Friday, October 24, 2025

വായനാനുഭവം - ഘാതകൻ, കെ.ആർ മീര (Book Review - Ghathakan by K R Meera)

വായനാനുഭവം - ഘാതകൻ, കെ.ആർ മീര 





കെ.ആർ മീരയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലായിരുന്നു "ഘാതകൻ". 2021 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2023 പുറത്തിറങ്ങിയ ആറാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 688 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 650 രൂപയായിരുന്നു. 688 പേജുകൾ. ആ വലുപ്പം തന്നെയായിരുന്നു നോവൽ വായന ഇത്രയും താമസിപ്പിക്കുവാനുള്ള ഒരു കാരണം. പക്ഷെ ഒരിക്കൽക്കൂടി വായിക്കണം എന്ന ആഗ്രഹം അവശേഷിപ്പിച്ചുകൊണ്ടാണ് നോവൽ വായന അവസാനിപ്പിച്ചത്. അമ്മാതിരി അത്ഭുതാവഹമായ രചനയാണ് കെ.ആർ മീര ഘാതകനിലൂടെ അവതരിപ്പിക്കുന്നത്. ഇത്ര ഒഴുക്കോടെ, അത്രമാത്രം കാര്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്, എത്ര ശക്തമായ വിഷയങ്ങൾ നിരത്തിക്കൊണ്ട് എങ്ങനെ ഇത്രയും വലിയൊരു നോവൽ എഴുതാൻ സാധിക്കുന്നെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ഓരോ പേജിലും വായനക്കാരനെ ഞെട്ടിക്കുന്ന ജീവിതഗന്ധിയായൊരു ത്രില്ലറായിരുന്നു ഘാതകനെന്ന് സത്യമായും ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ നോവൽ വായിക്കുവാൻ ഇത്രയും താമസിക്കില്ലായിരുന്നു.


നായിക സത്യപ്രിയ നടത്തുന്ന ഒരു അന്വേഷണമാണ് ഇതിവൃത്തം. നോട്ട് നിരോധനം നടത്തിയ നാളുകളിലൊന്നിൽ സത്യയ്ക്ക് നേരെ ഒരു കൊലപാതകശ്രമം നടക്കുന്നു. ആളുമാറി സംഭവിച്ചതായിരിക്കുമെന്ന് കരുതിയെങ്കിലും തൊട്ടു പിന്നാലെ വരുന്ന ഒരു ഫോൺ സന്ദേശത്തിൽ നിന്നും അത് ഒരു ആകസ്മിക സംഭവം അല്ലെന്നും തന്റെ പിന്നാലെ ഒരു ഘാതകൻ ഉണ്ടെന്നും സത്യാ മനസ്സിലാക്കുന്നു. ആരാണ് ആ ഘാതകൻ? അയാൾ എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നത്? ഈ അന്വേഷണങ്ങൾ നടത്താതെ താൻ കൊല്ലപ്പെട്ടാൽ എന്ന ചിന്തയിൽ നിന്നും അവളുടെ അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം ചെന്നെത്തുന്നത് അവളുടെ ചരിത്രത്തിലേക്ക് തന്നെയാണ്. ഞെട്ടലുളവാക്കുന്ന, പൊള്ളിക്കുന്ന അനുഭവങ്ങളാണ് പിന്നീടുള്ള ഓരോ പേജും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹൃദ്യവും ഉള്ളിൽ തൊടുന്നതുമായ സംഭാഷണങ്ങൾ, പ്രത്യേകിച്ചും നായികയും അമ്മ വസന്തലക്ഷ്മിയുമായുള്ള സംഭാഷണങ്ങൾ അതീവ ഹൃദ്യമാണ്. ഒരുവേള നാം സംശയിച്ചു പോകും ഇതിലെ നായിക ശരിക്കും സത്യ ആണോ അതോ അവളുടെ അമ്മയാണോ എന്ന്. എന്തായാലും ഒരു കാര്യം നിസ്സംശയം പറയാം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം തന്നെയാണ് സത്യയുടെ അമ്മ വസന്തലക്ഷ്മി. 


സ്ത്രീ കേന്ദ്രീകൃതമായി പറയുന്ന കഥ ആയതിനാലാവാം നായികയ്ക്ക് എവിടെ തിരിഞ്ഞാലും പുരുഷ പ്രജകളുടെ കയ്യിൽ നിന്നും ദുരനുഭവം ഏറ്റുവാങ്ങുവാനാണ് വിധി. അത് സ്വന്തം വീട്ടിൽ അച്ഛനിൽ നിന്നും തുടങ്ങുന്നു. ഇതിനും മാത്രം ക്രൂരന്മാരാണോ പുരുഷന്മാർ എന്ന് പലകുറി മനസ്സിൽ തോന്നുമെങ്കിലും നിമ്ന വിജയ് എഴുതിയ ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ചപ്പോൾ തോന്നിയത് പോലെ ഓവറാക്കി ചളമാക്കല്ലേ എന്ന് പറയാൻ തോന്നാത്തത് കെ ആർ മീരയുടെ എഴുത്തിന്റെ ഭംഗി കൊണ്ടാണ്. എന്ത് രസമായിട്ടാണ്, എത്ര പ്രൊഫഷനലായാണ് കെ ആർ മീര കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. 


അവസാന വാക്ക് പറയുകയാണെങ്കിൽ അവിസ്മരണീയമായ വായനാനുഭവം !

No comments:

Post a Comment