Sunday, October 2, 2022

പൊന്നിയിൻ സെൽവൻ - പുസ്‌തകവും സിനിമയും


തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ കൃതിയാണ് ശ്രീ. കൽക്കി കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ കൽക്കി എന്ന മാസികയിൽ 1950 മുതൽ 1954 വരെയുള്ള കാലയളവുകളിൽ പ്രസിദ്ധീകരിച്ച പൊന്നിയൻ സെൽവൻ. തമിഴ് ചരിത്രത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രഗത്ഭനായ രാജാവ്, ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമൻ എന്ന അരുൾമൊഴി വർമ്മന്റെ വിളിപ്പേരാണ് പൊന്നിയൻ സെൽവൻ അഥവാ പൊന്നിയുടെ  (കാവേരിയുടെ) മകൻ. തഞ്ചാവൂരിലെ പ്രഗത്ഭമായ ബൃഹദീശ്വരക്ഷേത്രം നിർമ്മിച്ച രാജാവ് എന്ന നിലയിൽ നമുക്കേവർക്കും പരിചിതനാണ് രാജരാജ ചോളൻ. ചോള സാമ്രാജ്യത്തിൻറെ പ്രശസ്‌തി അതിൻറെ ഉന്നതിയിലേക്ക് എത്തുന്നകാലത്ത് സംഭവിച്ച ചില സംഭവങ്ങളാണ് പുസ്തകത്തിൻറെ ഇതിവൃത്തം. യഥാർത്ഥ തമിഴ് കൃതിയിൽ 2210 പേജുകൾ ഉണ്ടായിരുന്നു. അതിൻറെ സ്വതന്ത്രമായ ഒരു വിവർത്തനമാണ് ശ്രീ. ജി. സുബ്രഹ്മണ്യൻ മലയാളത്തിൽ ഡി സി ബുക്‌സിലൂടെ പുറത്തിറക്കിയിട്ടുള്ളത്. രസകരമാണ് ശ്രീ. സുബ്രഹ്മണ്യത്തിൻറെ പരിഭാഷ. ഒട്ടേറെ കഥാപാത്രങ്ങളും തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും കുറെ സ്ഥലങ്ങളും ഉൾപ്പെട്ട, വേണമെങ്കിൽ ബോറടിപ്പിച്ചേക്കാവുന്നതും ആശയക്കുഴപ്പത്തിലാക്കാവുന്നതുമായ കൃതിയെ കൊച്ചുകുട്ടികൾക്ക് കഥപറഞ്ഞു നൽകുന്നതുപോലെ ലളിതമായി അദ്ദേഹം എഴുതിയിരിക്കുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തുമ്പോൾ പുസ്തകത്തിൻറെ വലുപ്പം 1200 പേജുകളായി ചുരുങ്ങുന്നു. അഞ്ച് ഭാഗങ്ങളായിട്ടാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. ഡിസി ബുക്ക്‌സ് അത് രണ്ട് പുസ്‌തകങ്ങളായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.


ഇനി പുസ്തകത്തിൻറെ ഇതിവൃത്തത്തിലേക്ക് നോക്കാം. സുന്ദരചോള ചക്രവർത്തിയുടെ ഭരണകാലം. അദ്ദേഹത്തിൻറെ മൂത്തപുത്രനായ ആദിത്യകരികാലൻ ആണ് യുവരാജാവ്. ആദിത്യനെ കൂടാതെ അരുൾമൊഴിവർമ്മൻ എന്നൊരു മകനും കുന്തവ എന്നൊരു മകളും ചക്രവർത്തിക്കുണ്ട്. വിശാലമായി വളർന്നുകൊണ്ടിരുന്ന ചോളരാജവംശത്തിൻറെ ഏറ്റവും നിർണ്ണായകമായ ഏടായിരുന്നു ചോളാ-പാണ്ഡ്യ യുദ്ധം. അവസാന പാണ്ഡ്യരാജാവായ വീരപാണ്ഢ്യനെ യുദ്ധത്തിൽ വധിച്ച വീരനാണ് ആദിത്യകരികാലൻ. ശ്രീലങ്കയിലേക്കും ഭരണം വ്യാപിപ്പിച്ച ചോള വംശത്തിനായി അവിടെ പടനയിക്കുന്ന വീരനായാണ് പൊന്നിയിൻ സെൽവൻ എന്ന അരുൾമൊഴിവർമ്മനെ ആദ്യമായി അവതരിപ്പിക്കുന്നത്. ചക്രവർത്തി രോഗശയ്യയിലായതോടെ അധികാരം വേറൊരാൾക്ക് നൽകുന്നതിനായി സാമന്ത രാജാക്കന്മാർ പഴുവേട്ടരയന്മാർ എന്ന സേനാനായകന്മാരായ സഹോദരന്മാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങുന്നു. ചോളവംശത്തോടും രാജകുമാരന്മാരോടും ആത്മാർത്ഥമായ കൂറ് പുലർത്തുന്ന വല്ലവരായൻ വന്ദ്യദേവൻ ആണ് നായികാപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രം. ഇത്രയും പറയുമ്പോൾ നമുക്ക് നമ്മുടെ മാർത്താണ്ഡവർമ്മയേയും എട്ടുവീട്ടിൽ പിള്ളമാരെയും അനന്തപത്മനാഭൻ പടത്തലവനെയുമൊക്കെ ഓർമ്മയിൽ വരാം. മാർത്താണ്ഡവർമ്മയിൽ നിന്നും പൊന്നിയിൻ സെൽവനെ വ്യത്യസ്തമാക്കുന്നത് വേറൊന്നാണ്. സാമന്തരാജാക്കന്മാർ അങ്ങനെ ഒരു ആലോചന കൊണ്ടുവന്നുവെങ്കിലും അവരല്ല യഥാർത്ഥ വില്ലന്മാർ. പാണ്ഡ്യരാജാവിൻറെ കൊലയ്ക്ക് പ്രതികാരം ചെയ്യാൻ വരുന്ന പാണ്ഢ്യരാജാവിൻറെ കിങ്കരന്മാരാണ് ഇവിടെ ആ വേഷം കൈകാര്യം ചെയ്യുന്നത്. ജീവൻ കൊടുത്തും ചോളസാമ്രാജ്യത്തിനെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്‌ത വലിയ പഴുവേട്ടരയൻ എന്ന പടത്തലവന്റെ മനസിനെ ഭരിക്കുന്ന ഭാര്യയായി കടന്നുവരുന്ന സുന്ദരിയായ പഴവൂർ റാണിയെപ്പറ്റി പറയാതെ പൊന്നിയൻ സെൽവൻ പൂർത്തിയാകില്ല. അതീവ സുന്ദരിയും ദുരൂഹതകൾ നിറഞ്ഞവളുമായ ആ കഥാപാത്രം കഥയിൽ അത്രയും നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 


ചരിത്രത്തെ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് പൊന്നിയൻ സെൽവൻ പുസ്‌തകം വളരെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. തഞ്ചാവൂരിൽ വെച്ച്  സന്ദർശിച്ച ചോളന്മാരുടെ കൊട്ടാരവും അവർ നിർമ്മിച്ച ക്ഷേത്രങ്ങളും മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. (ആ വിശേഷങ്ങൾ ഇവിടെ വായിക്കാം https://kalikalavaibhavam.blogspot.com/2017/04/1-thanjavur-travelogue.html ) എങ്കിലും പൊന്നിയൻ സെൽവൻ വായിച്ചുകഴിഞ്ഞതോടെ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകിച്ചും കാഞ്ചിപുരം-ചിദംബരം-തഞ്ചാവൂർ-കുംഭകോണം-രാമേശ്വരം-മധുര ചേർത്ത് ഒരു യാത്ര നടത്തണം എന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചോള ചരിത്രത്തിലെ ഒരു ഏട് മാത്രമാണ് ഈ കൃതി. അതിൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ അതേപോലെ നിലനിർത്തിക്കൊണ്ടാണ് കൽക്കി പുസ്‌തകം അവസാനിപ്പിക്കുന്നത്. അതിനാൽത്തന്നെ നമുക്ക് ഇനിയും കുറേകൂടി വേണം എന്നപോലെ ഒരു ആഗ്രഹം 1200 പേജ് വായിച്ചുകഴിഞ്ഞാലും മനസ്സിൽ നിലനിൽക്കും. ആദ്യമായി പ്രസിദ്ധീകരിച്ച കാലഘട്ടത്തിൽ വായനക്കാർ നിരന്തരം ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി ഉത്തര രൂപത്തിൽ അതിനൊക്കെ മറുപടി നൽകിയിട്ടുണ്ട്. എന്നിട്ട് ഒരു ഉപദേശവും ""മൂന്ന് വർഷം കൊണ്ടാണ് ഞാൻ ഇത് എഴുതി തീർത്തത്. എന്നിട്ടും ചിലർ പറയുന്നു ഞാൻ പെട്ടെന്ന് തീർത്തുകളഞ്ഞെന്ന്. ഇനി എഴുതാൻ ആണെങ്കിൽ ഇതുപോലെ നാലോ അഞ്ചോ പുസ്തകങ്ങൾ എന്നേക്കാൾ മികച്ച രീതിൽ ഇതിൻറെ തുടർച്ചയായി എഴുതാം. അങ്ങനെ നമ്മുടെ സാഹിത്യത്തിന് സംഭാവനകൾ നൽകട്ടെ". ഇതുപോലെ ഒരു പുസ്തകത്തിനായി അദ്ദേഹം നടത്തിയ ഗവേഷണങ്ങളെയും കഠിനാധ്വാനത്തെയും നമിക്കുന്നു.


ഈ കൃതി സിനിമയാക്കുവാൻ 1958 മുതൽ ശ്രമം നടക്കുന്നു. ആദ്യകാലത്ത് MGR മുതൽ കമലഹാസൻ വരെ ഇതിനായി പരിശ്രമിച്ചിട്ടുണ്ട്. ഇതുപോലെ ഒട്ടേറെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ആയതുകൊണ്ടാവാം അത് നടക്കാൻ തമിഴ് സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകൻ ശ്രീ മണിരത്നം തന്നെ അവതരിക്കേണ്ടി വന്നു, അതൊന്ന് സിനിമയാക്കുവാൻ. രണ്ടു ഭാഗങ്ങളായാണ് സിനിമ റിലീസ് ചെയ്യുന്നത്. രണ്ടായിരത്തിൽ പരം പേജുകളുള്ള ഒരു കൃതിയെ 5-6 മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കണം എങ്കിൽ അസാമാന്യ കഴിവ് തന്നെ വേണ്ടിവരും. തന്നെയുമല്ല വലിയൊരു താരനിരയെ അണിനിരത്തി എടുക്കുന്ന ചിത്രം ആയതിനാൽ കാണുവാൻ വരുന്നവരെ പരമാവധി തൃപ്തിപ്പെടുത്താൻ സാധിക്കണം. എല്ലാവരും ചരിത്രകുതുകികൾ ആവണമെന്നില്ല. ഇഷ്ടതാരത്തിന്റെ വ്യത്യസ്തമായ വേഷം കാണാൻ വരുന്ന ഫാൻസും ഉണ്ടാകും. എല്ലാറ്റിലും ഉപരി വാണിജ്യപരമായ വിജയത്തിനായി ചിലതൊക്കെ ഒഴിവാക്കണം ചിലത് കൂട്ടിച്ചേർക്കണം. വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളെ ഇഷ്ടതാരങ്ങൾ അവതരിപ്പിക്കുന്ന കൗതുകം കാരണം വളരെ പ്രതീക്ഷയോടെയാണ് ഒന്നാം ഭാഗം കാണുവാൻ പോയത്. സത്യസന്ധമായി പറഞ്ഞാൽ കഥാപാത്രങ്ങൾ പുസ്തകത്തിൽ നിന്നും ഇറങ്ങിവന്നത് പോലെ ഭൂരിഭാഗവും ആസ്വദിക്കാൻ പറ്റി. സിനിമയ്ക്കായി വരുത്തിയ മാറ്റങ്ങളിൽ അവസാന ഭാഗത്തുള്ള തിരുത്തലുകൾ അത്ര സുഖിച്ചില്ല. വായനയെ മാറ്റിനിർത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞാൽ നല്ല സിനിമ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു


മിക്കവരും ഈ സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നതായി കണ്ടു. രണ്ടും തമ്മിലുള്ള വ്യത്യാസം ബാഹുബലി ഒരു കെട്ടുകഥയാണ്. സിനിമയ്‌ക്കായി അതിൽ എന്ത് രസക്കൂട്ടും ചേർക്കാം. അതുപോലല്ല തമിഴ് ജനത ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അവരുടെ ചരിത്രം സിനിമയാക്കുമ്പോൾ. എങ്കിലും ഒരു പക്ഷെ മണിരത്നത്തിന് മാത്രം സാധിക്കുന്ന രീതിയിൽ അദ്ദേഹം ഒട്ടും ബോറടിപ്പിക്കാതെ അദ്ദേഹത്തിൻറെ ഭാഗം ചെയ്തിട്ടുണ്ട്. കാസ്റ്റിങ് ഒരു രക്ഷയുമില്ല. പ്രത്യേകിച്ചും ജയറാം, കാർത്തി, , ഐശ്വര്യ ലക്ഷ്‌മി, ഐശ്വര്യാ റായ് എന്നിവരെ അല്ലാതെ വേറെ ആരെയും ആ കഥാപാത്രങ്ങൾക്ക് പകരമായി ചിന്തിക്കാൻ വയ്യ. ബോംബെ, റോജ ചിത്രങ്ങളിലൂടെ കുട്ടിക്കാലത്ത് മധുരമായ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മണിരത്നം-എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന് അത്ര മധുരം ഇപ്പോൾ തോന്നിയില്ല. ഐശ്വര്യാ റായിക്ക് ഈ പ്രായത്തിലും എന്താ സൗന്ദര്യം. അതിമോഹിനിയായ നന്ദിനിയെ അവതരിപ്പിക്കുവാൻ ഇന്നും ഇന്ത്യയിൽ (ലോകത്തിൽ) അവർ മാത്രമേ ഉള്ളൂ എന്നത് അത്ഭുതം തന്നെ. പീരിയോഡിക്കൽ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട  ലൊക്കേഷനുകൾ അതീവ മനോഹരമായിരുന്നു. ആകെ കല്ലുകടിയായി തോന്നിയത് മലയാളം ഡബ്ബിങ് ആയിരുന്നു. പ്രത്യേകിച്ചും ഐശ്വര്യാ റായിക്ക് ഭാഗ്യലക്ഷ്‌മിയുടെ ശബ്‌ദം ഒട്ടും ചേരാത്തത് പോലെ തോന്നി. 


കഥയെക്കുറിച്ച് കൂടുതലൊന്നും പറയാത്തത് ഇനി ഒരു ഭാഗം വരാനുള്ളത് കൊണ്ട് സ്പോയിലർ ആക്കുവാൻ താത്പര്യമില്ലാത്തതിനാലാണ്. സിനിമ അവസാനിക്കുന്നത് പോലെ ട്വിസ്റ്റ് ഓട് ട്വിസ്റ്റ് ആണ് ഇനിയുള്ള ഭാഗം. ഈ താരങ്ങളുടെയെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മണിരത്നം എങ്ങനെ പടം അവസാനിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ അടുത്ത ഭാഗം വരുന്നത് വരെ ഇനി കാത്തിരിക്കാം. 

No comments:

Post a Comment