Wednesday, June 7, 2023

വായനാനുഭവം - ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്


 ഏതൊരു പുസ്‌തകം വായിച്ചുതീർത്താലും അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിവെക്കുന്ന ശീലമുണ്ട്. ശ്രീമതി സാറാ ജോസഫ് എഴുതിയ ആലാഹയുടെ പെൺമക്കൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയകാര്യം, ഇതിനെക്കുറിച്ച് എഴുതാം പക്ഷെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ മുതിരണ്ട. കാരണം ആലാഹയുടെ പെൺമക്കൾ ഇപ്പോഴാണ് വായിക്കുന്നത് എന്ന് പറയുന്നതുതന്നെ കുറച്ചിലാണ്. ഞാൻ ആദ്യമായി വായിക്കുന്ന നോവൽ ഒരു ദേശത്തിൻറെ കഥ ആയിരുന്നു. വായിച്ച് എത്ര നാൾ കഴിഞ്ഞിട്ടും ആ കഥയും കഥാപാത്രങ്ങളും മനസ്സിൽ നിന്നും ഇറങ്ങിപ്പോയില്ല. അതുപോലൊരു പുസ്‌തകം തേടിയാണ് ഒരു തെരുവിൻറെ കഥയിലേക്കും പിന്നീട് മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളിലേക്കും എൻറെ വായന പടർന്നത്. അതിരാണിപ്പാടത്തെ ശ്രീധരനും കൂട്ടരും നൽകിയ സുഖം പിന്നീട് ലഭിക്കാതിരുന്നതിനാൽ ആ പുസ്തകം തന്നെ പിന്നീട് പലകുറി വായിച്ചിട്ടുണ്ട്. 

1999 ലാണ് സാറാ ജോസഫിൻറെ 'ആലാഹയുടെ പെൺമക്കൾ' ആദ്യമായി പുറത്തിറങ്ങുന്നത്. 2023 ഇൽ ബുധിനിയാണ് എഴുത്തുകാരിയുടേതായി ആദ്യമായി ഞാൻ വായിക്കുന്ന കൃതി. അതിലെ വാക്കുകളുടെ ശക്തിയും അവതരണത്തിലെ ഒറിജിനാലിറ്റിയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ശ്രീമതി സാറാ ജോസഫിൻറെ പുസ്‌തകം വായിക്കുവാൻ ഇത്രയും വൈകിയതിൽ മനസാ മാപ്പ് പറഞ്ഞുകൊണ്ടാണ് വായന അവസാനിപ്പിച്ചത്. മനസ്സിൽ നിറഞ്ഞു നിന്ന ബുധിനി യുടെ വായനാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ലഭിച്ച കമന്റുകളിൽ അധികവും "ഇതൊക്കെ എന്ത്? നിങ്ങൾ 'ആലാഹയുടെ പെൺമക്കൾ' വായിക്ക്" എന്ന രീതിയിലായിരുന്നു. അങ്ങനെയാണ് ഞാൻ ആ പുസ്തകത്തിലേക്ക് എത്തുന്നത്.

ഒരു ദേശത്തിൻറെ കഥയുമായി ഒരു വിദൂരസാമ്യം 'ആലാഹയുടെ പെൺമക്കൾ' എനിക്ക് തോന്നിച്ചു. മറ്റൊന്നുമല്ല, നമ്മളുടെ ചുറ്റുവട്ടത്ത് കാണുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ അവതരണം രണ്ടിലും കാണാം. ചതുപ്പ് തൂർത്തെടുത്ത അതിരാണിപ്പാടത്ത് കുടിയേറിയ ജീവിതങ്ങളെ അവിടെ ജനിച്ചുവളർന്ന ശ്രീധരന്റെ കണ്ണിലൂടെ കാണുകയാണ് ഒരു ദേശത്തിൻറെ കഥയിൽ. തൃശൂർ നഗരത്തിൻറെ മാലിന്യസംഭരണകേന്ദ്രമായ കോക്കാഞ്ചിറയും അവിടുള്ളോരുടെ ജീവിതവും ആനിയുടെ കണ്ണിലൂടെ കാണുന്നതാണ് 'ആലാഹയുടെ പെൺമക്കൾ'. 

ആനിയുടെയും അവളുടെ വീടിന്റെയും വീട്ടുകാരുടെയും കോക്കാഞ്ചറക്കാരുടെയും കഥയാണ് നോവലിൽ പറയുന്നത്. ആനിയെന്ന കുട്ടി തൻറെ നിഷ്‌കളങ്കമായ കണ്ണിലൂടെ ജീവിതത്തെ കാണുന്നത് തൃശൂർ ഭാഷയിൽ വിവരിച്ചിരിക്കുന്നത് വളരെ രസകരമായി അനുഭവപ്പെട്ടു. അല്ലെങ്കിലും നിഷ്കളങ്കമായി സംസാരിക്കാൻ തൃശൂർ ഭാഷ ബെസ്റ്റാണ്. വായിച്ചുകഴിഞ്ഞാലും വീണ്ടും കുറേനാൾ നമ്മുടെ മനസ്സിൽ മറിഞ്ച്ചേടത്തിയും കുട്ടിപ്പാപ്പനും ആനിയുടെ അമ്മയും ചിന്നമ്മയും ചിയമ്മയുമൊക്കെ നിറഞ്ഞുനിൽക്കും. ആനി ചോദിക്കുന്ന പല ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ കൊള്ളും. അവസാനം ഒരു നൊമ്പരമായി ആ കോക്കാഞ്ചറക്കാർ അവശേഷിക്കും. അതിരാണിപ്പാടത്തുകാരെപ്പോലെ കോക്കാഞ്ചറക്കാരെയും ഒരിക്കൽ നേരിൽ കാണണമെന്നു മനസ്സിൽ ഓർക്കും.  

No comments:

Post a Comment