Wednesday, June 24, 2026

വായനാനുഭവം - 9mm ബെരേറ്റ - വിനോദ് കൃഷ്ണ (Book Review : 9mm Bareta by Vinod Krishna)

വായനാനുഭവം - 9mm ബെരേറ്റ - വിനോദ് കൃഷ്ണ  



ഗാന്ധിവധം പശ്ചാത്തലമാക്കി ഒരു നോവൽ. അതാണ് ശ്രീ വിനോദ് കൃഷ്ണ എഴുതിയ "9mm ബെരേറ്റ". പൂർണ്ണമായും ഒരു രാഷ്ട്രീയ നോവലാണ് 9mm ബെരേറ്റ. പക്ഷെ ഒരു പുതിയ നോവലിസ്റ്റിൽ നിന്നും പ്രതീക്ഷിക്കാവുന്നതിന്റെ പതിന്മടങ്ങാണ് ഈ നോവലിൽ ശ്രീ വിനോദ് കൃഷ്ണ നൽകിയിരിക്കുന്നത്. ഒരേ സമയം ചിന്തിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യിക്കുന്ന നോവൽ. സമീപകാലത്ത് ഇത്തരത്തിൽ ഒരെണ്ണം വായിച്ചിട്ടില്ലെന്ന് പറയാം. രാഷ്ട്രീയ നോവലായതുകൊണ്ടുതന്നെ ഈ നോവൽ മുന്നോട്ടുവെക്കുന്ന പ്രമേയത്തെ എതിർക്കുന്നവർ ഉണ്ടാകാം. പക്ഷെ രാഷ്ട്രീയത്തിനതീതമായി ഒരു മലയാളി/ഭാരതീയൻ വായിച്ചിരിക്കേണ്ട ഒരു നോവലാണെന്ന തോന്നലാണ് എനിക്ക് അത് വായിച്ചപ്പോൾ തോന്നിയത്. 


കുഞ്ഞുനാളിൽ ഗാന്ധി അപ്പൂപ്പനെക്കുറിച്ച് പഠിച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു ഗാന്ധിവധം. ഗാന്ധിയെപ്പോലെ ഒരു മഹാത്മാവിനെ എങ്ങനെ? എന്തിന്? വധിച്ചു. അതും ഒരു ഇന്ത്യക്കാരൻ. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നതെന്ന് അന്ന് പഠിച്ചു. മതഭ്രാന്തൻ എന്നാൽ എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്തോ ഒരു ഭ്രാന്തൻ ആണെന്ന് മാത്രം മനസ്സിലാക്കി. പിന്നീട് ഗാന്ധിവധത്തിന് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഏറെ വായിച്ചിട്ടുണ്ട്. ധാരാളം സിനിമകൾ കണ്ടിട്ടുണ്ട്. ഏകപക്ഷീയമായി എതിർക്കപ്പെടേണ്ട ഒരു ക്രൂരകൃത്യമാണ് നടന്നതെങ്കിലും അതിനെ ന്യായീകരിക്കുന്നതും ഗോഡ്‌സെയെ ആരാധിക്കുന്നതും ഒരൽപം ആശങ്കയോടെ കാണാൻ തുടങ്ങി. ഗാന്ധി വധത്തെയും അതിന്റെ പശ്ചാത്തലത്തെയും ഒരു സിനിമയിൽ കാണുന്ന തന്മയത്വത്തോടെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. സ്വാതന്ത്രഭാരതത്തിലെ ആദ്യ തീവ്രവാദികളുടെ ജീവിതവും ആധുനിക കാലത്ത് ആ മനസ്ഥിതിയുള്ള മതഭ്രാന്തരുടെ ജീവിതവും ഇടകലർത്തിയുള്ള ഒരു അവതരണമാണ് നോവലിൽ. 


ആരാണ് ഗോഡ്‌സെ? ആരാണ് നാരായൺ ആപ്‌തെ? എന്ന് ഇത്രയും സിനിമാറ്റിക് ആയി ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല. ഇതിൽ ഭാവന അഥവാ ഫിക്ഷൻ ഉണ്ടെന്ന് സങ്കല്പിക്കാനേ സാധിക്കാത്ത രീതിയിൽ, അവരുടെ കൂടെ സഞ്ചരിച്ച ഒരാൾ കണ്ടറിഞ്ഞ കാര്യങ്ങൾ എന്നപോലെയാണ് നോവലിലെ അവതരണം. അവരുമായി ബന്ധപ്പെട്ടുള്ള ഓരോ ആളുകളെയും സ്ഥലങ്ങളെയും വസ്തുക്കളെയും വിശദമായി അവതരിപ്പിക്കുന്നതിനായി നോവലിസ്റ്റ് നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഓരോ വരിയിലും വായിച്ചറിയാം. ഗോഡ്സെയ്ക്കും ആപ്തെക്കും സമാന്തരമായി ആധുനിക ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി രണ്ട് യുവാക്കളുടെ കഥയും പറഞ്ഞുപോകുന്നുണ്ട്. ഇതിൽ ഗോഡ്സെയെയും ആപ്തെയെയും കേന്ദ്രീകരിച്ചാണ് കഥ. അവരാണ് നായകർ, അവരുടെ ചിന്തകളും അവരുടെ ശരിയുമാണ് നോവലിൽ. ഒരിടത്തും അവരെ കുറ്റക്കാരായി, വില്ലന്മാരായി അവതരിപ്പിക്കുന്നില്ല. പക്ഷെ നമ്മൾ ഓരോ പേജിലും അസ്വസ്ഥരാകും. അതിനുള്ളതെല്ലാം നോവലിസ്റ്റ് കരുതിവെച്ചിട്ടുണ്ട്. 

ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നുണ്ട്. ആധുനിക ഇന്ത്യ നേരിടുന്ന മഹാവിപത്ത് ഔദ്യോഗികമായ ബോധമലിനീകരണമാണ്. ഈ രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്ത് മൗലികമായ രാഷ്ട്രീയപ്രവർത്തനമായി മാറേണ്ടതുണ്ട്. കലയുടെ സൗന്ദര്യം ഹനിക്കാതെ അത് സാധ്യവുമാണ്. അക്ഷരാർത്ഥത്തിൽ ആ വാക്കുകളോട് നീതി പുലർത്തുന്നതാണ് ശ്രീ വിനോദ് കൃഷ്ണയുടെ 9mm ബെരേറ്റ


2022 ആഗസ്റ്റിൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2023 നവംബറിൽ പുറത്തിറങ്ങിയ നാലാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 494 പേജുകളുള്ള ഈ നോവലിന്റെ വില 550 രൂപയാണ്. 


രാഷ്ട്രീയം എത്തുമായിക്കൊള്ളട്ടെ, നമ്മുടെ ഇന്നലെകളെ അറിയുവാൻ ആഗ്രഹിക്കുന്നവർ, നമ്മുടെ നാളെകളെക്കുറിച്ച് പ്രതീക്ഷകൾ ഉള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ 

No comments:

Post a Comment