Friday, March 15, 2024

വായനാനുഭവം - ആനോ - ജി.ആർ. ഇന്ദുഗോപൻ (Book Review - Aano - G R Indugopan)


മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു ആനക്കഥകൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആനക്കഥകൾ കേൾക്കാത്തവരായ മലയാളികളുടെ എണ്ണം ചുരുങ്ങും. അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ആനക്കഥയാണ് പ്രിയ എഴുത്തുകാരൻ ശ്രീ ജി.ആർ ഇന്ദുഗോപൻ 2023 ൽ പുറത്തിറക്കിയ നോവൽ "ആനോ". ഇതൊരു ഐതിഹ്യമല്ല, 1962 ൽ വിശുദ്ധ നഗരമായ വത്തിക്കാനിൽ നിന്നും ലഭിച്ച ഒരു ആനയുടെ അവശിഷ്ടങ്ങളുടെ ചുവടുപിടിച്ച് വികസിപ്പിച്ചെടുത്ത ഒരു ചരിത്ര ആഖ്യായിക ആണെന്ന് പറയാം. ആ ആന നമ്മുടെ മലയാളക്കരയിൽ നിന്നും റോമിലേക്ക് എത്തിക്കപ്പെട്ട ഒരു സഹ്യസന്തതി ആയിരുന്നത്രേ. മലബാർ കീഴടക്കാൻ വന്ന പോർച്ചുഗീസുകാർ പുതിയ നാട്ടിൽ നിന്നും അവരുടെ സഭാ മേധാവിയായ പോപ്പിനെ പ്രസാദിപ്പിക്കാൻ കൊണ്ടുപോയ കേശവൻ എന്ന ആന. ആന എന്നത് അവർ വിളിച്ചപ്പോൾ "ആനോ" എന്നായി. ആ പേരിൽ അവൻ യൂറോപ്പിൽ മുഴുവൻ പ്രശസ്തനായി. സ്വാഭാവികമായും അവനെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു മലയാളി ആനപ്പാപ്പാനും കൂടെ കൊണ്ടുപോകപ്പെട്ടിട്ടുണ്ടാകാം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ മലയാളി പാപ്പാൻ ആണ് നോവലിലെ നായകനായ ചീരൻ. ചരിത്രത്തെ തൊട്ടുതലോടി ജി.ആർ ഇന്ദുഗോപൻ പറയുന്നത് അവരുടെ കഥയാണ്. ആനോയുടെയും ചീരന്റെയും. 540  പേജോളം വരുന്ന നോവൽ, വിശ്വസനീയമായ രീതിയിൽ ചരിത്രപുരുഷന്മാരായ ലിയനാർഡോ ഡാവിഞ്ചി, റാഫേൽ, പോപ്പ് ലിയോ പത്താമൻ, സാക്ഷാൽ വാസ്‌കോ ഡാ ഗാമ, എഴുത്തച്ഛൻ, പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമൻ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്നതിൽ നോവലിസ്റ്റ് നടത്തിയിരിക്കുന്ന കഠിനപ്രയത്നത്തെക്കുറിച്ചായിരുന്നു ഓരോ അദ്ധ്യായം വായിക്കുമ്പോഴും ചിന്ത. വർഷങ്ങൾ നീണ്ട പഠനത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും അനുബന്ധത്തിൽ നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്. ചുമ്മാ നാടകീയതകൾ നിറഞ്ഞ, വായനക്കാരനെ പിടിച്ചിരുത്താൻ പ്രയോഗിക്കുന്ന ഗിമ്മിക്കുകൾ നിറഞ്ഞ ഒരു നോവലായി മാറാതെ അതിന്റെ ആധികാരികതയെക്കൊണ്ട്, വിശ്വസിപ്പിക്കുന്ന വസ്തുതകൾ കൊണ്ട് വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നോവൽ. 

എത്ര രസകരമായിട്ടാണ് ഒരു വരി കഥാതന്തുവിനെ 520 പേജുള്ള ഒരു നോവലാക്കി ശ്രീ ഇന്ദുഗോപൻ മാറ്റിയിരിക്കുന്നത്. ആനയെ യൂറോപ്പിലേക്ക് കൊണ്ടുപോകണമെങ്കിൽ കൂടെ തീർച്ചയായും വിദഗ്ദനായ ഒരു പാപ്പാനും കൂടെ കാണണം. ആനയ്ക്ക് പരിചിതമായ ഭാഷ സംസാരിക്കുന്ന ഒരു മലയാളി പാപ്പാൻ ആയിരിക്കണം അത്. അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഗാമയുടെ കാലത്തുള്ള കപ്പലിൽ കടലിനോട് മല്ലിട്ട്, ആഫ്രിക്കൻ മുനമ്പ് ചുറ്റിയുള്ള ഒരു യാത്ര എത്ര ഭീകരമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അപ്പോൾ ആ ദീർഘയാത്രയിൽ ആ കപ്പലിൽ ഒരു ആന കൂടെ ഉണ്ടെങ്കിലോ? ആ യാത്രയുടെ ഭീകരത ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. അടിമക്കച്ചവടം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ നാളുകളിൽ മലബാറിയായ ആ ആനക്കാരനോട് സായിപ്പിൻറെ പെരുമാറ്റം എങ്ങനെയിരിക്കും. അവൻറെ യൂറോപ്പിലുള്ള ജീവിതം എപ്രകാരം ആയിരിക്കും. ഇന്ത്യയിലെ അക്കാലഘട്ടത്തിലെ ജാതി രാഷ്ട്രീയം, യൂറോപ്പിലെ ജാതി, രാഷ്ട്രീയം. ഇതൊക്കെ നേരിട്ട് കണ്ടറിഞ്ഞ ഒരാൾ വിവരിക്കുന്നതുപോലെ ലളിതമായി ഇന്ദുഗോപൻ വരച്ചിടുന്നു. അതിനാൽത്തന്നെ ചീരനും ആനോയും വായനയ്ക്ക് ശേഷവും വായനക്കാരൻറെ മനസ്സിൽ നിറഞ്ഞുനിൽക്കും. അത് നോവലിസ്റ്റിന്റെ വിജയം തന്നെയാണ്. 

ചരിത്രത്തെ കുറച്ചൊക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് ആനോ. ഇതുപോലൊരു ബൃഹദ് ഗ്രൻഥം അണിയിച്ചൊരുക്കിയ നോവലിസ്റ്റ് ശ്രീ ഇന്ദുഗോപനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ഇതിനായി നടത്തിയ പ്രയത്നത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. ആ പ്രയത്നത്തിന് ഫലം ഉണ്ടാകുന്ന രീതിയിൽ ആനോ യെ മലയാളി വായനക്കാർ ഹൃദയത്തിൽ സ്വീകരിക്കട്ടെ. ഒരു കാര്യം ഉറപ്പ്, ചുമ്മാ ഒരു നേരംപോക്കായി  വായനയെ സമീപിക്കുന്നവർക്ക് ഈ ഗ്രൻഥം ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ശരിയായ അർത്ഥത്തിൽ അതിൻറെ പ്രാധാന്യത്തോടെ കാണുന്നവരുടെ മനസ്സിൽ നിന്നും ചീരനും ആനോയും അതിൻറെ സൃഷ്ടാവായ ഇന്ദുഗോപനും ഏറെനാൾ തങ്ങിനിൽക്കും.

Wednesday, February 21, 2024

ഭ്രമയുഗം, പ്രേമലു - തിയേറ്റർ എക്സ്പീരിയൻസ്


കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ വെച്ച് കണ്ട രണ്ട് സിനിമാ അനുഭവങ്ങൾ പങ്കുവെക്കാം. ഇത് ആ സിനിമകളുടെ റിവ്യൂ അല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. തിയേറ്റർ എക്സ്പീരിയൻസ് മാത്രമായിരുന്നു ആയിരുന്നു പറയാൻ ഉദ്ദേശിച്ചത്. പക്ഷെ സിനിമകളെ കുറിച്ചും രണ്ടു വാക്ക് പറയുവാൻ പ്രേരിപ്പിക്കുന്ന തലത്തിലെ സിനിമകൾ ആയിരുന്നതിനാൽ അവയെക്കുറിച്ചും പറയാം 

ആദ്യം കണ്ടത് മമ്മൂട്ടിയുടെ ഭ്രമയുഗം ആയിരുന്നു.

ഭ്രമയുഗം 

സംവിധാനം : രാഹുൽ സദാശിവൻ 

ദൈർഘ്യം : 2 മണിക്കൂർ 20 മിനിറ്റ്

തിയേറ്റർ : പങ്കജ് ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : സോഷ്യൽ മീഡിയയിലുള്ള മ്യാരക പ്രചാരണം. സിനിഫൈൽ ഗ്രൂപ്പിലൊക്കെ കയറിയാൽ ഭ്രമയുഗം റിവ്യൂസ് തട്ടി നടക്കാൻ മേലാത്ത അവസ്ഥ. അങ്ങനെയുള്ള ഹൈപ്പിൽ വീഴാത്തതാണെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ലുള്ള ഒരു സിനിമ തിയേറ്ററിൽ കാണുന്ന അനുഭവം ഓർത്തപ്പോൾ പോയേക്കാമെന്ന് വിചാരിച്ചു. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ കൂടി നല്ല അഭിപ്രായം നേടി മുന്നേറിയതോടെ ഏതെങ്കിലും ഒരെണ്ണം തിയേറ്ററിൽ പോയി കാണാമെന്ന് തീരുമാനിച്ചപ്പോൾ നറുക്ക് വീണത് ഭ്രമയുഗത്തിന്. 

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കാണുവാനുള്ള തീരുമാനം ഏറ്റവും ഉചിതമായിരുന്നു എന്ന് തോന്നിപ്പിച്ച സിനിമ. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും ഈ മൂന്ന് പേരിൽ ആർക്ക് വേണമെങ്കിലും മികച്ച നടനുള്ള അവാർഡ് ഇത്തവണ ലഭിച്ചാൽ അത്ഭുതപ്പെടാനില്ലാത്ത വിധമുള്ള അഭിനയം. അഭിനയകുലപതി മമ്മൂട്ടിയോട് യുവതാരങ്ങളായ സിദ്ധാർഥ് ഭരതനും അർജുൻ അശോകനും കട്ടയ്ക്ക് മത്സരിച്ച് അഭിനയിക്കുന്നത് കാണാൻ തന്നെയുണ്ട്. പേടിക്കാൻ വേണ്ടി ഈ സിനിമ കാണാൻ പോകേണ്ട എന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നതിനാൽ അങ്ങനെ ഒരു മൂഡിലല്ല പോയത്. അദ്ദേഹത്തിൻറെ  മുൻചിത്രമായ ഭൂതകാലത്തിൻറെ അത്ര പേടിപ്പിക്കുന്ന ചേരുവകകൾ കണ്ടതുമില്ല. ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആക്കാതെ കാടും പുഴയുമൊക്കെ കളറിൽ ആക്കിയിരുന്നെകിൽ കളറായേനെ എന്നൊരു അഭിപ്രായമുണ്ട്. എങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് തീം ചിത്രത്തിന് ചേരുന്നുണ്ട്. നമ്മളെ സംബന്ധിച്ച് നസീറിൻറെ കാലത്തിന് മുൻപുള്ളതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നല്ലോ. അപ്പോൾ പതിനേഴാം നൂറ്റാണ്ടിലെ കഥ കളറിൽ ആയിരുന്നെങ്കിൽ അതും കുറ്റമായി ചൂണ്ടിക്കാണിച്ചേനെ. ആർട്ട് വർക്ക് ഇത്ര എറിച്ചുനിൽക്കുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് ആയതിനാലാണെന്ന് തോന്നി. സൂക്ഷ്മമായി കുറ്റവും കുറവും കണ്ടുപിടിക്കാൻ നിൽക്കുന്നവർ വിയർക്കും. 

തിയേറ്റർ എക്സ്പീരിയൻസ് : ആദ്യമായി ആലപ്പുഴയിൽ സിനിമ കാണാൻ പോയ തിയേറ്ററായ പങ്കജിലേക്ക് കല്യാണത്തിന് ശേഷം ആദ്യമായാണ് സിനിമ കാണാൻ പോകുന്നത്. സ്ഥിരം പോകുന്ന തിയേറ്റർ അല്ലാത്തതിനാൽ പോകുന്ന വഴി ഫാമിലിക്ക് ആ തിയേറ്ററിനെക്കുറിച്ച് നല്ല ബിൽഡപ്പ് ഒക്കെ കൊടുത്തുകൊണ്ടാണ് പോയത്. ആലപ്പുഴയിലെ ഏറ്റവും വലിയ തിയേറ്റർ. തിരുവനന്തപുരത്ത് ബാഹുബലി കാണാൻപോയ ഏരീസ്പ്ലസ് തിയേറ്ററിനോട് കിടപിടിക്കുന്ന ഐറ്റം. പുതിയ തിയേറ്ററുകളിൽ കൊള്ളുന്ന ആകെ ആളുകൾ പങ്കജിലെ ബാൽക്കണിയിൽ മാത്രം കൊള്ളും. മണിച്ചിത്രത്താഴും, ജുറാസിക് പാർക്കും അനിയത്തിപ്രാവും ഓ ഫാബിയുമൊക്കെ കണ്ട നൊസ്റ്റാൾജിക് ആയ തിയേറ്റർ. സർവ്വോപരി നാഷണൽ ഹൈവേയോട് ചേർന്നായതിനാൽ എത്തിച്ചേരാനും ഏറ്റവും എളുപ്പം. പറഞ്ഞു പറഞ്ഞ് തിയേറ്ററിന്റെ ഗേറ്റിൻറെ അകത്തേക്ക് വണ്ടി കയറിയപ്പോൾ മുതൽ തുടങ്ങി റിയൽ എക്സ്പീരിയൻസ്. കേട്ടതെല്ലാം പൊയ്, കാണപ്പൊറത് നിജം. ഫസ്റ്റ് ഇൻ ലാസ്റ്റ് ഔട്ട് എന്ന രീതിയിൽ പാർക്കിങ് ഉള്ള ആലപ്പുഴയിലെ ഏക തിയേറ്റർ അതാണെന്ന് അപ്പോഴാണ് ഓർത്തത്. വണ്ടികൾ അടുക്കി അടുക്കി പാർക്ക് ചെയ്യിക്കും. അവസാനം വന്ന വണ്ടികൾ പോയി തീർന്നാലേ ആദ്യം വന്ന വണ്ടികൾക്ക് പോകാൻ പറ്റൂ. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്ന് വണ്ടി എടുത്ത് പോകാമെന്ന് വെച്ചാൽ നടന്നത് തന്നെ. വണ്ടിയും കൊണ്ട് വരുന്നവരോട് എന്തോ വൈരാഗ്യം ഉണ്ടെന്ന് തോന്നിപ്പിച്ച ഒരാളായിരുന്നു സെക്യൂരിറ്റി വേഷത്തിൽ വണ്ടികളെ അടുക്കിയിടാൻ സഹായിച്ചിരുന്നത്. ഇടുങ്ങിയതും പുറകിലേക്ക് ചാരാൻ സമ്മതിക്കാതെ ബലം പിടിച്ചിരിക്കുന്ന കസേരകൾ കൂടിയായതോടെ പൂർത്തിയായി. കാലിന് അധികം നീളമില്ലാത്ത ഫാമിലി ആയിരുന്നിട്ടും മുന്നിലെ കസേരകളിൽ മുട്ട് മുട്ടിയുരുമ്മി ഇരിക്കാം. ചെറിയൊരു ആശ്വാസം തേടി ഇന്റർവെൽ ആയപ്പോൾ ചാടി പുറത്തിറങ്ങി. സ്‌നാക്‌സ് കൗണ്ടറിൽ ചെന്നപ്പോൾ അതിലും ദയനീയം. പണ്ട് വന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നെ ഇന്നും. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച പൊട്ടറ്റോ, കപ്പ ചിപ്സ്, സാധാ പോപ്‌കോൺ, ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ബ്രാൻഡ് ജ്യൂസ്. കൗണ്ടർ നടത്താൻ ക്വോട്ടേഷൻ എടുത്ത ആളോട് കലിപ്പുള്ള കുറച്ച് ജീവനക്കാർ. മീൻകാരും ഉത്സവപ്പറമ്പിലെ കപ്പലണ്ടിക്കാരും വരെ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്ന ഈ കാലത്ത് അവർ ഗൂഗിൾ പേ എന്ന് കേട്ടിട്ട് പോലുമില്ല. 90 രൂപയ്ക്ക് സാധനം മേടിച്ചിട്ട് 100 കൊടുത്തപ്പോൾ ചില്ലറ ഇല്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി. ചില്ലറ കിട്ടി അകത്ത് ചെന്നപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. ബ്ലാക്ക് ഷേഡിൽ കുറ്റാക്കൂരിരുട്ട് കാണിച്ചിരുന്നത് കൊണ്ട് അകത്ത് നല്ല ഇരുട്ട്. നീലിമല കയറുന്നതുപോലെ തപ്പിത്തടഞ്ഞ് സീറ്റിൽ എത്തിയപ്പോഴേക്കും മടുത്തിരുന്നു. ഇതൊക്കെ പറഞ്ഞത് കുറ്റമായിട്ടല്ല. നല്ല രീതിയിൽ നടത്തിയിരുന്നെങ്കിൽ ശരിക്കും ഏരീസ് പ്ലസ് നോട് കിടപിടിക്കുന്ന തിയേറ്റർ ആക്കാൻ പറ്റിയ എല്ലാ സംവിധാനവുമുള്ള ആലപ്പുഴയിലെ ഏക തിയേറ്റർ ഇങ്ങനൊക്കെ നടത്തുന്നത് കണ്ട വിഷമം പങ്കുവെച്ചതാണ്.

രണ്ടാമത് കണ്ട ചിത്രം പ്രേമലു 

പ്രേമലു

സംവിധാനം : ഗിരീഷ് എ ഡി  

ദൈർഘ്യം : 2 മണിക്കൂർ 36 മിനിറ്റ്

തിയേറ്റർ : പാൻ തിയേറ്റർ ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : ഭാര്യയുടെയും മകളുടെയും നിർബന്ധം. സത്യത്തിൽ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ പടങ്ങൾ പോലാണെന്നൊക്കെ കേട്ടതുകൊണ്ട് OTT വരുമ്പോൾ കാണാമെന്ന് കരുതിയിരുന്നതാണ്.  

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കണ്ടില്ലായിരുന്നെങ്കിൽ വൻ നഷ്ടമായേനെ. അടുത്തകാലത്ത് നന്നായി ആസ്വദിച്ച് കണ്ട സിനിമ. യൂത്തിനും, മനസ്സിൽ യുവത്വം സൂക്ഷിക്കുന്ന എന്നെപ്പോലെയുള്ളവർക്കും വൺ വേ പ്രണയങ്ങൾ കൊണ്ടുനടന്ന സിംഗിൾ പശങ്കകൾക്കും ശരിക്കും സുഖിക്കും. ബാക്കിയുള്ളവർക്കും ഇഷ്ടപ്പെടാതിരിക്കില്ല. മ്യാരക കോമഡി ഒന്നുമല്ല. പക്ഷെ ഒരു റൊമാന്റിക് കോമഡി എന്ന രീതിയിൽ നന്നായി ആസ്വദിക്കാം. ഏറ്റവും പോസിറ്റിവ് പ്രധാന കഥാപാത്രങ്ങളുടെ കാസ്റ്റിങ്, ഹൈദരാബാദ് നൽകിയ ഫ്രഷ് എക്സ്പീരിയൻസ്. 

തിയേറ്റർ എക്സ്പീരിയൻസ് : പങ്കജ് ബാൽക്കണി ടിക്കറ്റ് ചാർജ്ജ് 130 രൂപ, പാൻ ഗോൾഡ് ടിക്കറ്റ് ചാർജ്ജ് 180 രൂപ. 50 രൂപ കൂടുതൽ ആണെന്നല്ല, ആ സീറ്റിൽ പോയി ചാരി കിടക്കുമ്പോഴുള്ള റിലാക്‌സേഷൻ ആണ് മനസ്സിൽ നിൽക്കുന്നത്. പങ്കജിലെ പോപ്‌കോൺ (സാധാ) 50 രൂപ, പാൻ പോപ്‌കോൺ മീഡിയം ബോക്സ്  (മൂന്ന് ഫ്ലേവറുകളിൽ) 150 രൂപ. നൂറ് രൂപയുടെ വ്യത്യാസം അത് കഴിച്ചുതന്നെ അനുഭവിക്കണം. (ഉള്ളത് പറയണമല്ലോ, പങ്കജിൽ പുറത്തുനിന്നു എന്തും മേടിച്ചുകൊണ്ട് അകത്തു കയറാം. പക്ഷെ പാനിൽ പുറത്ത് നിന്നും ഒരു ചോക്ലേറ്റ് പ്ലം അകത്തേക്ക് കയറ്റാൻ അനുവദിക്കില്ല. അവരുടെ പ്രധാന വരുമാനം തന്നെ സ്നാക്ക്സ് ആണെന്ന് തോന്നും. അത് ശരിയാണെന്ന് തോന്നുന്ന രീതിയിൽ സീറ്റുകളിൽ വന്നു ധാരാളം ഓർഡറുകൾ വിതരണം ചെയ്യുന്നത് കാണാം. കൗണ്ടറിൽ പോയി ഇടിപിടിക്കേണ്ട കാര്യമില്ല. കുടുംബവുമായി ഒരു ദിവസം റിലാക്‌സ് ചെയ്യാൻ പുറത്തിറങ്ങിന്നവർ ആഗ്രഹിക്കുന്ന ആമ്പിയൻസ് നൽകാൻ ഏറെക്കുറെ പാൻ തിയേറ്ററിന് സാധിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ട് പോകാൻ പറ്റുന്ന രീതിയിലെ പാർക്കിങ്, സ്റ്റാഫിന്റെ നല്ല പെരുമാറ്റം.

Monday, January 22, 2024

വായനാനുഭവം - ഹനനം - ഡോ.നിഖിലേഷ് മേനോൻ (Book Review - Hananam by Nikhilesh Menon)


2023 ൽ വായിക്കണം എന്ന് ആഗ്രഹിച്ച് 2024 തുടക്കത്തിൽ വായിച്ചുതീർത്ത പുസ്‌തകമാണ്‌ ഡോ.നിഖിലേഷ് മേനോൻ രചിച്ച ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന നോവൽ ഹനനം. ആരോഗ്യവകുപ്പിൽ കോവിഡ് കാലഘട്ടത്തിലൊക്കെ ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ ഡോക്ടറാണ് ഡോ.നിഖിലേഷ് മേനോൻ. അദ്ദേഹം ഒരു ക്രൈം വിഭാഗത്തിലെ ഒരു നോവലുമായി എത്തുമ്പോൾ പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന ബേബി ബ്ലൂസ് എന്ന മാനസികാവസ്ഥയെ ചുറ്റിപ്പറ്റിയാണ് കഥാതന്തുവിനെ വികസിപ്പിച്ചിരിക്കുന്നത്. ഹനനം എന്ന വാക്കിന് ഉപദ്രവം, പീഡനം എന്നൊക്കെയാണ് അർത്ഥം. പുസ്തകത്തിൻറെ പുറംചട്ടയിൽ പൊക്കിൾക്കൊടിയോടുകൂടിയ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിൻറെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇതുരണ്ടും കൂടി കൂട്ടിആലോചിച്ചുകഴിഞ്ഞപ്പോൾ അബോർഷൻ, അതിനെത്തുടർന്നുള്ള എന്തെങ്കിലും സംഭവവികാസങ്ങൾ ആയിരിക്കും പ്രതിപാദ്യം എന്നോർത്ത് മേടിക്കുവാൻ ഒന്ന് മടിച്ചിരുന്നു. 2022 അവസാനകാലഘട്ടത്തിൽ ഈ നോവലിനെക്കുറിച്ച് കുറേ നല്ല അഭിപ്രായങ്ങൾ കേട്ടതിനെത്തുടർന്നാണ് 2023 വായിക്കുവാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 

വായനാനുഭവം ആദ്യമേ പറയാം. നിരാശപ്പെടുത്തിയില്ല. ഒരു സാദാ ക്രൈം ത്രില്ലർ. അത്ര ഭീകരമായ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഇല്ല. പക്ഷെ അവതരിപ്പിച്ചിരിക്കുന്ന രീതി പുതുമയുള്ളതാണ്. ശരിക്കും രണ്ട് നോവലുകൾ വായിക്കുന്ന ഒരു പ്രതീതി ലഭിക്കും. രണ്ട് ക്രൈം ത്രില്ലറുകൾ. രണ്ടിലും അത്യാവശ്യം സസ്‌പെൻസ് നിലനിർത്തിതന്നെ പാരലലായി മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റിനായിട്ടുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ കൃതി ആണ് ഹനനം. ആദ്യ കൃതികളും ക്രൈം ത്രില്ലർ വിഭാഗത്തിൽ തന്നെ ഉള്ളവയാണ്. വായിച്ചിട്ടില്ലാത്തതിനാൽ അടുത്ത വായനയിൽ ആ പുസ്തകങ്ങളും പരിഗണിക്കണം. നവയുഗ ക്രൈം ത്രില്ലറുകളിൽ നോവലിസ്റ്റുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ടെക്നോളജിയിലുള്ള കുതിച്ചുചാട്ടവും ഫോറൻസിക് സാധ്യതകളുമൊക്കെ കൃത്യമായ അപഗ്രഥനം നടത്തേണ്ടിവരും. ക്രൈം നടത്തുന്ന രീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തേണ്ടിവരും. തീർച്ചയായും ഈ കാര്യങ്ങളിലൊക്കെ കൃത്യമായ മുന്നൊരുക്കങ്ങൾ ഡോ. നിഖിലേഷ് മേനോൻ നടത്തിയിട്ടുള്ളതായിക്കാണാം. പ്രത്യേകിച്ചും അദ്ദേഹത്തിൻറെ കോർ ഏരിയ ആയ മെഡിക്കൽ സാധ്യതകളിൽ. 

Monday, January 1, 2024

വായനാനുഭവം - ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ് - കീഗോ ഹിഗാഷിനോ (Book Review: The Devotion of Suspect X by Keigo Higashino)



2023 ൽ വായിച്ച മനോഹരമായൊരു സസ്‌പെൻസ് ത്രില്ലർ നോവൽ ആണ് കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് എഴുത്തുകാരൻ രചിച്ച ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. ലോകമെമ്പാടുമായി ഏറ്റവുമധികം വായിക്കപ്പെട്ട ജാപ്പനീസ് ത്രില്ലറാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 2005 ലാണ് ഈ ജാപ്പനീസ് കൃതി പുറത്തിറങ്ങുന്നത്. 2011 ൽ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുകയും തുടർന്ന് ലോകമെമ്പാടും വിവിധ ഭാഷകളിലായി ഈ കൃതി വിവർത്തനം ചെയ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഒട്ടേറെ സിനിമകളും ഈ കഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങുകയുണ്ടായി. അതിൽ 2017 ൽ അതേ പേരിൽ പുറത്തിറങ്ങിയ ചൈനീസ് സിനിമയും 'സസ്‌പെക്ട് എക്‌സ്' എന്ന പേരിൽ 2008 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രവും 2012 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം 'പെർഫെക്റ്റ് നമ്പരും' ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഹിറ്റുകളാണ്. 

തികച്ചും യാദൃശ്ചികമായാണ് ഈ പുസ്തകം ഞാൻ വായിച്ചതെങ്കിലും 2023 ഡിസംബർ മാസത്തിൽ മലയാളത്തിൽ സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന സിനിമ ഹിറ്റ് ചാർട്ടിലേക്ക് കയറിയതോടെ സിനിമ ഗ്രൂപ്പുകളിൽ ഈ സിനിമകളുടെ പേരും പരാമർശിക്കപ്പെട്ടു കേൾക്കുകയുണ്ടായി. തെറ്റിദ്ധരിക്കേണ്ട. നേര് സിനിമയുമായി ഈ നോവലിന് പുലബന്ധം പോലുമില്ല. ഈയടുത്ത് ഏതെങ്കിലും ചിത്രം ഹിറ്റ് ആകുമ്പോൾ അതിൻറെ മൂലകഥ ഏതെങ്കിലും കൊറിയൻ അല്ലെങ്കിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് ചൂണ്ടിയതാണ് എന്ന ആരോപണവുമായി എന്തെങ്കിലും പറഞ്ഞിറക്കുക എന്നതൊരു പതിവായി മാറുകയാണ്. ഒരു മലയാളി സ്വന്തമായി അങ്ങനെ ഒരു ക്ലാസിക് ഉണ്ടാക്കാൻ മാത്രം കഴിവുള്ളവനാണെന്ന് സമ്മതിക്കാൻ എന്തോ ബുദ്ധിമുട്ടുള്ള ഒരുകൂട്ടം ബുദ്ധിജീവികൾ. നേര് സിനിമയെ കീറിമുറിച്ച് ബുദ്ധിമുട്ടിയപ്പോഴാണ് ഏതോ ഒരു ബുദ്ധിജീവിക്ക് ആ കണ്ടെത്തൽ നടത്താൻ സാധിച്ചത്. "ഈ പറയുന്ന ജീത്തു ജോസഫ് ഇത്ര ശ്രദ്ധിക്കപ്പെട്ടത് ദൃശ്യം സിനിമയോടെയല്ലേ? ആ സിനിമ കൊറിയൻ ചിത്രം പെർഫെക്റ്റ് നമ്പരിന്റെ അടിച്ചുമാറ്റലാണ്, ജാപ്പനീസ് ചിത്രം സസ്‌പെക്ട് എക്‌സ് ൻറെ അടിച്ചുമാറ്റലാണ്". അങ്ങനെയാണ് ആ പേര് ഈയടുത്ത് പരാമർശിക്കപ്പെട്ടത്. 

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ് ത്രില്ലറുകളിൽ മുൻ നിരയിൽ തന്നെയുള്ള ചിത്രങ്ങളാണ് ദൃശ്യവും, ദൃശ്യം 2 വും. അതുവരെയുണ്ടായിരുന്ന ത്രില്ലറുകളിൽ നിന്നും ആ സിനിമകളെ വ്യത്യസ്തമാക്കിയ പ്രധാന പോയിൻറ്, നായകൻ കുറ്റകൃത്യത്തിലെ പ്രതിയുടെ സ്ഥാനത്താണ് എന്നതാണ്. കുറ്റം അന്വേഷിക്കുന്നതിലുള്ള ത്രില്ലല്ല പ്രേക്ഷകർ ആസ്വദിക്കുന്നത്, മറിച്ച് കുറ്റം സമർത്ഥമായി മറയ്ക്കപ്പെടുന്നതാണ് ഇവിടെ കാണുന്നത്. ഈ ഒരു സാമ്യം മാത്രമാണ് ദൃശ്യവും സസ്‌പെക്ട് എക്‌സും തമ്മിലുള്ള ആകെയുള്ള ബന്ധം. സുകുമാരക്കുറുപ്പ് കേസിന് ശേഷം എവിടെ ആരെങ്കിലും ഇൻഷുറൻസ് തുകയ്ക്കായി കൊലപാതകം നടത്തിയാലും അതെല്ലാം ചാക്കോ വധക്കേസിൻറെ കോപ്പിയടിയാണ് എന്ന് പറയുന്നതുപോലുള്ള ലോജിക് പോലും മേൽപ്പറഞ്ഞ താരതമ്യത്തിലില്ല എന്ന് നോവൽ വായിക്കുമ്പോൾ മനസിലാകും. കാരണം ഈ നോവലിൻറെ പേര് പോലെ ഇതിലെ പ്രധാന ഇതിവൃത്തം ഒരാളുടെ അഗാധമായ പ്രണയമാണ്, ആ ആൾ ആകട്ടെ ഒരു കുറ്റകൃത്യം ചെയ്തതായി സംശയിക്കപ്പെടുന്ന ആളാണ്. ആ ആൾ ആരാണ്? ആരോടാണ് അയാളുടെ പ്രണയം? അയാൾ ഏത് കുറ്റകൃത്യത്തിനാണ് സംശയിക്കപ്പെടുന്നത്? എന്തുകൊണ്ട്? ശരിക്കും അയാൾ കുറ്റവാളിയാണോ? ഇതൊക്കെയാണ് ആ നോവലിനെ ഇത്ര ജനകീയമാക്കിയത്. മേൽപ്പറഞ്ഞ ബുദ്ധിജീവികളെപ്പോലെ ഞാൻ ഈ നോവലിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് ദൃശ്യം സിനിമയുമായി താരതമ്യം ചെയ്ത് ഉത്തരം പറയാം. അത് വായിച്ചിട്ട് നിങ്ങൾക്ക് തീരുമാനിക്കാം ഇതൊരു കോപ്പിയടി ആണോ അല്ലയോ എന്ന്. 

ജോർജുകുട്ടി ആണ് നായകൻ. നായകൻ ക്രൈം ചെയ്യുന്നില്ല. പക്ഷെ ജോർജ്ജുകുട്ടിക്ക് പ്രിയപ്പെട്ടവർ ഒരു ക്രൈം ചെയ്യുന്നുണ്ട്. തികച്ചും യാദൃശ്ചികമായി, അല്ലെങ്കിൽ ഒരു വില്ലനെപ്പോലെ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ അവർക്ക് കൊല്ലേണ്ടിവരുന്നുണ്ട്. പ്രിയപ്പെട്ടവർക്ക് വേണ്ടി ജോർജുകുട്ടി ആ കുറ്റം ഒളിപ്പിക്കുന്നു. എങ്ങനെ ഒളിപ്പിച്ചു എന്ന സത്യം ജോർജുകുട്ടിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. തൻറെ പ്രിയപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. തിയതികൾ മാറ്റിമറിച്ച്, ധ്യാനം കൂടാൻ പോയി ആ ദിവസം പുനഃ സൃഷ്ടിക്കുകവരെ ചെയ്യുന്നുണ്ട്. സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥർ  ജോർജുകുട്ടിയുടെ പിന്നാലെതന്നെയുണ്ട്. പക്ഷെ അവർ വിജയിക്കുന്നില്ല. എന്തായിരിക്കാം സംഭവിച്ചത് എന്ന് അനുമാനിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ക്രൈം ആ കുടുംബത്തിൽ നടന്നിട്ടുണ്ട് എന്ന് അവർക്ക് ഉറപ്പുമുണ്ട്. പക്ഷെ തെളിവുകളില്ലാതെ അവർ നിസ്സഹായരാണ്. അല്ലെങ്കിൽ ജോർജുകുട്ടി അവരെ നിസ്സഹായരാക്കിയിരിക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം നമ്മുടെ നോവലിലെ നായകനായ ഇഷിഗാമി ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴും ഞാൻ പറയുന്നു ദൃശ്യം വേറെ സസ്‌പെക്ട് എക്‌സ് വേറെ. ജോർജുകുട്ടിയുടെ അച്ഛനായി വരും ഇതിലെ ഇഷിഗാമി. തനി ജാപ്പനീസ് രാവണൻ. തിയതികൾ മാറ്റിമറിക്കാൻ കാണിക്കുന്ന ഗിമിക്കുകളല്ല സത്യത്തിൽ ദൃശ്യത്തിൻറെ വിജയം. ഇപ്പോൾ പിടി വീഴും എന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്ന സമയത്ത് നായകൻ നേടുന്ന ഒരു വിജയമുണ്ട്. ഒരുതരത്തിലുമുള്ള ഊഹാപോഹങ്ങൾക്ക് പോലും ഇടനൽകാതെ തനി ക്രിമിനൽ മൈൻഡിൽ രൂപംകൊടുക്കുന്ന ആ ട്വിസ്റ്റുകളാണ് സിനിമകളുടെ ഹൈലൈറ്റ്. അജ്ജാതി ഒരു കഠോര ട്വിസ്റ്റ് നോവലിലുമുണ്ട്. സസ്‌പെൻസ് - ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പുസ്തകമാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 

ദൃശ്യം സിനിമ കണ്ടു എന്നത് ഈ വായനാനുഭവത്തെയും ബാധിക്കില്ല, ഈ നോവൽ വായിച്ചു എന്നത് ചലച്ചിത്രാനുഭവത്തെയും ബാധിക്കില്ല. അങ്ങനെ ഒരു വാദം കേട്ടപ്പോൾ ഈ വായനാനുഭവം എഴുതണം എന്ന് തോന്നി. ശ്രീമതി. ലക്ഷ്‌മി മോഹനാണ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നത്. ജാപ്പനീസ് ഒറിജിനൽ കൃതിയിൽ നിന്നല്ലാതെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നും മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നതിനാൽ ചില പ്രയോഗങ്ങളൊക്കെ അരോചകമായിത്തോന്നി. പക്ഷെ അതൊരിക്കലും വായനയെ ബാധിച്ചില്ല. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത നല്ലൊരു വായനാനുഭവം 

Thursday, November 23, 2023

വായനാനുഭവം - പുറ്റ് - വിനോയ് തോമസ്


സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഒട്ടേറെ പ്രത്യേകതകളുള്ള സിനിമയായിരുന്നു ശ്രീ ലിജോ ജോസ് പല്ലിശേരി ചെയ്‌ത  "ചുരുളി" ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ചുരുളി എന്ന ഗ്രാമം ആയിരുന്നു സിനിമയുടെ പശ്ചാത്തലം. പലനാടുകളിൽ നിന്നും കുറ്റകൃത്യങ്ങൾ നടത്തി നാടുവിട്ടുപോകുന്ന ക്രിമിനലുകൾ താമസിക്കുന്ന സ്ഥലം, അവരുടേതായ നിയമങ്ങളുള്ള ഒരു ലോകം. ആ സിനിമയുടെ കഥ എഴുതിയ ശ്രീ വിനോയ് തോമസ് ൻറെ ശ്രദ്ധേയമായ നോവലാണ് "പുറ്റ്". മനുഷ്യൻ ഒരു സമൂഹ്യജീവി ആണെങ്കിലും സമൂഹമായി ജീവിക്കുന്ന ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ഉറുമ്പ്, ചിതൽ, തേനീച്ച തുടങ്ങിയ ജീവികളായിരിക്കും. ഉറുമ്പുകൾ അല്ലെങ്കിൽ ചിതലുകൾ സമൂഹമായി കഴിയുന്ന ഇടമാണ് പുറ്റുകൾ. അതിനുള്ളിലെ അവയുടെ ജീവിതം എന്നും മനുഷ്യർക്ക് കൗതുകമാണ്. അതുപോലൊരു പുറ്റ് സൃഷ്ടിക്കുകയാണ് ഇവിടെ ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പെരുമ്പാടി എന്ന വടക്കൻ മലയോരഗ്രാമമാണ് വിനോയ് സൃഷ്ടിച്ചിരിക്കുന്ന പുറ്റ്. പലപല ജീവിതങ്ങൾ കൂട്ടം കൂടി വലിയൊരു സമൂഹമായി അവിടെ മാറുന്നു. 


ചുരുളിയിലേക്ക് കുറ്റവാളികൾ ആണ് നാടുവിട്ട് കുടിയേറിയിരുന്നതെങ്കിൽ ഇവിടെ പെരുമ്പാടിയിലേക്ക് കുടിയേറുന്നവർ അവർ നല്ല നിലയിൽ കഴിഞ്ഞിരുന്ന നാട്ടിൽ നിന്നും ആരാലും തിരിച്ചറിയപ്പെടാത്ത ഒരു നാട് തേടിയുള്ള പ്രയാണത്തിൽ വന്നടിയുന്നവരാണ്. അപ്പോൾ തന്നെ മനസിലാക്കാം അവിടെ എത്തിയ ഓരോരുത്തരുടെ ഉള്ളിലും പുറത്തുപറയാൻ കൊള്ളില്ലാത്ത കുറച്ച് വശപ്പിശകുകൾ ഉണ്ടെന്ന്. കുടിയേറ്റത്തിൻറെ അൻപതാം വാർഷികം ആഘോഷിക്കുവാൻ പെരുമ്പാടിക്കാർ തയ്യാറെടുക്കുന്നിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. കുടിയേറിയവരുടെ മൂന്ന് തലമുറകളെ വരെ നോവലിൽ പരിചയപ്പെടുത്തുന്നുണ്ട്. അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ എസ്.കെ പൊറ്റക്കാട്, മയ്യഴിയുടെ കഥ പറഞ്ഞ എം മുകുന്ദൻ, ഖസാക്കിൻറെ കഥ പറഞ്ഞ ഒ.വി വിജയൻ തുടങ്ങി ഒരു കഥാപാത്രത്തെ മുൻനിർത്തി ഒരു ദേശത്തെ മനോഹരമായി അവതരിപ്പിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിലുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് പുറ്റ് എന്ന് ഒരു രീതിയിൽ ആലോചിച്ചാൽ പറയാം. ഇവിടെ അങ്ങനെ ഒരുങ്ങുന്നു നായകകഥാപാത്രത്തെ വിനോയ് മുന്നോട്ട് വെക്കുന്നില്ല. അൽപ്പമെങ്കിലും പ്രാധാന്യം നൽകിയിട്ടുള്ളത് ജെറമിയാസ്‌ പോളിനായതിനാൽ അദ്ദേഹത്തെ നായകനായി കണക്കാക്കാം. ബുദ്ധിപരമായാണ് ആ നാട്ടിലെ പ്രശ്നങ്ങൾക്കെല്ലാം മാധ്യസ്ഥം വഹിക്കുന്ന ജെറമിയാസ് പോളിനെ നായകനാക്കിയിരിക്കുന്നത്. കാരണം വശപിശകുള്ള ആളുകൾ കുടിയേറി താമസിക്കുന്ന ഒരു നാടിൻറെ പച്ചയായ ജീവിതവും ചരിത്രവുമൊക്കെ പറയുമ്പോൾ ഐതിഹ്യമാലയിൽ കുറെ ഐതിഹ്യങ്ങൾ പറഞ്ഞുപോകുന്നതുപോലെ അവിഹിതകഥകളായി അവിഹതമാലയായിപ്പോകാതെ ഒരു നോവലിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാൻ അങ്ങനെ ഒരു മധ്യസ്ഥൻ ഗുണം ചെയ്തിട്ടുണ്ട്.


അവിഹിതമാല എന്ന് പറഞ്ഞത് ചുമ്മാതല്ല. വശപ്പിശകുള്ള ആളുകളുടെ പച്ചയായ ജീവിതങ്ങൾ ആയതുകൊണ്ടായിരിക്കും അടപടലം അവിഹിതമാണ്. ആളുകൾ പോട്ടെ പറന്നുപോകുന്ന പറവയുടെ മുതൽ കൂട്ടിൽ കിടക്കുന്ന വളർത്തുമൃഗങ്ങളുടെ പോലും അവിഹിതങ്ങൾ നോവലിൽ സുലഭമാണ്. പല നാട്ടിൻപുറങ്ങളിലും യുവാക്കളുടെ ഇടയിൽ പ്രചുരപ്രചാരത്തിലുള്ള തുണ്ട് തമാശകൾ പോലും സന്ദർഭോചിതമായി നോവലിസ്റ്റ് പുറ്റിൽ ചേർത്തിണക്കിയിട്ടുണ്ട്. (ഉള്ളതുപറയാമല്ലോ എൻറെ നാട്ടിലെ പലരെയുംപറ്റി പറഞ്ഞുകേട്ടിട്ടുള്ള പല അഡൾട്ട് ജോക്‌സും പെരുമ്പാടിക്കാരെപ്പറ്റി പുറ്റിൽ വായിച്ചു). ഇതൊക്കെ ആണെങ്കിലും ഒരു തുണ്ടുപുസ്തകത്തിൻറെ നിലവാരത്തിലേക്ക് പോകാതെ പറയാൻ ഉദ്ദേശിച്ച ജീവിതങ്ങളെ, ജീവിതസത്യങ്ങളെ, അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെ ഇതിനിടയിൽ ഉയർത്തിക്കാണിക്കാൻ വിനോയിക്ക് സാധിക്കുന്നുണ്ട്. (തുണ്ടു കഥകൾ എഴുതുന്ന ഒരു മാന്യനെക്കുറിച്ചും കഥയിൽ പരാമർശിക്കുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ, സകലമാന അവിഹിതക്കാരെയും വേറൊരു ആംഗിളിൽ പൊളിച്ചുകുത്തി നിരത്തിയിട്ടുണ്ട്).


രണ്ടുകാര്യങ്ങൾ കൊണ്ടാണ് എനിക്ക് പുറ്റ് ഇഷ്ടപ്പെട്ടത്. ഒന്ന് മറ്റുള്ളോരുടെ അവിഹിതകഥകൾ കേൾക്കുമ്പോൾ ഏത് മലയാളിക്കും ഉണ്ടാകാറുള്ള താത്‌പര്യം. രണ്ട് ശ്രദ്ധേയനായ ഈ യുവ എഴുത്തുകാരൻറെ എഴുത്തിനോടുള്ള ധൈര്യപരമായ സമീപനം. ഒരു രക്ഷയുമില്ലാത്ത എഴുത്ത്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ജീവിക്കുന്ന മാന്യന്മാരെക്കുറിച്ച് തന്നെയാണ് പുറ്റിലും പ്രതിപാദിക്കുന്നത്. ചുമ്മാ കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ചു വിടുക മാത്രമല്ല. ആ ഗണത്തിൽ പെടുത്തേണ്ട ആളല്ല ഞാൻ എന്ന് പറയുക കൂടെയാണ് ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പണ്ട് എനിക്കൊരു കണക്ക് സാറ് ഉണ്ടായിരുന്നു. കണക്കിലെ ബുദ്ധിമുട്ടുള്ള തിയറങ്ങളൊക്കെ പുള്ളി നേരെ പഠിപ്പിക്കില്ല. ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥകളോ തമാശകളോ ആദ്യം പറയും എന്നിട്ട് അതിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിച്ച പാഠഭാഗം അവതരിപ്പിക്കും. കണക്കിൽ ഏറ്റവും മടിയനായിരുന്ന കുട്ടിപോലും സാറ് പഠിപ്പിക്കുന്ന തിയറങ്ങൾ ഇപ്പോഴും ഓർത്തിരിക്കും. അജ്ജാതി ഒരു സമീപനം ആണ് പുറ്റിലൂടെ ശ്രീ വിനോയ് തോമസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അഭിനന്ദനങ്ങൾ.


പുറ്റിൽ കഥാപാത്രങ്ങളുടെ ഒരു കുത്തൊഴുക്കാണ്. ഒരു ചെറിയ തുണ്ട് തമാശ ഉൾപ്പെടുത്തുന്നതിനായിപ്പോലും ചില കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പോലെ തോന്നും. ജെറമിയാസ്, പ്രസന്നൻ, കൊച്ച രാഘവൻ, നീരു തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുമെങ്കിലും 382 പേജുള്ള പുസ്‌തകം വായിച്ചു തീർക്കുമ്പോൾ വേറെ അധികമൊന്നും ഓർമ്മിക്കുവാൻ ഉണ്ടാവില്ല. അല്ലെങ്കിലും രജനികാന്തിന്റെ സിനിമ കാണാൻ കയറിയിട്ട് അതിൽ ലോജിക് അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോ. ചെയ്യാനുള്ളത് ആസ്വദിക്കുക എന്നതാണ്. അത് നല്ല വെടിപ്പായി സാധിക്കും.


അവസാന വാക്ക് പറയാനാണെങ്കിൽ "ഒരു പുറ്റിലെ കഥ"