Sunday, August 21, 2022

വായനാനുഭവം - അന്ധർ ബധിരർ മൂകർ


ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു അദ്ദേഹത്തിന്റേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്‌തകം എന്ന മുൻ‌കൂർ ജാമ്യത്തോടെ ആ പുസ്‌തകവുമായി ബന്ധപ്പെട്ട എൻറെ വായനാനുഭവം ഇവിടെ കുറിക്കുന്നു. 

'സാമൂഹ്യപ്രതിബദ്ധതയുള്ളവനാകണം ഒരു സാഹിത്യകാരൻ'. നാട്ടിൽ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഏതൊരു വാർത്തയോട് ചേർന്നും ഇതുപോലുള്ള ഒരു ആവശ്യം ആരെങ്കിലും ഉന്നയിച്ച് കേൾക്കാറുണ്ട്. സാഹിത്യകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ എല്ലാ വിഷയത്തെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുവാൻ സാധിക്കുന്ന ഒരാളായി ഒരാൾ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഏത് വിഷയത്തെക്കുറിച്ചും ഏതൊരാൾക്കും എഴുതാനുള്ള സ്വാതന്ത്ര്യം നമ്മുടെ സമൂഹം അനുവദിച്ചുനൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിൻറെ മകുടോദാഹരണമാണ് ശ്രീ.ടി.ഡി.രാമകൃഷ്ണൻ എഴുതിയിട്ടുള്ള 'അന്ധർ ബധിരർ മൂകർ'. 

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഒരു നിയമം മൂലം ഒരു സമൂഹം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെയാണ് നോവലിൻറെ പേര് അർത്ഥമാക്കുന്നത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച കാശ്മീരിന് പ്രത്യേക അധികാരം നൽകിയ ഭരണഘടനാ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്ന് കാശ്മീരി ജനത അനുഭവിക്കുന്ന പ്രതിസന്ധികളാണ് നോവലിൻറെ ഇതിവൃത്തം. ഇന്ത്യയിലെത്തന്നെ ഏറ്റവും മനോഹരമായ ആ ഭൂപ്രദേശം സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള മേഖല കൂടിയാണ്. സംഘർഷങ്ങളും തീവ്രവാദികളും പട്ടാളക്കാരും നിരന്തരം ജീവിതത്തിൽ പ്രതിസന്ധികൾ തീർക്കുമ്പോൾ സ്വാഭാവികമായും അതിന് ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരി പെണ്ണുങ്ങൾ തന്നെയാണ്.

ഫാത്തിമ നിലോഫർ ഭട്ട് എന്ന കാശ്മീരി പെൺകൊടി പറയുന്നതായാണ് നോവലിൻറെ അവതരണം. അതിമനോഹരമായിത്തന്നെ നോവലിസ്റ്റ് ഒരു പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരു ഘട്ടത്തിൽ ആശ്ചര്യത്തോടെ  മാത്രമേ  ഇത് ശരിക്കും നിലോഫർ ഭട്ട് അല്ല ടി.ഡി.രാമകൃഷ്ണൻ ആണ് എഴുതിയത് എന്ന് മനസിലോർക്കൂ. ഒരു കാശ്മീർ നിവാസി പറയുന്നത് പോലെ കൺമുന്നിൽ ദിവസവും കാണുന്ന സ്ഥലങ്ങൾ എന്നപോലെ കാശ്മീരിനെ മനോഹരമായി വിവരിച്ചിരിക്കുന്നു. 

സ്വന്തമായി അസ്തിത്വം ഉള്ള ഒരു ഭൂപ്രദേശം രാഷ്ട്രീയമായ കാരണങ്ങളാൽ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്നത് വായനയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നു. ദൗർഭാഗ്യവശാൽ അവരുടെ സ്വാതന്ത്ര്യം തച്ചുതകർക്കുന്ന വില്ലൻ കഥാപാത്രമായി ഇന്ത്യയും നമ്മുടെ സൈനികരും കടന്നുവരുന്നതിൻറെ അസ്‌കിത മാറ്റിനിർത്തി വായിച്ചാൽ കൈറ്റ് റണ്ണർ പോലെ മനോഹരമായ ഒരു കൃതി തന്നെയാണ് 'അന്ധർ ബധിരർ മൂകർ'. നായരും സിക്കുകാരനും കാശ്മീരിയും ഉൾപ്പെട്ട ഇന്ത്യൻ സൈനികരാൽ മാനഭംഗം ചെയ്യപ്പെട്ട് അതിൽ ആരുടെയോ ഒരാളുടെ മകളായി പിറക്കേണ്ടിവരുന്ന കാശ്മീരി പെൺകൊടിയാണ് നായികയായ ഫാത്തിമ നിലോഫർ ഭട്ട്. പ്രതിക്ഷേധക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിൽ കണ്ണിനു തകരാർ സംഭവിച്ച പുത്രനെയും അവൻറെ സഹോദരനെയും പ്രായമായ അമ്മയെയും  കൂട്ടി നടത്തുന്ന പലായനം പലപ്പോഴും മനസിനെ ആർദ്രമാക്കും. ഇന്ത്യയുടെ കയ്യിൽ നിന്നും കശ്മീർ ജനതയെ റാഞ്ചിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന താലിബാൻ പോലുള്ള ഭീകരസംഘടനകളെയും വിഘടനവാദികൾക്ക് വളംവെച്ചു കൊടുക്കുന്ന പാകിസ്ഥാനെയും ഇതിൽ കാണാം. ഇന്ത്യൻ സൈനികർ ഇല്ലെങ്കിൽ കശ്മീർ താഴ്വരയുടെ അവസ്ഥ എന്ത് എന്നതും കൃതിയിൽ വ്യക്തമാണ്. കശ്മീർ വിഷയം പൊക്കിപ്പിടിച്ചുള്ള ഒരു രാഷ്ട്രീയ നോവൽ ആയി മാറാതെ കൃതി ഒരുക്കിയതിന് ശ്രീ. രാമകൃഷ്ണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാവുന്ന ഒരു ചെറിയ നോവൽ ആണ് 'അന്ധർ ബധിരർ മൂകർ'. അങ്ങനെ ഒരു വായനയെ സഹായിക്കുന്ന ഒഴുക്കുള്ള, ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള രചന തന്നെയാണ് രചയിതാവ് സ്വീകരിച്ചിട്ടുള്ളതും. വായനയുടെ ലോകത്ത് വലിയ അനുഭവം ഇല്ലാത്തതിനാൽ നമ്മുടെ മലയാളത്തിൽ നിന്ന് ഇതുപോലെ ഭരണകൂടത്തെയും സൈനികരെയും വിമർശനാത്മകമായി പ്രതിനായകപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മുഖ്യധാരാ നോവൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നത് സമ്മതിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. 

No comments:

Post a Comment