Sunday, September 27, 2026

കള്ളക്കടൽ

കള്ളക്കടൽ  



കഴിഞ്ഞ ദിവസം രാവിലെ ഗേറ്റിൽ നിന്നും പത്രമെടുക്കാൻ പോയപ്പോൾ പാലുകാരൻ പവിത്രൻ ചേട്ടൻ പാലുമായി എത്തി. ചേട്ടനുമായി വിശേഷം പറഞ്ഞു നിൽക്കുമ്പോൾ റോഡിലൂടെ ബൈക്കിൽ കുറച്ചു പയ്യന്മാർ പടിഞ്ഞാറേക്ക് പാഞ്ഞു പോകുന്നത് കണ്ടു. ഫിഷ് ലാന്റിങ് സെന്ററിൽ മീൻ വാങ്ങാൻ പോകുന്നതായിരിക്കും. പക്ഷെ ഇത്രയും നേരത്തെ? വള്ളങ്ങൾ മീനുമായി വരാൻ സമയം ആകുന്നതേ ഉള്ളൂ. ചില ദിവസങ്ങളിൽ ഞാനും പോകാറുണ്ട്. ഈ പയ്യന്മാരെ പക്ഷെ ഇവിടെയൊന്നും കണ്ടിട്ടില്ല.!. എന്റെ മനസിലെ ചിന്തകൾ അറിഞ്ഞിട്ടായിരിക്കും, പവിത്രൻ ചേട്ടൻ ഇലക്ട്രിക് സ്കൂട്ടർ മുന്നോട്ട് എടുത്തുകൊണ്ട്  പറഞ്ഞു.

"കള്ളക്കടൽ കാണാൻ പോകുന്നതാ. രാവിലെ മുതൽ കുറെയെണ്ണം പോകുന്നത് കണ്ടു."

അപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഏഷ്യൻ ഗെയിംസ് ഹൈലൈറ്റ്സ് കണ്ടുകൊണ്ടിരിക്കുമ്പോൾ മൊബൈൽ, ഷോക്കടിക്കുമ്പോൾ ഉണ്ടാകുന്ന പോലെ വിറവലോടെ വൃത്തികെട്ട ഒരു ശബ്ദം പുറപ്പെടുവിച്ച സംഭവം ഓർത്തത്. റിങ് ടോണുമല്ല, മെസേജ് അലെർട്ടുമല്ല, അലാറമുമല്ല. പിന്നെ ഈ അസമയത്ത് ഇതെന്ത് കുന്തമാണെന്നോർത്ത് മൊബൈൽ എടുത്തുനോക്കിയപ്പോഴാണ് കള്ളക്കടൽ അലർട്ട് ആണെന്ന് കണ്ടത്. രണ്ടു ദിവസം കേരള കടൽ തീരത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാൻ സാധ്യത ഉണ്ടത്രേ. മെസേജ് വിട്ടിരിക്കുന്നത് ചില്ലറക്കാരല്ല. സുനാമി മുന്നറിയിപ്പ് ഒക്കെ നൽകുന്ന കേന്ദ്ര ഏജൻസിയായ ഇൻകോയിസ് ഇൻ അസോസിയേഷൻ വിത്ത് കേരളാ ദുരന്ത നിവാരണ അതോറിറ്റി. അത്ര പ്രാധാന്യമുള്ള ദുരന്തമുന്നറിയിപ്പ് കിട്ടിയ സന്തോഷത്തിൽ കൊച്ചുവെളുപ്പാൻകാലത്ത് കാണാൻ പോകുന്നവന്മാരാണ് ആ പോയത്. ആ ദുരന്തങ്ങളെ കണ്ടതോടെ എന്റെ മനസ്സിൽ 22 വർഷം മുൻപ് ഉണ്ടായ സുനാമിയുടെ ഓർമ്മകൾ അലയടിച്ചെത്തി. 

കൂട്ടുകാരുമായി കുന്തളിച്ച് നടന്ന കാലം. ക്രിസ്‌മസ്‌ എന്നും ആഘോഷങ്ങളുടെ രാവാണ്. കൂട്ടുകാരുമായി കരോളിനൊക്കെ പോയിരുന്ന കാലത്തിൽ നിന്നും വട്ടംകൂടിയിരുന്ന് ചിക്കനും ചുട്ട് ലഹരിയും നുണഞ്ഞ് നേരം വെളുപ്പിക്കുന്ന കാലത്തിലേക്ക് ഞങ്ങൾ കടന്നിരുന്നു. അത്തരം ആഘോഷങ്ങൾ മിക്കവാറും ഞങ്ങളിൽ ആരുടെയെങ്കിലും പറമ്പിലായിരിക്കും. തലയ്ക്കൊരു അമല് കിട്ടിക്കഴിഞ്ഞാൽ പിന്നെ വരുന്ന എല്ലാ കരോളുകാരുടെയും കൂടെ തുള്ളിയും ടേപ്പ് റിക്കാർഡറിൽ ഉച്ചത്തിൽ പാട്ട് വെച്ച് 90 കിഡ്സ് ന്റെ ഡിജെ ആഘോഷിച്ചും സമയം കളയും.  പള്ളിയിൽ പാതിരാകുർബാനയുടെ മണി മുഴങ്ങിക്കഴിയുമ്പോൾ എല്ലാവരുകൂടെ നേരെ കടപ്പുറത്തേക്ക് പോകും. പിന്നുള്ള ആഘോഷം അറബിക്കടലിനെ സാക്ഷിയാക്കി. അപ്പോഴേക്കും കൂട്ടത്തിൽ ദുർബലർ ഓരോരുത്തരായി വാളുവെച്ച് കീഴടങ്ങി തുടങ്ങിയിരിക്കും. അങ്ങനെ ആ രാത്രിയിലും ആഘോഷമെല്ലാം കഴിഞ്ഞ് വീടണയുമ്പോൾ തിരുപ്പിറവിയുടെ ആഘോഷമെല്ലാം കഴിഞ്ഞ് പള്ളിയും പൂട്ടി കപ്യാർ അന്തോണി ചേട്ടൻ വരെ ഉറക്കം പിടിച്ചിരുന്നു.


എത്ര താമസിച്ച് കിടന്നാലും പിറ്റേന്ന് രാവിലെ ആറരയ്ക്ക് ഞാൻ അലാറം വെച്ച് എഴുന്നേൽക്കും. സ്റ്റഡി ലീവാണെങ്കിലും നാട്ടിൽ വന്നാൽ പുസ്തകം കൈകൊണ്ട് തൊടുന്ന പതിവില്ല. ഇത് അതിനല്ല. ഡിസംബർ 26 ഇന്ത്യ ആസ്‌ട്രേലിയ ബോക്സിങ് ഡേ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്ന ദിവസം. സച്ചിനും സെവാഗും ദ്രാവിഡും ഗാംഗുലിയും കുംബ്ലെയും  ലക്ഷ്മണുമൊക്കെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം പോണ്ടിങ്ങും ഗിൽക്രിസ്റ്റും ഹെയ്ഡനും മക്ഗ്രാത്തും വോണുമൊക്കെയുള്ള ആസ്ട്രേലിയയോട് ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് രക്തത്തിലലിഞ്ഞ ഒരു 90 കിഡിനും കിടന്നുറങ്ങാൻ സാധിക്കില്ല. തലേന്നത്തെ ആഘോഷത്തിന്റെ കെട്ട് വിട്ടിട്ടില്ല. വന്ന് ടിവി ഓണാക്കി. സ്റ്റാർ സ്പോർട്സ് വെക്കണം. ഓൺ ആക്കുമ്പോൾ വരുന്ന ചാനൽ ഏഷ്യനെറ്റ് ന്യൂസ് ആണ്. ചാനൽ മാറ്റാൻ തുനിഞ്ഞപ്പോൾ എന്തൊക്കെയോ ന്യൂസ് എഴുതിക്കാണിക്കുന്നു. "തമിഴ്‌നാട്ടിൽ കടൽ കയറി ചെന്നൈയിൽ മറീന ബീച്ചിൽ നടക്കാൻ പോയവരെ കാണുന്നില്ല." "വേളാങ്കണ്ണി പള്ളിയിൽ തിരമാല അടിച്ചുകയറി പള്ളിയിൽ മലയാളികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു" കേരളാ തീരത്തും തിരമാല അടിച്ച് കൊല്ലത്ത് ആളുകൾ ഒഴുകിപ്പോയി. ലോകം നടുങ്ങിയ സുനാമിയുടെ വാർത്തകളുടെ തുടക്കമായിരുന്നു അത്. 

സംഭവബഹുലമായിരുന്നു ആ ദിവസം. വാർത്തകളിൽ നിന്നും സംഭവത്തിന്റെ ഭീകരത മനസ്സിലാക്കിയ ഞാൻ സൈക്കിളെടുത്ത് നേരെ കടപ്പുറത്തുള്ള ഷിബുവിന്റെ വീട്ടിലേക്ക് പാഞ്ഞു. (അന്ന് വിളിച്ചു തിരക്കാൻ എല്ലാവരുടെ കയ്യിലും മൊബൈൽ എത്തിയിട്ടില്ല). രാവിലെ അപ്രതീക്ഷിതമായി തിരമാല കരയിലേക്ക് അടിച്ചുകയറിയത്രേ. കരയിൽ നിരന്നുകിടന്നിരുന്ന വള്ളങ്ങൾ ഒഴുകിപ്പോകാൻ തുടങ്ങിയപ്പോൾ കണ്ടവർ ഉച്ചത്തിൽ അലറിവിളിച്ചുകൊണ്ട് അത് പിടിച്ചു കെട്ടിയിടാൻ ഓടിയെത്തി. പക്ഷെ തലേന്നത്തെ ആഘോഷങ്ങളുടെ ക്ഷീണത്തില്‍ കിടക്കുന്ന ചേട്ടന്മാര്‍ എവിടുന്നു കേള്‍ക്കാന്‍. അവസാനം സമീപത്തെ വീടുകളില്‍ രാവിലെ കറിക്ക് അരച്ചുകൊണ്ട് നിന്ന ചേച്ചിമാര്‍ ആണ് ഓടി വന്നു ഒഴുകി പോകാന്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചു വെച്ചത്. സുനാമിയുടെ ഒരു സൗമ്യരൂപമാണ് തങ്ങളുടെ മുന്നിലെന്ന് മനസിലായില്ലെങ്കില്‍ക്കൂടെ അവര്‍ അന്ന് കാണിച്ച ആ ധൈര്യം കാരണം കുറെ കുടുംബങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടില്ല. ഷിബുവുമായി ഞാന്‍ കടപ്പുറത്ത് ചെന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിഞ്ഞില്ല. കടല്‍തീരം മൊത്തത്തില്‍ നനഞ്ഞ പോലെ തോന്നി. അവിടെ മുഴുവന്‍ കടല്‍ ജലം ആയിരുന്നെന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു അറിഞ്ഞു. ഇന്നലെ ഞങ്ങള്‍ ക്രിസ്മസ് ആഘോഷിച്ച സ്ഥലം നനഞ്ഞു കിടക്കുന്നത് ചെറിയ ഉള്‍ക്കിടിലത്തോടെ ആണ് കണ്ടത്. ആഘോഷം കഴിഞ്ഞു വലിച്ചു എറിഞ്ഞ കുപ്പിക്കൊപ്പം കഷ്ട്ടപെട്ടു വെച്ച വാളും സുനാമി കൊണ്ട് പോയി എന്നറിഞ്ഞതോടെ എന്റെ ഉള്ളില്‍ ഒരു സുനാമി അടിച്ചു. 


ഉച്ചയോടു കൂടി രംഗം മുഴുവന്‍ മാറി. ഇനിയും സുനാമി ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത‍ ടി വി യില്‍ തുടര്‍ച്ചയായി വന്നു തുടങ്ങി. കലവൂരുള്ള ബീവറേജസില്‍ അന്ന് ഉണ്ടായ പോലൊരു റിക്കാർഡ് വിൽപ്പന പിന്നീട് ഒരു ഉത്സവ നാളിലും ഉണ്ടായിട്ടില്ല. ലോകം അവസാനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മിച്ചം ഇരുന്ന കാശിനും കുപ്പി മേടിക്കാനുള്ള നെട്ടോട്ടം. ഇനി കുടിക്കാന്‍ പറ്റിയില്ലെങ്കിലോ!. കടലിനോട് ചേർന്ന് വീടുള്ളവർ എല്ലാം കിഴക്കുള്ള ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. കയ്യിൽ കിട്ടിയതൊക്കെ വാരിക്കെട്ടി അഭ്യാർത്ഥികളെപ്പോലെ ഒരു ജനത കിട്ടിയ വണ്ടികളിലും നടന്നും സുരക്ഷിതമായ വീടുകൾ തേടി പോകുന്ന കാഴ്ച ഭീകരമായിരുന്നു. തോട്ടപ്പള്ളി പാലത്തിന് മുകളിൽ വെള്ളം കയറിയതിനാൽ അതുവഴി ഗതാഗതം നിരോധിച്ചതോടെ തണ്ണീർമുക്കം ബണ്ടിലും എസി റോഡിലും വാഹനങ്ങൾ നിറഞ്ഞു. വണ്ടിയുള്ളവരൊക്കെ ആലപ്പുഴ വിട്ട് കിഴക്കൻ ജില്ലകളിലേക്ക് പായുന്ന തിരക്ക്. വൈകുന്നേരം ആയതോടെ ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജീപ്പിൽ മൈക്ക് കെട്ടി റോന്ത് ചുറ്റൽ ആരംഭിച്ചു. സ്ത്രീകളും കുട്ടികളും പള്ളിയിലും ആണുങ്ങൾ റോഡിലും തടിച്ചുകൂടി. തീരദേശ റോഡിന് പടിഞ്ഞാറുള്ള വീടുകളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് നിർദ്ദേശം വന്നതോടെ പരിചയക്കാരൊക്കെ ഞങ്ങളുടെ വീട്ടിലും എത്തി. 


സെന്റ് ജൂഡ് ബസ് അന്ന് പാർക്ക് ചെയ്തിരുന്നത് ഡ്രൈവർ ബിജുവിന്റെ അടുത്തായിരുന്നു. കിലോമീറ്ററുകൾ കടൽ കയറാൻ സാധ്യതയുണ്ടെന്ന് കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഞങ്ങളുടെ വീടും പള്ളിയും ഒന്നും സുരക്ഷിതമല്ല. ആളുകളെ 4 കിലോമീറ്റർ അപ്പുറത്തുള്ള കലവൂരിലേക്ക് മാറ്റണമെന്ന് അറിയിപ്പ് വന്നതോടെ ബിജു ബസ് എടുത്തു. പെണ്ണുങ്ങളും കുട്ടികളുമായി സെന്റ് ജൂഡ് കലവൂരിലേക്ക് നിർത്താതെ ട്രിപ്പടിച്ചു. അഞ്ചെട്ട് ട്രിപ്പ് ആയതോടെ വെപ്രാളം മൂലം ഗ്യാസ് കയറിയ ബിജുവിന് ഒരു സോഡാ നാരങ്ങാ കൊടുക്കാൻ പാതിരായ്ക്ക് കട തുറന്ന് നാരങ്ങാ പിഴിഞ്ഞ യോഹന്നാച്ചൻ ഉപ്പ് തീർന്ന കാര്യം അപ്പോഴാണ് ഓർത്തത്. 

"യോനാച്ചാ, ഉപ്പ് വേണ്ട, ഉപ്പുവെള്ളം കുറെ കുടിക്കാനുള്ളതാ" ബിജു അത് തമാശയായി പറഞ്ഞതല്ലായിരുന്നു. 

ഓട്ടോയുള്ള സാലപ്പൻ ചേട്ടൻ ഓട്ടോയിൽ ഭാര്യയേയും കുട്ടികളെയും ഒപ്പം ആടിനെയും പട്ടിയെയും കൂടി കുത്തി നിറച്ച് ആധാരവും തുണികളുമായി കലവൂർക്ക് പാഞ്ഞപ്പോൾ വീട്ടിൽ കിടപ്പിലായ അപ്പൻ മാത്രം അവശേഷിച്ച കാര്യം സാലപ്പൻ ചേട്ടൻ എന്ന മൃഗസ്നേഹിയെ പുകഴ്ത്തിയവർ അറിഞ്ഞിരുന്നില്ല. 

ആണുങ്ങൾ റോഡിൽ തടിച്ചുകൂടി നിൽക്കുമ്പോൾ ടോർച്ചുമായി കടപ്പുറത്തേക്ക് സുനാമികാണാൻ പടിഞ്ഞാറേക്ക് വെച്ചുപിടിച്ച ധീരന്മാരെ പോലീസുകാർ പച്ചതെറിപറഞ്ഞ് പായിച്ചു. രാത്രി സുനാമി വരുമ്പോൾ കാണാൻ ടോർച്ച് കരുതിയവന്മാരുടെ ഒരു കരുതൽ!. 


ആ രാത്രി ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സ്വന്തം വീടും നാടും സുരക്ഷിതമല്ലെന്ന് അറിഞ്ഞാൽ ആർക്ക് ഉറങ്ങാൻ സാധിക്കും. വീട്ടിൽ വന്നവരുമായി സംസാരിച്ചിരിക്കുമ്പോൾ അപ്പുറത്ത് പള്ളിയിൽ കൂടിയിരിക്കുന്നവരുടെ പ്രാർത്ഥനകൾ വീട്ടിൽ കേൾക്കാമായിരുന്നു. അങ്ങനെ പ്രാർത്ഥനകളുമായി ആ രാത്രി ഒരുവിധത്തിൽ തള്ളി നീക്കി. പൊള്ളേത്തൈയിൽ കുഴപ്പങ്ങളുണ്ടാക്കിയില്ലെങ്കിലും കേരള തീരത്ത് ധാരാളം പേർക്ക് ആ സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. 


ആ ഓർമ്മകൾ ഉള്ളതിനാൽ കടലിൽ നിന്നും വരുന്ന ഒരു ഭീഷണിയും നിസാരമായി കാണാൻ സാധിക്കില്ല. എല്ലാ മൺസൂൺ കാലത്തും കേരള തീരത്ത് കടൽക്ഷോഭം ഉണ്ടാകാറുണ്ട്. വീടുകളും മൽസ്യബന്ധന ഉപകാരണങ്ങളുമൊക്കെ നശിക്കാറുമുണ്ട്. കടൽത്തീരത്തിനപ്പുറത്തേക്ക് അതിന്റെ ഭീഷണി കടന്നുചെല്ലാറില്ല. അപ്പോഴാണ് സുനാമിയുടെ വരവ്. കടൽത്തീരത്ത് നിന്നും കിലോമീറ്ററുകൾ വരെ കടൽ കടന്നു ചെല്ലുമെന്നും എല്ലാം നശിപ്പിക്കുമെന്നുമുള്ള അറിവ് ചെറിയ ഭീഷണിയല്ല ഞങ്ങൾക്ക് ഉണ്ടാക്കിയത്. അതിനിടയിലേക്കാണ് പുതിയൊരവതാരമായി കള്ളക്കടൽ കടന്നുവരുന്നത്. കടൽ പെട്ടെന്ന് ക്ഷോഭിക്കുകയും വലിയ തിരമാലകൾ ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കള്ളക്കടൽ. “കള്ളക്കടൽ” എന്ന പേര് വന്നത് സാധാരണ കടൽ ശാന്തമായിരിക്കുമ്പോൾ തന്നെ പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാകുന്നതിനാലാണ്. അതിനാൽത്തന്നെ ഗൗരവത്തോടെ കാണേണ്ട മുന്നറിയിപ്പ് തന്നെയാണ് കള്ളക്കടൽ മുന്നറിയിപ്പ് (ഇത് ടൈപ്പ് ചെയ്തു തീരുന്നതിന് മുന്നേ ആറാട്ടുപുഴയിൽ കടൽ കയറി റോഡ് ബ്ലോക്ക് ആയ വാർത്തയും വീഡിയോകളും വൈറൽ ആയിട്ടുണ്ട്)

No comments:

Post a Comment