Wednesday, July 7, 2021

കോപ്പയും യൂറോയും - താത്വിക അവലോകനം

കോപ്പ അമേരിക്കൻ മത്സരം നടക്കുന്ന ഒഴിഞ്ഞ സ്റ്റേഡിയം 

യൂറോ കപ്പ് നടക്കുന്ന നിറഞ്ഞ സ്റ്റേഡിയം 

കൊറോണയുടെ പിടിയിലമർന്ന ശേഷം ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് അറിഞ്ഞൊന്ന് ആഘോഷിക്കാനുള്ള വേദിയാവുകയാണ് ഇപ്പോൾ നടന്നുവരുന്ന യൂറോകപ്പ്, കോപ്പാ അമേരിക്ക മത്സരങ്ങൾ. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെങ്കിലും മെസ്സിയെയും റൊണാൾഡോയെയും നെയ്മറെയുമൊക്കെ വിരാട് കൊഹ്‌ലിക്കും ധോണിക്കുമൊക്കെ ഒപ്പം ആരാധിക്കുന്ന നമ്മളും പതിവുപോലെ ബ്രസീൽ ഫാൻസ്‌, അർജന്റീനാ ഫാൻസ്‌, ബെൽജിയം ഫാൻസ്‌ വേഷങ്ങൾ അണിഞ്ഞ് ഇവിടെ പടവെട്ടിത്തുടങ്ങി. മത്സരങ്ങൾ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ഇതുവരെ കണ്ട കളികൾ മനസിലുളവാക്കിയ ചില ചിന്തകൾ പങ്കുവെക്കുകയാണ്.

ആദ്യം ആരംഭിച്ചത് യൂറോ കപ്പ് ആയിരുന്നു. ലോക ഒന്നാം നമ്പർ ടീം ആയ ബെൽജിയം, ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ്, ലോക ഒന്നാം നമ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ, കൂടാതെ മുൻ ലോകകപ്പ് ജേതാക്കളും ഫുട്‍ബോൾ ലോകത്തെ അതികായരുമായ ജർമ്മനി, സ്‌പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി ഏതാണ്ട് ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പ് പോലെ തോന്നിക്കുന്ന രാജ്യങ്ങൾ. യൂറോപ്യൻ ഫുട്‍ബോൾ ലീഗുകൾ വഴി കേരളത്തിലെ ശരാശരി ഫുട്‍ബോൾ ആരാധകരുടെ വരെ പ്രിയങ്കരരായ റൊണാൾഡോ, എംബപ്പെ, ലുക്കാക്കു, ഗീസ്മാൻ തുടങ്ങിയ കളിക്കാരുടെ സാന്നിദ്ധ്യം. സർവ്വോപരി ആർത്തുല്ലസിക്കുന്ന, സദാ സമയവും ബിയറും നുണഞ്ഞ്, ഇഷ്ട ടീമിൻറെ ദേശീയ ഗാനങ്ങൾ ആലപിച്ച് ആഘോഷമാക്കുന്ന ഫുട്‍ബോൾ ഭ്രാന്തന്മാർ സൃഷ്ടിക്കുന്ന ത്രസിപ്പിക്കുന്ന ഗ്യാലറി അന്തരീക്ഷം. ഡെന്മാർക്ക് താരം എറിക്സൺ കുഴഞ്ഞു വീണതിന് ശേഷം കളി തുടർന്നപ്പോളും അടുത്ത കളികളിലും എതിർ ടീമുകളും കാണികളും ടീമിന് ആദരം അർപ്പിച്ചത് കായികലോകത്തെ രോമാഞ്ച കാഴ്ചകളിൽ ഒന്നായി. സംവിധായകൻ ശങ്കർ അല്ലെങ്കിൽ രാജമൗലി ഇന്ത്യയിലെ സൂപ്പർതാരങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കിയ ഒരു ബ്രഹ്‌മാണ്ഡ ചലച്ചിത്രം പോലെയാണ് യൂറോകപ്പ് അനുഭവപ്പെട്ടത്. 

മറുവശത്ത് ഒരു യൂട്യൂബ് ചാനലിൽ, അറിയപ്പെടാത്ത ഏതോ ചങ്ങാതി അണിയിച്ചൊരുക്കിയ വെബ് സീരീസിന്റെ പൊലിമയേ കോപ്പാ അമേരിക്കയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ പളപളപ്പൻ സ്റേഡിയങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഒരു മൂന്നാം ലോക രാജ്യത്തിൻറെ പരമാവധി കഴിവുകൾ ഉപയോഗിച്ച് തേച്ച് മിനുക്കിയിട്ടും ബ്രസീലിലെ സ്റ്റേഡിയങ്ങൾ ബഹുകാതം പിന്നിലാണ്. ആളുകളുടെ അസാന്നിധ്യം കൂടിയാകുമ്പോൾ നമ്മുടെ ഐ.എസ്.എല്ലിനെക്കാൾ മോശമാണല്ലോ ഇവന്മാരുടെ ആംബിയൻസ് എന്നു തോന്നിപ്പോകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്രയെങ്കിലും ഒപ്പിക്കാൻ പെട്ട പാട് സംഘാടകർക്ക് അറിയാം. ടൂർണമെന്റിന് ഒരാഴ്‌ച്ച മുൻപോ മറ്റോ ആണ് വേദി ഏത് രാജ്യത്താണെന്ന് തീരുമാനമായത് തന്നെ. ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും വാക്സിനേഷൻ നടത്തി, മാസ്ക്ക് പോലും നിർബന്ധമില്ലാത്ത വികസിത യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്ന യൂറോ കപ്പ് എവിടെ കിടക്കുന്നു, മൂന്നാം ലോകരാജ്യങ്ങളിലെ വല്യേട്ടനായ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കോവാക്സിൻ എന്ന വാക്‌സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച്, അതിൽ അഴിമതി കണ്ടെത്തി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കോപ്പാ അമേരിക്ക എവിടെ കിടക്കുന്നു. കളിക്കാരുടെ കാര്യമെടുത്താൽ മെസ്സിയെയും നെയ്മറെയും സുവാരസിനേയും പിന്നെ ബ്രസീൽ, അർജന്റീന ടീമുകളിലെ ചില കളിക്കാരെയും മാറ്റി നിർത്തിയാൽ ബാക്കി ആരെയുംകുറിച്ച് ഒരു അറിവുമില്ല (ഒരു സാധാരണ ഫുട്‍ബോൾ പ്രേമിയുടെ കാര്യമാണ് ഉദ്ദേശിച്ചത്. ഹാർഡ്കോർ ഫാനുകളെ ഉദ്ദേശിച്ചല്ല). അവാർഡ് പടം പോലെ നടക്കുന്ന മത്സരങ്ങളും ബഹു രസമാണ്. ഫൗളുകളുടെ പ്രളയമാണ്. അടിയെന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി. ബ്രസീലിനോടും അർജന്റീനയോടും മത്സരിക്കാൻ വരുന്ന ചില ടീമുകളുടെ ലക്ഷ്യം എങ്ങനെയെങ്കിലും തൊണ്ണൂറ് മിനിറ്റ്, അധികം ഗോളുകൾ മേടിക്കാതെ കളി തീർക്കാം എന്നുള്ളതാണെന്ന് തോന്നും. അതിനായി പരമാവധി സമയം കളയാനും എതിർ കളിക്കാരെ ഫൗൾ ചെയ്ത് തർക്കിച്ചു നിൽക്കാനും ശ്രമിക്കുന്നത് പോലെ. ഇപ്പോൾ ഇന്ത്യ ആണ് ബ്രസീലുമായി കളിക്കുന്നതെങ്കിൽ ഗോളൊന്നും അടിക്കാൻ മെനക്കെടാതെ പതിനൊന്ന് പേരും ഗോളൊന്നും കയറാതെ കിണഞ്ഞ് പരിശ്രമിച്ച് സമയം തീർത്താൽ പിന്നെ ഞെളിഞ്ഞ് നിന്ന് പറയാമല്ലോ "ഞങ്ങളും ബ്രസീലുമൊക്കെ ഫുട്‍ബോളിൽ ഒരേ വേവ് ലെങ്ത്ത് ആണ്" എന്ന്. ഇഞ്ചുറി ടൈം പത്ത് മിനിറ്റെങ്കിലും ഉണ്ടാകും. മാൻ ഓഫ് ദി മാച്ച് അവാർഡിന് ശരിക്കും അർഹർ മത്സരം നിയന്ത്രിക്കുന്ന റഫറിമാർ ആണെന്ന് തോന്നും. 

ഒരിടയ്ക്ക് സിനിമകളിൽ കാണുന്ന ഒരു പതിവായിരുന്നു നായികയ്ക്ക് വേണ്ടി കോടീശ്വരനായ അച്ഛൻ/കാമുകൻ പണത്തിൻറെ ധാരാളിത്തം കാട്ടി എന്തെങ്കിലും ചെയ്ത് കൊടുക്കുമ്പോൾ സാധാരണക്കാരനായ നായകൻ എന്തെങ്കിലും പാട്ടോ ലൊട്ടുലൊടുക്ക് സാധനമോ കാണിക്കുമ്പോൾ നായിക നായകൻറെ ഒപ്പം പോകുന്നത്. അതേപോലത്തെ ഒരു ക്ലൈമാക്‌സ് ആണ് ഇപ്പോൾ കോപ്പയിലും സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. ഇത്രയും ബിൽഡപ്പ് ഒക്കെ നൽകി കെട്ടിപ്പൊക്കി ഉണ്ടാക്കിയെടുത്ത യൂറോ ആരാധകർ മൊത്തമായി കോപ്പ ഫൈനൽ ലൈനപ്പ് കണ്ടതോടെ സ്റ്റാറ്റസിൽ നിന്നും യൂറോയെ താത്ക്കാലത്തേക്കെങ്കിലും തഴഞ്ഞ് അവിടെ കോപ്പയെ പ്രതിഷ്ഠിച്ചിരിക്കുന്നു. യൂറോ ഫൈനലിൽ ഇറ്റലിക്ക് എതിരായി ഇംഗ്ലണ്ട് വന്നാലും ഡെന്മാർക്ക് വന്നാലും ബ്രസീൽ-അർജന്റീന ഫൈനലിൻ്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. പ്രേക്ഷകരുടെ കയ്യടി നേടാൻ ബ്രഹ്‌മാണ്ഡ ചിത്രം തന്നെ വേണമെന്നില്ല എന്ന് ചുരുക്കം. കാമ്പുള്ള കഥയാണെങ്കിലും യൂട്യൂബ് ചാനൽ തന്നെ വൈറൽ ആകാൻ ധാരാളം.   

No comments:

Post a Comment