Wednesday, October 5, 2022

തകഴി സ്‌മാരകം, അമ്പലപ്പുഴ



ഈ നവരാത്രി ദിനത്തിൽ സന്ദർശിച്ചത് ഏറ്റവും അനുഗ്രഹീതമായ ഒരു സ്ഥലമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം, മലയാളത്തിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌കാരം, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ തുടങ്ങി സ്‌കൂൾ കാലഘട്ടംമുതൽ കേട്ടിരുന്ന പുരസ്‌ക്കാരങ്ങളൊക്കെ നേരിൽ കൺനിറയെ കണ്ടു. തൊട്ട് വണങ്ങി. ഇതൊക്കെ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഉണ്ടായിരുന്നിട്ടും എന്തേ ഇതുവരെ അത്രടം വരെ ഒന്നും  പോയില്ല എന്നോർത്ത് പരിതപിച്ചു. ഒരു പക്ഷെ ഈ നവരാത്രി ദിനത്തിൽത്തന്നെ ആ പുണ്യഭൂവിൽ സന്ദർശനം നടത്തണമെന്നത് ഒരു നിയോഗമായിരിക്കും എന്നോർത്ത് ആശ്വസിച്ചു. അതേ വേറെ എവിടെയുമില്ല, ആലപ്പുഴയുടെ സ്വന്തം കാരണവർ, കേരളാ മോപ്പസാങ്, തകഴി ശിവശങ്കരപ്പിള്ളയുടെ കുടുംബവീടായ ശങ്കരമംഗലത്ത് ഇപ്പോൾ കേരളാ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന തകഴി സ്മാരകത്തെക്കുറിച്ചാണ് ഞാൻ  പറഞ്ഞുവരുന്നത്.

ആലപ്പുഴയിലെ പ്രശസ്‌തമായ അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം അടുത്താണ് തകഴി സ്‌മാരകം നിലകൊള്ളുന്നത്. ശങ്കരമംഗലം തറവാടിൻറെ നാല് മുറികളിലായാണ് തകഴി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും  അദ്ദേഹത്തിൻറെ അവസാനകാലത്തെ ആശ്രയമായിരുന്ന ഊന്നുവടികളും, വസ്‌ത്രങ്ങളും, കണ്ണടയും ടൈപ്പ് റൈറ്ററും മറ്റ് വസ്തുക്കളുമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കൃതികളും കാണാം. ആ മഹാനായ എഴുത്തുകാരൻറെ ചാരുകസേരയും കട്ടിലും സന്ദർശിക്കുമ്പോൾ അകക്കണ്ണിൽ ആ കാരണവർ അതിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. പഴമയുടെ മണം നിറഞ്ഞുനിൽക്കുന്ന ആ മുറിയിൽ നിന്നും അത് ആസ്വദിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. വീടിൻറെ തെക്ക് ഭാഗത്തായി അദ്ദേഹത്തിൻറെ ഒരു പൂർണ്ണകായ വെങ്കല പ്രതിമയും അടക്കം ചെയ്‌ത മണ്ഡപവുമുണ്ട്.




ഈ പറഞ്ഞതിനുമൊക്കെ അപ്പുറം മറ്റ് പലതും അദ്ദേഹത്തിൻറെ കൃതികൾ വായിച്ച് വളർന്ന ഒരു ആരാധകന് കാണാൻ സാധിക്കും. കുട്ടനാടിൻ്റെ, ആലപ്പുഴയുടെ ഒരു കാലഘട്ടത്തെ ഇത്രയും മനോഹരമായി വരുംതലമുറയ്ക്കായി എഴുതിവെച്ച മറ്റൊരാളില്ല. ആലപ്പുഴയിലെ ഓഫീസിലേക്ക് പോകുന്ന വഴികളിൽ പലപ്പോഴും ഇതല്ലേ ചുടലമുത്തു നടന്നിരുന്ന വഴി എന്ന് മനസിൽ തോന്നാറുണ്ട്. തോട്ടിയുടെ മകനിൽ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും ഇന്ന് കാണുമ്പോൾ അന്നത്തെ അവസ്ഥയിൽ മനസ്സിൽ കാണിച്ചുതരാൻ ഒരിക്കൽ വായിച്ച അദ്ദേഹത്തിൻറെ വാക്കുകൾക്ക് സാധിക്കുന്നത് അത്ഭുതകരമാണ്. രണ്ടിടങ്ങഴിയും ഏണിപ്പടിയും ചെമ്മീനുമൊക്കെ എത്ര വ്യത്യസ്തമായ ജീവിതങ്ങളാണ് അദ്ദേഹം നമ്മുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത് മലയാളികളുടെ മനസിലേക്ക് പ്രതിഷ്ഠിക്കുന്നത് എന്നത് എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ സാധിക്കാത്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ പുതുതലമുറയ്ക്ക് മനസിലാക്കാൻ ഒരുപക്ഷെ തകഴിയുടെ രചനകളേക്കാൾ മികച്ച റഫറൻസുകൾ തിരക്കേണ്ടതില്ല. ആ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ആ അതുല്യപ്രതിഭയെ ഒരിക്കൽ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒരു ഗ്രൻഥശാലയുടെ ഉദ്‌ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമായിരുന്നതിനാൽ ആടിനെന്ത് അങ്ങാടിമരുന്ന് എന്നപോലെ ഏത് തകഴി എന്ന മട്ടിൽ ഉദ്‌ഘാടനച്ചടങ്ങിന് ശേഷം നടക്കാനിരിക്കുന്ന ഗാനമേളയ്ക്കായി അക്ഷമയോടെ സ്റ്റേജിന് മുന്നിലെ ചൊരിമണലിൽ ഇരുന്നത് മാത്രമാണ് ഓർമ. അദ്ദേഹത്തിൻറെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണുവാനും ആ കാലുകളിൽതൊട്ട് അനുഗ്രഹം മേടിക്കാനും മനസ് വളരെയേറെ കൊതിച്ചു.

മ്യൂസിയം കഴിഞ്ഞുള്ള വീടിൻറെ പ്രധാനഭാഗങ്ങൾ പൂട്ടിയിട്ട നിലയിലാണ്. എങ്കിലും തുറന്നുകിടക്കുന്ന ജനൽപ്പാളികളിലൂടെ അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് അവസാനകാലത്ത് അദ്ദേഹവും പ്രിയപത്‌നി കാത്ത യുമായി ഒരു ക്ഷേത്രപരിസരത്ത് നിൽക്കുന്ന ഫോട്ടോയാണ്. സാഹിത്യാരാധകർക്ക് ചിരപരിചിതയാണ് തകഴിയുടെ വാമഭാഗമായ കാത്ത. പണ്ട് തകഴിയിൽ ജോലിചെയ്തിരുന്ന അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ അകത്ത് തകഴി "കാത്തേ" എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നെന്ന്. തകഴിയും കാത്തയും മാത്രമായി ജീവിച്ച,  "കാത്തേ" എന്നുള്ള വിളികൾ മുഴങ്ങിയിരുന്ന ആ മുറികൾ ഇന്ന് ശൂന്യമായിക്കാണുമ്പോൾ കണ്ണുകൾ അറിയാതെ ഈറനായി.

സ്മാരകത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന തകഴിയുടെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും കൂടി പരിചയപ്പെടുത്തുന്ന രീതിയിൽ മൾട്ടി മീഡിയ സഹായത്തോടെ ഒരുക്കിയിരുന്നെങ്കിൽ ചെറിയ പ്രവേശന ഫീസ് ഏർപ്പെടുത്തിയാലും അമൂല്യമായ ഒരു സന്ദർശനം ആയി എല്ലാവർക്കും അനുഭവപ്പെടും. കടപ്പുറത്തെ തെങ്ങിൻതോപ്പിൽ നിൽക്കുന്ന കറുത്തമ്മയും പരീക്കുട്ടിയും (മധുവും ഷീലയുമല്ല), പശ്ചാത്തലത്തിൽ കടലിൻറെ ഇരമ്പം, കുട്ടനാടൻ തേക്ക് പാട്ടിൻറെ പശ്ചാത്തലത്തിൽ ഞാറ് നടുന്ന കോരൻ, അങ്ങനെ നമ്മുടെ വരും തലമുറയ്ക്ക് തകഴിഅപ്പൂപ്പനെയും അദ്ദേഹത്തിലൂടെ മലയാളമനസുകളിൽ ജന്മംകൊണ്ട ഒട്ടനവധി കഥാപാത്രങ്ങളെയും മനസിലാക്കുവാനും ഉതകുന്ന ഒരു സ്ഥലമായി തകഴി മ്യൂസിയം ഭാവിയിൽ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

No comments:

Post a Comment