Tuesday, June 7, 2022

പുസ്തകനിരൂപണം - ആഗസ്റ്റ് 17


ലോകത്തിൻറെ ഗതിയെ സ്വാധീനിച്ച ചരിത്രസംഭവങ്ങൾ നമുക്ക് ഏവർക്കും പരിചിതമായിരിക്കും. ഇന്ത്യയിലേക്ക് മുഹമ്മദ് ഗോറിയും വാസ്‌കോ ഡ ഗാമ എത്തിയതും ഇന്ത്യയിലെ ഓരോ രാജവംശങ്ങൾ ഉദയംകൊണ്ടതും അസ്തമിച്ചതും ഇന്ത്യ വിദേശ ഭരണത്തിന് കീഴിലാകുന്നതും സ്വാതന്ത്ര്യം നേടുന്നതും ലോകയുദ്ധങ്ങളുമൊക്കെ കൊച്ചുകുട്ടികൾ വരെ ആവേശത്തോടെ വായിച്ചുപോകുന്ന ചരിത്ര സംഭവങ്ങളാണ്.

ഈ ചരിത്രത്തെ വേറൊരു രീതിയിൽ കീഴ്‌മേൽ മറിച്ചുകൊണ്ട് ഒരു എഴുത്തുകാരൻ ഭാവനയിൽ കാണുന്നു. അങ്ങനെയാണ് പ്രതിചരിത്രങ്ങൾ (Alternate History) ഉണ്ടാവുന്നത്. അത്തരം പുസ്തകങ്ങളും സിനിമകളും ധാരാളമുണ്ട്. ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധം ജയിച്ച് ലോകം ഭരിക്കുന്ന കാലഘട്ടമാണ് 1994 ഇൽ പുറത്തിറങ്ങിയ ഫാദർലാൻറ് എന്ന ചിത്രത്തിനാധാരം. മലയാളത്തിൽ അത്തരം രചനകൾ അധികമായി പുറത്തിറങ്ങിയിട്ടില്ല. ആ കാറ്റഗറിയിൽ ശ്രദ്ധതേടിയ ഒരു പുസ്തകമാണ് മീശ എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ എസ്. ഹരീഷ് എഴുതിയ ആഗസ്റ്റ് 17 എന്ന നോവൽ.

തിരുവിതാംകൂർ എന്ന നാട്ടുരാജ്യം ദിവാൻ സർ സി.പി യുടെ നേതൃത്വത്തിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കീഴിൽ ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര രാജ്യമായി മാറുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ രാജ്യം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിനെ നേരിടുന്നതുമൊക്കെയാണ് ഇതിവൃത്തം. രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ശത്രു രാജ്യമായി ഇന്ത്യ, ഇന്ത്യൻ സൈന്യവും നേവിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്ന രാജ്യ അതിർത്തിയായ കൊച്ചി, മഹാരാജാവിനെ കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ട വിപ്ലവകാരിയായ KSC മണി തുടങ്ങി വളരെ വ്യത്യസ്തവും വിചിത്രവും കൗതുകകരവുമായ ഭാവനാലോകമാണ് ശ്രീ ഹരീഷിൻറെ ആഗസ്റ്റ് 17.  

ശരിക്കും ഒരു എഴുത്തുകാരൻറെ ഭാവനാ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ കൃതിയിലുടനീളം കാണാൻ സാധിക്കുന്നത്. നമുക്ക് ചിരപരിചിതരായ ഒട്ടുമിക്ക പ്രമുഖ നേതാക്കളെയും എഴുത്തുകാരെയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായി ഇതിൽ കാണാൻ സാധിക്കും. വെറുതെ വ്യത്യസ്തമായ ഒരു ചിന്ത എന്ന രീതിയിൽ തട്ടിക്കൂട്ടാതെ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നു എന്ന് വായനക്കാരനെക്കൊണ്ട് സമ്മതിപ്പിക്കുന്ന രീതിയിൽ ആ പ്രതിചരിത്രത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതിനായി ശ്രീ ഹരീഷ് നടത്തിയ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കാതെ തരമില്ല. ഒരു ചരിത്രപുസ്തകം എന്നരീതിയിൽ തന്നെ അവതരിപ്പിക്കുവാനും ആ കാലഘട്ടത്തെ മികച്ച കയ്യടക്കത്തോടെ അവതരിപ്പിക്കുവാനും നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

തിരുവിതാംകൂർ രാജ്യത്തിൻറെ വിനീതദാസനായ ഒരു ഏജന്റിലൂടെയാണ് കഥയുടെ വികാസം. അദ്ദേഹത്തിൻറെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് തിരുവിതാംകൂർ എന്ന സ്വതന്ത്ര രാജ്യത്തിനെ നമ്മൾ കാണുന്നത്. സ്വന്തം പേര് പോലും പ്രസക്തമല്ലാത്ത രീതിയിൽ രാജ്യത്തിനായി സേവനമനുഷ്ടിക്കുന്ന നായകൻ. യഥാർത്ഥത്തിൽ നമുക്ക് മുന്നിലുള്ള പല ചരിത്രസംഭവങ്ങളിലും അദ്ദേഹത്തിന് പങ്കുള്ളതായി കാണാൻ സാധിക്കും. എല്ലാം രാജ്യത്തിനായി സമർപ്പിച്ച് മനോനില തന്നെ തകരാറിവുകയും താൻ ചെയ്‌ത കാര്യങ്ങളൊക്കെ ഒരിടത്തും രേഖപ്പെടുത്തപ്പെടുന്നില്ലെന്ന വസ്തുത തിരിച്ചറിയുകയും സ്വന്തം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതും ഒരു മനോഹരമായിത്തന്നെ വിവരിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധ മുഖ്യപ്രമേയമായ തിരുവിതാംകൂർ ചരിത്രത്തിൽ കിടന്നു കറങ്ങുന്നതിനാൽ അർഹിക്കുന്ന പരിഗണന നൽകുവാൻ വായനക്കാരൻ എന്ന നിലയിൽ എനിക്ക് സാധിച്ചില്ല.

സമീപകാലത്ത് വായിച്ചതിൽ വ്യത്യസ്തമായ പ്രമേയമായിരുന്നു എന്നത് മാറ്റിനിർത്തിയാൽ വായനക്കാരനെ ആ ആസ്വാദനതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് ഗ്രന്ഥകാരന്റെ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് സാധിച്ചിട്ടില്ല എന്ന് എൻറെ വായനാനുഭവത്തിന്റെ വെളിച്ചത്തിൽ നിരാശയോടെ പറയേണ്ടിയിരിക്കുന്നു. പുസ്തകത്തിൻറെ വലിപ്പം തന്നെയാണ് പ്രധാന പ്രശ്‌നം. മുന്നൂറ്റി അൻപതോളം പേജുകളുള്ള ഈ പുസ്തകം പലപ്പോഴും തീരാൻ ഇനി എത്ര പേജുകൾ ഉണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് നോക്കുവാൻ പ്രേരിപ്പിക്കുന്നു. സ്വതവേ സങ്കീർണ്ണമായ പ്രമേയത്തെ കഥാപാത്രങ്ങളുടെ മാനസിക വിഭ്രാന്തികൾ വരച്ചുകാട്ടി കൂടുതൽ സങ്കീർണ്ണമാക്കിയത് പോലെ തോന്നി. ആവശ്യമില്ലാത്ത(തെന്ന് എനിക്ക് തോന്നിയ) കുറേ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ മലയാള സാഹിത്യചരിത്രത്തിലെ തന്നെ വേറിട്ടൊരു സൃഷ്ടിയായി ആഗസ്റ്റ് 17 ന് മാറുവാൻ സാധിച്ചേനേയെന്ന് നിസംശയം പറയുവാൻ സാധിക്കും.

No comments:

Post a Comment