Sunday, August 16, 2026

വായനാനുഭവം - പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം - ഗബ്രിയേൽ ഗാർസിയ മാർക്കസ് (Book Review - Chronicles of a death foretold by Gabriel Garcia Marques)

വായനാനുഭവം - പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം - ഗബ്രിയേൽ ഗാർസിയ മാർക്കസ് 



ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരിൽ ഒരാളായ ഗബ്രിയേൽ ഗാർസിയ മാർക്കസ് എഴുതിയ ചെറിയൊരു നോവലാണ് പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം. വെറും 111 പേജുകൾ മാത്രമുള്ള ഒരു ചെറിയൊരു നോവൽ. കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു പട്ടണത്തിൽ നടക്കുന്ന കൊലപാതകമാണ് നോവലിന്റെ ഇതിവൃത്തം. 


പട്ടണത്തിൽ താമസിക്കുന്ന സാന്റിയാഗോ നാസർ എന്ന അറബ് വംശജൻ സമീപ വാസികളായ രണ്ട് ഇരട്ട സഹോദരന്മാരാൽ ക്രൂരമായി കൊലചെയ്യപ്പെടുന്നു. അതിന് മുന്നേ ദിവസമായിരുന്നു ഇരട്ടകളുടെ സഹോദരിയെ ആ പട്ടണത്തിൽ വന്നു താമസിക്കുന്ന ഒരു ധനികയുവാവ് വിവാഹം ചെയ്തത്. പട്ടണം കണ്ടിട്ടില്ലാത്ത വിധം ആഡംബരമായൊരു വിവാഹമായിരുന്നു അത്. ആ ആഘോഷം തീരുന്നതിന് മുന്നേ വധുവിനെ വരൻ വീട്ടിൽ കൊണ്ടുവന്ന് ആക്കുന്നു. കാരണം അവൾ കന്യക അല്ലായിരുന്നു. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ അതിന് കാരണമായി  അവൾ പറയുന്നത് സാന്റിയാഗോയുടെ പേര് ആയിരുന്നു. കുടുംബത്തിന് ഉണ്ടായ മാനഹാനിക്ക് പകരം ചോദിക്കാൻ പോയ സഹോദരർ തങ്ങൾ അവനെ കൊല്ലാൻ പോവുകയാണെന്ന വിവരം എല്ലാവരോടും വിളിച്ചു പറയുന്നു. മിക്കവരും അത് മദ്യലഹരിയിലുള്ള പുലമ്പലായി കരുതി, ചിലർ സാന്റിയാഗോയ്ക്ക് മുന്നറിയിപ്പ് നൽകണമെന്ന് കരുതി. ചിലർ കരുതി സാന്റിയാഗോ അറിഞ്ഞുകാണുമെന്ന്. എന്തായാലും ആ പട്ടണത്തിൽ സാന്റിയാഗോ ഒഴിച്ച് ബാക്കി ആരും ആ സംഭവം അറിഞ്ഞില്ല. അവൻ അറിഞ്ഞപ്പോഴേക്കും വളരെ താമസിച്ചു പോയി. കൊലയാളികളിൽ നിന്നും രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയ അവന്റെ മുന്നിൽ വീടിന്റെ വാതിൽ അടഞ്ഞു കിടന്നു. കൊലവിളി അറിഞ്ഞ അമ്മ കരുതിയത് മകൻ അകത്ത് ഉണ്ടാകുമെന്നാണ്. മകനെ രക്ഷിക്കാൻ ആണവർ വാതിലടച്ചിട്ടത്. അതി ക്രൂരമായി സാന്റിയാഗോ കൊല ചെയ്യപ്പെടുന്നു. 


ഇത്രയും കാര്യങ്ങളാണ് നോവലിൽ വിശദീകരിച്ചിരിക്കുന്നത്. ഉള്ളത് പറഞ്ഞാൽ എന്റെ കപ്പിലെ കോഫി അല്ല ഈ ലാറ്റിനമേരിക്കൻ നോവലുകൾ. കോളറക്കാലത്തെ പ്രണയവും ഏകാന്തതയുടെ നൂറ് വർഷങ്ങളും എന്തിനേറെ ആൽക്കെമിസ്റ്റ് പോലും എനിക്ക് അത്ര ദഹിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് ഇത്രയധികം വിറ്റഴിക്കപ്പെടുന്ന എന്നതിലാണ് സത്യത്തിൽ എന്റെ അത്ഭുതം. എനിക്ക് തോന്നിയത് ഇത് എന്റെ കുഴപ്പം തന്നെ ആണെന്നാണ്. പിന്നീട് ഒരു കാരണം ഞാൻ വായിച്ച മലയാളം പതിപ്പുകളുടേതാകാം. അത്ര വെറുപ്പിക്കൽ തർജ്ജിമ ആയി പലപ്പോഴും ഇവയെല്ലാം അനുഭവപ്പെട്ടു. ഇതൊന്നും നേരിട്ട് തർജ്ജിമ ചെയ്യപ്പെട്ടവയല്ലല്ലോ. ഒറിജിനൽ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും അതിൽ നിന്നും മലയാളത്തിലേക്കും തർജ്ജിമ ചെയ്തത് കൊണ്ടാവാം ആ ഒരു പോരായ്മ വന്നത്. 


ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ വില 130 രൂപ.  

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ (Book Review - Maranavamsham by P V Shajikumar)

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ



കേരളത്തിന്റെ വടക്കേ അതിർത്തി ഗ്രാമമായ ഏർക്കാന എന്ന പ്രദേശത്തെ ആളുകളുടെ ജീവിതവും പകയും പ്രതികാരവുമൊക്കെ അണിനിരത്തി ശ്രീ പി.വി ഷാജികുമാർ  എഴുതിയ നോവലാണ് 'മരണവംശം'. തലമുറകളായി കൈമാറി പോകുന്ന കുടിപ്പക. വാളെടുത്തവൻ വാളാൽ തീരുമെന്ന ലോകതത്ത്വം. ഇതാണ് നോവലിന്റെ ഉള്ളടക്കമെന്ന് ചുരുക്കി പറയാം. 


സമീപകാലത്ത് തന്നെ ഇറങ്ങിയ ശ്രീ കെ.എൻ പ്രശാന്ത് എഴുതിയ പൊനം എന്ന നോവലിനും ഇതേ കഥാപശ്ചാത്തലവും ഇതിവൃത്തവുമായതിനാൽ ഒറ്റവാക്കിൽ കേട്ടാൽ അതുതാൻ അല്ലയോ ഇത് എന്ന് വർണ്ണ്യത്തിൽ ആശങ്കയുണ്ടായേക്കാം. എന്നാൽ ഈ സാമ്യങ്ങൾ മാറ്റിനിർത്തി വ്യത്യസ്തമായ കഥകളാണ് ഈ നോവലിസ്റ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഏർക്കാനയിലെ മൂന്ന് തലമുറകളുടെ കഥയാണ് മരണവംശം പറയുന്നത്. കാട് വെട്ടിത്തെളിച്ച് പൊനം കൃഷി ചെയ്തു ജീവിതം പുലർത്തുന്ന പച്ചയായ മനുഷ്യരുടെ കഥ. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും റാക്കും കോഴിപ്പോരും അവതരിപ്പിച്ച് തുടങ്ങുന്ന കഥ പെണ്ണിലേക്കും കാമനയിലേക്കും കടക്കുന്നതോടെ സ്വാഭാവികമായും പകയും പ്രതികാരവും കൂടെ കടന്നുവരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ മമ്മൂട്ടി ചിത്രം വിധേയനും ഭാസ്ക്കരപ്പട്ടേലരെയും ഓർമ്മിപ്പിക്കുന്ന ജന്മിമാർ. സഹോദരങ്ങളുടെ മക്കളായി പിറന്നവർ തമ്മിൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന പകയിലേക്ക് രാഷ്ട്രീയം എണ്ണകോരിയൊഴിക്കുന്നതോടെ ഗ്രാമത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്നു. 


ആണുങ്ങൾ തമ്മിലുള്ള പകയുടെ ഇടയിൽ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ നോവലിലുടനീളം കാണാം. പ്രത്യേകിച്ചും തമ്മിൽ അന്യോന്യം വാളെടുത്തു നിൽക്കുന്ന പേരക്കിടാങ്ങളുള്ള കുഞ്ഞമ്മാർ. ഭാസ്‌ക്കരനെ പ്രണയിച്ച നളിനി. തുടങ്ങി പുരുഷ കേന്ദ്രീകൃതമായ കഥയാണെങ്കിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. 


കന്നഡ കലർന്ന മലയാളം ആണ് കഥയിലുടനീളം. കഥാ പശ്ചാത്തലവും ആചാരങ്ങളുമൊക്കെ വടക്കേ മലബാറിലെ ആയതിനാൽ പലപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിക്കേണ്ടതായി വരുന്നുണ്ട്. പക്ഷെ ആ ഭാഷയും പ്രയോഗങ്ങളും പ്രാദേശികമായ ഒരു സൗന്ദര്യം നോവലിന് നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.


കുടിപ്പക, പ്രതികാരം തുടങ്ങിയവ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മേടിക്കാവുന്ന നോവലാണ് മരണവംശം. എല്ലാവർക്കും ദഹിക്കണമെന്നുമില്ല. 


മാതൃഭൂമി ബുക്ക്സ് 2024 ജൂണിൽ പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ജനുവരിയിൽ പുറത്തിറങ്ങിയ പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. നോവലിന്റെ സ്വീകാര്യത അത് സൂചിപ്പിക്കുന്നു. 318 പേജുകളുള്ള പുസ്തകത്തിന്റെ വില 420 രൂപ. 


Saturday, August 8, 2026

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ (Book Review - Korappappanu Sthuthiyayirikkatte by T D Ramakrishnan)

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ  



ടി.ഡി.രാമകൃഷ്ണന്റെ സൂപ്പർഹിറ്റ് ആയ നോവൽ "ഫ്രാൻസിസ് ഇട്ടിക്കോര" യുടെ രണ്ടാം ഭാഗമാണ് 2026 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ". മുൻപ് ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ എനിക്ക് തോന്നിയ നല്ല വശങ്ങളും പോരായ്മകളും മുൻപ് ഒരു ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. ഇട്ടിക്കോര അവസാനിച്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അതും 2020 ന് ശേഷം നടക്കുന്ന കാര്യങ്ങളാണ് കോരപ്പാപ്പനിൽ പരാമർശിച്ചിരിക്കുന്നത്. 


സോഷ്യൽ മീഡിയയും ഇന്റർനെറ്റും നോവൽ ആവശ്യങ്ങൾക്ക് ഏറ്റവും ബുദ്ധിപരമായി ഉപയോഗിക്കുന്ന മലയാളം എഴുത്തുകാരനാണ് ശ്രീ ടി.ഡി.രാമകൃഷ്ണനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ നോവലും ആ വിശ്വാസത്തിന് അടിത്തറയിടുന്നു. ജെൻസികളുടെ ജീവിതവും ശൈലികളും നന്നായി നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ കെ പോപ്പിലെ വരികൾ വരെ പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. 


നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ആദ്യഭാഗം വായിച്ചവർക്കുള്ളതാണ് രണ്ടാം ഭാഗമായ കോരപ്പാപ്പൻ. ഇട്ടിക്കോരയെ വായിക്കാതെ കോരപ്പാപ്പന് വായിക്കാൻ പോയാൽ ഒട്ടും ദഹിക്കണമെന്നില്ല. കോരപ്പാപ്പന്റെ ഉയർത്തെഴുന്നേൽപ്പും പതിനെട്ടാംകൂറ്റുകാർ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതുമാണ് ഇതിവൃത്തം. ആദ്യഭാഗം പോലെ വയലൻസിനും ലൈംഗികതയ്ക്കും കുറവൊന്നുമില്ല. ആദ്യഭാഗത്തിൽ വെറുപ്പിച്ച കണക്കിന്റെ അതിപ്രസരം ഒഴിവാക്കിയതിനാലാവാം കുറച്ചുകൂടി എൻഗേജിങ് ആയി തോന്നി. തികച്ചും സിനിമാറ്റിക് ആയ അവതരണം. ചിലതൊക്കെ വായിക്കുമ്പോൾ നമ്മുക്ക് ടി.ജി രവിയെപ്പോലുള്ള ചില മലയാളം സിനിമ നടന്മാരെ ഓർമ്മവരുക പോലും ചെയ്യും. 


ആദ്യഭാഗത്തിന് ഒരു പോരായ്മയായി എനിക്ക് തോന്നിയത് പെട്ടെന്ന് കഥ അവസാനിപ്പിച്ചു എന്നതായിരുന്നു. അതിനേക്കാൾ വളരെ മോശമായ രീതിയിലാണ് കോരപ്പാപ്പന്റെ കഥ അവസാനിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. 422 പേജുകളാണ് നോവലിനുള്ളത്. അതി ഗംഭീരമായി വായിച്ചുപോരുന്ന നോവൽ ഏകദേശം 400 പേജിനോട് അടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ടെൻഷൻ ഉടലെടുക്കാൻ തുടങ്ങും, ഇനിയുള്ള പേജുകൾ മതിയാകുമോ ഇതിന്റെ ക്ലൈമാക്സ് വർണ്ണിക്കുവാൻ എന്ന്. ഓരോ പേജ് കഴിയുന്തോറും ആ ആകാംക്ഷ കൂടിക്കൂടി വരും. 420 പേജ് ആയപ്പോൾ പോലും എനിക്ക് ഒരു പിടിയും കിട്ടിയില്ല രണ്ട് പേജുകൾ വെച്ച് ഇത് എങ്ങനെ നോവലിസ്റ്റ് അവസാനിപ്പിക്കുമെന്ന്. ആ ആശങ്ക വെറുതെയായില്ല. ഇനി ഒരു പേപ്പർ കൂടുതൽ എടുത്താൽ ഞങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ഭീഷണിപ്പെടുത്തിയെന്ന് തോന്നുന്നപോലെ കഥ അങ്ങോട്ട് അവസാനിപ്പിച്ചു. അതുവരെ ഓരോ ചെറിയ സംഭവങ്ങളും സിനിമയിൽ കാണുന്നത് പോലെ വർണ്ണിച്ചിരുന്ന ആൾ, ക്ലൈമാക്സ് "അവസാനം വില്ലന്മാരെ എല്ലാം നായകനും കൂട്ടുകാരും കൂടി അടിച്ചു പഞ്ചറാക്കി വിജയിച്ചു" എന്ന് പറയുംപോലെ കഥ അവസാനിപ്പിച്ചു.


ആ ഒരു പോരായ്മയൊഴിച്ചാൽ നല്ലൊരു വായനാനുഭവം തന്നെയായിരുന്നു കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ. നല്ല റിയലിസ്റ്റിക്കായി അവതരണം. എഴുത്തിന്റെ പാതയിൽ മിനിമം ഗ്യാരന്റിയുള്ള ഒരു നിലവാരം സൂക്ഷിക്കുന്ന എഴുത്തുകാരനാണ് ശ്രീ, ടി.ഡി. രാമകൃഷ്ണൻ. ആ ഒരു വിശ്വാസം കാത്തുസൂക്ഷിക്കാൻ കോരപ്പാപ്പനിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.