Monday, April 10, 2023

വായനാനുഭവം - ഹരിദ്വാറിൽ മണി മുഴങ്ങുന്നു - എം മുകുന്ദൻ


കാലാനുവർത്തിയായ രചനകളാണ് എം മുകുന്ദൻ എഴുതിയിട്ടുള്ള മിക്കവാറും കൃതികൾ. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി ഗാഥകളും ദൈവത്തിൻറെ വികൃതികളുമൊക്കെ വായിക്കുമ്പോൾ നാമറിയാതെ ആ കാലഘട്ടത്തിലെ മയ്യഴിയിലേക്കും ഡൽഹിയിലേക്കുമൊക്കെ അലഞ്ഞു നടക്കും. ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഡൽഹിയുമായോ മാഹിയുമായോ വിദൂരസാമ്യം പോലും ആ കഥാപശ്ചാത്തലങ്ങൾക്ക് ഉണ്ടാവണമെന്നില്ല. അതാണ് ഡൽഹി, അല്ലെങ്കിൽ അതാണ് മയ്യഴിയെന്ന് ആ സ്ഥലങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത വായനക്കാരൻ വിശ്വസിക്കും. അതൊരസാധ്യ കഴിവുതന്നെയാണ്. സമകാലീന എഴുത്തുകാരിൽ എം. മുകുന്ദൻ, എം ടി തുടങ്ങിയവരുടെ തട്ട് ഒരു പടി ഉയർന്നുനിൽക്കുന്നതിന് കാരണവും എഴുത്തിലെ ഈ മാന്ത്രികത തന്നെയാവാം.

എം മുകുന്ദൻ സാറിൻറെ ഏറ്റവും മികച്ചതെന്ന് പറയാനാവില്ലെങ്കിലും നിലവാരത്തിൽ ഉന്നതനിലവാരം പുലർത്തുന്ന കൃതിയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു". എഴുപതുകളുടെ തുടക്കത്തിലെ ഡൽഹിയും ഹരിദ്വാറുമാണ് കഥയുടെ പശ്ചാത്തലം. ഡൽഹിയിൽ ഒരു വിദേശി നടത്തുന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന രമേശ് ആണ് കഥാനായകൻ. തൊഴിലുടമയുടെ വിശ്വസ്തനും പരിഭാഷകനുമൊക്കെയായ രമേശിന് മോശമല്ലാത്ത പ്രതിഫലവും അവിടെനിന്നും ലഭിക്കുന്നുണ്ട്. പണത്തിൻറെ ധാരാളിത്തവും ഉത്തരേന്ത്യയിൽ സുലഭമായ ലഹരിവസ്തുക്കളുടെ ഉപഭോഗവും അന്തർമുഖനായി അമ്മയുടെ കീഴിൽ വളർന്ന രമേശിന്റെ ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നുണ്ട്. 

തന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ച കാമുകി സുജയുമായി ഒരു അവധി ആഘോഷിക്കുവാൻ ഹരിദ്വാറിലേക്ക് രമേശ് നടത്തുന്ന യാത്രയാണ് നോവലിൻറെ പ്രതിപാദ്യം. ലഹരിവിമുക്ത പുണ്യഭൂമിയായ ഹരിദ്വാറിൽ ചിലവഴിക്കേണ്ടിവരുന്ന മൂന്ന് ദിവസങ്ങൾ അതിമനോഹരമായാണ് നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നത്. ലഹരിയുടെ ഉപയോഗം മൂലം ഒരാൾ നശിക്കുന്നത് ആ ദിവസങ്ങളിൽ കാണാം. ലഹരിയില്ലാത്ത സമയങ്ങളിലെ സന്തോഷങ്ങളും മാന്യതയും പിന്നീട് ലഹരിക്ക് കീഴ്പ്പെടുമ്പോൾ സംഭവിക്കുന്ന വിഷമങ്ങളും ചപലതകളും രാവും പകലും പോലെ നമുക്ക് മുന്നിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നു. ഒരാൾ എങ്ങനെയാവരുത് എന്നതിനുദാഹരണമായി നായകൻ മാറുന്നു. സന്തുഷ്ട ജീവിതം കണ്മുന്നിൽ നിൽക്കുമ്പോഴും അതിനെ നിഷ്ക്കരുണം തള്ളിമാറ്റി ലഹരിയിലേക്ക് അഭയം തേടുന്നതും അവസാനം ജീവിതത്തിൽ നിന്നും  ഒളിച്ചോടുന്നതിനുള്ള ഇടമായിക്കണ്ട് ആത്മീയതയെ സ്വീകരിക്കുന്നതും നെടുവീർപ്പോടെയല്ലാതെ വായിക്കാൻ സാധിക്കില്ല.

കഥയിൽ കടന്നുപോകുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു സന്ദേശം വായനക്കാരന് കൈമാറാൻ കഥാകാരനായിട്ടുണ്ട്. ചെഗുവേരയെ ഇഷ്ടപ്പെടുന്ന, വിപ്ലവചിന്തകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും നിഷ്‌കളങ്കമായി രമേശിനെ പ്രണയിക്കുന്ന നായികാ സുജ, രമേഷിൻറെ രണ്ട് വ്യക്തിത്വങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന റിക്ഷാക്കാരൻ ഹനുമാൻ, തലസ്ഥാനനഗരത്തിലെ തിരക്കിലും കാപട്യങ്ങളിലും മനസുമടുത്ത് ഹരിദ്വാറിലെത്തുന്ന നായകനോട് അവസരങ്ങൾ തേടി നഗരത്തിൽ ചേക്കേറാനുള്ള താൽപ്പര്യം വെളിപ്പെടുത്തുന്ന ഹോട്ടൽ ജീവനക്കാരൻ, തുടങ്ങി ഓരോരുത്തർക്കും ഓരോ വ്യക്തിത്വങ്ങൾ എം മുകുന്ദൻ കൃത്യമായി നൽകുന്നുണ്ട്. 

എഴുപതുകളിലെ ഹരിദ്വാറിൻറെ മുക്കും മൂലയും നാം രമേശിനൊപ്പവും സുജയ്‌ക്കൊപ്പവും നടന്നു കാണും. വായനകഴിഞ്ഞാലും ആ സ്ഥലങ്ങളും കഥാപാത്രങ്ങളും കുറച്ചുനാൾ വായനക്കാരൻറെ ഉള്ളിൽ നിറഞ്ഞുനിൽക്കും. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു"

No comments:

Post a Comment