വായനാനുഭവം - ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി - ടി.ഡി രാമകൃഷ്ണൻ
സുഗന്ധി ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളുടെ രചയിതാവായ ശ്രീ ടി.ഡി രാമകൃഷ്ണൻ എഴുതിയ ആദ്യ കഥാ സമാഹാരമാണ് "ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി". ഏഴ് കഥകളുള്ള ചെറിയൊരു പുസ്തകം. വായനക്കാരനെ പിടിച്ചിരുത്തുന്ന, വ്യത്യസ്തങ്ങളായ പ്രമേയങ്ങളാൽ ശ്രദ്ധ നേടിയ നാല് നോവലുകളുടെ കർത്താവായ താൻ ആദ്യമായിട്ടാണ് കഥകൾ എഴുതാൻ ശ്രമിക്കുന്നതെന്ന് കഥാകൃത്ത് ആദ്യമേ പറഞ്ഞിട്ടുണ്ട്.
സത്യത്തിൽ കഥകൾ എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ല. കഥാകൃത്ത് നേരിട്ട് അനുഭവിച്ച അല്ലെങ്കിൽ അറിഞ്ഞ കുറച്ച് അനുഭവങ്ങൾ. ഹൃദ്യമായ രീതിയിൽ അവയെ വിവരിച്ചിരിക്കുന്നു. എനിക്ക് സത്യത്തിൽ കഥകളേക്കാൾ ആകർഷകമായി തോന്നിയത് അവസാനം കഥയും കാലവും എന്ന പേരിൽ ഓരോ കഥയും ജനിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് കഥാകൃത്ത് വിവരിക്കുന്നതാണ്. കഥകളിലെ യാഥാർഥ്യവും ഭാവനയും എന്നതിനെക്കുറിച്ച് ടി പത്മനാഭനെയും സി വി ശ്രീരാമനെയും ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നത് മുന്നിൽ വായിച്ച കഥകളുടെ പശ്ചാത്തലത്തിൽ എളുപ്പത്തിൽ വായനക്കാരന് ഗ്രഹിക്കുവാൻ സാധിക്കുന്നതാണ്.
സുഗന്ധിയുടെയും ഇട്ടിക്കോരയുടെയും രചയിതാവിൽ നിന്നും ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ കഥ പ്രതീക്ഷിച്ച് പുസ്തകം വാങ്ങിക്കുന്നവർ ഒരു പക്ഷെ നിരാശരായേക്കാം. പക്ഷെ ടി ഡി രാമകൃഷ്ണൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ അനുഭവകഥകളും ഇഷ്ടമാകും. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 96 പേജുകളുള്ള പുസ്തകത്തിന്റെ വില 160 രൂപ. 2025 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ 2025 ആഗസ്റ്റിൽ ഇറങ്ങിയ മൂന്നാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്.

No comments:
Post a Comment