വായനാനുഭവം - ബോഡി ലാബ് - രജത് ആർ
ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ രജത് ആർ എഴുതിയ ബോഡി ലാബ് എന്ന നോവലിന്റെ വായനാ വിശേഷങ്ങളാണ് ഇക്കുറി. ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ രജത് സാർ വളരെ തന്മയത്വത്തോടെയാണ് ഫോറൻസിക് സംബന്ധമായ വിഷയങ്ങളിലൂടെ ത്രില്ലർ വിഭാഗത്തിലുള്ള ഈ നോവൽ എഴുതിയിരിക്കുന്നത്. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന അതിന്റെ പുറംചട്ടയെക്കുറിച്ച് പ്രതിപാദിക്കാതെ വയ്യ. ഉള്ളിലുള്ള വിഷയത്തിന് അനുയോജ്യമായ രീതിയിലാണ് കവർ ഡിസൈൻ.
ഒരു ടിപ്പിക്കൽ ക്രൈം ത്രില്ലറിൽ നിന്നും വ്യത്യസ്തമായ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റ് നെ സഹായിച്ചിരിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിലുള്ള പരിജ്ഞാനമാണ്. മെഡിക്കൽ ടെർമിനോളജികൾ ധാരാളം കടന്നുവരുന്നുണ്ടെങ്കിലും ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നതുപോലെ ലളിതമായി ആ പദങ്ങൾ വായനക്കാരന് മനസ്സിലാക്കിത്തരുവാൻ രജത് സാറിന് സാധിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളോട് പടപൊരുതി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു ശിഷ്യയെ മോഡലാക്കി അത്തരം പരിമിതികളാൽ വീർപ്പുമുട്ടുന്ന ഒരു നായികയെയാണ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വ്യത്യസ്തതമായ പ്രമേയവും പശ്ചാത്തലവും കൂടിയാകുമ്പോൾ നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമായി ബോഡി ലാബ് മാറും.
2022 ജൂലൈയിൽ ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ അതേ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പായിരുന്നു ഞാൻ വായിച്ചത്. 230 പേജുകളുള്ള പുസ്തകത്തിന്റെ വില 280 രൂപ.

No comments:
Post a Comment