Monday, March 28, 2016

കൊലപാതകി


മുറിയിൽ അത്യാവശ്യം തണുപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും നല്ലപോലെ വിയർത്തു കുളിച്ചാണ് ഞാൻ എഴുന്നേറ്റത്. 

ഹൊ, എന്തൊരു വൃത്തികെട്ട സ്വപ്നം ആയിരുന്നത്? എനിക്ക് ഓർക്കാൻ പോലും പേടി തോന്നി. 

വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നു കേട്ടിട്ടുണ്ടല്ലോ? അപ്പോൾ ഞാൻ കണ്ട സ്വപ്നവും ഫലിക്കുമോ? പേടിയോടെ ഞാൻ മൊബൈൽ എടുത്തു നോക്കി. അഞ്ചു മണി ആകാൻ ഇനിയും സമയം ഉണ്ട്. വെളുപ്പാൻകാലം തന്നെ. 

പുല്ല്. പോകാൻ പറ. ഓരോരോ അന്ധ വിശ്വാസങ്ങൾ. സ്വപ്നത്തിൽ ആരോ വന്നു ഞാൻ ആരെയോ കൊല്ലും എന്ന് പറഞ്ഞെന്നുവെച്ച് ഞാൻ എന്തിനാ പേടിക്കുന്നെ? 

പണ്ട് ബക്കറ്റിലെ വെള്ളത്തിൽ വീണ ഒരു എലിയെ കൊല്ലാൻ ഞാൻ പെട്ട പാട് ഓർക്കുമ്പോൾ ഞാനിപ്പോൾ ഒരു കൊലപാതകി ആകാൻ ഉള്ള യാതൊരു സാധ്യതയും കാണുന്നില്ല. 


അന്ന് രാവിലെ കുളിക്കാനായി കുളിമുറിയിൽ ചെന്നപ്പോളാണ് ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് നീരാടുന്ന ചുണ്ടെലി ചേട്ടനെ കാണുന്നത്. തട്ടിക്കളയാൻ മാത്രം പ്രകോപനപരമായ ഒരു തെറ്റും ടി യാൻ എന്നോട് ചെയ്തിട്ടില്ലെങ്കിലും, എന്നെപ്പോലെ ഒരു വീരശൂര പരാക്രമി, അതും ഇന്നലത്തെ ഹാങ്ങ്‌ ഓവർ മാറ്റാനായി ഒരു കുളി കുളിക്കാനായി ദാഹിച്ചു വരുമ്പോൾ, ആകെയുള്ള ഒരേ ഒരു ബക്കറ്റിൽ ബട്ടർഫ്ലൈ സ്ട്രോക്കും ബാക്ക് സ്ട്രോക്കും പരീക്ഷിച്ചു കളിക്കുന്ന എലിയെ കണ്ടപ്പോൾ എൻറെ രക്തം തിളച്ചു. തട്ടിക്കളയുക തന്നെ. 

ശിക്ഷ തീരുമാനിച്ചു. ഇനി എങ്ങനെ നടപ്പാക്കാം എന്നായി ചിന്ത. 

വെള്ളത്തിൽ അല്ലേ കിടക്കുന്നത്. മുക്കി കൊല്ലാം. കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു മുക്കിയാലോ? 

വേണ്ട. റിസ്ക്‌ ആണ്, ആ എലിയുടെ മോൻ ചിലപ്പോൾ കടി തരാൻ ചാൻസ് ഉണ്ട്. ദേഹത്തു തൊട്ടുള്ള ഒരു ഇടപാടിനും ഞാനില്ല. പേടി ഉണ്ടായിട്ടല്ല, ഒരു വൃത്തിയില്ലാത്ത ജീവി. നമ്മളെപ്പോലെ മാന്യന്മാർക്ക് തൊടാനുള്ള ഒരു യോഗ്യത ഇല്ലെന്നേ.

പിന്നെ എന്തുകൊണ്ട് മുക്കി പിടിക്കും? ഒരു ആവശ്യത്തിന് നോക്കിയാൽ ഒന്നും കാണില്ല. 

ഐഡിയ! പല്ലുതേക്കുന്ന ബ്രഷ് അതാ കുളിമുറിയുടെ മൂലയിൽ സ്ഥാപിച്ച കപ്പിൽ നിന്നും തല പൊക്കി നോക്കുന്നു. കൂടുതൽ ഒന്നും ആലോചിച്ചില്ല. ബ്രഷിന്റെ പുറകുവശം കൊണ്ട് കുത്തി താഴ്ത്താം. 

എത്ര കുത്തിയിട്ടും ഒന്നും അങ്ങ് കൊള്ളുന്നില്ല. ഇന്നലത്തെ കെട്ട് ഇതുവരെ ഇറങ്ങിയില്ലേ? എന്റെ കുത്തിന്റെയാണോ അതോ എലിയുടെ വലുപ്പക്കുറവിന്റെ ആണോ പ്രശ്നം? 

പല്ല് ഇനി തേച്ചില്ലെങ്കിലും സാരമില്ല. ഇവനെ തട്ടിയിട്ടു തന്നെ കാര്യം. പല്ല് തേക്കുന്ന വശം കൊണ്ടു തന്നെയായി ശ്രമം. സക്സസ്!!. 

വെള്ളത്തിൽ മുക്കിപ്പിടിച്ച് നൂറുവരെ എണ്ണി. കൈ എടുത്തതും അവൻ പൂർവാധികം ശക്തിയോടെ നീന്തുന്നു. 

ഓഹോ! അപ്പോൾ വെള്ളത്തിൽ കുറെ നേരം മുങ്ങി കിടന്നിട്ട് നീന്തിയാൽ സ്പീഡ് കൂടുമല്ലേ? ഇവന് ഇതൊക്കെ അറിയാമല്ലോ? ഇനി എന്ത് ചെയ്യും? 

ബക്കറ്റിൽ ഷോക്കിട്ടാലോ??? 

പണ്ട് കുളത്തിലെ മീൻ പിടിക്കാൻ ചേട്ടന്മാർ കുളത്തിൽ ഷോക്കിടുന്ന കണ്ടിട്ടുണ്ട്. പക്ഷേ ഷോക്കിടാനുള്ള വയർ വേണമെങ്കിൽ ഞാൻ കെട്ടിടം പൊളിക്കണം. മുറിയിൽ ആകെ വയറായി എന്റെ കുടവയർ മാത്രമേ ഉള്ളൂ.  ഇനി എന്താ വഴി? 

ഇന്നലെ അടിച്ച നെപ്പോളിയൻ റമ്മിന്റെ ഗുണം ആണെന്ന് തോന്നുന്നു, ഐഡിയാകൾ ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ കടന്നു വന്നുകൊണ്ടേയിരുന്നു. 

വെള്ളത്തിൽ മുക്കുമ്പോൾ അവൻ വെള്ളം കുടിക്കുന്നുണ്ട്‌. അപ്പോൾ വെള്ളത്തിൽ വിഷം കലക്കാം. അതോടെ തീരും അവന്റെ പണി. 

പുല്ല്. ഇനി വിഷത്തിന് ഞാൻ എവിടെ പോകും? 

ഒരു ബാച്ചിലറിന്റെ മുറിക്ക് അതിന്റെതായ പരിമിതികൾ ഉണ്ടെന്ന് എലി എന്നെ നോക്കി പറയുന്ന പോലെ തോന്നി. 

കള്ള ബറുവ!! ഒരു ബാച്ചിലറുടെ മുറിയെ പറ്റി കേവലം എലിയായ നിനക്ക് എന്തറിയാം? 

വേറെ ഒന്നുമില്ലെങ്കിലും തലേന്ന് അടിച്ച കുപ്പിയുടെ ബാക്കി ഇല്ലാത്ത എന്ത് ബാച്ചി മുറി? മദ്യം വിഷം ആണെന്നാണല്ലോ വിവരമുള്ള ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ കാണിച്ചു തരാം പണി. 

പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു. ഓടിപ്പോയി കട്ടിലിന്റെ അടിയിൽ നിന്നും നെപ്പോളിയനെ പൊക്കി. കഴുത്ത് പൊട്ടിച്ച് മിച്ചം ഉണ്ടായിരുന്ന രണ്ടു പെഗ്ഗ് നേരെ ബക്കറ്റിലെ വെള്ളത്തിലേക്ക്. നമ്മളോടാ കളി. നൂറു വരെ എണ്ണിയില്ല. എലി ഫ്ലാറ്റ്. "ചത്ത" എലിയെ വാലിൽ തൂക്കി പുറത്തേക്ക് എറിഞ്ഞ ശേഷം എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്നും പറഞ്ഞു നോക്കി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് എലി കിടന്ന കിടപ്പിൽ ഒരു വാള്. വാളു വെച്ച ശേഷം എന്നെ നോക്കി "ഹോ ഇതൊക്കെ എങ്ങനെ ഇറക്കുന്നു പഹയാ" എന്നമട്ടിൽ ഒരു നോട്ടം നോക്കി തെന്നി തെറിച്ചു നടന്നു തുടങ്ങി. ഇതികർത്തവ്യഥാമൂഡനായി നിന്ന എന്നെ കൂടുതൽ പാതകങ്ങൾ ചെയ്യിക്കാതെ എവിടെനിന്നോ പറന്നുവന്ന ഒരു കാക്ക ആ കുടിയനെയും പൊക്കി പറന്നു പോയി.

ഇത്ര മനോഹരമായ ഒരു കൊലപാതക റെക്കോർഡ് ഉള്ള ഞാനാണ് ഇപ്പോൾ സ്വപ്നത്തിൽ ഒരാൾ വന്ന് ഞാൻ ആരെയോ കൊല്ലാൻ പോണു എന്ന് പറഞ്ഞത് കേട്ട് വിയർക്കുന്നത്. എന്തായാലും ഇന്നത്തെ ഉറക്കം ഗോവിന്ദ. സമയം കളയാതെ നേരെ ജിമ്മിലേക്ക് വിടാം. 

മുറ്റത്തൊക്കെ നല്ല ഇരുട്ട്. വിജനമായ റോഡിലൂടെ വണ്ടി പറപ്പിക്കുമ്പോൾ അറിയാതെ ആ പേടി വീണ്ടും മനസ്സിലേക്ക് കടന്നു വന്നു. ഞാൻ കാരണം ഒരാൾ മരിക്കണമെങ്കിൽ അത് തീർച്ചയായും വണ്ടി തട്ടി ആകാനേ സാധ്യത ഉള്ളൂ. സ്പീഡോ മീറ്ററിൽ സൂചി താഴേക്ക് കുതിച്ചു തുടങ്ങി. 

ഹെൽത്ത് സെന്ററിന്റെ മതിൽ കഴിഞ്ഞപ്പോൾ ആണ് അത് സംഭവിച്ചത്. ബ്രൈറ്റ് ഇട്ടിരുന്ന ലൈറ്റിൽ ഞാൻ വ്യക്തമായി കണ്ടു, എന്റെ കാറിന്റെ വെട്ടം കണ്ട് പുല്ലിൽ നിന്നും റോഡിലേക്ക് ചാടി വരുന്ന ഒരു ഭീമൻ തവള. വെട്ടിച്ചു മാറ്റാനോ ബ്രേക്ക് ചെയ്യാനോ പറ്റും മുൻപേ ഇടത്തേ ടയർ എന്തിലോ കയറിയിറങ്ങി, അതോടൊപ്പം ഫ്രൂട്ടിയുടെ കടലാസ് കൂടിൽ ബസ് കയറുന്ന പോലത്തെ "പ്ടോ" എന്ന ഒരു ശബ്ദവും. 

അതേ!! ഞാൻ രാവിലെ തന്നെ ഒരു ജീവനെടുത്തിരിക്കുന്നു. 

എന്നെ ഒരു വലിയ പാതകത്തിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത ശ്രേഷ്ട മണ്ഡൂകമേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഞാൻ. 

2 comments: