Saturday, July 8, 2023

വായനാനുഭവം - ആൽഫ - ടി ഡി രാമകൃഷ്‌ണൻ


    ഒരു ഹോളിവുഡ് സിനിമയുടേത് പോലെ വ്യത്യസ്‌തമായ പ്രമേയം, വായനക്കാരനെ പിടിച്ചിരുത്തുന്ന തുടക്കം, എന്തുകൊണ്ട് ഇങ്ങനെ ഞാൻ ചിന്തിച്ചില്ല? അല്ലെങ്കിൽ ഇങ്ങനെ എപ്പോഴോ ഞാൻ ചിന്തിച്ചിട്ടുള്ളതാണല്ലോ? എന്ന് തോന്നിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ, അവസാനം ഇതിലും നന്നായി അവസാനിപ്പിക്കാമായിരുന്നല്ലോ എന്ന് തോന്നിപ്പിച്ചുകൊണ്ട് പൂർണ്ണ സംതൃപ്‌തി നൽകാതെയുള്ള അവസാനിപ്പിക്കൽ. ശ്രീ ടി.ഡി രാമകൃഷ്ണൻറെ നോവലുകളെ കുറിച്ച് പൊതുവെ (പച്ച മഞ്ഞ ചുവപ്പ് നെ ഒഴിവാക്കുന്നു) പറയാവുന്ന അഭിപ്രായം ആണെങ്കിലും ഇപ്പോൾ പറഞ്ഞുവന്നത് അദ്ദേഹത്തിന്റേതായി ഞാൻ അവസാനം വായിച്ച നോവൽ ആൽഫ യെ കുറിച്ചാണ്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ രചിച്ച ശ്രീ ടി ഡി രാമകൃഷ്ണൻറെ ആദ്യ നോവലാണ് 2003 ഇൽ ഡി സി ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച "ആൽഫ". 2021 ഇൽ പ്രസിദ്ധീകരിച്ച അതിൻറെ ഏഴാം പതിപ്പ് ഞാൻ വായിക്കുമ്പോൾ പുസ്തകത്തിൻറെ പുറംചട്ടയിൽ ഗ്രന്ഥകാരൻറെ പേരിന് മുന്നിലായി ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൻറെ രചയിതാവ് എന്നൊരു പരിചയപ്പെടുത്തൽ കണ്ടപ്പോൾ കൗതുകം തോന്നി. കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോരയേക്കാൾ ഒരുപക്ഷെ ലോകപ്രശസ്തിയിലേക്ക് തന്നെ ഉയരേണ്ടിയിരുന്ന പുസ്‌തകം തന്നെയാണ് ആൽഫ. ആ ഒരു കൃതിയിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന ടി ഡി രാമകൃഷ്ണൻറെ എൻട്രി ആണ് ശരിക്കും മാസ് എൻട്രി. അദ്ദേഹത്തിൽ നിന്നും ലോകം കീഴടക്കുന്ന കൃതികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ആൽഫ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.

കൃതിയിലേക്ക് വരാം. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത ഈ പുരോഗതി വെറും 25 വര്ഷം കൊണ്ട് നേടിയെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ വിചിത്രമായ ഒരു പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്ന നരവംശ ഗവേഷകൻ പ്രൊഫസർ ഉപലേന്ദു ചാറ്റർജിയുടെയും അദ്ദേഹത്തോടൊപ്പം അതിനായി ഇറങ്ങിത്തിരിക്കുന്ന 12 ചെറുപ്പക്കാരുടെയും അനുഭവങ്ങളാണ് കഥാപശ്ചാത്തലം. 1973 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത് ആരാലും തിരിച്ചറിയപ്പെടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒറ്റപെട്ടുകിടക്കുന്ന ഒരു ദ്വീപ് ആണ്. ആ ദ്വീപിന് നൽകുന്ന പേരാണ് ആൽഫ. പുറംലോകവുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, വസ്ത്രങ്ങളും കണ്ണടകളുമുൾപ്പെടെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ നേടിയെടുത്തതെല്ലാം ഉപേക്ഷിച്ച് അവർ ആ ദ്വീപിലേക്ക് കടക്കുന്നു. മനുഷ്യർ സൃഷ്ടിച്ച ഭാഷയും നിയമങ്ങളും എല്ലാം അവർ ഉപേക്ഷിക്കുന്നു. പിന്നീട് അവർക്ക് എന്ത് സംഭവിക്കുന്നു? ഇതാണ് നോവൽ. 

പോസിറ്റിവ് വശങ്ങൾ നോക്കിയാൽ മുകളിലെ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്നത് വായിക്കുമ്പോൾ ആർക്കും തോന്നുന്ന കൗതുകം തന്നെയാണ് മുഖ്യം. ഓരോ ആളുകളുടെയും അനുഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥ പലപ്പോഴും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പല പൊയ്‌മുഖങ്ങളെയും നാട്യങ്ങളെയും നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. സർവ്വോപരി ഓരോ പേജ് വായിക്കുമ്പോഴും വായനക്കാരന് സ്വന്തമായി ആ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള ധാരാളം അവസരങ്ങൾ നോവലിലുണ്ട്. 

നെഗറ്റിവ് വശമായി ചൂണ്ടിക്കാണിക്കാനുള്ളത് മേൽപ്പറഞ്ഞ ആ സ്വാതന്ത്ര്യം ആസ്വദിച്ച് വരുമ്പോഴേക്കും നോവലിസ്റ്റ് നീ അത്രയും അങ്ങട് ആസ്വദിക്കണ്ട എന്ന് പറയുംപോലെ പെട്ടെന്ന് അങ്ങ് തീർത്തുകളയുന്നു എന്നതാണ്. ശരിക്കും നൂറിൽ താഴെ മാത്രം പേജുകളേ നോവലിനുള്ളൂ. ആദ്യ അൻപത് പേജ് അത്യാവശ്യം നല്ല രീതിയിൽ പോയിട്ടുണ്ടെന്ന് പറയാം. അവസാന 50 പേജുകൾ പെട്ടെന്ന് അവസാനിക്കും. നല്ലൊരു എൻഡിങ് കഥയ്ക്ക് ലഭിക്കാത്തത് പോലെ. പക്ഷെ ഒരു തുടക്കകാരൻറെ കൃതിയാണ് ആൽഫയെന്ന് ഒരിക്കലും വിശ്വസിക്കാൻ തോന്നില്ല. വ്യത്യസ്തമായ വിഷയങ്ങൾ ആഗ്രഹിക്കുന്നവർക്കും നരവംശ വിഷയത്തിൽ താത്‌പര്യമുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന കൃതിയാണ് ആൽഫ.

No comments:

Post a Comment