Friday, September 29, 2023

പുസ്‌തകപരിചയം - പാപ്പിയോൺ - ഹെന്ററി ഷാരിയർ



ലോകത്തെമ്പാടുമായി വളരെയധികം ശ്രദ്ധ നേടിയ ഒരു ആത്മകഥയാണ് ഹെന്ററി ഷാരിയർ എഴുതിയ പാപ്പിയോൺ. പാരീസ് അധോലോകത്ത് പാപ്പിയോൺ അഥവാ ചിത്രശലഭം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹെന്ററി ഷാരിയർ ഇരുപത്തിയഞ്ചാം വയസിൽ ചെയ്യാത്ത കുറ്റത്തിനായി ഫ്രഞ്ച് ഗയാനയിലെ ജയിലിൽ അടക്കപ്പെടുകയും തുടർന്ന് അവിടെ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഫ്രഞ്ച് ഭാഷയിൽ 1969 ലാണ് ഈ കൃതി ആദ്യമായി രചിക്കപ്പെടുന്നത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. കുറ്റവാളികളുടെ വേദപുസ്തകം എന്ന പേരിലാണ് ഈ ആത്മകഥ അറിയപ്പെടുന്നത്. ഒരു അധോലോകനായകനായ ഷാരിയർ ഒരിക്കലും ഒരു എഴുത്തുകാരൻ ആയിരുന്നില്ല. ഈ പുസ്തകത്തിൻറെ പിറവിയെക്കുറിച്ച് വിവരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഒരിക്കൽ വെനിസ്വേലയിൽ വെച്ച് ഒരു പുസ്തകക്കട സന്ദർശിക്കാൻ ഇടയായ ഷാരിയർ അവിടെയുള്ള ബെസ്റ്റ് സെല്ലറുകളായ ആത്മകഥകൾ ശ്രദ്ധിക്കാനിടയാകുന്നു. കൗതുകത്തോടെ ആ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞപ്പോഴാണ് താൻ അനുഭവിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുസ്തകങ്ങളൊക്കെ വെറും കുട്ടിക്കഥകൾ പോലെ ആണല്ലോ എന്ന കാര്യം മനസിലാകുന്നതും അതുപോലൊരു ആത്മകഥ എഴുതിയാലോ എന്ന് വിചാരിക്കുന്നതും. എന്നാൽ അങ്ങനെ തുനിഞ്ഞിരുന്ന് എഴുതാനും എഴുത്തുകാരനായി അറിയപ്പെടാനും അദ്ദേഹത്തിന് താത്‌പര്യം ഇല്ലായിരുന്നു. തൻറെ ജയിൽ അനുഭവങ്ങളെക്കുറിച്ച് പേപ്പറുകളിൽ കുത്തിക്കുറിച്ചതാണ് പിൽക്കാലത്ത് ലോകപ്രശസ്‌ത ആത്മകഥയായി മാറിയ പാപ്പിയോൺ. നോവലിസ്റ്റ് ആയ പാട്രിക് ഒബ്രയാൻ ആണ് ആ പുസ്തകത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഷാരിയർ നാടൻ ഭാഷയിൽ കുറിച്ചിരിക്കുന്ന പല പ്രയോഗങ്ങൾക്കും യോജിച്ച വാക്കുകൾ തനിക്ക് ഇംഗ്ലീഷ് ഭാഷയിൽ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പരിഭവപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ പാപ്പിയോൺ ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമനോഹരമായി വിവർത്തനകർമ്മം നിർവഹിച്ചിരിക്കുന്നത് ഡോ എസ് വേലായുധൻ ആണ്. 470 ഓളം പേജുകളുള്ള ബൃഹത്തായ ആത്മകഥയാണ് പാപ്പിയോൺ.

പാരീസിൽ ഒരധ്യാപകന്റെ മകൻനായി ജനിച്ച് പിന്നീട് അധോലോകത്ത് എത്തിപറ്റിയ ഹെന്ററി ഷാരിയർ, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ ജയിലിലേക്കുള്ള യാത്രയിൽത്തന്നെ മനസ്സിൽ കുറിക്കുന്ന കാര്യമാണ് എത്രയും പെട്ടെന്ന് ജയിൽ ചാടണം, തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യണം എന്നത്. നമ്മുടെ കാലാപാനി പോലൊരു ജയിൽ സംവിധാനം ആയിരുന്നു ഫ്രഞ്ച് ഗയാനയിലും തയ്യാറാക്കിയിരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും രക്ഷപ്പെടുന്ന കാര്യം അസാധ്യം എന്ന് തന്നെ കേട്ടവരെല്ലാം വിചാരിച്ചു. പക്ഷെ പാപ്പിയുടെ നിശ്ചയദാർഢ്യം, അതൊന്ന് വേറെത്തന്നെ ആയിരുന്നു. 1931 മുതൽ 1945 വരെയുള്ള 14 വർഷക്കാലത്തെ ജയിൽ ജീവിതത്തിനിടയിൽ എട്ടോളം ജയിൽ ചാട്ടങ്ങൾ അദ്ദേഹം നടത്തുന്നു. ഓരോ തവണയും പിടിക്കപ്പെടുമ്പോഴും അടുത്ത തവണ എങ്ങനെ വിജയകരമായി പുറത്തെത്താം എന്ന ചിന്തയോടെയായിരുന്നു പാപ്പി ജയിലിലേക്ക് വീണ്ടും കടക്കുന്നത്. ആ ശ്രമങ്ങൾക്കിടയിലും ജയിലിലെ ജീവിതത്തിനിടയിലും ഒട്ടേറെ ജീവിതങ്ങളെ പാപ്പിയോൺ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദയയോടെയും കരുണയുടെയും സഹായ ഹസ്തങ്ങൾ നീട്ടിയ അപരിചിതരായ രാജ്യക്കാർ, സ്വന്തമായി സ്വീകരിച്ച് അവരിലൊരാളായി എല്ലാ സ്വാതന്ത്ര്യത്തോടെയും രണ്ടു ഭാര്യമാരുമായി ജീവിക്കാൻ അനുവദിച്ച റെഡ് ഇന്ത്യക്കാരായ ഗോത്രവർഗക്കാർ, ക്രൂരമായി പെരുമാറുന്ന അധികാരികൾ, ചതിച്ച് വീണ്ടും ജയിലാകുവാൻ കാരണമാകുന്നവർ, തുടങ്ങി പാപ്പിയോൺ കാണുന്നവരെയെല്ലാം നമ്മളും കാണും, സഞ്ചരിക്കുന്നയിടത്തെല്ലാം നമ്മളും യാത്ര ചെയ്യും, മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ പരിചയപ്പെടും. അവസാനം അനുയോജ്യമായ അവസരത്തിനായി വർഷങ്ങളോളം കാത്തിരുന്ന് പാപ്പിയോൺ രക്ഷപ്പെടുകതന്നെ ചെയ്യും. അതും അതി സാഹസികമായി. പിന്നീട് വെനിസ്വേലയിൽ എത്തിച്ചേരുന്നതും ആ രാജ്യത്ത് അഭയം പ്രാപിക്കുന്നതും വരെയുള്ള കാര്യങ്ങളാണ് ആത്മകഥയിൽ പറയുന്നത്. 

ഒരു പരിചയവുമില്ലാത്ത ഒരാളുടെ ആത്മകഥ. അതും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടം. പ്രതിപാദിക്കുന്ന പല കാര്യങ്ങളും ഊഹിച്ച് മനസിലാക്കേണ്ട അവസ്ഥ (പലതും അങ്ങനെ അല്ലായിരുന്നെന്ന് മനസിലായത് 2017 ൽ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി മൈക്കൾ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ എന്ന സിനിമ കണ്ടപ്പോളാണ് മനസിലായത്. ഈ പുസ്‌തകം വായിച്ചുകഴിഞ്ഞുള്ള അന്വേഷണമാണ് എന്നെ ആ സിനിമയിലേക്ക് എത്തിച്ചത്), എല്ലാറ്റിലുമുപരിയായി 450 ലേറെ പേജുകളുള്ള പുസ്തകത്തിൻറെ വലിപ്പം, എന്നിങ്ങനെ പിന്നോക്കം വലിച്ചേക്കാവുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും വായന അവസാനിപ്പിക്കുമ്പോൾ നമുക്ക് ഇനി എന്തൊക്കെ അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, റെഡ് ഇന്ത്യൻ ഗോത്രക്കാരായ ഭാര്യമാരുടെ അടുത്തേക്ക് അദ്ദേഹം പോകുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ മാത്രമേ അവശേഷിക്കൂ. അപ്പോഴാണ് നമ്മൾ മനസിലാക്കുന്നത് നമ്മളും പാപ്പിയോടൊപ്പം ഇതുവരെ ആ ജയിലിൽ ആയിരുന്നെന്ന്.   

മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഇതിഹാസമായാണ്  പാപ്പിയോൺ കണക്കാക്കപ്പെടുന്നത്. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ.

No comments:

Post a Comment