Thursday, October 3, 2019

ഡൽഹി ഡേയ്സ് 5 : ലോട്ടസ് ടെമ്പിൾ, ഇന്ദിരാഗാന്ധി മെമ്മോറിയൽ

ഡേ 2: ലോട്ടസ് ടെമ്പിൾ, ഇന്ദിരാഗാന്ധി മെമ്മോറിയൽ 

ലോട്ടസ് ടെംപിൾ 

കുത്തബ് മിനാർ കണ്ടുകഴിഞ്ഞ് ഞങ്ങൾ നേരെ പോയത് പ്രസിദ്ധമായ ലോട്ടസ് ടെമ്പിൾ കാണാനാണ്. ആധുനിക കാലത്തെ ദില്ലിയിലെ ഒരു പ്രമുഖ നിർമ്മിതിയാണ് ബഹായ് മതക്കാരുടെ ആരാധനാലയമായ ലോട്ടസ് ടെമ്പിൾ. 1986 ഇൽ പണികഴിപ്പിച്ച ഈ സൗധം രണ്ടായിരത്തി അഞ്ഞൂറോളം ആളുകളെ ഉൾക്കൊള്ളാൻ കഴിവുള്ളതും ചുറ്റിനും ഒൻപത് പൂളുകൾ (കുളങ്ങൾ) ഉള്ളതുമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ 27 ഇതളുകളുള്ള ഒരു പൂവിൻറെ മാതൃകയിലാണ് അത് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് ഇതൾ വീതം ഒൻപത് ദിശകളിൽ. അങ്ങനെ ഒൻപത് കവാടങ്ങൾ ആ നിർമ്മിതിക്കുണ്ട്. മനോഹരമായ ഒരു ഉദ്യാനം കടന്നുവേണം ലോട്ടസ് ടെമ്പിളിന്റെ അടുത്തേക്ക് എത്തുവാൻ. ഞങ്ങൾ ചെല്ലുമ്പോൾ കുറച്ച് ആളുകൾ അവിടെ നിൽപ്പുണ്ട്. ഉച്ചയ്ക്ക് കുറച്ചു സമയം അടക്കുന്നതിനാൽ അതിനു മുൻപുള്ള അവസാന ബാച്ച് ആയാണ് ഞങ്ങളെ അകത്ത് പ്രവേശിപ്പിച്ചത്. അകത്ത് കയറുന്നതിന് മുൻപായി എന്താണ് ബഹായ് മതം എന്നും എങ്ങനെ ആണ് അവരുടെ ആചാരങ്ങൾ എന്നും ഹിന്ദിയിലും ഇംഗ്ലീഷിലും ഒരു ഗൈഡ് വിവരിക്കുകയുണ്ടായി.

നല്ല വായു സഞ്ചാരമുള്ള വിശാലമായ ഒരു ഹാൾ ആണ് അകത്ത് ഉള്ളത്. എല്ലാവരെയും മൊബൈൽ ഒക്കെ ഓഫ് ആക്കിയിട്ട് ഇരിക്കാൻ പറഞ്ഞിട്ട് ഗൈഡ് പുറത്തേക്ക് പോയി. എന്തോ ഇപ്പോൾ സംഭവിക്കും എന്ന മട്ടിൽ മൊബൈൽ ഒക്കെ സ്വിച്ച് ഓഫ് ചെയ്ത് എല്ലാവരെയും പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഞങ്ങളും ഇരുന്നു. പിന്നീടാണ് മനസിലായത് ബഹായ് മതക്കാർക്ക് വിശേഷിച്ച് ഒരു പ്രാർത്ഥന ക്രമം ഇല്ല. നമുക്ക് ഇഷ്ടമുള്ള വിശ്വാസപ്രകാരം അവിടെ ഇരുന്ന് പ്രാർത്ഥിക്കാം. തികച്ചും ശാന്തവും നല്ല വായു സഞ്ചാരവുമുള്ള ആ ഹാൾ മെഡിറ്റേഷൻ ചെയ്യുന്നതിന് തികച്ചും അനുയോജ്യമാണ്. കുറച്ചു സമയം അകത്ത് ചിലവഴിച്ചിട്ട് ഞങ്ങൾ പുറത്തു കടന്നു. സ്വിമ്മിങ് പൂളുകൾ പോലെ പണിഞ്ഞിരിക്കുന്ന പൂളുകൾ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നതിനൊക്കെ ആളുകൾ ഓടി നടക്കുന്നുണ്ടായിരുന്നു. തത്ക്കാലം അതിന് വലിയ താൽപര്യം ഇല്ലാത്തതിനാൽ ഞങ്ങൾ പുറത്തേക്ക് നടന്നു.

ലോട്ടസ് ടെമ്പിളിന്റെ ഉൾഭാഗം 
ലോകത്താകമാനമായി ധാരാളം അനുയായികളുള്ള മതമാണ് ബഹായ് മതം. ഈ മതത്തിന് പ്രത്യേകിച്ച് നിയമാവലികളോ ആരാധനാ ക്രമമോ ഇല്ല. ഇന്നത്തെ തുർക്ക്മെനിസ്ഥാനിൽ പതിനെട്ടാം നൂറ്റാണ്ടിൻറെ തുടക്കത്തിലാണ് ഈ മതം ഉദയം ചെയ്തത്. മുസ്ലിങ്ങൾ മക്കയുടെ ദിശയിൽ പ്രാർത്ഥിക്കുന്നത് പോലെ ഒരു പ്രത്യേക ദിശയിലേക്ക് നോക്കിയാണ് ഈ മതക്കാരും പ്രാർത്ഥിക്കുന്നത്. 

കഴിഞ്ഞ ദിവസത്തെ അനുഭവം ഉള്ളതിനാൽ അടുത്ത സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ചിട്ടാകാം എന്ന് തീരുമാനിച്ചു. നല്ലൊരു നോൺ വെജ് ഹോട്ടലിലേക്ക് വിട്ടോളൂ എന്നും പറഞ്ഞ് പ്രസാദ് ചേട്ടൻറെ വണ്ടിയിൽ കയറി. കുറച്ച് ഓടിയശേഷം റോഡ് സൈഡിൽ തന്നെയുള്ള ഒരു ഹോട്ടലിൻറെ മുന്നിൽ കൊണ്ട് ചെന്ന് അദ്ദേഹം വണ്ടി നിർത്തി. അകത്തേക്ക് കയറിയപ്പോൾ ഒരു നല്ല എ സി റസ്റ്റോറന്റ്!. ആകെ ഒരു മേശയുടെ മുന്നിൽ മാത്രമേ ആളുള്ളൂ. ഈ ടൂർ പ്രോഗ്രാം ഒക്കെ നടത്തുന്ന ആൾക്കാർ ആകുമ്പോൾ ഇതാണ് ഒരു കുഴപ്പം. അവർക്ക് സ്ഥിരം പോകുന്ന ഹോട്ടലുകൾ കാണും. എന്തായാലും കുഴപ്പമില്ല നല്ല മുഗൾ ബിരിയാണി അടിച്ചിട്ട് തന്നെ കാര്യം. കൈ കഴുകി ചെന്ന് മെനു എടുത്തു. മൊത്തം വെജിറ്റബിൾ ഐറ്റംസ്. നല്ല വിലയും.

"എനിക്ക് കിട്ടിയത് വെജ് മെനു ആണ്. മറ്റേ മെനു തരുമോ?" എന്നും പറഞ്ഞ് ഞാൻ കയ്യിലിരുന്ന മെനു താഴെ ഇട്ടു. നോക്കുമ്പോൾ ഇതേ അവസ്ഥയിൽ തന്നെ ആണ് മറ്റുള്ളവരും. അതോടെ ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാൻ മനസിലാക്കി. ഇത് ഒരു വെജിറ്റേറിയൻ ഹോട്ടലാണ്. എനിക്ക് അടുത്തിരിക്കുന്ന പ്രസാദ് ചേട്ടനെ തിന്നാനുള്ള ദേഷ്യം തോന്നി. എന്തായാലും എല്ലാവരും കയറി കയ്യും കഴുകി ഇരുന്നു കഴിഞ്ഞു. കഴിച്ചേക്കാം എന്ന് കരുതി ഉണ്ടായിരുന്ന ഒന്ന് രണ്ട് ഐറ്റംസ് ഓർഡർ ചെയ്ത് കഴിച്ചു. ഒരുകാര്യം സമ്മതിക്കാതെ വയ്യ. നോൺ വെജ് ആയിരുന്നെങ്കിലും ഞങ്ങൾ കഴിച്ച ഫ്രൈഡ് റൈസിനും ചില്ലി ഗോപിക്കും നല്ല ടേസ്റ്റ് ആയിരുന്നു. നല്ല ഗുണനിലവാരവും അനുഭവപ്പെട്ടു. ടൂർ പാക്കേജിന്റെ ഭാഗമായി ഡ്രൈവർമാർ കൊണ്ടു ചെല്ലുന്ന ഹോട്ടലുകളിൽ വില അൽപ്പം ജാസ്തി ആയിരിക്കുമെങ്കിലും ആ ഒരു ഗുണം ഉണ്ടാകും. ഫുഡ്‌ പോയിസൺ എങ്ങാനും വന്നാൽ അതിന്റെ ഫലം ഡ്രൈവർ കൂടി അനുഭവിക്കണമല്ലോ.

നോൺ വെജ് ഹോട്ടലിൻറെ കാര്യത്തിൽ ഞങ്ങൾക്ക് കിട്ടിയ തേപ്പ് മറക്കാൻ ആയിരിക്കണം, അവിടെ നിന്നും പ്രസാദ് ചേട്ടൻ ഞങ്ങളെ ഡൽഹിയിലെ പ്രധാനപ്പെട്ട, കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ വണ്ടിയിൽ കറക്കി കാണിച്ചുതന്നു. കേരള ഹൗസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്, എ കെ ആന്റണി താമസിക്കുന്ന വീട്, പിന്നെ പാർലമെൻറ് മന്ദിരത്തിൻറെ സമീപം ഞങ്ങളെ നിർത്തി ഒന്ന് രണ്ട് ഫോട്ടോയും കക്ഷി എടുത്തു തന്നു.

പാർലമെൻറ് മന്ദിരത്തിന് മുന്നിൽ 
ഉച്ച കഴിഞ്ഞുള്ള സെഷനിൽ ഞങ്ങൾ നേരെ പോയത് ഇന്ദിര ഗാന്ധി മെമ്മോറിയൽ കാണാനാണ്. സഫ്ദർജംഗ് റോഡിൽ സ്ഥിതിചെയ്യുന്ന ആ മ്യൂസിയം ദില്ലിയിൽ കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ്. ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതാ പ്രധാനമന്ത്രിയുടെ വീട് ആണ് ഇപ്പോൾ ഇന്ദിര മെമ്മോറിയൽ എന്ന മ്യൂസിയം ആക്കി മാറ്റിയിരിക്കുന്നത്. ഒരു മ്യൂസിയത്തിലേക്ക് കടക്കുന്നു എന്നതിനേക്കാൾ ഉപരി ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രി, അവരുടെ ഭരണകാലത്ത് താമസിച്ച ഒരു വീട്ടിലേക്ക് കയറുന്നു എന്ന രീതിയിലാണ് ഞാൻ ആ വീട്ടിലേക്ക് കാലെടുത്ത് വച്ചത്.

സ്വതന്ത്ര ഭാരതത്തിൻറെ ചരിത്രത്തിൽ ഇടം പിടിച്ച ഒട്ടേറെ സംഭവങ്ങൾ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളത്. അതായത് ആ വീട്ടിൽ നിന്നാണ് ആ തീരുമാനങ്ങൾ ഉദയം ചെയ്തത്. ആ പ്രധാന സംഭവങ്ങളുടെ പത്ര വാർത്തകളാണ് നമ്മെ ആദ്യം കാത്തിരിക്കുന്നത്. (മലയാളത്തെ പ്രതിനിധീകരിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തകളും കണ്ടു). ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി, ഇന്ത്യ- പാക് യുദ്ധം, ഇന്ത്യയിലെ അടിയന്തിരാവസ്ഥ, ഇന്ത്യയിൽ ആദ്യമായി ഒരു പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്, അറസ്റ്റിലാകുന്നത് തുടങ്ങി വധിക്കപ്പെട്ട വാർത്ത വരെ നമുക്ക് ഇന്ത്യയിലെയും വിദേശത്തെയും പത്രങ്ങളിൽ അന്ന് വന്നതിലൂടെ ആ ദിവസങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം. ഇന്ദിരാഗാന്ധിക്ക് ലഭിച്ച സമ്മാനങ്ങൾ, അത് വിദേശ രാജ്യങ്ങൾ നൽകിയത് മുതൽ ഇന്ത്യയിലെ കുട്ടികൾ നൽകിയത് വരെ, സ്വന്തമായി സൂക്ഷിച്ചിരുന്ന കൗതുക വസ്തുക്കൾ, ഫോട്ടോകൾ, വായിച്ചിരുന്ന പുസ്തകങ്ങൾ, എഴുതിയ ബുക്കുകൾ തുടങ്ങി കല്യാണത്തിന് ധരിച്ച സാരി വരെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണ ഒരു മ്യൂസിയത്തിൽ ഉള്ള വസ്തുക്കൾ തന്നെ ആവാം. എന്നാൽ അവർ വധിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന സാരി, മകൻ രാജീവ് ഗാന്ധിയുടെ മുറി, അദ്ദേഹത്തിൻറെ വസ്തുക്കൾ, അദ്ദേഹത്തിൻറെ വധത്തിന് ശേഷം ലഭിച്ച വസ്ത്ര അവശിഷ്ടങ്ങൾ, എന്നിവ കൂടാതെ ആ വീടിൻറെ മറ്റ് മുറികൾ ഇപ്പോളും ഭദ്രമായി അതേപോലെ നിലനിർത്തിയിരുന്നു. അതായത് അവരുടെ ഓഫീസ് മുറി, പൂജാ മുറി, ഡൈനിങ് റൂം, സ്വീകരണ മുറി അതെല്ലാം ഭംഗിയായി പരിപാലിച്ച് പോരുന്നു. ആ വീട്ടിൽ നിന്നും നമ്മൾ പുറത്തേക്ക് ഇറങ്ങുന്നത് ഒരു ഉദ്യാനത്തിലേക്കാണ്. ആ ഉദ്യാനത്തിലൂടെയാണ് പ്രഭാത ഭക്ഷണം കഴിഞ്ഞ്, ഒരു വിദേശ മാധ്യമ സംഘത്തിന് അഭിമുഖം നൽകുന്നതിനായി ഇന്ദിരാഗാന്ധി അവസാനമായി നടന്നിറങ്ങിയത്. ആ വഴികളിലൂടെ നടക്കുമ്പോൾ ഒരു സിനിമയിൽ എന്നപോലെ ആ രംഗങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തും. രാവിലെ ഒൻപത് മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിന് അടുത്തായി തോക്കും പിടിച്ച് നിൽക്കുന്ന സിഖ് അംഗരക്ഷകർ. സത് വന്ത് സിങ്ങും ബിയന്ത് സിങ്ങും. പതിവ് പോലെ ചിരിച്ചുകൊണ്ട് അവരെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയെ തിരികെ അഭിസംബോധന ചെയ്തിട്ട് കയ്യിലെ സർവീസ് തോക്ക് ഉപയോഗിച്ച് മൂന്ന് തവണ വെടിവെക്കുന്ന ബിയന്ത്. വെടികൊണ്ട് വീഴുന്ന അവരെ തുടർന്ന് തുരുതുരാ വെടിവെക്കുന്ന സത് വന്ത്. മുപ്പത് റൗണ്ട് വെടിയാണ് ആ ശരീരത്തിലേക്ക് സത് വന്ത് സിങ് പായിച്ചത്. അടുത്തുള്ള റോഡിൽ നിന്നും പാഞ്ഞു വരുന്ന മറ്റ് അംഗരക്ഷകർ. ആയുധം ഉടനേ ഉപേക്ഷിച്ച അവരെ സമീപത്തുള്ള മുറിയിലേക്ക് മാറ്റിയ അംഗ രക്ഷകർ ബിയന്തിനെ അവിടെ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ജീവൻ വിട്ടുമാറാത്ത ഇന്ദിര ഗാന്ധിയുടെ ശരീരം സമീപത്തെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. രാഷ്ട്രീയമായ എന്ത് അഭിപ്രായം ഉണ്ടെങ്കിലും ഇന്ദിരാഗാന്ധിയുടെ വീട്ടിലൂടെ നടന്ന് അവർ അവസാനമായി നടന്ന വഴികളും വെടികൊണ്ട് വീണ സ്ഥലവും കണ്ടു കഴിയുമ്പോളേക്കും ആരുടേയും ഹൃദയവും തരളിതമാകും എന്ന് ഉറപ്പ്.

ഇന്ദിരാഗാന്ധി വെടിയേറ്റ് വീണ സ്ഥലം. അംഗരക്ഷകർ നിന്ന പോസ്റ്റ് സമീപം.

ഇന്ദിരാഗാന്ധി വധിക്കപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന സാരിയും ചെരുപ്പും ബാഗും 

രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലത്ത് നിന്നും ലഭിച്ച അവശിഷ്ടങ്ങൾ

മറ്റ് സ്ഥലങ്ങൾ കണ്ട് ഇറങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി തന്മാത്ര പോലൊരു സിനിമ കഴിഞ്ഞ് ഇറങ്ങുന്ന ഫീലിൽ ആണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്. നല്ല സിനിമ പക്ഷെ അവസാനം കട്ട ട്രാജഡി.
                                                                                            (തുടരും)

No comments:

Post a Comment