Saturday, April 25, 2020

ലോക്ക് ഡൗൺ ലോക്കുകൾ

നാട്ടിലെ മാതൃകാ പുരുഷോത്തമനാണ് ഞാൻ സുനിലണ്ണൻ എന്ന് വിളിക്കുന്ന നാട്ടിലെ ഏക കൃഷി ഓഫീസറായ ശ്രീ സുനിൽ കുമാർ. അണ്ണനെ പറ്റി നാട്ടിലെ പാണന്മാർ പാടി നടക്കുന്ന പാട്ടുകൾ കേൾക്കാത്തവരായി ഒരു കുട്ടി പോലും നാട്ടിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഗ്രൗണ്ടിലും റോഡിലുമുള്ള അലുക്കുലുത്ത് കൂട്ടുകെട്ടിൽ ഒന്നിലും പോകാത്ത സൽ സ്വാഭാവി,  കോളേജ് കഴിഞ്ഞയുടനെ പി എസ് സി പരീക്ഷ എഴുതി ഫയർ ഫോഴ്സിൽ ജോലിക്ക് കയറിയവൻ (അന്ന് ഗ്രൗണ്ടിലെ കുശുമ്പന്മാർ എല്ലാം പറഞ്ഞത് ടെസ്റ്റ്‌ എഴുതി എടുക്കാൻ ആർക്ക് വേണമെങ്കിലും പറ്റും പക്ഷെ ഫിസിക്കൽ ടെസ്റ്റ് പാസാക്കാൻ ഇത് വരെ ഓടിപ്പിടുത്തം പോലും കളിച്ചിട്ടില്ലാത്ത സുനിലിനെ കൊണ്ട് സാധിക്കില്ല എന്നായിരുന്നു. എന്നാൽ ആദ്യ അഞ്ച് ഐറ്റംസ് തന്നെ പാസായിക്കൊണ്ട് സുനിലണ്ണൻ അവരുടെ വാ അടപ്പിച്ചു), കുട്ടികൾ കടപ്പുറത്തു പോയി വന്നപ്പോൾ കൊണ്ടു വന്ന കടലാമ കുഞ്ഞിനെ രക്ഷിക്കാൻ കുടിവെള്ളം എടുത്തുകൊണ്ടിരുന്ന കിണറ്റിൽ കല്ലുപ്പ് കലക്കി ആമയെ മുക്കിപ്പിടിച്ച പ്രകൃതി സ്‌നേഹി. സർവ്വോപരി നാട്ടിലെ കുടുംബശ്രീ ചേച്ചിമാരുടെ ആരാധ്യ പുരുഷനായ കർഷക കുലോത്തുംഗൻ. കൃഷിയോടുള്ള സ്നേഹം കാരണം ഫയർ ഫോഴ്സിൽ നിന്നും ടെസ്റ്റ്‌ എഴുതി കൃഷി ഓഫീസറായി ജോലിക്ക് കയറിയതോടെയാണ് നാട്ടിലെ പി എസ് സി വിദ്യാർത്ഥികൾക്കിടയിൽ അണ്ണൻ താരമായത്. ഇങ്ങനെ അണ്ണന്റെ ഗുണഗണങ്ങൾ എഴുതാൻ ആണെങ്കിൽ ഇത് ഇവിടം കൊണ്ടൊന്നും നിൽക്കില്ല. എന്നാലും അണ്ണനെയും കൊണ്ട് പണ്ടൊരിക്കൽ കല്യാണത്തിന് പോയ കഥ പരാമർശിക്കാതെ വിടുന്നത് ഉചിതമായിരിക്കില്ല. 

പുന്നപ്രയുള്ള കല്യാണത്തിന് കൂടാൻ പുള്ളിയെയും കൂട്ടി സ്ഥലത്ത് എത്തുമ്പോൾ അവിടെ നല്ല തിരക്ക്. റോഡിലെങ്ങും വണ്ടി ഇടാൻ സ്ഥലമില്ല. കുറച്ചു മാറി ഒരൽപ്പം സ്ഥലം കണ്ടെത്തിയ ഞാൻ കഷ്ടകാലത്തിന് അണ്ണനോട് അടുത്ത് നിൽക്കുന്ന തെങ്ങിൽ വല്ല തേങ്ങയോ ഓലയോ വീഴാൻ സാധ്യത ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു. ശരി എന്നും പറഞ്ഞു ഡോർ തുറന്നു പുറത്തിറങ്ങി തെങ്ങിന്റെ അടുത്തേക്ക് ചെന്ന് മുകളിലേക്ക് നോക്കിയ അണ്ണൻ ഞെട്ടിപ്പോയി. പുറമേ ആരോഗ്യവാൻ എന്ന് തോന്നുമെങ്കിലും തെങ്ങിന്റെ മണ്ടയിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം, പോരാത്തതിന് മണ്ണിൽ ഫോസ്ഫറസിന്റെ കുറവ് കാരണം ഓലകളിൽ മഞ്ഞളിപ്പ്. ഇങ്ങനെ പോയാൽ ഒരു മാസത്തിനുള്ളിൽ തെങ്ങിന്റെ പണി തീരും. അതോടെ മാറ്ററിൽ നിന്നും മാറിപ്പോയ അണ്ണൻ അടുത്ത് കണ്ട വീട്ടിൽ ചെന്ന് വീട്ടുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അടിയന്തിരമായി ചെയ്യേണ്ട പ്രതിവിധികൾ ഒക്കെ വിശദീകരിച്ചു കൊടുത്തു. എന്താണ് സംഭവം എന്ന് മനസിലാകാതെ അന്തം വിട്ട് കാറിലിരിക്കുന്ന എന്റെ സമീപത്ത് കൂടി വേറൊരുത്തൻ കാർ കൊണ്ടു ചെന്ന് ഞാൻ കണ്ടു വെച്ച സ്ഥലത്ത് പാർക്ക് ചെയ്യുന്നതും കണ്ടതോടെ പൂർത്തിയായി. മനസ്സിൽ തെറിയും പറഞ്ഞു വണ്ടി കൊണ്ടു പോയി അരക്കിലോമീറ്റർ അപ്പുറത്ത് പാർക്ക് ചെയ്ത് ഞാൻ തിരിച്ചു പൊരി വെയിലത്ത് നടന്നു വരുമ്പോൾ അണ്ണൻ ഇതൊന്നും അറിയാതെ സന്ദേശം സിനിമയിലെ സിദ്ദിഖിനെ പോലെ വീട്ടുകാരനുമായി പറമ്പിന് ചുറ്റും നടന്ന് വേണ്ട ഉപദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. 

ലോക്ക് ഡൗൺ കാലവും ആ മാതൃകാ പുരുഷൻ മാതൃകാ പരമായി തന്നെ ആചരിച്ചു. ബാക്കിയുള്ളവർ ലോക്ക് ഡൗണിൽ സമയം കളയാൻ ഒന്നും ചെയ്യാനില്ലാതെ യൂട്യൂബിൽ ഐഡിയകൾ പരതുമ്പോൾ അണ്ണൻ പറമ്പിൽ പൂണ്ടു വിളയാടി. പകൽ സമയം തികയാതെ വന്നപ്പോൾ രാത്രി പറമ്പിൽ ലൈറ്റ് ഇട്ടും പണി തുടർന്നപ്പോൾ വീട്ടുകാരും നാട്ടുകാരും മാസ്കിന് മുകളിൽ വിരൽ വെച്ച് ആശ്ചര്യം പ്രകടിപ്പിച്ചു. 

അങ്ങനെ കഴിഞ്ഞ ദിവസം നട്ട കപ്പകൾക്ക് നനക്കാൻ വൈകുന്നേരം പറമ്പിൽ വന്നു കഴിഞ്ഞപ്പോളാണ് സുനിലണ്ണൻ ആകാശത്തെ മഴക്കാറ് ശ്രദ്ധിച്ചത്. ഇപ്പോളത്തെ ചൂട് വെച്ച് നോക്കിയാൽ വേനൽ മഴ കനക്കും. ഒരു കുഴപ്പമുണ്ട് അപ്പുറത്തെ പാടത്തോട് ചേർന്നുള്ള കുളത്തിൽ നിറയെ മീനുണ്ട്. എല്ലാ വേനലിലും ഒരു പിടുത്തം ഉള്ളതാണ്. ഇക്കുറി അത് നടന്നിട്ടില്ല. മഴ തുടങ്ങിയാൽ പണി പാളും. പിന്നെ പിടിക്കാൻ പാടാണ്. വെള്ളം വീർത്താൽ ചിലപ്പോൾ മീൻ പാടത്തേക്ക് കയറി പോകാനും സാധ്യത ഉണ്ട്. ഉടനെ പിടിക്കണം. ഇറങ്ങി പിടിക്കാൻ ഉള്ള വട്ടവല ആ വേലായുധൻ ചേട്ടന്റെ കയ്യിൽ കാണും. പുള്ളിയുടെ വീട്ടിൽ പോയി അതും എടുത്തു കൊണ്ട് വരാം. അങ്ങേരെയും വിളിക്കാം. വണ്ടി വേണ്ട. ഇടവഴി നടന്നു പോകാം. അതാകുമ്പോൾ വലയും പിടിച്ചു വരാനും പറ്റും. 

"ഡീ ഞാൻ ഇപ്പോൾ വരാമേ" കൂടുതൽ ഒന്നും പറയാതെ അണ്ണൻ നടപ്പ് തുടങ്ങി 

"എവിടെ പോകുന്നു. ഉടുപ്പ് ഇട്ടോണ്ട് പോ" ഭാര്യ വിളിച്ചു പറഞ്ഞു 

"ഓ നമ്മുടെ വേലായുധൻ ചേട്ടന്റെ വീട് വരെ പോകാനാ. അതിനെന്നാത്തിനാ ഷർട്ട്"

എത്ര നാളായി ഈ വഴിയിലൂടെ ഒക്കെ നടന്നിട്ട്. ബൈക്ക് എടുത്തതിന് ശേഷം ഒരിടത്തും നടന്നു പോയിട്ടില്ലെന്ന് മനസ്സിൽ ഓർത്തു. വഴി ഒക്കെ ചെറുതായി. ധാരാളം പുതിയ വീടുകൾ. കുടുംബശ്രീ പെണ്ണുങ്ങൾ ആയിരിക്കും, എല്ലായിടത്തും എന്തെങ്കിലും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. അണ്ണൻ മനസ്സിൽ സന്തോഷിച്ചു. 

നടന്നു കിഴക്കേ റോഡിലെ കയർ ഫാക്ടറിയുടെ അടുത്ത് എത്തിയപ്പോളാണ് മാവിൻ ചോട്ടിൽ വട്ടം കൂടിയിരുന്നു ചീട്ട് കളിക്കുന്ന കുറേ പേരെ കാണുന്നത്. അല്ലെങ്കിലും പണ്ടേ ഈ ചീട്ട് കളി എന്ന് കേൾക്കുന്നതേ അലർജി ആണ്. ഇവന്മാർക്ക് ഈ സാമൂഹിക അകലം എന്നതൊന്നും ബാധകമല്ലേ?  മനസ്സിൽ അങ്ങനെ ഓർത്ത് നടക്കുമ്പോളാണ് ഒരു വിളി കേട്ടത്

"കൊച്ചേ എവിടെ പോകുന്നു?"

നോക്കുമ്പോൾ അതാ തേടിയ വേലായുധൻ ചേട്ടൻ വള്ളിയും തലയിൽ കെട്ടി ചീട്ട് കളിക്കാനിരിക്കുന്നു. 

"ഞാൻ ചേട്ടന്റെ വീട്ടിലേക്ക് വന്നതായിരുന്നു." അണ്ണൻ പതുക്കെ ചീട്ടുകളി സ്ഥലത്തേക്ക് നടന്നു. വലയുടെ കാര്യം മിണ്ടിയില്ല. മീൻ പിടുത്തം ഉണ്ടെന്ന് അറിഞ്ഞാൽ ഇവന്മാർ എല്ലാം കൂടി അങ്ങോട്ട് കെട്ടിയെടുക്കും. 

സുനിലണ്ണൻറെ പരുങ്ങൽ കണ്ട് കാര്യം മനസിലായിട്ടായിരിക്കും വേലായുധൻ ചേട്ടൻ പറഞ്ഞു. "ഈ കൈ ഒന്ന് തീർന്നോട്ടെ, ഞാൻ വരാം. കൊച്ച് നിൽക്ക്"

ഇതൊക്കെ പറയുമ്പോളും ബാക്കി ഉള്ളവർ ഗൗരവത്തിൽ കയ്യിലുള്ള ചീട്ടിലേക്കും നോക്കി ഇരിക്കുന്നുണ്ടായിരുന്നു. കളി ഒന്നും മനസിലാകുന്നില്ല എങ്കിലും അണ്ണനും പതുക്കെ അവർ കളിക്കുന്നതും നോക്കി നിൽപ്പായി.

പെട്ടെന്നാണ് റോഡിലൂടെ ഒരു പോലീസ് ജീപ്പ് പതിയെ വടക്കുനിന്നും വരുന്നത് ഒരുത്തൻ കണ്ടത്. "ഓടിക്കോ..പോലീസ്!" എന്നും പറഞ്ഞ് അവൻ ചീട്ടും വലിച്ചെറിഞ്ഞ് ചാടിയെണീറ്റ് ഒറ്റ ഓട്ടം. ഇത് കേട്ട താമസം കളിക്കാർ എല്ലാം പലവഴി ചിതറിയോടി. 

സുനിലണ്ണന് കാര്യത്തിൻറെ ഗൗരവം അത്ര മനസിലായില്ല. അപ്പോളേക്കും അടുത്ത വീടിൻറെ പിന്നിലെത്തിയ വേലായുധൻ ചേട്ടൻ വിളിച്ചു പറഞ്ഞു. "കുഞ്ഞേ ഓടിക്കോ. ചീട്ടുകളിച്ചത് മാത്രമല്ല, ലോക്ക് ഡൗണിൽ കൂട്ടം കൂടി നിന്നതിനും പണി കിട്ടും"

ഡോറയുടെ പ്രയാണങ്ങളിൽ കുറുനരിയെ കാണുമ്പോൾ ഡോറയും കൂട്ടുകാരും "കുറുനരി മോഷ്ടിക്കരുത്" എന്ന് പറയുമ്പോൾ "മോഷ്ടിക്കാനോ ഞാനോ?" എന്നും പറഞ്ഞ് കുറുനരി സ്കൂട്ട് ആകുന്നത് പോലെ "ചീട്ടുകളിക്കാനോ ഞാനോ" എന്നും ചോദിച്ച് സുനിലണ്ണൻ പോലീസുകാർ എത്തുമ്പോളേക്കും രണ്ടു പറമ്പ് ചാടി കടന്നിരുന്നു. 

എന്തായാലും നേരായ വഴി പോകണ്ട. വീടുകളുടെ ഇടയിലൂടെ ഓടാം എന്നോർത്ത് പണ്ട് ഫയർ ഫോഴ്സിൽ ട്രെയിനിങ് കാലത്തേ ഓർമ്മകൾ മനസ്സിൽ വെച്ച് നൂറേ നൂറിൽ വീട്ടിലേക്ക് പറന്നു. ആദ്യത്തെ നാലഞ്ച് വീട് കുഴപ്പമില്ലാതെ കടന്നു. അഞ്ചാമത്തെ വീടിൻറെ വേലി ചാടി ഓടുമ്പോഴാണ് അത് സംഭവിച്ചത്. മുണ്ട് എന്തിലോ ഉടക്കി. പത്ത് സ്റ്റെപ്പ് വെച്ചപ്പോളേക്കും തൻറെ അരയിൽ സന്തത സഹചാരിയായി ഉണ്ടായിരുന്ന ആ കാവി തുണി നഷ്ടമായ വിവരം സുനിലണ്ണൻ ഒരു ഞെട്ടലോടെ മനസിലാക്കി. ഭാഗ്യം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അടുത്തെങ്ങും ആരുമില്ല. തിരിച്ചു പോയി മുണ്ട് എടുക്കാം എന്ന് വിചാരിച്ചപ്പോളാണ് അത് കണ്ടത്. മുന്നിലെ അഴയിൽ കുറച്ച് തുണി അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു. അതിൽ കറുത്ത കളറിലെ ഒരു മുണ്ട് കാറ്റിൽ ആടി കളിക്കുന്നു. അണ്ണന്റെ മനസ്സിൽ ഒരു ലഡു പൊട്ടി. ഐഡിയ!!. പോയ മുണ്ട് പോട്ടെ. അണ്ണൻ ആ കറുത്ത മുണ്ട് വലിച്ച് ഉടുത്ത് മുടങ്ങിയ ഓട്ടം റീസ്റ്റാർട്ട് ചെയ്തു. വീടിൻറെ പറമ്പിലേക്ക് ലാൻറ് ചെയ്ത അണ്ണന്റെ മനസ്സിൽ മറ്റൊരു ഐഡിയ പൊട്ടി. ഒന്നും നോക്കിയില്ല. കഴിഞ്ഞ ദിവസം കുത്തിയ കപ്പക്കമ്പുകൾ പെട്ടെന്ന് തന്നെ കുറെയെണ്ണം പറിച്ച് കൂട്ടി. മുറ്റത്ത് കളിച്ചുകൊണ്ട് നിന്ന ഇളയ മകനെയും വിളിച്ച് അടുത്ത് നിർത്തി. ഓടിയതിന്റെ കിതപ്പിനിടയിലും മുന്നിലുള്ള റോഡിലേക്ക് പാളി നോക്കിക്കൊണ്ട് കപ്പക്കമ്പുകൾ വീണ്ടും കുത്തി തുടങ്ങി. അണ്ണന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. കൃത്യം മൂന്നാമത്തെ കപ്പക്കൊമ്പ് നടുമ്പോളെക്കും ദാ വരുന്നു പോലീസ് വാഹനം. പറമ്പിൻറെ അങ്ങേ അതിരിൽ വണ്ടി പതുക്കെ ചവുട്ടി നിർത്തി. വണ്ടിയിൽ നിന്നും മാസ്‌ക് വെച്ച ഒന്ന് രണ്ടു പോലീസുകാർ തല പുറത്തേക്ക് ഇട്ട് നോക്കി. 

കറുപ്പ് മുണ്ടും കയ്യിലെ കപ്പക്കമ്പും ഒക്കെ കണ്ട് ഏയ് ഇവനല്ല എന്ന മട്ടിൽ അവർ തല വലിച്ചു. 

എന്താ സാറേ? അണ്ണൻ ഒന്നുമറിയാത്ത പോലെ വിളിച്ചു ചോദിച്ചു. 

"ഏയ് ഒന്നുമില്ല. ആരും പുറത്തിറങ്ങി നടക്കരുത്. ആരെങ്കിലും ഇത് വഴി പോയാരുന്നോ?"

"ഇത് വഴി ആരും വന്നില്ല സാറേ" 

അണ്ണന്റെ മറുപടി കേട്ടതും വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി. വണ്ടിയുടെ പിൻ സീറ്റിൽ പോലീസുകാർ കൊടുത്ത മാസ്കും കെട്ടി ഇരുന്ന വേലായുധൻ ചേട്ടൻ പുറത്ത് കപ്പക്കൊമ്പും പിടിച്ചു നിൽക്കുന്ന സുനിലണ്ണനെ കണ്ട് അന്തിച്ച് നന്ദനത്തിലെ ഇന്നസെന്റിനെ പോലെ മനസ്സിൽ മൊഴിഞ്ഞു. "കുമ്പിടിയാ കുമ്പിടി" 
----------------------------------------------

മെഡിക്കൽ സ്റ്റോർ അടക്കും മുൻപ് അത്യാവശ്യം "സാധനം" മേടിച്ച് സ്റ്റോക്ക് ചെയ്യാൻ ഇറങ്ങിയതായിരുന്നു ഗിരി. ശെടാ ഈ ലോക്ക് ഡൌൺ ഇങ്ങനെ തുടർന്നാൽ ജീവിതം ആകെ കട്ടപ്പൊക ആകുമല്ലോ. ഈ പോക്ക് ആണെങ്കിൽ ഒരു നല്ല ജോലി കിട്ടിയിട്ട് മതി നമുക്ക് ഒരു കുഞ്ഞ് എന്ന തൻറെ ഭാര്യയുടെ ആഗ്രഹം പൊളിയാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കൊറോണ കാരണം ആൾക്കാരെ വിളിക്കാതെ കല്യാണം നടത്തിയതിന്റെ ലാഭം മുഴുവൻ ഇങ്ങനെ "ഈ സാധനം" മേടിച്ച് തീരുമെന്നാണ് തോന്നുന്നത്. അല്ലെങ്കിലും ഇപ്പോൾ ആകെ വീട്ടിൽ നിന്നും പുറത്തോട്ട് ഒന്ന് ഇറങ്ങുന്നത് ഇത് മേടിക്കാൻ വേണ്ടി മാത്രമാണല്ലോ..  ഇങ്ങനെ പലതും ഓർത്തുകൊണ്ട് ഗിരി ബൈക്ക് വീട്ടിലേക്കുള്ള നടവഴിയിലേക്ക് തിരിച്ചു. ഇരുട്ടി തുടങ്ങി. വേലിയുടെ അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി വണ്ടിയുടെ സ്പീഡോമീറ്ററിന്റെ മുന്നിൽ വെച്ചിരുന്ന പാക്കറ്റ് എടുത്ത് മുണ്ടിൽ ചേടാൻ നോക്കുമ്പോളാണ് വീടിൻറെ പുറകിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്. ആരോ ചാടി ഓടുന്നത് പോലെ.

എന്താ സംഭവം എന്നറിയാൻ വീടിൻറെ പുറകിലേക്ക് നോക്കിയ ഗിരി ഞെട്ടിപ്പോയി. വേലിയോട് ചേർന്നുള്ള പുളിയുടെ അടുത്തുകൂടെ ഒരാൾ വെടികൊണ്ടത് പോലെ പായുന്നു. ഇരുട്ടി തുടങ്ങിയത് കൊണ്ട് ആളെ മനസിലാകുന്നില്ല. പക്ഷെ ആളുടെ ശരീരത്ത് തുണിയില്ല എന്ന് മനസിലാക്കാനുള്ള വെളിച്ചമൊക്കെ ഉണ്ട് താനും. ഓടിക്കൊണ്ടിരുന്ന ആൾ പെട്ടെന്ന് നിന്ന് അവിടെ അഴയിൽ അലക്കി വിരിച്ചിരുന്ന തൻ്റെ കറുപ്പ് മുണ്ട് വാരി ഉടുക്കുന്നത് കണ്ടപ്പോളാണ് ഗിരിയുടെ ആദ്യത്തെ ഷോക്ക് വിട്ടു മാറിയത്.

"നിക്കെടാ അവിടെ" ഗിരി അലറി.

മുണ്ട് വലിച്ചു ചുറ്റിക്കഴിഞ്ഞ അയാൾ അതോടെ അപ്പുറത്തെ കൈത്തോടും ചാടി പറക്കുന്നതാണ് പിന്നെ കണ്ടത്. ഓടി ഗിരി അങ്ങോട്ട് എത്തുമ്പോളേക്കും ആളുടെ പൊടിപോലും കാണാനില്ലായിരുന്നു. ഇനി കള്ളൻ എങ്ങാനും ആണോ? കല്യാണം കഴിഞ്ഞ വീടല്ലേ സ്വർണം കാണുമെന്നോർത്ത് വന്നതാകും. പക്ഷെ ഈ സന്ധ്യ നേരത്ത്..അതും തുണി ഇല്ലാതെ കള്ളൻ വരുമോ. കള്ളൻ ഓടി വന്ന വഴിയിലൂടെ നടന്നുനോക്കിയ ഗിരി എത്തിയത് പറമ്പിൻറെ അതിരിലുള്ള മറപ്പുരയുടെ സമീപത്തേക്ക് ആയിരുന്നു. അവിടെ അതാ പ്ലാവിൻറെ വേരിനോട് ചേർന്ന് എന്തോ കിടക്കുന്നു. ഒരു കാവി മുണ്ട് !!

ഗിരിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പുറത്തേക്ക് പോകാൻ നേരം "നീ ഒന്ന് കുളിച്ചിട്ടൊക്കെ നിൽക്ക്" എന്ന് ഭാര്യയോട് പറഞ്ഞത് അവൻറെ മനസിലേക്ക് എത്തി. അവിടെ അഴിഞ്ഞു കിടന്ന മുണ്ട് കുനിഞ്ഞെടുത്ത് ഗിരി എന്നെന്നും കണ്ണേട്ടൻ സിനിമയിൽ ജഗതി വിളിക്കും പോലെ അലറി വിളിച്ചു.

"എടാ..."

"എടീ..."

സോഫയിൽ ചാരിയിരുന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും കണ്ടുകൊണ്ട് കയ്യിലെ വനിതയിലുള്ള "ലോക്ക് ഡൗണും ലൈംഗികതയും" പംക്തി വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാര്യ സുനിത ഭർത്താവിൻറെ അലറൽ കേട്ട് ഞെട്ടി എഴുന്നേറ്റു.

"ആരാടീ നിൻറെ കുളിമുറിയിൽ ഉണ്ടായിരുന്നത്" കയ്യിൽ ഒരു കാവി മുണ്ടും പിടിച്ച് കണ്ണേട്ടൻ മോഡൽ ജഗതിയെ പോലെ കയറി വന്ന കണവനെ കണ്ട് സുനിതയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ബഹളം കേട്ട് അകത്ത് നാമം ചൊല്ലിക്കൊണ്ടിരുന്ന ഗിരിയുടെ അമ്മ വിമല ചേച്ചി പുറത്തേക്ക് വന്നു.

എന്താ മോനെ കാര്യം?

ഈ മുണ്ട്..ഈ മുണ്ട്..ആരാണ് ഇവളുടെ കുളിമുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് എനിക്ക് ഇപ്പോൾ അറിയണം.

"ദേ മനുഷ്യാ വേണ്ടാതീനം പറയരുത്" കഥ മുഴുവനായി മനസിലായില്ലെങ്കിലും തൻ്റെ ചാരിത്ര്യത്തെ ആണ് ചോദ്യം ചെയ്യുന്നത് എന്ന് മനസിലാക്കിയ സുനിത സടകുടഞ്ഞ് എണീറ്റു.

"ആര് ഓടിയ കാര്യമാ നീ ഈ പറയുന്നത്?" ഭാഗ്യത്തിന് വിമലച്ചേച്ചി ഇടയ്ക്ക് കയറി

"ഇവളുടെ കുളിമുറിക്ക് അടുത്ത് നിന്നും കിട്ടിയതാ ഈ മുണ്ട്. ഒരുത്തൻ എൻറെ വണ്ടിയുടെ ഒച്ച കേട്ട് വടക്കോട്ട് പാഞ്ഞു പോകുന്നതും കണ്ടു. എൻറെ അലക്കി ഇട്ടിരുന്ന മുണ്ടും എടുത്ത് ചുറ്റിക്കൊണ്ടാണ് അവൻ ഓടിയത്"

സുനിത വാ പൊളിച്ചത് പോലെ നിൽക്കുന്നത് കണ്ട വിമല ചേച്ചി മകനോട് കയർത്തു. "നിന്നോട് ഞാൻ കല്യാണത്തിന് മുന്നേ പറഞ്ഞതല്ലേ അത്യാവശ്യം ആയി കുളിമുറി പണിയണമെന്ന്. ഈ നാട്ടിൽ വേറെ ഏത് വീട്ടിൽ ഉണ്ടെടാ ഇതുപോലത്തെ മറപ്പുര. നാണം ഉണ്ടോടാ നിനക്ക്. കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ഇങ്ങനെ അടച്ചുറപ്പില്ലാത്ത മറപ്പുര നിന്ന് കുളിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഇത് പോലെ പലവന്മാരും വരും. എന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നപ്പോൾ ഞാൻ കുറെ അനുഭവിച്ചതാ..ഉടനെ തന്നെ ഇവിടെ കുളിമുറി പണിതോണം. മനസാ വാചാ അറിയാത്ത കൊച്ചിനെ കുറ്റം പറയരുത്. അലവലാതി"

ഒറ്റ ശ്വാസത്തിൽ വന്ന ഈ ഡയലോഗ് കേട്ട് മകനും മരുമകളും അന്തിച്ചു നിന്നപ്പോൾ മുടങ്ങിപ്പോയ നാമം ചൊല്ലൽ പൂർത്തിയാക്കാൻ വിമലച്ചേച്ചി സ്ഥലം കാലിയാക്കി. മുഖം പൊത്തി ഒരു കരച്ചിലോടെ സുനിതയും മുറിയിലേക്ക് ഓടിയതോടെ വടക്കുനോക്കി യന്ത്രത്തിൽ അമ്മായി അച്ഛനെ തല്ലിയിട്ട് നിൽക്കുന്ന ദിനേശനെ പോലെ ഗിരി മാത്രം അവിടെ ബാക്കിയായി. എന്നാലും ഭൂലോക തരികിടയായ എൻ്റെ വീട്ടിൽ വന്ന് എൻ്റെ ഭാര്യയുടെ കുളിമുറിയിൽ എത്തിനോക്കിയവൻ ആരായിരിക്കും. എന്തായാലും ഞാൻ പുറത്തു പോയ സമയം മനസിലാക്കി കൃത്യമായി എത്തണമെങ്കിൽ അവൻ ചില്ലറക്കാരൻ ആയിരിക്കില്ല. എൻറെ മുണ്ടും അടിച്ചു കൊണ്ട് ഓടിയ അവനെ എന്നെങ്കിലും ഞാൻ പൂട്ടും മണിച്ചിത്ര താഴിട്ട് പൂട്ടും. ഗിരി പല്ലു കടിച്ചു 

1 comment: