Thursday, October 26, 2023

വായനാനുഭവം - കീഴാളൻ - പെരുമാൾ മുരുഗൻ (Book Review - Keezhalan by Perumal Murugan)


ശ്രീ.പെരുമാൾ മുരുഗൻറെ അർദ്ധനാരീശ്വരൻ എന്ന മാസ്റ്റർപീസ് വായിച്ച് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ മറ്റൊരു നോവലായ കീഴാളൻ വായിച്ചുതുടങ്ങിയത്. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ജാതി സമ്പ്രദായങ്ങളും കൊടികുത്തിവാഴുന്ന എന്നാൽ ഗ്രാമീണ സൗന്ദര്യവും നിഷ്‌കളങ്കതയും നിറഞ്ഞുനിൽക്കുന്ന തമിഴ് ഗ്രാമം തന്നെയാണ് കീഴാളൻറെയും പശ്ചാത്തലം. അർദ്ധനാരീശ്വരനിളേക്കാളും കീഴാളനിൽ ഗ്രാമീണതയ്ക്ക് കൂടുതൽ പ്രാധാന്യം ഉള്ളതായിത്തോന്നി. വായനയിലേക്ക് കടക്കാം.


പേര് സൂചിപ്പിക്കുന്നതുപോലെ തമിഴ് ജാതി സമ്പ്രദായത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ ജനിച്ചുവീണ് അവർക്കായി ചോരയും നീരും ബലികൊടുത്ത് ജീവിതം അവസാനിപ്പിക്കുന്ന ചക്കിലിയന്മാർ എന്ന വിഭാഗക്കാരുടെ കഥയാണ് കീഴാളൻ. നടന്നുതുടങ്ങുന്ന കാലം മുതൽ യജമാനൻറെ ആടുകളെ പരിപാലിച്ചും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അവരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുത്തും യജമാനറെയും കുടുംബത്തിൻറെയും ആട്ടും തുപ്പും ഏറ്റുവാങ്ങിയും മൃഗതുല്യമായ ജീവിതം നയിക്കുന്നവർ. പരമ്പരാഗതമായി ഒരേ തൊഴിൽ ചെയ്യുന്നവരാകയാൽ അതിൽ അവർക്കൊരു ബുദ്ധിമുട്ടും അവർ പ്രകടിപ്പിക്കുന്നില്ല. മറിച്ച് കൊള്ളാവുന്നൊരു യജമാനനെ ലഭിക്കുന്നത് അനുഗ്രഹമായാണ് കണക്കാക്കുന്നതും. അക്കൂട്ടത്തിൽ ഒരാളായ കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാത്ത കുട്ടികൾ ആണവർ. ആടുമേയ്ക്കാൻ വരുന്ന മേച്ചിൽപ്പുറങ്ങളിൽ ആട്ടിൻകുട്ടികളെപ്പോലെ അവരും ഓടിനടന്നു കളിക്കുന്നു. രാത്രി തൊഴുത്തിൽ ആടുകളോടൊപ്പം ഉറങ്ങുന്നു. രാപ്പകലില്ലാതെ ആടുകളെ മേയ്ക്കുന്നതിന് അവരുടെ കൂലി അവരുടെ അച്ഛന്മാർ യജമാനന്മാരുടെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. കണക്കുകളെക്കുറിച്ച് അവർക്ക് അറിയില്ല. എങ്കിലും തങ്ങളുടെ അശ്രദ്ധ കാരണം ആടുകൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവർ ബോധവാന്മാരാണ്. ഗൗണ്ടറുടെ ഭാര്യ കൊടുത്തുവിടുന്ന ഭക്ഷണം പ്രസാദം പോലെ വിശുദ്ധമായി അവർ കരുതുന്നു. തങ്ങൾക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന വിഭാഗത്തോട് യാതൊരു വിധ ദയയും ഗൗണ്ടർമാർ കാണിക്കുന്നില്ല. കാണിക്കണം എന്നുണ്ടെങ്കിൽപ്പോലും ജാതിസമ്പ്രദായം അവരെ അതിന് അനുവദിക്കുന്നില്ല. 


അതിഭാവുകത്വങ്ങളില്ലാതെ പച്ചയായ ദളിത് ജീവിതം പെരുമാൾ മുരുഗൻ കീഴാളനിൽ വരച്ചിടുന്നുണ്ട്. അവരുടെ വേദനകളും നിസ്സഹായതയ്ക്കുമൊപ്പം അവരുടെ സുന്ദരദേശത്തെയും നമുക്ക് ഇതിൽ ദർശിക്കാനാവും. 'കൂലമാതാരി' എന്നപേരിൽ 2017 ലാണ് ആദ്യമായി ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. കീഴാളൻ എന്ന പേരിൽ മലയാളം വിവർത്തനം നടത്തിയിരിക്കുന്നത് കബനി സി ആണ്. 


അർദ്ധനാരീശ്വരൻ വായിച്ചതിന് ശേഷം വായിച്ചതിനാലാവാം ആദ്യകൃതിയുടെയത്ര വായനാസുഖം കീഴാളനിൽ നിന്നും ലഭിച്ചില്ല. വിവർത്തനവും അതിനൊരു കാരണമായെന്ന് പറയാം. അർദ്ധനാരീശ്വരൻ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള നല്ലൊരു ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ കീഴാളൻ, ചക്കിലിയന്മാരുടെ ജീവിതം വർണ്ണിക്കുന്ന ഒരു ഡോക്യുമെന്ററി പോലെ തോന്നി. കൂലയ്യന്റെയും കൂട്ടുകാരുടേയും ജീവിതം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവർ ശരിക്കും ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവസാനം ചില നാടകീയതകൾ ഉള്ളത് കുറച്ചുകാണുന്നില്ല. എന്തായാലും വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയാണ് കീഴാളൻ.  

No comments:

Post a Comment