Friday, October 31, 2025

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര (Book Review - Sooryane Aninja oru Sthree by K R Meera)

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര  



ഒരു മലയാളി വനിതാ നോവലിസ്റ്റിന് സ്ത്രീകേന്ദ്രീകൃതമായി ഒരു നോവൽ എഴുതുന്നതിനുള്ള ചേരുവകൾ - സൽഗുണ സമ്പന്നയായ, വിദ്യാഭ്യാസമുള്ള, ഒരു കവിളത്തടിച്ചാൽ മറു കവിള് കാണിച്ചുകൊടുക്കുന്നത്ര ശുദ്ധയായ ഒരു നായിക ഒന്ന്, നായികയെ ഇടം വലം ദ്രോഹിക്കുന്ന കുറച്ച് പുരുഷ കഥാപാത്രങ്ങൾ, പുരുഷന്മാരുടെ ക്രൂരതയ്ക്ക് ഇരയായ കുറച്ച് സ്ത്രീ കഥാപാത്രങ്ങൾ. ഇജ്ജാതി ഫെമിനിസ്റ്റ് നോവലുകൾ കാണുമ്പോഴാണ് ബുധിനിയും അലാഹയുടെ പെൺമക്കളും കറയും പോലുള്ള നോവലുകൾ എഴുതി ജീവിക്കുന്ന പാവം സാറാ ജോസഫിനെ പൂവിട്ടു പൂജിക്കാൻ തോന്നുന്നത്.


ഞാൻ ഈയടുത്ത് വായിച്ച ശ്രീമതി കെ ആർ മീര എഴുതിയ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവൽ പക്ഷെ അങ്ങനത്തെ ഫെമിനിസ്റ്റ് നോവൽ ഒന്നുമല്ല കേട്ടോ. ഒരു അവസരം വന്നപ്പോൾ ഞാൻ ആദ്യത്തെ ഖണ്ഡിക അങ്ങനെ എഴുതിയെന്നേ ഉള്ളൂ. ഘാതകൻ പോലെ, ആരാച്ചാർ പോലെ, ഖബർ പോലെ കെ ആർ മീരയുടേതായി ഞാൻ വായിച്ച മറ്റൊരു മനോഹര നോവലാണ് മേൽപ്പറഞ്ഞ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. പതിവ് പോലെ നായികാ പ്രാധാന്യം ഉള്ള നോവലാണ്. (സ്ത്രീകൾ എഴുതുമ്പോൾ സ്ത്രീകളെ കുറിച്ചല്ലാതെ പിന്നെ പുരുഷന്മാരെ വിവരിച്ച് എഴുതാൻ പറ്റുമോ അല്ലേ?)  മീര മാഡത്തിനെ കൊണ്ട് മാത്രം സാധിക്കുന്ന രീതിയിലുള്ള ആഴത്തിലുള്ള വർണ്ണന നമ്മളെ പിടിച്ചിരുത്തും. കഥാപാത്രത്തിന്റെ കൂടെ നടത്തിക്കും. അവൾക്ക് വേണ്ടി സഹതപിക്കും, അവളെ ദ്രോഹിക്കുന്നവർക്ക് നേരെ പല്ലിറുമ്മും. 2018 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ഏപ്രിലിൽ പുറത്തിറക്കിയ പത്തൊൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 384 പേജുകളുള്ള പുസ്തകത്തിന്റെ വില 460 രൂപയായിരുന്നു. 


കഥയിലേക്ക് കടക്കാം. ബൈബിൾ പഴയ നിയമത്തിലെ കഥാപാത്രമായ ജെസബേൽ ന്റെ പേരുള്ള ഒരു വനിതാ ഡോക്ടർ ആണ് നായിക. കുടുംബകോടതിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. മുക്കാൽ ഭാഗവും കോടതി മുറിയിൽ നിന്നും പെട്ടെന്നു പോകുന്ന ഫ്‌ളാഷ് ബാക്ക് ആയാണ് കഥ വികസിക്കുന്നത്. ജെസബേൽ എന്ന പേര് തന്നെ ഒരൽപ്പം പ്രത്യേകതകളുള്ളതാണ്. ആ പേരിൽ നിന്നാണ് അവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പഠനത്തിൽ വളരെ മിടുക്കിയായിരുന്ന, ദൈവ ഭയമുള്ള, രക്ഷകർത്താക്കളുടെ ചൊൽപ്പടിക്ക് വിധേയമായി ജീവിച്ചുവന്ന അവളുടെ ജീവിതം കല്യാണത്തെ തുടർന്ന് കീഴ്‌മേൽ മറിയുന്നു. അതിൽ നിന്നും പുറത്തുകടക്കാൻ അവൾ നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം. ശക്തമായൊരു സ്ത്രീ കഥാപാത്രമായി നായികയുടെ വല്യമ്മച്ചിയും അവൾക്ക് തുണയായുണ്ട്. കല്യാണം കഴിക്കാത്ത ഇൻട്രോവേർട്ട് ആയ പെൺകുട്ടികൾ ഇത് വായിച്ചാൽ കല്യാണം കഴിക്കാതിരിക്കാനും, ദുരിതം നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന പെൺകുട്ടികൾ, ഇതിലെ നായികയുടെ അത്രയും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത് പിടിച്ചുനിൽക്കാനും  സാധ്യതയുണ്ട്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞത് പോലെയാണ് നായിക നീതിക്കായി സമീപിക്കുന്ന കുടുംബക്കോടതി. കട്ട സ്ത്രീ വിരുദ്ധനായ ഒരു എതിർഭാഗം വക്കീൽ, അങ്ങേര് വിളമ്പുന്ന സ്ത്രീ വിരുദ്ധത ആസ്വദിച്ച് ചിരിക്കുന്ന ജഡ്ജിയും മറ്റുള്ളവരും. പിന്നെ കുറ്റം പറയാൻ പറ്റില്ല കേട്ടോ. എന്തിനും മറുപടി നമ്മുടെ നായികയ്ക്കുണ്ട്. പക്ഷെ എല്ലാം മനസ്സിൽ ആണെന്ന് മാത്രം. എന്ത് ചെയ്യാം സൽഗുണ സമ്പന്ന ആയിപ്പോയില്ലേ. വലം കൈ ചെയ്യുന്ന കാര്യങ്ങൾ ഇടം കൈ അറിയരുത് എന്ന രീതിയിൽ ആണ് അത്തരക്കാർ ജീവിക്കേണ്ടത്. ചെയ്തതിന്റെ നന്മ തിന്മകൾ ദൈവം വിലയിരുത്തിക്കോളും, ജഡ്ജിയും വക്കീലും പോകാൻ പറ. ഒട്ടേറെ കഥാപാത്രങ്ങൾ അവസാനം കടന്നു വരുന്നുണ്ട്. ഇവരൊക്കെ എന്തിനാ വന്നതെന്ന് ചോദിച്ചാൽ അവർ വന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ. 


എന്തായാലും നല്ലൊരു ഒഴുക്കോടെ വായിച്ചു തീർക്കാൻ പറ്റുന്ന, അൽപ്പം ഓവറായി പോയില്ലേ എന്ന ചിന്ത മനസ്സിലുദിക്കാൻ അവസരം പോലും നൽകാതെ വായിച്ചു തീർക്കാൻ പറ്റിയ നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

No comments:

Post a Comment