Sunday, October 6, 2019

ഡൽഹി ഡേയ്സ് 8 : താജ്മഹൽ

ഡേ 3: താജ്മഹൽ


ഞങ്ങളുടെ ഡ്രൈവർ പ്രസാദ് ചേട്ടൻ ആണെങ്കിൽ മഥുരയിൽ നിന്ന് ആഗ്രയിലേക്കുള്ള എക്സ്പ്രസ് ഹൈവേയിലേക്ക് കയറിയപ്പോൾ മുതൽ വണ്ടി ഒരു 80-90 കിലോമീറ്റർ സ്പീഡിൽ പിടിപ്പിച്ച് ഒരു കയ്യിൽ മൊബൈലും പിടിച്ച് ഫുൾ ബിസിനസ് ഡീലിങ്സ് ആണ്. ആറുവരിയിൽ നീണ്ടുകിടക്കുന്ന ആ പാതയിലെ അനുവദനീയമായ വേഗ പരിധി 100 കിലോമീറ്റർ ആണ്. സ്പീഡ് ക്യാമറകൾ ഇല്ലതാനും. ഓരോ വണ്ടികൾ ഞങ്ങളെ ഓവർടേക് ചെയ്ത് പാഞ്ഞു പോകുന്നതും നോക്കി ഞാൻ പ്രസാദ് ചേട്ടനെ നോക്കുന്നത് കണ്ടപ്പോൾ പുള്ളിക്കാരൻ എന്താ വണ്ടി ഓടിക്കുന്നുണ്ടോ എന്നൊരു ചോദ്യം. അത് കേൾക്കാൻ കാത്തിരുന്നപോലെ ഞാൻ വണ്ടി ഒതുക്കാൻ പറഞ്ഞു. പുള്ളിയും ഹാപ്പി ഞാനും ഹാപ്പി. സ്വസ്ഥമായി ഇരുന്ന് ഫോണിൽ ട്രിപ്പുകൾ അറേഞ്ച് ചെയ്യാൻ പറ്റിയതിന്റെ സന്തോഷം പ്രസാദ് ചേട്ടന്, ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ എക്സ്പ്രസ് ഹൈവേയിലൂടെയുള്ള വണ്ടിയോടിക്കൽ സാധിച്ചതിന്റെ സന്തോഷം എനിക്കും.. ആ സന്തോഷത്തിൽ വണ്ടി അങ്ങ് നൂറിന് മുകളിലേക്ക് പറന്നു. പെട്ടെന്ന് സ്ഥലത്ത് എത്തിയാൽ അത്രയും കൂടുതൽ സ്ഥലങ്ങൾ കാണാമല്ലോ എന്നൊരു ചിന്തയും ഉണ്ടായിരുന്നു എൻറെ മനസ്സിൽ.

യമുന എക്സ്പ്രസ് ഹൈവേയിലൂടെ ഒരു പറപ്പിക്കൽ 
അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ ആഗ്ര എത്തി യമുനാ എക്സ്പ്രസ് വേ യോട് വിടപറഞ്ഞു. വണ്ടിയുടെ നിയന്ത്രണം വീണ്ടും പ്രസാദ് ചേട്ടനെ ഏൽപ്പിച്ച് ഞാൻ സൈഡിലേക്ക് മാറി. ഉച്ച സമയം ആയി. താജ്മഹലിൽ കയറിയാൽ ഇറങ്ങാൻ താമസിച്ചാലോ എന്നോർത്ത് ആദ്യം ഭക്ഷണം കഴിക്കാം. എന്നിട്ടാകാം സന്ദർശനം എന്ന് തീരുമാനിച്ചു. അങ്ങനെ ആഗ്രയിൽ പ്രസാദ് ചേട്ടൻ സ്ഥിരം കയറാറുള്ള ഹോട്ടലിൽ ഉച്ച ഭക്ഷണത്തിന് ഇറങ്ങി. ഇതും പുള്ളി ആദ്യം ഞങ്ങളെ കൊണ്ടുപോയ പോലത്തെ ഒരു ഹോട്ടൽ ആയിരുന്നു. ഇത് നോൺ വെജ് ആണെന്നുള്ള വ്യത്യാസം മാത്രം. വേറെ ഒരു മേശയുടെ മുന്നിൽ മാത്രം ആളുള്ളൂ. ഞങ്ങൾ ചെന്നതോടെ അവരും പോയി. ഓർഡർ കൊടുത്ത് കുറേ സമയം കഴിഞ്ഞാണ് വിഭവങ്ങൾ മുന്നിൽ എത്തിയത്. ടേസ്റ്റ് സാധാരണം ആയിരുന്നു. ബില്ല് പക്ഷെ മാരകം ആയിരുന്നു താനും. ഇറങ്ങാൻ നേരം നിമ്മി എന്നോട് ബില്ല് ഒന്ന് ശരിക്ക് കൂട്ടി നോക്കണം എന്ന് പറഞ്ഞതിനാൽ കൂട്ടി നോക്കിയിരുന്നു. പറഞ്ഞ സാധനങ്ങൾ എല്ലാം ബില്ലിൽ ഉണ്ട്. മെനുവിൽ ഉള്ള വില തന്നെ എഴുതിയിട്ടും ഉണ്ട്. കൂട്ടി നോക്കിയപ്പോൾ തുക കൃത്യവുമാണ്. വണ്ടിയിൽ കയറിക്കഴിഞ്ഞ് പറയുമ്പോൾ ആണ് ഈ കൂട്ടിക്കിട്ടിയ തുക അല്ലല്ലോ അവർ മേടിച്ചത് എന്ന് മനസിലായത്. കൂട്ടിയതിന് താഴെ GST  ഒക്കെ എഴുതിയതിന് ശേഷം ഒരു കണക്കിലും പെടാതെ ഒരു 250 രൂപ എഴുതിയിരിക്കുന്നു. അതാണെങ്കിൽ ആരും ശ്രദ്ധിക്കാതെയിരിക്കാൻ വലിയൊരു സീൽ ചെയ്ത് മറച്ചിട്ടുമുണ്ട്. അങ്ങനെ ആദ്യമായി ഒരു ചെറിയ പണി കിട്ടി എന്ന് മനസിലായി.

ഊണ് കഴിച്ചിറങ്ങിയപ്പോളേക്കും ഞങ്ങളെക്കാത്ത് അയാൾ പുറത്ത് നിൽപ്പുണ്ടായിരുന്നു. പ്രസാദ് ചേട്ടൻ ഏർപ്പാടാക്കിയ ഗൈഡ്. ബംഗാൾ സ്വദേശിയായ വിമൽ ബാനർജി. താജ്മഹലിൽ നല്ല തിരക്ക് ഉണ്ടാകുമെന്നും ടിക്കറ്റ് എടുക്കുന്നതിനൊക്കെ ഗൈഡ് ഉണ്ടെങ്കിലേ നടക്കൂ, ക്യാമറ ഉണ്ടെങ്കിലും അവിടെയുള്ള പ്രൊഫഷണൽ ഫോട്ടോ ഗ്രാഫർമാരോട് പറഞ്ഞ് എല്ലാവരും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. അത് അവർ നിങ്ങളുടെ മൊബൈലിൽ കയറ്റിത്തരും എന്നൊക്കെ പ്രസാദ് ചേട്ടൻ മുന്നേ ഒരു ക്ലാസ് എടുത്തിരുന്നു. ഹോട്ടലിൽ നിന്നും തേപ്പ് കിട്ടിയതോടെ ഇനി അത്രയ്ക്ക് പുള്ളിയുടെ സെറ്റപ്പുകൾ സ്വീകരിക്കേണ്ട എന്ന് ഞങ്ങൾ മനസാ തീരുമാനിച്ചിരുന്നു. എന്തായാലും വിളിച്ചു വരുത്തിയ ഗൈഡിനെ കൂടെ കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. ഒരു സ്ഥലത്ത് വണ്ടി നിർത്തിയിട്ട് താജ്മഹൽ പരിസ്ഥിതി ലോല പ്രദേശം ആയതിനാൽ അങ്ങോട്ട് ടാക്സി വണ്ടികൾ കടത്തിവിടില്ല എന്ന് പറഞ്ഞതിനാൽ ഒരു ഇലക്ട്രിക് ഓട്ടോയിലാണ് ഞങ്ങൾ അടുത്തേക്ക് പോയത്.

താജ്മഹലിൻറെ കിഴക്കേ ഗേറ്റ് വഴിയാണ് ഞങ്ങൾ അകത്തേക്ക് കടന്നത്. നല്ല തിരക്ക് ഉണ്ടായിരുന്നു. ക്യൂ ഒന്നും നമുക്ക് ബാധകമല്ല എന്ന മട്ടിൽ നമ്മുടെ ഗൈഡ് ചേട്ടൻ നേരെ മുന്നിലേക്ക് ചെന്ന് എല്ലാവർക്കും ടിക്കറ്റ് വാങ്ങിച്ചു തന്നു. പുള്ളിയെ വിളിച്ചത് നന്നായി എന്ന് തോന്നിയ ഏക സന്ദർഭം ആയിരുന്നു അത്. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് കോംബൗണ്ടിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ നാം കാണുന്നത് ഗ്രേറ്റ് ഗേറ്റ് അഥവാ ദർവാസാ-ഇ-റൗസ എന്ന പേരുള്ള വലിയൊരു കവാടം ആണ്. അതിനു മുന്നിലായി അത്യാവശ്യം നല്ല ആൾത്തിരക്കും ഉണ്ടായിരുന്നു. അടുത്തേക്ക് ചെന്നപ്പോളാണ് അത് ആൾത്തിരക്ക് അല്ല, കൂട്ടം കൂടി നിൽക്കുന്ന ഫോട്ടോഗ്രാഫർമാർ ആണെന്ന് മനസിലായത്. അവർ വന്ന് നമ്മളെ ഒട്ടി തുടങ്ങും. താജ്മഹൽ വെച്ച് വിവിധ രീതിയിൽ അവർ എടുത്ത ചിത്രങ്ങൾ കാണിക്കും. അതേപോലെയൊക്കെ നമ്മൾക്കും എടുത്ത് തരാം, കൂടെ വരാം, മൊബൈലിൽ ട്രാൻസ്ഫർ ചെയ്ത് തരാം എന്നൊക്കെ പറഞ്ഞ് വിടാതെ കൂടും. ഞാൻ കയ്യിൽ ഉണ്ടായിരുന്ന ക്യാമറ ഉയർത്തിക്കാട്ടി ഞാനും ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടുകൊണ്ടിരുന്നു. പ്രസാദ് ചേട്ടൻറെ ടൂർ പാക്കേജിൽ സ്ഥിരം കൂടാറുള്ള ഫോട്ടോഗ്രാഫർമാർ ആണെന്ന് തോന്നുന്നു. ഒന്ന് രണ്ട് പേർ ചെന്ന് ഗൈഡ് ചേട്ടനോട് കയ്യും കലാശവും കാണിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ശരിയാക്കിത്തരാം എന്നും പറഞ്ഞ് പുള്ളി എന്നോട് വന്ന് പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് ആണ് സാർ, ഭാവിയിൽ നിങ്ങൾക്ക് ഓർത്തിരിക്കാവുന്ന രീതിയിൽ ചിത്രങ്ങൾ എടുത്ത് തരും എന്നും പറഞ്ഞ് ഒന്ന് റെക്കമെൻറ് ചെയ്ത് നോക്കി. ഞാൻ ക്യാമറ കാണിച്ച് പുള്ളിയോട് ഞാനും നാട്ടിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ തന്നെ ആണ്. കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ. ഭയങ്കര സംഭവം ആണെന്നൊക്കെ വെച്ച് കാച്ചി. അതോടെ ചേട്ടൻ ആ ശ്രമം ഉപേക്ഷിച്ച് ക്യാമറക്കാരെ പൊയ്ക്കോ പൊയ്ക്കോ എന്ന് കാണിച്ച് അകറ്റി.

ഈസ്റ്റ് ഗേറ്റ് കടന്ന് ചെല്ലുമ്പോൾ കാണുന്ന ഗ്രേറ്റ് ഗേറ്റിൻറെ ദൃശ്യം 
താജ്മഹലിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നത് ആ ഗ്രേറ്റ് ഗേറ്റ് മുതലാണ്. അവിടം മുതൽ നമുക്ക് ആ മനോഹര നിർമ്മിതി ദൃശ്യമായി തുടങ്ങും. താജ്മഹലിനെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട കാര്യം ഇല്ല. ആധുനിക കാലത്തെ ഏഴ് ലോകാത്ഭുതങ്ങളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നിർമ്മിതി. ഷാജഹാൻ ചക്രവർത്തി തൻറെ പത്നി മുംതാസ് മഹൽ മരിച്ചപ്പോൾ ഓർമ്മയ്ക്കായി പണികഴിപ്പിച്ച വെണ്ണക്കൽ മന്ദിരം. ഇതൊക്കെ ഏതൊരു കുട്ടിക്കും അറിയാവുന്ന കാര്യങ്ങളാണ്. എനിക്കും ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയാണ് അവിടെ ചെല്ലുമ്പോൾ ഉണ്ടായിരുന്ന വിവരങ്ങൾ. എന്നാലും വായിച്ചറിഞ്ഞ കുറച്ചു കാര്യങ്ങൾ സൂചിപ്പിച്ചിട്ട് നേരിൽ കണ്ട കാര്യങ്ങളിലേക്ക് കടക്കാം.

നിർമ്മിതിയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഷാജഹാന് മൂന്ന് പത്നിമാർ ആണ് ഉണ്ടായിരുന്നത്. അതിൽ പേർഷ്യയിൽ നിന്നുള്ള സുന്ദരി ആയിരുന്നു അർജുമന്ദ് ബാനു ബീഗം എന്ന പേരുള്ള പിൽക്കാലത്ത് മുംതാസ് മഹൽ എന്നറിയപ്പെട്ട അദ്ദേഹത്തിൻറെ രാജ്ഞി. പതിന്നാലാം പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന രക്തസ്രാവത്തെ തുടർന്നാണ് മുംതാസ് മരിക്കുന്നത്. ആ സമയത്ത് ഡക്കാൻ മേഖലയിൽ യുദ്ധത്തിലായിരുന്ന ഷാജഹാൻ ഭാര്യയുടെ സമീപം ഓടിയെത്തുകയുണ്ടായി. മറ്റ് ഭാര്യമാരേക്കാൾ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന മുംതാസിനോട് ഷാജഹാന് പ്രത്യേകമായ ഇഷ്ടം ഉണ്ടായിരുന്നു. മരിച്ച പത്നിക്കായി ഒരു സ്മാരകം പണികഴിപ്പിക്കണം എന്ന് തീരുമാനിച്ച അദ്ദേഹം ആദ്യം മുംതാസിനെ അടക്കിയത് താപ്തി നദീ തീരത്തുള്ള സൈനബാദ് എന്ന സ്ഥലത്താണ്. അദ്ദേഹത്തിൻറെ പ്രിയങ്കരനായ ശില്പി ഉസ്താദ് അഹമ്മദ് ലാഹോറിയുടെ നേതൃത്വത്തിൽ ഇരുപതിനായിരത്തോളം തൊഴിലാളികൾ രാപ്പകൽ ഇരുപത്തിരണ്ട് വർഷം അദ്ധ്വാനിച്ചാണ് ഈ നിർമ്മിതി പൂർത്തിയാക്കിയത്. ചുറ്റിനുമുള്ള നിർമ്മിതികൾ പൂർത്തിയാക്കാൻ വീണ്ടും അഞ്ച് വർഷം വേണ്ടിവന്നു. രാജസ്ഥാൻ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുന്തിയ ഇനം വെണ്ണക്കൽ മാർബിളുകളാണ് പണിക്കായി ഉപയോഗിച്ചത്. ആ കാലത്ത് 32 കോടി രൂപയുടെ ചിലവാണ് ചരിത്രകാരന്മാർ താജ്മഹലിന്റെ നിർമ്മിതിക്ക് കണക്കാക്കിയിട്ടുള്ളത്. 1652 ഇൽ പണികഴിപ്പിച്ച ഈ മഹാത്ഭുതം 1983 മുതൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

താജ്മഹലിനെ കുറിച്ച് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. പകൽ വെയിലിൽ അതിൻറെ നിറം മാറി മാറി വരുന്നതായി തോന്നാറുണ്ട്. ഒരു സ്ത്രീയുടെ മനസിലെ മൂഡ് മാറി വരുന്നത് പോലെയാണ് അത് എന്നതാണ് അതിൽ യാഥാർഥ്യമായ ഒരു കഥ. ഏറ്റവും പ്രചാരത്തിലുള്ള രണ്ടാമത്തെ കഥ, താജ്മഹൽ നിർമ്മിച്ച ശിൽപ്പിയുടെയും അനുയായികളുടെയും കരം ഷാജഹാൻ ഛേദിച്ചു കളഞ്ഞതായുള്ളതാണ്. ഇനി അതുപോലൊരു നിർമ്മിതി അവർ ഉണ്ടാക്കാതെയിരിക്കാൻ ആണത്രേ അങ്ങനെ ഒരു കടുംകൈ അദ്ദേഹം ചെയ്തത്. തികച്ചും തെറ്റായ ഒരു കഥയാണ് അത്. നല്ല രീതിയിൽ തന്നെ പാരിതോഷികം ഷാജഹാൻ പണിക്കർക്ക് നൽകുകയുണ്ടായി എന്ന് മാത്രമല്ല പ്രധാന ശിൽപ്പി ഉസ്താദ് അഹമ്മദ് ലാഹോറി അദ്ദേഹത്തിൻറെ സദസ്സിലെ പ്രമുഖ സാന്നിധ്യം കൂടെ ആയിരുന്നു. പ്രധാനമന്ത്രിയെ പോലൊരു സ്ഥാനം അദ്ദേഹത്തിന് ഷാജഹാൻ നൽകിയിരുന്നു. മൂന്നാമത്തെ കഥ, യമുനാ നദിക്ക് അക്കരെ ഒരു കറുത്ത താജ്മഹൽ തനിക്കായി നിർമ്മിക്കാൻ ഷാജഹാൻ ആഗ്രഹിച്ചിരുന്നു എന്നതാണ്. താജ്മഹലിൽ നിന്നും അക്കരെയിലേക്ക് നോക്കുമ്പോൾ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഫൗണ്ടേഷൻ കിട്ടിയപോലെ ഒരു നിർമ്മിതി അവിടെ കാണാം. പണി ഇടയ്ക്ക് നിർത്തിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാതെ തരമില്ല. എന്നാൽ അത് യഥാർത്ഥത്തിൽ താജ് മഹൽ കോംപ്ലക്‌സിന്റെ ഭാഗമായ മെഹ്താബ് ബാഗ് അഥവാ മൂൺലൈറ്റ് ഗാർഡൻ ആണ് അത്. യമുനാ നദിയിലെ വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട ഒരു ഭാഗം. മരണ സമയത്ത് ഓടിയെത്തിയ ഷാജഹാനോട് മുംതാസ് രണ്ട് കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒന്ന് തനിക്കായി ഒരു സ്മാരകം പണിയണം, രണ്ട് ഷാജഹാൻ ഇനി കല്യാണം കഴിക്കരുത് എന്നതാണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞുതന്ന വേറൊരു കഥ. അതും സത്യമല്ല. മുംതാസിൻറെ മരണശേഷം ഷാജഹാൻ എട്ട് കല്യാണങ്ങൾ കൂടി കഴിച്ചു എന്നതാണ് ചരിത്രം!!.

ഇതൊക്കെ ചരിത്രത്തിലും കഥകളിലും പറഞ്ഞ കാര്യങ്ങൾ. നേരിൽ ചെല്ലുമ്പോൾ നമ്മളെ ആദ്യം തന്നെ ആകർഷിക്കുന്നത് ആ സ്മാരകത്തിൻറെ വലുപ്പമാണ്. മലയാളികളിൽ ഭൂരിഭാഗവും കുത്തബ് മീനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് അറിഞ്ഞത് ജയറാമിൻറെ വൺ മാൻ ഷോ എന്ന സിനിമയിൽ കൂടെ ആണെന്ന് തോന്നുന്നു. ഉയരം മാത്രമല്ല സമീപത്ത് നിൽക്കുന്ന ആളുകളുടെ വലുപ്പവുമായി താരതമ്യം ചെയ്ത് നോക്കുമ്പോളാണ് ആ നിർമ്മിതിയുടെ വലുപ്പം ശരിക്കും മനസിലാകുന്നത്. ദർവാസാ-ഇ-റൗസയുടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത് മുകളിൽ തൂങ്ങിക്കിടക്കുന്ന മരതക രൂപത്തിലുള്ള ഒരു വലിയ പച്ച വിളക്ക് ആണ്. ആ വിളക്കിന് പിന്നിൽ ഒരു കഥയുണ്ട്. ബ്രിട്ടീഷുകൾ താജ്മഹൽ കൈവശപ്പെടുത്തിയപ്പോൾ പട്ടാളക്കാർ അതിന് കുറച്ച് കേടുപാടുകൾ വരുത്തി. എന്നാൽ വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭു ഇതറിഞ്ഞ് കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും കേടുപാടുകൾ പരിഹരിക്കുകയും ചെയ്തു. ചെയ്തുപോയ തെറ്റിനുള്ള പ്രായശ്ചിത്തമായി കഴ്‌സൺ പ്രഭു നൽകിയതാണ് ആ വിളക്ക്.

താജ്മഹലിൻറെ സിമട്രി കാണിക്കുന്ന രേഖാചിത്രം.
1. മൂൺ ലൈറ്റ് ഗാർഡൻ
2. യമുനാ നദിക്ക് ഇക്കരെയുള്ള താജ് മഹലും ഇരുവശത്തും ഉള്ള നിർമ്മിതികളും
3. ഗാർഡൻ
4. ഗ്രേറ്റ് ഗേറ്റ് 
അവിടെ നിന്ന് അങ്ങോട്ട് സിമട്രിയുടെ ഒരു കളിയാണ്. സിമട്രി എന്ന് പറഞ്ഞാൽ ഗ്രേറ്റ് ഗേറ്റിന്റെ നേരെ നടുക്ക് നിന്നും ഒരു വര വരച്ചാൽ താജ് മഹൽ കഴിഞ്ഞ് മൂൺ ലൈറ്റ് ഗാർഡൻ വരെയുള്ള മുഴുവൻ കോംപ്ലക്‌സും നോക്കിയാൽ വരയുടെ രണ്ട് വശവും ഒരേ പോലെ വരും. ഈ കാര്യത്തിൽ മുഗൾ സുൽത്താന്മാർ കട്ട കണിശക്കാർ ആയിരുന്നു എന്ന് തോന്നും. പ്രത്യേകിച്ച് ഈ ഷാജഹാൻ. മനോഹരമായ ഒരു ഉദ്യാനമാണ് ഗേറ്റ് മുതൽ താജ്മഹൽ വരെ. കൃത്രിമ ജലാശയങ്ങളും വെട്ടിയൊതുക്കിയ മരങ്ങളുമൊക്കെയായി നല്ല രീതിയിൽ അത് പാലിച്ച് പോരുന്നു. ചിത്രങ്ങളിൽ ഈ ജലാശയങ്ങളിൽ താജ്മഹൽ പ്രതിബിംബിച്ച് കാണുന്നത് രസകരമാണെങ്കിലും നേരിൽ കാണുമ്പോൾ അങ്ങനെ ഒരു റിഫ്‌ളക്‌ഷൻ ഒന്നും അവിടെ കാണാൻ സാധിച്ചില്ല. ആ ഉദ്യാനത്തിലൂടെ നടന്ന് താജ്മഹലിൻറെ അടുത്ത് എത്തിക്കഴിഞ്ഞാൽ നമ്മൾ അവിടെ നിന്നും കാലിലെ ചെരുപ്പ് പൊതിഞ്ഞ് കെട്ടാൻ കവർ വാങ്ങി കാലിൽ ഇടണം. അകത്ത് അഴുക്ക് ആകാതെയിരിക്കാൻ ആണ് ആ നടപടി. പടികൾ കയറി വേണം താജ്മഹലിന്റെ തിരുമുറ്റത്ത് എത്താൻ. അതായത് രണ്ട് രണ്ടര മീറ്റർ ഉയരത്തിൽ കയറി ചെല്ലുമ്പോൾ ആണ് മുഖ്യ കവാടത്തിൽ എത്തുന്നത്. ഭീമാകാരമായ വാതിലിന് ചുറ്റിനും വിവിധ രത്നക്കല്ലുകളിൽ ഖുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ കാണുന്നത് രത്ന കല്ലുകൾ ആണെന്ന് മനസിലാകുന്നത് അത്രയും അടുത്ത് എത്തിക്കഴിഞ്ഞ് മാത്രമാണ്. അകത്തേക്ക് കയറുമ്പോൾ നമ്മുടെ ശ്രദ്ധ നടുക്ക് സ്ഥിതിചെയ്യുന്ന മുംതാസ്, ഷാജഹാൻ ഖബറിടങ്ങളാണ്. യഥാർത്ഥ ഖബറിടം അവിടെ നിന്നും മീറ്ററുകൾ താഴെ ആണെന്നതാണ് സത്യം. രത്നക്കല്ലുകൾ ഉപയോഗിച്ച് ഖബറിടങ്ങളിൽ ഖുർആൻ വചനങ്ങൾ എഴുതിയിരിക്കുന്നത് കാണാം.

ഗ്രേറ്റ് ഗേറ്റിന് ചേർന്നുള്ള മണ്ഡപം.

യമുനയുടെ അക്കരെ കാട് പിടിച്ച നിലയിലുള്ള മൂൺ ലൈറ്റ് ഗാർഡൻ 

ഒരു കവാടം 

കിഴക്ക് വശത്തുള്ള മുസ്ലിം പള്ളി 

ദൂരെയായി കാണുന്ന ആഗ്ര കോട്ട. 
പുറത്തേക്ക് ഇറങ്ങിയാൽ ആ മനോഹര നിർമ്മിതി ചുറ്റിനടന്ന് കാണാൻ മാത്രം ഉണ്ട്. നാല് മൂലകളിലായി വലിയ മീനാരങ്ങൾ നിർമ്മിച്ചിരിക്കുന്നു. എങ്ങാനും മറിഞ്ഞു വീഴുന്ന അവസ്ഥ ഉണ്ടായാൽ ഖബറിടത്തിന് കേടുപാട് ഉണ്ടാകാത്ത രീതിയിൽ പുറത്തേക്ക് ഒരു ചരിവോടെയാണ് അവ നിർമ്മിച്ചിരിക്കുന്നത്. പുറത്ത് തണൽ നോക്കി പടികളിൽ കയറി ഇരിക്കാൻ നല്ല രസമാണ്. മാർബിളിന്റെ തണുപ്പും യമുനയിൽ നിന്നും വരുന്ന കാറ്റും. എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കാം. തെക്ക് വശത്തായി വിശാലമായി യമുന ഒഴുകുന്നു. കിഴക്ക് ദൂരെയായി ആഗ്ര കോട്ട കാണാം. ആ കോട്ടയിൽ ആയിരുന്നു മുഗൾ രാജാക്കന്മാർ താമസിച്ചിരുന്നത്. അവിടെ നിന്നും ഷാജഹാൻ വഞ്ചിയിൽ എന്നും താജ്മഹൽ സന്ദർശിക്കാൻ വരുമായിരുന്നത്രെ.

താജ്മഹലിന്റെ കിഴക്ക് വശത്തായി ഒരു വലിയ മുസ്ലിം പള്ളിയുണ്ട്. അതിൻറെ സിമട്രി വരുത്തുന്നതിനായി പടിഞ്ഞാറ് ഭാഗത്തായി അതേപോലെ തന്നെ ഒരു നിർമ്മിതി ഉണ്ട്. അത് പക്ഷെ ഗസ്റ്റ് ഹൗസ് ആയാണ് ഉപയോഗിച്ചിരുന്നത്. യമുനയുടെ അക്കരെയായി മൂൺ ലൈറ്റ് ഗാർഡന്റെ അവശിഷ്ടങ്ങൾ കാണാം. ഇപ്പോൾ കാട് പിടിച്ച പോലെ ആണ് അതിന്റെ കിടപ്പ്. കുറെ സമയം അവിടെ വിശ്രമിച്ചതിന് ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. നല്ല വെയിൽ ഉണ്ടായിരുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറേ അതിരിലൂടെ ഞങ്ങൾ തിരികെ നടന്നു. ഷാജഹാൻറെ കാലത്ത് ഇരുവശങ്ങളിലും ഒരേ പോലുള്ള ചെടികൾ വരെ വേണമായിരുന്നു എന്ന് നിഷ്കർഷിച്ചിരുന്നത്രെ. നടുക്കുള്ള കൃത്രിമ ജലാശയങ്ങളിൽ വെള്ളം വളരെ കുറവായിരുന്നു.

പുറത്തിറങ്ങി ഇലക്ട്രിക് ഓട്ടോകളുടെ അടുക്കലേക്ക് ചെന്നപ്പോൾ പതിവില്ലാതെ മഴ പെയ്യാൻ തുടങ്ങി. അവിടെ ഉള്ള എല്ലാവരും അത് ആസ്വദിച്ച് നനയുന്നുണ്ടായിരുന്നു. ഇവിടെ എന്നും മഴ ആയതിനാൽ ആകണം ഞങ്ങൾക്ക് അലമ്പാകുമോ എന്നൊരു പേടിയാണ് തോന്നിയത്. ഭാഗ്യത്തിന് മഴ വന്നപോലെ പോയി. ഞങ്ങൾ ഓട്ടോയിൽ പ്രസാദ് ചേട്ടൻ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കും.

                                                                                                  (തുടരും)

No comments:

Post a Comment