Tuesday, April 25, 2023

വായനാനുഭവം - ബുധിനി - സാറാ ജോസഫ്


ബുധിനി - ഹോ എന്തൊരു പുസ്തകം ആണത്. സാറാ ജോസഫ് എന്തൊരു എഴുത്തുകാരിയാണവർ. ശ്രീമതി സാറാ ജോസഫിന്റേതായി ആദ്യമായി വായിക്കുന്ന പുസ്‌തകമാണ്‌ "ബുധിനി" എന്ന് പറയാൻ ലജ്ജ തോന്നുന്നു. വിക്കിപീഡിയയിൽ പോലും സാറാ ജോസഫിൻറെ മികച്ച നോവലായി ബുധിനിയെ പറയുന്നില്ല. 349 പേജുകളുള്ള പുസ്‌തകം വായിച്ചുതീർക്കുമ്പോൾ വിവിധ വികാരങ്ങൾ എൻറെ ഉള്ളിൽ നിറഞ്ഞു. അപൂർവ്വം പുസ്തകങ്ങൾ മാത്രമേ അങ്ങനെ ഒരനുഭവം എനിക്ക് നൽകിയിട്ടുള്ളൂ. ബുധിനിയെ പരിചയപ്പെടുത്തുമ്പോൾ രണ്ടു പരിചയപ്പെടുത്തലുകൾ വേണ്ടിവരും. ഒന്ന് കഥാനായികയായ ബുധിനിയെ, രണ്ട് ശ്രീമതി സാറാ ജോസഫ് എഴുതിയ ബുധിനിഎന്ന നോവലിനെ.

ആദ്യം ബുധിനി എന്ന നോവലിനെക്കുറിച്ചുതന്നെ പറയാം. അതിശക്തമായ പ്രമേയം. പുരാണത്തിലും ചരിത്രത്തിലുമൊക്കെ കടന്നുവന്നിട്ടുള്ള പ്രഥമദൃഷ്‌ട്യാ പ്രധാന കഥാപാത്രങ്ങൾ അല്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് നോവലുകളാക്കുന്ന പ്രവണതകൾ ധാരാളം കണ്ടിട്ടുണ്ട്. ബുധിനിയും അങ്ങനെ ഒരാളാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ഭാരതത്തിൻറെ പുരോഗതിയുടെ ഭാഗദേയം നിർണ്ണയിക്കുവാൻ ഭാവിയിലെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു അണക്കെട്ടുകൾ പണിതുയർത്തിയ ചരിത്രം നമുക്കറിയാം. അതിനായി രൂപംകൊടുത്ത ദാമോദർ വാലി കോർപ്പറേഷൻ നിർമ്മിച്ച പഞ്ചെട് അണക്കെട്ട് ഉദ്‌ഘാടനം ചെയ്യുവാൻ നെഹ്‌റു തിരഞ്ഞെടുത്തത് ആ അണക്കെട്ടിനായി പണിയെടുത്ത ഒരു സന്താൾ ആദിവാസി യുവതിയെയായിരുന്നു. നെഹ്രുവിനോടൊപ്പംനിന്ന് അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ അസുലഭ സൗഭാഗ്യം ലഭിച്ച ആ യുവതിയുടെ ഫോട്ടോ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പെൺകുട്ടിയെക്കുറിച്ച് ആരും അധികം സംസാരിച്ചില്ല. അതിൻറെ ആവശ്യവുമില്ല. ഇന്നും ഇന്റർനെറ്റിൽ പരതിയാൽ പെട്ടെന്ന് തന്നെ ആ ചിത്രം ആർക്കും ലഭിക്കും. നെഹ്‌റുവിനെ മാലയിട്ട് സദസ്സിലേക്ക് സ്വീകരിച്ച ആ പെൺകുട്ടിയെ നെഹ്‌റുവിന്റെ ഭാര്യയെന്നാണ് ചിലർ കളിയാക്കി വിളിച്ചത്. പുറംലോകർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും സന്താൾ ഗോത്രക്കാരുടെ ആചാരങ്ങൾ അനുസരിച്ച് ആ പെൺകുട്ടി ഒരു തെറ്റ് ചെയ്‌തിരുന്നു. അതിനവൾക്ക് അവർ ശിക്ഷയും വിധിച്ചു. സുഹൃത്ത് ശ്രീ സിവിക് ചന്ദ്രനിൽ നിന്നും ലഭിച്ച ഈ ഒരു അറിവിൽ നിന്നാണ് സാറാ ജോസഫ് ബുധിനിയിലേക്ക് എത്തുന്നത്. അതിനായി അവർ നടത്തിയ കഠിനപ്രയത്‌നം മുന്നൂറിന് മേൽ പേജുകളുള്ള ഈ പുസ്തകത്തിലെ ഓരോ വരിയിലും കാണാം. വെറുതെ ഒരു പെൺകുട്ടിയുടെ കഥ പറയുന്നതിനപ്പുറം നമ്മെയും നോവലിസ്റ്റ് ആ നാടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അവിടെ ജനിച്ചുവളർന്ന സന്താളുകളുടെ ഇടയിലേക്ക്, അവരുടെ വിശ്വാസങ്ങളിലേക്ക്. അവരുടെ ഇടയിലേക്ക് വില്ലന്റെ രൂപത്തിൽ രാജ്യപുരോഗതി കടന്നുവരുന്നത് നാം കാണുന്നു. അത് കാരണം തകർന്ന ജഗദീപ് മുർമു കുടുംബത്തിന്റെ വേദന നമ്മുടെയും വേദനയായി മാറുന്നു. ദുരിതങ്ങളിലൂടെ കടന്നുപോയി അവസാനം ഡൽഹിയിൽ എത്തിപ്പറ്റുന്ന ആ കുടുംബത്തിലെ അവസാനകണ്ണിയായ രൂപി മുർമ്മുവിലൂടെ നമ്മെ ബുധിനിയുടെ കഥ കേൾക്കുവാൻ ക്ഷണിക്കുന്നു.


അവിടെനിന്നാണ് കഥാനായികയായ ബുധിനി കടന്നുവരുന്നത്. രൂപി മുർമ്മു അല്ലെങ്കിൽ രൂപിയുടെ രൂപത്തിൽ എത്തുന്ന നോവലിസ്റ്റ് ബുധിനിയെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ ഇന്ത്യയുടെ യഥാർത്ഥ ചിത്രം നമുക്ക് കാണാം. ഏതാണ് ശരി? ആരാണ് ശരി? ഏതാണ് തെറ്റ്? എന്ന് നമ്മളെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ. ഒരു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് അവരുടെ വിശ്വാസങ്ങളിലെ ശരിമാത്രം കണ്ട് ജീവിക്കുന്ന ഒരു ഗോത്രവിഭാഗം. നിരക്ഷരത അവരുടെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്നു. ജോലി ചെയ്യുന്ന കമ്പനി പറയുന്നതനുസരിച്ച് വിശേഷ വസ്‌ത്രങ്ങൾ അണിഞ്ഞെത്തി ഒരു 'ഗോർമന്' മാല ചാർത്തുമ്പോൾ അവൾക്ക് നെഹ്‌റു ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. തങ്ങളുടെ ഗോത്രക്കാരുടെ ജീവിതം താറുമാറാക്കിയ അണക്കെട്ടുകൾ പണിയുന്ന ഗോർമാനോട്‌ അവൾക്ക് വലിയ പ്രതിപദ്യവും ഇല്ലായിരുന്നു. എന്നാൽ അന്യ ഗോത്രക്കാരനായ ഒരു ദികുവിനെ മാലയിട്ട സന്താൾ യുവതിയെ അവർ ബിത് ലാഹ എന്ന ഊരുവിലക്ക് വിധിച്ച് പുറംതള്ളി. ബ്രാഹ്മണനായ നെഹ്രുവിന്റെ ഭാര്യ ഒരു ആദിവാസി യുവതിയെന്ന് ആരോ പറയുന്നതുകേട്ട ബ്രാഹ്മണർ അവളുടെ രക്തത്തിനായി മുറവിളികൂട്ടി. ശ്വാസം അടക്കിപ്പിടിച്ചിരുന്നേ ബുധിനിയുടെ പിൽക്കാല ജീവിതത്തെ നമുക്ക് വായിക്കാൻ സാധിക്കൂ. അതേ ഗോത്രസമൂഹത്തിൽ നിന്നുമാണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതിയായ ദ്രൗപദി മുർമ്മു വന്നിരിക്കുന്നതെന്നോർക്കുമ്പോൾ സന്താൾ പോലുള്ള സമൂഹങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലുണ്ടായിട്ടുള്ള പുരോഗതി ആശാവഹം തന്നെ. പക്ഷെ സന്താൾ പോലെ അത്ര പ്രബലരല്ലാത്ത ധാരാളം ഇന്ത്യൻ ഗോത്രങ്ങളിൽ ഇപ്പോഴും ബുധിനിമാർ ജനിച്ചുകൊണ്ടിരിക്കുന്നിടത്തോളം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും ഇന്ത്യ ഒരു വികസിതരാജ്യമായി മാറില്ല.

സാറാ ജോസഫ് ബുധിനിയോടൊപ്പം 

ആധുനിക ഇന്ത്യയിൽ റോഡ് വികസനത്തിനും മറ്റുമായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നല്ല പ്രതിഫലം സർക്കാരുകൾ നൽകുന്നുണ്ടെങ്കിലും ജനിച്ച് വളർന്ന മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടികേറുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൾ ആ പണത്തിന് സാധിക്കില്ല. രാജ്യത്തിന്റെ വികസനപാതയിൽ ഒട്ടേറെ ചോരയും കണ്ണീരും ഈ മണ്ണിൽ വീണിട്ടുണ്ട്. പക്ഷെ അതിനോടൊപ്പം വിശ്വാസത്തെയും കൂട്ടുപിടിക്കുന്നതോടെ ഈ കുടിയൊഴിപ്പിക്കൽ അത്യന്തം ദുരിതമാകുന്നു. ആ അർത്ഥത്തിൽ ബുധിനി ഒരു ഒറ്റപ്പെട്ട സംഭവമല്ല, അത് ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ സംഭവങ്ങളൊക്കെ ഒരു മാധ്യമവും സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നില്ല. പക്ഷെ നോവലിൻറെ തുടക്കത്തിൽ കുറിച്ചിരിക്കുന്നു ഒരു വാക്യമുണ്ട്.

"When journalism is silenced, Literature must speek. Because while journalism speaks with facts, literature speaks with truth"

അവിടെയാണ് സമൂഹത്തിൽ ഒരു സാഹിത്യകാരൻറെ പ്രസക്തി വ്യക്തമാകുന്നത്. എൻറെ അഭിപ്രായത്തിൽ ബുധിനി ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌. നമ്മുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് അറിയണമെങ്കിൽ ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ഉണ്ടാകണം, സാറാ ജോസഫിനെ പോലെ ശക്തരായ എഴുത്തുകാർക്ക് മാത്രമേ അതിന് കഴിയൂ. വായനയുടെ പലഘട്ടങ്ങളിലും നോവലിസ്റ്റ് പ്രയോഗിച്ചിരിക്കുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. ചുരുളിയിൽ അസഭ്യം കണ്ടവർക്ക് ബുധിനിയിൽ വയർ നിറച്ചും നോവലിസ്റ്റ് നൽകും. തീർച്ചയായും സാറാ ജോസഫിൻറെ മറ്റ് കൃതികളും ഞാൻ അധികം താമസിയാതെ തേടിയെത്തും. അവരോട് ഈ നോവലിൻറെ പിന്നിൽ അനുഭവിച്ച പ്രയത്നങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചറിയണമെന്ന് ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് ഞാൻ വായന അവസാനിപ്പിക്കുന്നത്.

No comments:

Post a Comment