Monday, August 24, 2009

ഉണ്ണിക്കുട്ടന്‍- ഒരു ഓര്‍മ്മക്കുറിപ്പ്‌

തന്നെ കഥയും കഥാപാത്രങ്ങളും തികച്ചും യാഥാര്‍ഥ്യം ആണ്. ഇതെഴുതാനുള്ള സാഹചര്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസിലാകും എന്ന് വിചാരിക്കുന്നു.

മാരാരിക്കുളത്ത് പുതുതായി തുടങ്ങിയ ട്യൂഷന്‍ ക്ലാസില്‍ കുട്ടികളുടെ അഡ്മിഷന്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഉണ്ണിക്കുട്ടനെ കാണുന്നത്. പൊള്ളേത്തൈയില്‍ ഉള്ള സ്ഥാപനത്തിന് നല്ല പേരു ഉള്ളത് കാരണം കുട്ടികള്‍ നല്ല പോലെ വന്നു തുടങ്ങിയിട്ടുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് റൂമിലേക്ക്‌ കടന്നു വന്ന ചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഏകദേശം എന്റെ പ്രായം വരും. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചിലപ്പോള്‍ അനിയനെയോ അനിയത്തിയെയോ ചേര്‍ക്കാന്‍ വന്നതായിരിക്കും. പക്ഷെ ആള്‍ തനിച്ചാണ് . ഞാന്‍ കക്ഷിയോടു ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു.

"പുതിയ അഡ്മിഷനാ??"
"അതെ"
"ആര്‍ക്കാ??"
"എനിക്കാ.. !!!"
" ഏത് ക്ലാസിലാ?"

"എട്ടാം ക്ലാസില്‍......!!!!!!!"

ദൈവമേ പണി ആകുമെന്ന തോന്നണേ.ഞാന്‍ മനസ്സില്‍ പറഞ്ഞു

"പേരു??"
"ഉണ്ണിക്കുട്ടന്‍...!!"
ആഹാ..ശരീരത്തിന് പറ്റിയ പേരു തന്നെ. ആളൊരു ഉണ്ണി കൂറ്റന്‍ തന്നെ...."തന്നെ ചേര്‍ക്കാന്‍ കൂടെ ആരും വന്നില്ലേ?? അച്ഛനോ അമ്മയോ മറ്റോ??" ഞാന്‍ തിരക്കി.

"അപ്പന്‍ ഇവിടെ വന്നിട്ടുണ്ട്. ഒന്‍പതിലെ ജോമോന്‍ എന്റെ അനിയനാ. അവനെ ചേര്‍ക്കാന്‍ വന്നായിരുന്നു. എപ്പോളും എന്തിനാ വരുന്നേ? അതാ ഞാന്‍ തനിച്ചു പോന്നത്." ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
അനിയന്‍ ഒന്‍പതില്‍ ചേട്ടന്‍ എട്ടില്‍...!! കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം മനസിലായി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ഞങ്ങളുടെ സ്ഥാപനത്തിലെ അംഗമായി മാറി.

ക്ലാസുകള്‍ പഠിപ്പിച്ചു തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമെ എനിക്ക് ക്ലാസുള്ളൂ. പ്രത്യേകിച്ച് അങ്ങനെ ടൈം ടേബിള്‍ എനിക്കില്ല..സാറില്ലാത്ത ക്ലാസില്‍ കയറും. അത്ര തന്നെ. അങ്ങനെ ആദ്യമായി ഞാന്‍ എട്ടാം ക്ലാസില്‍ കയറി. പെട്ടെന്നുള്ള പൊട്ടി വീഴല്‍ ആയതു കൊണ്ടു കുട്ടികളുടെ ആരുടേയും കയ്യില്‍ പുസ്തകം ഇല്ല. പെട്ടെന് തന്നെ പുറകില്‍ നിന്നുംഒരു ശബ്ദം. "പുസ്തകം ഞാന്‍ പോയി എടുത്തു കൊണ്ടു വരാം സര്‍." ഉണ്ണിക്കുട്ടനാണ്. ശരി പോയി എടുത്തു കൊണ്ടു വരന്‍ ഞാന്‍ പറഞ്ഞു. സമയം കൊണ്ടു പിള്ളേരെ ഒന്നു പരിചയപ്പെടാമല്ലോ.....!പിള്ളേരെ മുഴുവന്‍ ഞാന്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടും ബുക്ക്‌ എടുക്കാന്‍ പോയവന്റെ പൊടി പോലും ഇല്ല.അപ്പോള്‍ പിള്ളേര്‍ പതുക്കെ പറഞ്ഞു തുടങ്ങി."സാറേ അവന്‍ വെട്ടിച്ചതാ.അവന്റെ വീട് കടപ്പുറത്താ." ഗണപതിക്ക്‌ വെച്ചത് തന്നെ കാക്ക കൊണ്ടു പോയല്ലോ എന്നോര്‍ത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ വിയര്‍ത്തു കുളിച്ചു ഉണ്ണിക്കുട്ടന്‍ എത്തി. അവന്‍ കൊണ്ടു വന്ന പുസ്തകം വെച്ചു ഞാന്‍ പഠിപ്പിച്ചു തുടങ്ങി. ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ പുസ്തകം അവനെ മടക്കി ഏല്പിച്ചു. അപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ടു അവന്‍ പറഞ്ഞു

"പുസ്തകം സാറ് വെച്ചോ. എനിക്കിതു കൊണ്ടു വലിയ കാര്യം ഒന്നും ഇല്ല."
"അതെന്താ സ്കൂള്‍ തുറന്നതല്ലേ ഉള്ളൂ??"
"ഓ അത് സാരം ഇല്ല. ഞാന്‍ ജോമോന്‍ പഠിച്ച പുസ്തകം വെച്ചു അഡ്ജസ്റ്റ് ചെയ്തോളാം"

ഞാന്‍ എത്ര പറഞ്ഞിട്ടും അവന്പുസ്തകം വാങ്ങിയില്ല.

കാലം കടന്നു പോയി. എബിസിഡി മുഴുവന്‍ അറിയാത്ത ഉണ്ണിക്കുട്ടന്‍ ഒരു വിദ്യാര്ത്ഥി എന്ന നിലയില്‍ ഞങ്ങള്‍ക്കൊരു തലവേദന ആയിരുന്നെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും അവന് ഞങ്ങള്ക്ക് പ്രിയങ്കരന്‍ ആയിരുന്നു. വാര്‍ഷികത്തിന് സ്റ്റേജ് ഒരുക്കുക, ഓണത്തിന് അത്തപ്പൂക്കളം ഉണ്ടാക്കാന്‍ കടപ്പുറത്ത് നിന്നും ട്രോളിയില്‍ മണ്ണ് എടുക്കാന്‍ സഹായിക്കുക തുടങ്ങി എന്ത് കാര്യത്തിനും അവന് മുന്നിലുണ്ടാകും. ഇനി പിള്ളേര്‍ ഭയങ്കരമായി ബഹളം കൂട്ടുമ്പോള്‍ ഒന്നു പൊട്ടിക്കാനും അവനെ ഉണ്ടായിരുന്നുള്ളൂ.അത് കണ്ടു പേടിച്ചു ബാക്കി കുഞ്ഞുങ്ങള്‍ അടങ്ങി ഇരുന്നോളും.

ഉണ്ണിക്കുട്ടന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. എന്റെ അധ്യയന ജീവിതത്തിലെ വലിയൊരു അനുഭവം എനിക്ക് അവനില്‍ നിന്നും ഉണ്ടായി. ക്ലാസ്സില്‍ ഞാന്‍ സിപ്‌ ഫയലുകളെ കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. സൈസ് കൂടിയ ഫയലുകളെ സൈസ് കുറഞ്ഞ രൂപത്തില്‍ ആക്കി മാറ്റാനാണ് സിപ്പിംഗ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു. "സിപ്‌ എന്നതിന് മലയാളത്തില്‍ പറയുന്ന പേരാണു സിബ്ബ്‌ . ബാഗിലൊക്കെ ഉപയോഗിക്കുന്ന സിബ്ബ്‌ നിങ്ങള്‍ക്കറിയില്ലേ??ഒരു ബാഗില്‍ പത്തു ഷര്‍ട്ട്‌ അടുക്കി വെക്കാം. നിങ്ങള്ക്ക് പതിനഞ്ചു ഷര്‍ട്ട്‌ ഉണ്ട്.എന്ത് ചെയ്യും.?"
"ഞെക്കി കൊള്ളിക്കും" ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
"ഓക്കേ.ഞെക്കി കൊള്ളിച്ചു സിബ്ബ്‌ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കേണ്ട.ആവശ്യം ഉള്ള സമയത്തു സിബ്ബ്‌ തുറക്കുകഷര്‍ട്ട്‌ പുറത്തെടുക്കുക. അതുപോലെ ആണ് സൈസ് കൂടിയ ഫയല്‍ നമ്മള്‍ സിപ്‌ ചെയ്തു വെക്കുന്നത്.മനസിലായോ?"
എല്ലാവരും ഓക്കേ. ഞാന്‍ അടുത്ത ഭാഗം പഠിപ്പിക്കാനായി തുടങ്ങി. പെട്ടെന്നൊരു ശബ്ദം. "സാര്‍ ഒരു സംശയം"


ദൈവമേ!!! ഉണ്ണിക്കുട്ടന്‍,! ശരീരത്തും സംശയമോ? ഞാന്‍ അത്ഭുതപ്പെട്ടു. ഇത്രനാള്‍ കൂടെ പഠിച്ചിട്ടും കൈ ഉയര്‍ത്തു സാറിനോട് ഒന്നിന് പൊയ്ക്കോട്ടേ എന്ന് പോലും ചോദിക്കാത്ത ഇവനിപ്പോള്‍ സംശയമോ എന്ന് സഹപാഠികള്‍ അത്ഭുതപ്പെട്ടു. എല്ലാവരും അവനെ തന്നെ തുറിച്ചു നോക്കി. ഞാന്‍ അവനോടു ചോദിയ്ക്കാന്‍ പറഞ്ഞു. ക്ലാസില്‍ പൂര്ണ്ണ നിശബ്ദത. അവന് ചോദിച്ചു.

"അപ്പോള്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പാന്റിനു എന്തിനാ സിബ്ബ്‌?"

ക്ല, ക്ലാ ,ക്ലി...എന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി . കുട്ടികള്‍ ആണേല്‍ പൊരിഞ്ഞ ചിരി.രണ്ടു വര്‍ഷം ആയി ഇതേ ഉദാഹരണം കൊണ്ടു നടക്കുന്ന എനിക്ക് തോന്നാത്ത കാര്യം ആണ് അവന് ഇപ്പോള്‍ രണ്ടു നിമിഷം കൊണ്ടു തോന്നിയത്. ബഹളം ഒന്നു കുറഞ്ഞപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു "മകനെ, നീ ബുദ്ധി നല്ല കാര്യത്തിനു ആണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ നീ വല്ല ഐസക് ന്യൂടണോ മറ്റോ ആയി പോയേനെ. "

ഉണ്ണിക്കുട്ടന്‍ പത്തിലായപ്പോള്‍ ആണ് ഞങ്ങള്‍ ശരിക്കും കുഴഞ്ഞത്. തുടര്‍ച്ചയായ രണ്ടു വര്ഷവും നൂറു ശതമാനം ഉണ്ടായിരുന്ന ഞങ്ങള്ക്ക് ഹാട്ട്രിക്കിനു മുന്നില്‍ തടസം അവന്‍ മാത്രം ആയിരുന്നു.അവന്
ഇതുവരേ നേരെ ചൊവ്വേ പേര് എഴുതാന്‍ പോലും അറിയില്ല. ഇപ്പോളത്തെ വിദ്യാഭാസ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളില്‍ ആരുംതോല്പ്പിക്കില്ലത്തതിനാല്‍ പത്തിലെത്തി നില്‍ക്കുന്നു. അവസാനം ഞങ്ങള്‍ അവനെ ചോദ്യ പേപ്പര്‍ നോക്കി ചോദ്യം പേപ്പറില്‍ എഴുതി വെക്കാന്‍ പഠിപ്പിച്ചു. വാട്ട്‌ഈസ്‌ ദിസ്‌ എന്ന് ചോദിച്ചാല്‍ ദിസ്‌ ഈസ്‌ വാട്ട്‌ എന്ന മട്ടില്‍ ഉത്തരം.

പത്തിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഉണ്ണിക്കുട്ടന്‍ പാസ്‌. ഹാട്ട്രിക്ക്നേക്കാള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നിയത് അവന്റെ സന്തോഷം കണ്ടപ്പോളാണ്. പടക്കം പൊട്ടിക്കാനും തുള്ളനും ഒക്കെ അവന്‍ മുന്നില്‍ നിന്നു. എല്ലാവരും പോയിട്ടും അവനു പോകാന്‍ ഒരു മടി. എന്നാല്‍ വിഷമം പ്രകടിപ്പിക്കുന്നില്ല. ഷെല്‍ഫിലെ ബുക്കും മേശയും ഒക്കെ തൂത്ത് നില്‍ക്കുന്നു. അവസാനം അവന്‍ വന്നു കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു. "സാറേ പോട്ടെ,ഓണത്തിന് വരാം. ഗള്‍ഫില്‍ പോയ ബിപിന്‍ സാറിനേം തിരക്കിയെന്നു വിളിക്കുമ്പോള്‍ പറയണം." എന്നിട്ട് അവന്‍ പോയി. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന കാഴ്ച.

കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും പ്രിന്‍സിപ്പല്‍ കൂടിയായ കൂട്ടുകാരന്‍ ഷിബു വിളിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍വിളിക്കാന്‍ വരുന്ന കാര്യം ആണെന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും ഒരു വിതുമ്പല്‍ "എടാ നമ്മുടെ ഉണ്ണിക്കുട്ടന്‍ ആത്മഹത്യ ചെയ്തു. ഇന്നലെഒതളങ്ങ കഴിച്ചു മരിച്ചു. ഇതിനു വേണ്ടി ആണോടാ നമ്മള്‍ കഴുവേറിയെ കഷ്ട്ടപ്പെട്ടു വിജയിപ്പിച്ചത്" ഷിബു വിതുമ്പിപ്പോയി. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ആത്മഹത്യ ചെയ്തെന്നോ??എനിക്ക് വിശ്വസിക്കാനായില്ല. "പത്തു കഴിഞ്ഞു ഒരു ടി സിയില്‍ പഠിക്കാന്‍ ആണ് ഉണ്ണിക്കുട്ടന്‍ ചേര്‍ന്നത്‌. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന അവന്‍ മൊബൈല്‍വേണം എന്ന് പറഞ്ഞു ഒരേ വാശി. ഓണത്തിന് അരി മേടിക്കാന്‍ കാശ് ഇല്ലാതിരിക്കുന്ന അവന്റെ അപ്പന് തുഴ കൊണ്ട് ഒരു അടി കൊടുക്കാനാണ് തോന്നിയത്. ഇതുവരെ അവര്‍ മകനെ തല്ലിയിട്ടില്ല.വഴക്കും പറഞ്ഞിട്ടില്ല.ഇത്തവണ അപ്പന് ക്ഷമ കെട്ടു. മകനെ ശരിക്കും വഴക്ക് പറഞ്ഞു. നീ ഇനി പഠിക്കാന്‍ പോകേണ്ട എന്നുംപറഞ്ഞു. എല്ലാം കഴിഞ്ഞു അവന്‍ പുറത്തേക്കു പോയി. രാത്രി കയറി വന്നു ഒന്നും മിണ്ടാതെ കയറി കിടന്നു. പിണങ്ങി കഴിഞ്ഞാല്‍ ഒന്നും കഴിക്കുന്ന പതിവ് ഇല്ലാത്തകൊണ്ട് വീട്ടുകാര്‍ വിളിച്ചില്ല.അവന്‍ ഉറങ്ങിപ്പോയി.രാത്രി രണ്ടു മണി കഴിഞ്ഞപ്പോള്‍ മുതല്‍ നല്ല ശര്‍ദ്ദില്‍. വീട്ടുകാര്‍ ഉണര്‍ന്നു കാര്യം ചോദിച്ചപ്പോള്‍ ആണ് ഒതളങ്ങകഴിച്ച കാര്യം പറയുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷപെട്ടില്ല." ഷിബു പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു നിര്‍വികാരതയില്‍ ആയിരുന്നു ഞാന്‍.

നാട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ അവനെ പറ്റി ഒന്നും സംസാരിച്ചില്ല. ശനിയാഴ്ച ട്യൂഷന്‍ ക്ലാസിലോട്ടു പോകാന്‍ ബുക്ക്‌ തപ്പിയ എന്റെ കയ്യില്‍ തടഞ്ഞത് ഉണ്ണിക്കുട്ടന്‍ തന്ന പുസ്തകം. അന്ന് ഞാന്‍ ട്യൂഷന് പോയില്ല.

എന്നെങ്കിലും ഉണ്ണിക്കുട്ടനെ പറ്റി ഒരു പോസ്റ്റ്‌ വിടണം എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അത് പക്ഷെ ഒരിക്കലും ഒരു ഓര്‍മകുറിപ്പ് ആകുമെന്ന് ഞാന്‍ കരുതിയില്ല. അവന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

പാവപ്പെട്ടവന്റെ വിഷം എന്ന് അറിയപ്പെടുന്ന ഈ ഒതളങ്ങാ ഭീകരന്‍ ഈ പാവപ്പെട്ടവന്റെ അടുത്ത് നിന്നും കൊണ്ടുപോയ മൂന്നാമത്തെ ഇര ആയിരുന്നു ഉണ്ണിക്കുട്ടന്‍.ആ ഭീകരനെ ശിവേട്ടന്റെ ബ്ലോഗ്ഗില്‍ നോക്കിയാല്‍ കാണാം.കടപ്പാട് ശിവേട്ടന്.

16 comments:

  1. ഉണ്ണിക്കുട്ടനെ എന്നെന്നും ഓര്‍ക്കാന്‍ ഇതിലും നല്ല ഒരു ഓര്‍മകുറിപ്പ് ഉണ്ടാകില്ല. വായിച്ചപ്പൊള്‍ കണ്ണു നിറഞ്ഞു പോയി..ഇ‍ന്നത്തെ കുഞ്ഞുങ്ങള്‍ ജീവിതത്തെ ഇത്ര നിസാരമായാണോ നോക്കുന്നതു.. ഒരു മൊബൈലിനു തുല്യം ആകുമോ ഒരു ജീവന്‍!!!
    May His Soul Rest In Peace ....

    ReplyDelete
  2. Reini,തികച്ചും ചിന്തിക്കേണ്ട ഒരു കാര്യം തന്നെ ആണ് അത്. ജീവിതത്തെ സിമ്പിള്‍ ആയി കണ്ട ഉണ്ണിക്കുട്ടന്‍ സിമ്പിള്‍ ആയിത്തന്നെ ജീവിതം അവസാനിപ്പിച്ചു. ഒരു നിമിഷത്തെ ബുദ്ധി മോശം. പോയതൊരു ജീവന്‍.അതിനപ്പുറം അവന്റെ അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍....ആര് നിന്നെ വിളിക്കാനാ, നിനക്ക് മൊബൈല്‍ എന്തിനാ എന്ന് അപ്പന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്.പാട്ട് കേള്‍ക്കാന്‍ ആണെന്നാണ്. മൊബൈലിന്റെ ഉപയോഗം പോലും അറിയാത്ത അവനാണ്‌ അതിനായി ജീവന്‍ കളഞ്ഞത്....:(

    ReplyDelete
  3. ഉണ്ണിക്കുട്ടനെ ചുറ്റിപറ്റി കുറേ ചിരി പടക്കം.ഒടുവില്‍ ഒരു നൊമ്പരം ബാക്കി.കൊള്ളാം കൂട്ടുകാരാ, ബ്രിജ് വിഹാരം മനുചേട്ടന്‍റെ സ്റ്റൈലാ ഇത്:)

    ReplyDelete
  4. ഉണ്ണിക്കുട്ടന്റെ പോസ്റ്റ്‌ നന്നായി... അവസാനം ട്രാജഡി ആവും എന്ന് പ്രതീക്ഷിച്ചില്ല...

    ReplyDelete
  5. കഷ്ടം തന്നെ. ഉണ്ണിക്കുട്ടനെ പറ്റി വായിച്ചു തുടങ്ങിയപ്പോള്‍ ഇങ്ങനെ ഒരു അന്ത്യം തീരെ പ്രതീക്ഷിച്ചില്ല.


    ഓണാശംസകള്‍!

    ReplyDelete
  6. ആദ്യം ചിരിച്ചു തുടങ്ങി എങ്കിലും, പിന്നെ ഒരു നൊമ്പരം മാത്രം ബാക്കി ആയി.
    (പാവപ്പെട്ടവന്റെ വിഷം എന്ന് അറിയപ്പെടുന്ന ഈ ഒതളങ്ങാ ഭീകരന്‍, അത് സത്യമാ,)
    ഞാന്‍ ഒരു കലവൂര്‍കാരന്‍ ആണേ കേട്ടോ

    ReplyDelete
  7. Great boss.......
    Really feeling da this story, becz it was a shocking of Unnikuttans death.BEcz i had tried three years to teach him english alphabets and failed horribly, but i feeled happy when he passed x exam, while result was published i asked pricipal firstly whether unnikuttan passed or not.And i was really happy by hearing the result.But that happiness didnt last for a long time...........

    ReplyDelete
  8. ഹമ്മേ എനിക്കു വയ്യ.ആദ്യ പകുതി വായിച്ചു ചിരി അടക്കാന്‍ പറ്റിയില്ല.ഫയല്‍ "സിപ്‌" ചെയ്യാരുണ്ടെങ്കിലും ഇപ്പോളാണു ശരിക്കും "സിപ്‌"ണ്റ്റെ അര്‍ഥം മനസിലായതു.

    രണ്ടാം പകുതി വായിച്ചപ്പോള്‍ ഒരുപാട്‌ സങ്കടം വന്നു.എനിക്കു തോന്നുന്നതു എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഉണ്ണിക്കുട്ടന്‍ അങ്ങിനെ ചെയ്യില്ലായിരുന്നു എന്നാണു.ഇങ്ങിനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ആണു ശരിക്കും ഒരു നല്ല സൌഹൃദത്തിണ്റ്റെ വില അറിയുന്നതു.

    പരസ്പരം ആശ്വാസവാക്കുകള്‍ പറഞ്ഞില്ലെങ്കിലും പറയാതെ തന്നേ മനസ്സിന്റെ വേദന അറിയുന്ന ചങ്ങാതി. വിഷമിച്ചിരികുമ്പോള്‍ വെറുതെ തമാശകള്‍ പറഞ്ഞു ചൊടിപ്പിക്കുന്ന ചങ്ങാത്തം. ഹൃദയത്തില്‍ വിരല്‍ തൊട്ടു സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ആളാണ് ചങ്ങാതി. ലോകമെല്ലാം ഇട്ടെറിഞ്ഞ്‌ പോകുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കുന്ന ആളാണ് സുഹൃത്ത്‌.

    എന്‍റെ കൂട്ടുകാരനെ പോലെ എല്ലാവര്‍ക്കും നല്ല കൂട്ടുകാരെ കിട്ടട്ടെ .എല്ലാവര്‍ക്കും മിന്നിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete
  9. നല്ല ചിരിയായിരുന്നു ...പെട്ടെന്ന് അ ഫോണ്‍ വന്നത്‌ എല്ലാം കൊളമാക്കി...ഇത്തരം അവസരങ്ങളില്‍ ആ പെണ്ണുമ്പിള്ളക്ക്‌ പറഞ്ഞൂടേ...."ദയല്‍ കിയ നമ്പര്‍ പരിധിക്ക്‌ പുറത്ത്‌ഹെ...കൃപയ കുറച്ചുകഴിഞ്ഞ്‌ വിളിക്കുഹെ.."....എങ്കില്‍ ഈ നൊമ്പരം ഉണ്ടാവുമായിരുന്നില്ല.

    ReplyDelete
  10. അവസാനം ഇങ്ങനെയാവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാധാരണ പഠനത്തില്‍ പിന്നോക്കക്കാര്‍ ജീവിതത്തില്‍ പരാജയപ്പെടില്ല. അവതരണം വളരെ നന്നായി.

    ReplyDelete
  11. അരുണ്‍ ചേട്ടാ, ശ്രീ ചേട്ടാ, കൊറ്റായി, അരീക്കോടന്‍ മാഷെ, നന്ദി...ഓണാശംസകള്‍.
    കുറുപ്പിന്റെ വീട് പ്രീതികുളങ്ങര അമ്പലത്തിന്റെ അടുത്താണോ? ഞാന്‍ ബ്ലോഗ്‌ വായിച്ചപ്പോള്‍ തോന്നിയതാ. പരിചയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം.
    ബിപിച്ചാ, നിന്റെ കമന്റ് ഇവിടെ കണ്ടത്തില്‍ സന്തോഷം. നിന്റെ കഷ്ട്ടപാട് അവന്‍ അറിഞ്ഞ കൊണ്ടായിരിക്കും എന്നോട് നിന്നെ തിരക്കി എന്ന് പറയാന്‍ അവനു തോന്നിയത്.
    മിന്നാമിന്നി..നന്ദി.എല്ലാവര്ക്കും എന്റെ ഓണാശംസകള്‍.

    ReplyDelete
  12. പ്രിയ കൂട്ടുകാരാ.

    പാന്റ്സ്‌ സ്വിബ്ബ്‌ ചെയ്യുന്നതിന്റെ ഗുട്ടന്‍സ് ആലോചിച്ചപ്പോള്‍ ചിരി പൊട്ടി..

    ഉണ്ണിക്കുട്ടന് പ്രണാമം.

    ReplyDelete
  13. ചാത്തനേറ്:ആ ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല്ല.

    ഇടാന്‍ വച്ചിരുന്ന കമന്റ്-വായിച്ച് തുടങ്ങിയപ്പോള്‍ കോപ്പി ചെയ്തു വച്ചതാ“രണ്ടു വര്‍ഷം ആയി ഇതേ ഉദാഹരണം കൊണ്ടു നടക്കുന്ന എനിക്ക് തോന്നാത്ത” -- ഇങ്ങേരുടെ ഭാവന വളരേ മോശം ഒരു ‘ബ്രെയിന്‍ മസാജര്‍’ പതിവായി ഉപയോഗിക്കുക തോന്നല്‍ വളര്‍ന്നോളും

    ReplyDelete
  14. എന്താ പറയുക...........

    ----------------------
    ----------------------

    ഇതിനപ്പുറത്തേക്കെന്താ..............

    ReplyDelete
  15. മിനി ടീച്ചറെ, ശരിയാ അത് പോലെ ധാരാളം പേരെ എനിക്കറിയാം.അത് കൊണ്ട് തന്നെ ഇവനില്‍ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു...പക്ഷെ.....
    രഘു നാഥന്‍ ചേട്ടാ, അരവിന്ദേട്ടാ, മണ്ടന്‍ കുഞ്ചൂ, നന്ദി.
    ചാത്താ, ലീവിന് വരുമ്പോള്‍ എനിക്കൊരെണ്ണം തന്നിട്ട് പോണേ...ഇവിടെ ഒന്നും കിട്ടാനില്ലെന്നെ....:)

    ReplyDelete