Monday, January 26, 2026

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ (Book Review : Thapomayiyude Achan by E Santhosh Kumar)

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ 



2026 ൽ ആദ്യമായി വായിച്ചുതീർത്ത പുസ്തകമാണ് ഇ സന്തോഷ് കുമാർ എഴുതിയ "തപോമയിയുടെ അച്ഛൻ". 2025 ലെ വയലാർ അവാർഡ് നേടിയ കൃതി എന്ന രീതിയിലാണ് ഈ നോവൽ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ മുതൽ കേട്ടുവന്ന പോസിറ്റീവ് ഫീഡ്ബാക്കുകൾ എത്രയും പെട്ടെന്ന് ആ പുസ്തകത്തിലേക്ക് എന്നെ എത്തിച്ചു. 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ നോവലിന്റെ 2025 ൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പതിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 333 പേജുകളുള്ള നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്. 399 രൂപയായിരുന്നു വില.


സൂക്ഷ്മമായ എഴുത്താണ് ശ്രീ സന്തോഷ് കുമാറിന്റേത്. നോവൽ വായിച്ചുതുടങ്ങിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അതായിരുന്നു. മികച്ച ഒരു രചന. കാമ്പുള്ള, വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ, ശ്രദ്ധയോടെ മെനഞ്ഞെടുത്ത, ധാരാളം തയ്യാറെടുപ്പുകൾ നടത്തി മിനുക്കിയെടുത്ത കഥാ പശ്ചാത്തലം. ഓരോ താളിലും അവശേഷിപ്പിക്കുന്ന സസ്പെൻസ്. ഒരു ത്രില്ലർ ഗണത്തിൽ അല്ലാതിരുന്നിട്ടും ആദ്യാവസാനം വായനക്കാരനിൽ ഒരു ആകാംക്ഷ നിലനിർത്താൻ നോവലിസ്റ്റിനായിട്ടുണ്ട്. പ്രത്യേക അഭിനന്ദനങ്ങൾ. മനസ്സിനെ ആർദ്രമാക്കുന്ന കുറച്ചു കഥാപാത്രങ്ങൾ, സ്നേഹം, ദുരൂഹമായ മനുഷ്യജീവിതം. ഇനിയുള്ള കുറച്ചുനാളുകൾ ആ വൃദ്ധൻ, തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ എന്നിൽ നിറഞ്ഞുനിൽക്കുമെന്ന് തീർച്ച. സമീപകാല രചനകളിൽ അപൂർവ്വമായി ലഭിക്കുന്ന മികച്ചൊരു കഥാപാത്രസൃഷ്ടിയാണ് ഗോപാൽ ബറുവ. 


മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലമാണ് അഭയാർത്ഥികളുടെ ജീവിതം. കൊൽക്കത്ത, അഭയാർത്ഥികൾ ഒക്കെ കണ്ടപ്പോൾ ഒരു ബുദ്ധിജീവി നോവലായിരിക്കുമോ എന്ന് ഒരുമാത്ര ശങ്കിച്ചെങ്കിലും ആ ഒരു ലെവലിലേക്ക് പോയി വെറുപ്പിക്കാതെ നോവലിസ്റ്റ് കഥ അവതരിപ്പിച്ചു. ദില്ലിയിലെ അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനായ തപോമയി ബറുവ കഥാകാരനെ കണ്ടുമുട്ടുന്നതാണ് പശ്ചാത്തലം. തപോമയിയുടെ അച്ഛന് ഗൂഢലിപികളിൽ വൈദഗ്ധ്യം ഉണ്ടെന്ന അറിവിൽ നിന്നും ആ വിഷയത്തിൽ താൽപ്പരകക്ഷിയായ കഥാകാരൻ അച്ഛനുമായി പരിചയപ്പെടുന്നു. പിന്നീട് അദ്ദേഹത്തിന്റെ - ഗോപാൽ ബറുവയുടെ ജീവിതമാണ് നോവലിൽ നിറയുന്നത്. നല്ല രീതിയിൽ, നല്ലൊരു കഥ, ഗൂഢലിപികളും, അഭയാർത്ഥികളുടെ പ്രശ്നങ്ങളുമൊക്കെ ഇടയ്ക്ക് കടന്നുവരുന്നുണ്ടെങ്കിലും ഗോപാൽ ദായുടെ ജീവിതത്തിൽ തന്നെയാണ് കഥയുടെ മൂലതന്തു. 


ബ്ലോക്ക് ബസ്റ്റർ സിനിമപോലെയല്ല തപോമയിയുടെ അച്ഛൻ എന്ന നോവൽ. നോവലിന് മാത്രം പകർന്നുനൽകാൻ സാധിക്കുന്ന മനോഹരമായ ഒരു ചിത്രീകരണമുണ്ട്. സമീപകാലത്ത്, പ്രത്യേകിച്ചും പുതിയ എഴുത്തുകാരിൽ നിന്നും ലഭിക്കാത്ത ഒരു അനുഭവമാണത്. അത് എനിക്ക് ഈ നോവലിൽ ആസ്വദിക്കാൻ പറ്റി. നിങ്ങൾ ഒരു വായനാപ്രേമിയാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ.  

No comments:

Post a Comment