ്പനെ എടുത്തു വെള്ളത്തില്‍ ഇട്ടേച്ചും ബാക്കി മീന്‍ വാരി വള്ളത്തിലിട് ".

    വല്ലാത്തൊരു അലക്ക് തന്നെ:)

    ഡീറ്റയില്‍സ്സ് മെയില്‍ ചെയ്യാം:)

    ReplyDelete
  12. എന്നാലും എന്റെ കര്‍ത്താവേ ....തൊമ്മി ചേട്ടന്ന്‍ പറഞ്ഞതു നീ ബ്ലൊഗ് ആക്കും എന്നു ആ പാവം അറിയണുണ്ടോ.....!!!

    ReplyDelete
  13. തൊമ്മനും മക്കളും ഗംഭീരായി.

    ReplyDelete
  14. ഹ ഹ! തൊമ്മനും മക്കളും സൂപ്പര്‍...

    ReplyDelete
  15. അനൂപ്‌ ചേട്ടാ ഞാന്‍ റെഡി...ഇതേ പേരില്‍ ഒരെണ്ണം ഇറങ്ങിയതിന്റെ ക്ഷീണം ഇപ്പോളും മാറിയിട്ടില്ലാ..ഹി ഹി
    മിനി ടീച്ചറെ,ശിവേട്ടാ, captain Haddok ,Reini, അഭിപ്രായങ്ങള്‍ക്കു നന്ദി.
    അരുണ്‍ ചേട്ടാ കമന്റിനും മെയിലിനും നന്ദി.
    എഴുത്തുകാരി ചേച്ചിയെ പരിചയപ്പെടാന്‍ പറ്റിയതിനു നന്ദി.

    ReplyDelete