Sunday, March 12, 2023

വായനാനുഭവം - മൂന്ന് കല്ലുകൾ



2023 ഇൽ വളരെ പ്രതീക്ഷയോടെ വായിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ശ്രീ.അജയ് പി മങ്ങാട് എഴുതിയ മൂന്ന് കല്ലുകൾ എന്ന നോവൽ. എനിക്കത്ര പഥ്യമല്ലാത്ത നോൺ ലീനിയറായ രചനയാണ്‌ മൂന്ന് കല്ലുകളിൽ ഉള്ളത്. അതിനാൽത്തന്നെ ഞാൻ പുലർത്തിയ പ്രതീക്ഷയോട് പൂർണ്ണമായും തൃപ്തി നൽകിയ വായനാനുഭവമായിരുന്നു ആ നോവലിൽ നിന്നും ലഭിച്ചതെന്ന് പറയാൻ സാധിക്കില്ല. വായനക്കാരനെ അധികം മിനക്കെടുത്താതെ നേരെ വാ നേരെ പോ എന്ന രീതിയിൽ പറയുന്ന കഥകളെ ഇഷ്ടപ്പെടുന്ന ഒരു മടിയൻ വായനക്കാരൻ ആയതിനാലാവാം എനിക്ക് ആ ഒരു അനുഭവം ഉണ്ടായത്. ഒരുപക്ഷെ എഴുതിയതിൽ കൂടുതൽ എഴുതാൻ ഉണ്ടാകുമെന്നും അത് വായനക്കാരൻ അവൻറെ ഭാവനയിൽ പൂരിപ്പിച്ചുകൊള്ളട്ടെ എന്ന രീതിയിൽ എഴുതുന്ന ആധുനിക നോവലുകളിൽ ഉൾപ്പെടുത്താവുന്ന കൃതിയാണ് മൂന്ന് കല്ലുകൾ. ശ്രദ്ധയോടെയുള്ള വായന ആവശ്യപ്പെടുന്ന പുസ്‌തകം. ശ്രദ്ധയില്ലാതെ വായിച്ചാൽ ഇതിപ്പോൾ ഇവിടെ എന്താ സംഭവിച്ചത്? ഇവന്മാരൊക്കെ ആരാ? അപ്പോൾ നേരത്തെ പറഞ്ഞവന്മാരും ഇവന്മാരുമായിട്ട് എന്താ ബന്ധം എന്നൊക്കെ തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. 

കഥയേക്കാൾ ഒരുപിടി കഥാപാത്രങ്ങളെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത് എന്നതാണ് ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു പ്രൂഫ് റീഡറായ കറുപ്പൻ, കറുപ്പൻ എന്ന പേരുകാരനായ പിതാവുള്ള മാധവൻ, അവരെ ബന്ധിപ്പിക്കുന്ന കബീർ എന്നിവരിലൂടെയാണ് കോഴിക്കോട് പശ്ചാത്തലമായ കഥ വികസിക്കുന്നത്. കഥ അല്ല കഥകൾ. കറുപ്പനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്, മാധവനെ ചുറ്റിപ്പറ്റി അവൻറെ കഥയുണ്ട്, ആ കഥയിൽ ചോര, കാക്ക, രാധ, റഷീദ, ഏക, ഊറായി എന്നിങ്ങനെ കഥാപാത്രങ്ങളുണ്ട്, പശ്ചാത്തലമായി മലയോരഗ്രാമമായ ഇരുട്ടുകാനവും മലമുണ്ടയുമുണ്ട്. ഇവരെല്ലാവരെയും കുറിച്ച് വായനക്കാരനെ ചിന്തിക്കാൻ നോവൽ പ്രാപ്തരാക്കുന്നുണ്ട്. 

വ്യത്യസ്തമായ ഒരു ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാകുന്ന നോവലാണ് മൂന്ന് കല്ലുകൾ എന്ന് നിസംശ്ശയം പറയാം. ആ കൃതിക്ക് എങ്ങനെ ആ പേര് വന്നു എന്നതിനെക്കുറിച്ചുപോലും വായനക്കാരന് അവന്റേതായ രീതിയിൽ നിഗമനങ്ങളിലെത്താം. മൂന്ന് കല്ലുകളെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ നോവലിന് തന്നെ പ്രതിപാദ്യം ആകുവാൻ മാത്രം എന്താണ് അതിന് പ്രാധാന്യം എന്ന് ചിന്തിച്ചുകൊണ്ട് നോവലിലേക്ക് നോക്കിയാൽ ആ കല്ലുകൾ വരാനുള്ള സാഹചര്യം, അതുമായി ബന്ധപ്പെടുന്ന ചോര, ചോരയുമായി ബന്ധപ്പെടുന്ന മാധവൻ, മാധവനുമായി ബന്ധപ്പെടുന്ന കബീർ, കബീറുമായി ബന്ധപ്പെടുന്ന കറുപ്പൻ എന്നിങ്ങനെ പലരിലേക്കും ആ കല്ലുകളുടെ ഭാരം കടക്കുന്നതായി കാണാം. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം കണ്ടതിന് ശേഷം ആസ്വാദകർ സ്വന്തമായി പല നിഗമനങ്ങളിലേക്ക് എത്തിയതുപോലെ ഈ നോവലിൽ നിന്നും അത്തരം ഒരനുഭവം ലഭിക്കും. അത് തന്നെയാണ് ആ സിനിമയുടെയും നോവലിന്റെയും വിജയം. ചുമ്മാ വായിച്ചു തള്ളിക്കളയാവുന്ന നോവൽ അല്ല മൂന്ന് കല്ലുകൾ എന്ന് ചുരുക്കം. 

No comments:

Post a Comment