വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ
2025 ൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയെന്ന നിലയിൽ ഞാൻ വളരെ ആകാംക്ഷയോടെ തേടിച്ചെന്നു വായിച്ച ഒരു പുസ്തകമാണ് ശ്രീമതി ആർ രാജശ്രീയുടെ ആത്രേയകം. 2021 ൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ രാജശ്രീയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് ആത്രേയകം. ഒരു വായനക്കാരൻ എന്ന നിലയിൽ നോവൽ ഒട്ടുമെന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പലപ്പോഴും ആശ്‌ചര്യപ്പെടുത്തുകയും ചെയ്തു. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നിയ ചില വിയോജിപ്പുകൾ ഉണ്ടായതിനാൽ സമ്മിശ്രമായ ഒരു വികാരത്തോടെയാണ് നോവൽ വായന പൂർത്തിയാക്കിയത്.
അമർ ചിത്രകഥകളിലൂടെ വന്ന മഹാഭാരതം വായിച്ചുകൊണ്ടാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. പിന്നീട് മാലിഭാരതവും സാക്ഷാൽ മഹാഭാരതവും അത്ഭുതത്തോടെയാണ് വായിച്ചു തീർത്തത്. കുട്ടിക്കാലത്തെ നിഷ്കളങ്കവും വിശ്വാസവുമൊക്കെയായി ഓരോ തവണയും ആ ഇതിഹാസത്തെക്കുറിച്ച് വിവരണാതീതമായ ഒരു ആരാധന തോന്നിയിരുന്നു. പിന്നീട് മനസ്സിലെ നിഷ്കളങ്കമൊക്കെ വറ്റിത്തീർന്നപ്പോൾ മഹാഭാരതത്തിലെ പലതിനോടും ചെറുതല്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. മഹാഭാരതത്തിന്റെ കേന്ദ്രമായി വർണ്ണിച്ചിരിക്കുന്ന കുരുവംശത്തിന്റെ ധാർമ്മികതയെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. ഏജ്‌ജാതി കുടുംബം? അച്ഛനോടുള്ള സ്നേഹം/കർത്തവ്യബോധവുമായി കല്യാണം കഴിക്കാതെ ബ്രഹ്മചാരിയായി ജീവിക്കുന്ന പിതാമഹൻ. വംശം നിലനിർത്താൻ മകന്റെ ഭാര്യമാരെ വിവാഹത്തിന് മുൻപുണ്ടായിരുന്ന രഹസ്യപുത്രന് കാഴ്ചവെക്കുന്ന ഒരമ്മ, മഹാമുനിയായ ആ മകനെ പറ്റിക്കാൻ ഇരുട്ടത്ത് ദാസിയെ കിടപ്പറയിലേക്ക് അയക്കുന്ന മരുമകൾ, ഇത് കഴിഞ്ഞുണ്ടാകുന്ന തലമുറയാകട്ടെ പാണ്ഡവർ എന്ന പാണ്ഡു പുത്രർ. പാണ്ഡുവിന് ഈ മക്കളുമായി യാതൊരു ബന്ധവുമില്ല. മത്സരത്തിൽ ജയിച്ചുനേടിയ രാജകുമാരിയെ മക്കൾ അഞ്ചുപേരും കൂടി വിവാഹം കഴിക്കുവാൻ നിർദ്ദേശിക്കുന്ന മറ്റൊരമ്മ. ഇന്നത്തെ കലികാലമല്ലല്ലോ അന്നത്തെ ദ്വാപരയുഗം. ഇന്ന് നമ്മൾ ചിന്തിക്കുന്ന പോലെ ദുഷ് ചിന്തകൾ ഇല്ലാത്ത ധർമ്മയുഗം ആയതിനാൽ ഇതൊക്കെ നടക്കുമായിരിക്കും എന്ന് വിശ്വസിച്ച് സമാധാനിച്ചിരിക്കുമ്പോഴാണ് ആത്രേയകം വായിക്കുന്നത്.
മഹാഭാരതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നതാണ് നോവലിന്റെ പ്രതിപാദ്യ വിഷയം. (ഭീമന്റെ കണ്ണിലൂടെ എം.ടി രണ്ടാമൂഴത്തിൽ പറഞ്ഞതിന്റെ വേറൊരു വേർഷൻ). നേരത്തെ എനിക്ക് സംശയങ്ങൾ എന്റെ മാത്രം സംശയങ്ങളല്ലയെന്ന് നോവൽ വായിച്ചപ്പോൾ മനസ്സിലായി. എന്താണ്? എവിടെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത്തിരി സമയമെടുത്തു. അമിഷ് എഴുതുന്ന പുരാണനോവലുകളെ പലപ്പോഴും ഓർമ്മിപ്പിച്ചെങ്കിലും വാക്കുകളിൽ സ്വന്തമായ ഒരു വ്യക്തിത്വം ആത്രേയകത്തിനുണ്ട്. വിശ്വസനീയമായ രീതിയിൽ അഗാധമായ പഠനങ്ങളുടെ പിൻബലത്തിൽ പറയുന്ന കഥ പലപ്പോഴും നമ്മെ ആശ്‌ചര്യപ്പെടുത്തും. മഹാഭാരതത്തിൽ കുരു രാജവംശത്തിന്റെ തലസ്ഥാനമായ ഹസ്തിനപുരിക്കും പാഞ്ചാലത്തിനും ഇടയിലുള്ള ഒരു ഗ്രാമമാണ് ആത്രേയകം. കഥയെക്കുറിച്ച് ഞാൻ വിശദമാക്കുന്നില്ല. മഹാഭാരതം കഥ തന്നെ. അത് വേറൊരു കണ്ണിലൂടെ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കലികാലത്തിൽ നടക്കുന്ന ഒരു മഹാഭാരതം. അല്ലെങ്കിൽ കലികാലത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുമോ അതുപോലെ പെരുമാറുന്ന മഹാഭാരതം കഥാപാത്രങ്ങൾ.
വ്യക്തിപരമായ ചില വിയോജിപ്പുകൾ എനിക്കുണ്ടെന്ന് പറഞ്ഞല്ലോ. മഹാഭാരതത്തിൽ നായകസ്ഥാനത്തുള്ള എല്ലാത്തിനെയും പ്രതിനായകസ്ഥാനത്ത് കൊണ്ടുവരാൻ മനഃപൂർവ്വം ശ്രമിച്ചത് പോലെ തോന്നി. ആണത്തമില്ലാത്ത ഭീഷ്മർ, ലോക തോൽവി അർജുനൻ, തുടങ്ങി എല്ലാം നെഗറ്റിവ് അടിക്കാൻ ശ്രമിച്ചത് ഏച്ചുകെട്ടൽ പോലെ തോന്നി.
എന്തായാലും 2024 ജൂണിൽ മാതൃഭൂമി പുറത്തിറക്കിയ നോവലിന്റെ 2025 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച 33 ആമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവലിന്റെ സ്വീകാര്യത വ്യക്തമാണ്. 391 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 450 രൂപയായിരുന്നു.
തികച്ചും വ്യക്തിപരമായി ഞാൻ പറഞ്ഞ വിയോജിപ്പുകൾ മാറ്റിനിർത്തിയാൽ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ആത്രേയകം

No comments:
Post a Comment