Friday, May 30, 2025

പുസ്തക പരിചയം - റെഡ് ഡേറ്റാ ബുക്ക് - ദീപു കാട്ടൂർ (Book Review - Red Data Book by Deepu Kattoor)

പുസ്തക പരിചയം  - റെഡ് ഡേറ്റാ ബുക്ക് - ദീപു കാട്ടൂർ  

 

പ്രിയ സുഹൃത്ത് ശ്രീ ദീപു കാട്ടൂർ എഴുതിയ നോവൽ "റെഡ് ഡേറ്റാ ബുക്ക്" കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. ദീപു ചേട്ടൻ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്, സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്. എല്ലാത്തിലുമുപരിയായി ഞങ്ങളുടെ പഞ്ചായത്തായ മാരാരിക്കുളത്തെ സാഹിത്യ പ്രേമികളുടെ കൂട്ടായ്മകളുടെ തലപ്പത്ത് ശ്രദ്ധേയമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് വായിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിലും കുടുംബവും സാഹിത്യവും സാംസ്കാരികപ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന ഒരു മനുഷ്യസ്നേഹി.


ദീപുച്ചേട്ടന്റെ തൂലികയിൽ നിന്നും വന്ന ആദ്യ നോവൽ സംരംഭമായേ റെഡ് ഡേറ്റാ ബുക്ക് നെ കാണാൻ സാധിക്കൂ. ചെറിയൊരു നോവൽ, കാര്യമാത്രപ്രസക്തമായ അവതരണം. ഇരുത്തി ചിന്തിപ്പിക്കുന്ന സംഭാഷണ ശകലങ്ങൾ. -  വെറും 83 പേജുകൾ മാത്രമുള്ള പുസ്തകത്തിലെ എഴുപതോളം പേജുകൾ മാത്രം കയ്യടക്കിയിട്ടുള്ള ആ നോവലിനെക്കുറിച്ച് ചുരുക്കത്തിൽ ഇങ്ങനെ പറയാം. 


കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിത്തറ തീർത്ത പുന്നപ്ര വയലാർ സമരത്തിലെ സുപ്രധാന സമരമുഖമായിരുന്നു കാട്ടൂർ എന്ന തീരദേശ ഗ്രാമം. ആ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന സ്വന്തം അപ്പൂപ്പനിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങളും 'പ്രശ്നങ്ങളൊന്നുമില്ലാത്ത സമൂഹത്തിൽ വളർന്നു വന്ന പുതു തലമുറ' ചരിത്രത്തെ മറന്ന് മുന്നോട്ട് കുതിക്കാനുള്ള വെമ്പലിൽ ഉയർന്നുവരുന്ന മൂല്യച്യുതികളും ഭംഗിയായിത്തന്നെ ചുരുങ്ങിയ വാക്കുകളിൽ നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നു. 


റെഡ് ഡേറ്റാ ബുക്ക് എന്നത് അന്യം നിന്നുപോകുന്ന ജീവിവർഗങ്ങളെ കുറിച്ചുള്ള പുസ്തകമാണ്. ഇതും അതുപോലെ സമൂഹത്തിൽ അന്യം നിന്നുപോകുന്ന ഒരു തലമുറയെക്കുറിച്ചുള്ള, നശിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെക്കുറിച്ചുള്ള രേഖപ്പെടുത്തുന്ന പുസ്തകമാണ്. കൂടുതൽ ഈ പുസ്തകം വായിക്കപ്പെടട്ടെ എന്ന് ആഗ്രഹിച്ചുപോവുകയാണ്. പ്രത്യേകിച്ചും പുതുതലമുറ. സമരകാലത്തെ ജീവിതം ഇന്നവർക്ക് യക്ഷിക്കഥകൾ പോലെ കെട്ടുകഥയായി അനുഭവപ്പെട്ടേക്കാം. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്നതൊന്നും കെട്ടുകഥകളല്ല. പച്ചയായ യാഥാർഥ്യമാണ്. ഒരു തലമുറ രക്തത്തിൽ എഴുതിവെച്ച യാഥാർഥ്യം.


അഭിനന്ദനങ്ങൾ ദീപുച്ചേട്ടാ, ഈ നല്ല ഉദ്യമത്തിന്. ഇനിയും നല്ല നല്ല രചനകൾ, സാഹിത്യ സൃഷ്ടികൾ ആ തൂലികയിൽ നിന്നും പുറത്തുവരട്ടെ. ആശംസകൾ.

Tuesday, May 27, 2025

വായനാനുഭവം - മുടിയറകൾ- ഫ്രാൻസിസ് നൊറോണ Book Review - Mutiyarakal by Francis Norona



മുടിയറകൾ- ഫ്രാൻസിസ് നൊറോണ

ആലപ്പുഴയുടെ തീരദേശ ഗ്രാമത്തിൽ ജനിച്ച് ക്രിസ്ത്യൻ ലാറ്റിൻ കത്തോലിക്കരുടെ ജീവിത പശ്ചാത്തലത്തിൽ സമുദായത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ എഴുത്തുകാരനാണ് ശ്രീ. ഫ്രാൻസിസ് നൊറോണ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയായ കക്കുകളി, തൊട്ടപ്പൻ തുടങ്ങിയവ ആ ഗണത്തിൽ പുറത്തുവന്നവയായിരുന്നു. തുടർന്ന് മാസ്റ്റർപീസ് എന്ന സാഹിത്യകാരന്മാരുടെ ജീവിതത്തിലെ പൊള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ നോവലും അനുബന്ധിച്ചുണ്ടായ വിവാദങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രശക്തനാക്കി. എഴുത്തിന് വേണ്ടി സർക്കാർ ഉദ്യോഗം ബഹിഷ്‌ക്കരിച്ച അദ്ദേഹത്തിന്റെ തുടർന്ന് പുറത്തിറങ്ങിയ നോവലാണ് മുടിയറകൾ. ആഗസ്റ്റ് 2024 ൽ ആണ് ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ഡിസി ബുക്ക്സ് പുറത്തിറക്കിയ 381 പേജുകളുള്ള പുസ്തകത്തിന്റെ വില 450 രൂപ ആയിരുന്നു.

എഴുത്തിനെ പ്രൊഫഷനായി തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ പുസ്തകത്തിൽ അദ്ദേഹം പറയുന്നത് പ്രസക്തമായ ഒരു വിഷയമാണ്. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മത സ്ഥാപനങ്ങൾ. ഞാറക്കടവ് എന്ന ഗ്രാമത്തിൽ ജനിച്ച കുഞ്ഞാപ്പിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നതെങ്കിലും ക്രമേണ കഥ അവിടത്തെ പള്ളിയിലേക്കും മഠത്തിലേക്കും വ്യാപിക്കും. ഒരു വിശുദ്ധ ഉണ്ടാകേണ്ടത് ആ സഭയ്ക്ക് നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നതും ഒന്നുമില്ലായ്മയിൽ നിന്നും ഒരു വിശുദ്ധയെ സൃഷ്ടിക്കുന്നതും മനോഹരമായി ശ്രീ ഫ്രാൻസിസ് നൊറോണ വിവരിക്കുന്നുണ്ട്. ശക്തമായ പ്രമേയത്തെ നേരെ അങ്ങ് വരച്ചിടാതെ കൂടുതൽ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായൊരു ക്യാൻവാസിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ജീവിതത്തിൽ നാം കാണുന്ന ചതിയും വിശ്വാസവഞ്ചനയും സാഹചര്യങ്ങളെ ചൂഷണം ചെയ്യലുമൊക്കെ നോവലിൽ കാണാൻ സാധിക്കും.


രസത്തോടെ ഒരിക്കൽ വായിച്ചു തീർക്കാവുന്ന പുസ്തകമാണ് മുടിയറകൾ. കക്കുകളി എന്ന കഥയ്‌ക്കെതിരെ സമൂഹത്തിലെ ചില മേഖലകളിൽ നിന്നും എതിർപ്പുകളും വിവാദങ്ങളുമുണ്ടായതുപോലെ ഈ നോവലിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ ഉയർന്നുവന്നാൽ അത്ഭുതപ്പെടാനില്ല. വായനക്കാരനെ ആശ്ചര്യം കൊള്ളിക്കുന്ന ചില തുറന്നെഴുത്തലുകൾ ഈ നോവലിൽ നമുക്ക് കാണുവാൻ സാധിക്കും.

Thursday, April 17, 2025

പുസ്‌തകപരിചയം - ഒരിക്കൽ, എൻ മോഹനൻ (Book Review - Orikkal by N Mohanan)



 പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജനത്തിന്റെ പുത്രനും ശ്രദ്ധേയമായ ഒട്ടേറെ കൃതികളുടെ രചയിതാവുമായ ശ്രീ എൻ മോഹനൻ രചിച്ച ഒരിക്കൽ എന്ന ചെറു നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ഡി.സി ബുക്ക്സ് 1999 ൽ പുറത്തിറക്കിയ നോവലിന്റെ മുപ്പത്തിയൊൻപതാം പതിപ്പായിരുന്നു ഞാൻ 2024 ൽ വാങ്ങിയത്. അതിൽ നിന്നും ഈ നോവലിനുള്ള സ്വീകാര്യത വ്യക്തമാണ്. സോഷ്യൽ മീഡിയകളിൽ സമീപകാലത്ത് ട്രെൻഡിങ് ആയതോടെയാണ് ഈ നോവലിനെക്കുറിച്ച് കേൾക്കുന്നത്. അത് തന്നെയായിരുന്നു പുസ്‌തകം വാങ്ങുന്നതിനുള്ള പ്രചോദനം എന്നതും ചേർത്ത് പറഞ്ഞുകൊള്ളട്ടെ. 112 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിലെ നൂറിൽ താഴെയുള്ള പേജുകളിൽ മാത്രമായി ഒതുങ്ങിക്കിടക്കുന്ന നോവലിന്റെ വില 150 രൂപ ആയിരുന്നു.(അതല്പം കൂടുതൽ അല്ലേ എന്നായിരുന്നു വായന തീർന്നപ്പോൾ തോന്നിയ ആദ്യ ചിന്ത)

ശ്രീ എൻ മോഹനനെ കുറിച്ച് മുൻപ് കേട്ടിട്ടില്ലായിരുന്നതിനാൽ മുൻവിധികൾ ഇല്ലാതെയാണ് വായനയിലേക്ക് കടന്നത്. ഇതൊരു പ്രണയകഥയാണ് എന്ന് മാത്രം അറിയാം. വിവാഹിതനായി നല്ലൊരു കുടുംബജീവിതം നയിക്കുന്ന ഗ്രന്ഥകാരന്റെ ഒരു തുറന്നു പറച്ചിൽ ആണത്രേ നോവൽ. അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രകീർത്തിച്ച് കേട്ട റീലുകളും സോഷ്യൽ മീഡിയ കുറിപ്പുകൾക്കും കടപ്പാടോടെ വായന ആരംഭിച്ചു. ആമുഖത്തിൽ തന്നെ കഥാകൃത്ത് പറയുന്നുണ്ട്, ഇത് ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ എഴുതിയ ഒരു കുറിപ്പ് മാത്രമാണ്. അത് വായിച്ച സുഹൃത്തുക്കളുടെ നിർബന്ധത്താൽ പുസ്തകമായി പ്രസിദ്ധീകരിച്ചതാണെന്ന്. ലളിതാംബിക അന്തർജനത്തിന്റെ പുത്രനാണ് നോവലിസ്റ്റ് എന്നും അറിയുന്നത് പുസ്തകം വായിച്ചുതുടങ്ങിയതിന് ശേഷം മാത്രം.

നോവൽ എന്ന് പറയുമെങ്കിലും ഇത് ഒരു ആത്മകഥാഭാഗമാണ്. നോവലിസ്റ്റിന്റെ ജീവിതത്തിൽ കടന്നുവന്ന് ഒരു സുപ്രഭാതത്തിൽ വിടപറഞ്ഞു പോയ കാമുകിയെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും ചെറുതെങ്കിലും മനോഹരമായ രീതിയിൽ വിവരിക്കുന്നു. 1950 കളിലാണ് കഥ നടക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ പരിശുദ്ധ പ്രണയം. മാംസനിബദ്ധമായി മാത്രം കരുത്താനുള്ളതല്ലായെന്ന് കരുതുന്ന പ്രണയം. ജാതിയും മതവും കുടുംബമഹിമയുമൊക്കെ വ്യക്തമായ സ്വാധീനം ജീവിതത്തിൽ ചെലുത്തിയിരുന്ന കാലം. ഫ്ലാഷ് ബാക്ക് ആയി പറഞ്ഞിരിക്കുന്ന കഥയിൽ വലിയ പ്രത്യേകതകളൊന്നും തോന്നിയില്ല. മറ്റുള്ള പ്രണയകഥകളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നത് എന്താണെന്ന് ആലോചിച്ചാൽ അത് നോവലിസ്റ്റ് ഓരോ വരിയിലും വിവരിക്കുന്ന തന്റെ പ്രണയവും അതിലെ ആത്മാർത്ഥതയുമാണ് എന്ന് പറയാം. 

സോഷ്യൽ മീഡിയ കൊട്ടിഘോഷിക്കുന്നത് പോലെ അത്ര രുചികരമല്ലെങ്കിലും മനസ്സിൽ ആത്മാർത്ഥ പ്രണയം സൂക്ഷിക്കുന്നവർക്ക് രുചിച്ചുനോക്കാവുന്ന നോവലാണ് ഒരിക്കൽ  

Monday, February 3, 2025

പുസ്‌തക പരിചയം - നിങ്ങൾ - എം മുകുന്ദൻ (Book Review - Ningal by M Mukundan)



  മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ സാറിന്റെ ഏറ്റവും പുതിയ കൃതിയാണ് 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച "നിങ്ങൾ". ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ ആറാം പതിപ്പായിരുന്നു ഞാൻ വായിച്ചത് (2024 ഏപ്രിൽ). എം. മുകുന്ദൻ സാറിന്റെ കൃതികൾ നിരൂപണം ചെയ്യാനുള്ള അവിവേകം മനസിലില്ല, ആ കൃതിയുടെ വായനാനുഭവം ഒന്ന് പങ്കുവെക്കുന്നു. അത്രമാത്രം. 

എന്താണ് നോവലിന്റെ ഉള്ളടക്കം എന്നത് ഏറെക്കുറെ ആ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിവെച്ചിട്ടുണ്ട്. പുസ്തകഷോപ്പിൽ ചെല്ലുമ്പോൾ എം മുകുന്ദന്റെ പുതിയ പുസ്തകം വന്നു എന്ന് കേട്ടാൽ മേടിക്കാൻ രണ്ടാമതൊന്ന് വായനാപ്രേമികൾക്ക് ആലോചിക്കേണ്ടി വരില്ല. എന്നാൽ ആളെ അത്ര പരിചയമില്ലാത്ത ഒരാൾ ആണ് പുസ്തകം എടുത്ത് പിന്നിലെ കുറിപ്പ് വായിക്കുന്നതെങ്കിൽ അയാളെ ആ പുസ്തകം മേടിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ആ പിൻകുറിപ്പുകൾ. പുസ്തകം പ്രസിദ്ധീകരിച്ചു എന്നറിഞ്ഞെങ്കിലും മേടിച്ച പുസ്തകങ്ങൾ വായിച്ചു തീരാത്തതിനാൽ പുതിയ പുസ്തകങ്ങൾ ഇപ്പോൾ മേടിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരുന്നതിനാൽ 'നിങ്ങൾ' മേടിക്കുവാൻ ലേശം വൈകി. അത്രയും നാൾ പിടിച്ചിരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് എഴുതിയിരിക്കുന്നത് എം മുകുന്ദൻ, രണ്ടാമത് അതിന്റെ പിന്നിൽ സസ്പെൻസ് ഒളിപ്പിച്ച കുറിപ്പ്. ഒടുക്കം പുസ്തകം മേടിച്ച് വായിച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു നെഗറ്റിവ് ആയി തോന്നിയത് പിന്നിൽ എഴുതിയിരുന്ന ആ സസ്പെൻസ് വരികൾ ആയിരുന്നു. ഒരുമാതിരി ഇപ്പോഴത്തെ ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്ന തലക്കെട്ടുകൾ മനസിലേക്ക് വന്നുപോയി. ഷൂട്ടിങ് മുടങ്ങി വീട്ടിലെത്തിയ പ്രമുഖ നടി കിടപ്പുമുറിയിൽ കണ്ട കാഴ്ച. എന്നായിരിക്കും തലക്കെട്ട്. ആക്രാന്തം പിടിച്ച് വായിച്ചു ചെല്ലുമ്പോഴായിരിക്കും ഫാൻ അല്ലെങ്കിൽ എസി ഓഫാക്കാൻ മറന്നതായിരുന്നു ആ കാഴ്ച എന്ന് അറിയുന്നത്. നോവലിലെ നായകൻ ഒരു പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. "ഞാൻ അടുത്ത മാസം പതിനാറിന് മരിക്കും" അത് ഒരു ആത്മഹത്യ ആയിരിക്കില്ല. അപ്പോൾ എങ്ങനെയായിരിക്കും ആ മരണം. ആ ആകാംക്ഷയുമായി നോവൽ വായിക്കാനിരുന്നാൽ നിരാശരാകും.

പക്ഷെ അല്ലാതെ ആ നോവൽ വായിച്ചാൽ വേറൊന്നായിരിക്കും ഫലം. എം മുകുന്ദൻ എന്ന ക്ലാസിക് എഴുത്തുകാരന്റെ രചന നമ്മെ പിടിച്ചിരുത്തും. ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം ഇതിലെ നായകനെ അഭിസംബോധന ചെയ്യുന്നത് "നിങ്ങൾ" എന്നാണ്. നിങ്ങളുടെ ജീവിതം വായിക്കുമ്പോൾ ഒട്ടേറെ പരിചയം നമുക്ക് തോന്നും, അതോടൊപ്പം അപരിചിതത്വങ്ങളും. നമുക്ക് പലപ്പോഴും തോന്നും ഈ സന്ദർഭങ്ങൾ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതത്തിലെ സംഭവങ്ങൾ അല്ലേ? എന്ന്. അതെ, ഇത് നിങ്ങളുടെ കഥയാണ്. നിങ്ങളുടെ കഥ എനിക്ക് പരിചയം ഉണ്ടാകാതിരിക്കില്ലല്ലോ. പക്ഷെ നിങ്ങൾ എന്താണ് അങ്ങനെ ചെയ്തത്? ആ അപരിചിതത്വവും നമുക്ക് പരിചയമുണ്ട്. 

ഒരു കാലഘട്ടത്തെ മനോഹരമായി എഴുതിഫലിപ്പിച്ച മഹാരഥന്മാർ ഏറെയുണ്ടായിരുന്ന നമ്മുടെ മലയാളത്തിൽ ഇപ്പോൾ ആ നിരയിൽ എം മുകുന്ദനെപ്പോലെ അധികം ആരെയും കാണാൻ സാധിക്കുന്നില്ല എന്നൊരു സങ്കടം ആയിരുന്നു നോവൽ വായന അവസാനിപ്പിക്കുമ്പോൾ. അദ്ദേഹത്തിന്റെ മുൻ കൃതികളുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കില്ലെങ്കിലും നിങ്ങൾ മികച്ചൊരു വായനാനുഭവം തന്നെ ആയിരുന്നു എന്ന് പറയാതെ വയ്യ.  

Monday, September 16, 2024

പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ് (Book Review - The Council Diary by Aalap E Prathap)

 


പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ്

ശക്തമായൊരു രാഷ്ട്രീയം (രാഷ്ട്രത്തെ സംബന്ധിക്കുന്നത്) പ്രമേയമാക്കി പുതിയൊരു എഴുത്തുകാരനായ ശ്രീ ആലാപ് എസ് പ്രതാപ് എഴുതിയ നോവലാണ് "ദി കൗൺസിൽ ഡയറി". വളരെ വ്യത്യസ്തമായൊരു അവതരണരീതിയും പുതുമയുള്ളൊരു പ്രമേയവും കൊണ്ട് സമ്പന്നമാണെങ്കിലും മൊത്തത്തിൽ നിരാശ കലർന്നൊരു വായനാനുഭവം ആയിരുന്നു കൗൺസിൽ ഡയറി സമ്മാനിച്ചത് എന്ന് പറയാതെ വയ്യ. ആദ്യമൊക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീടെപ്പോഴോ എഴുത്തുകാരൻറെ കൈയിൽ നിന്നും കൈവിട്ടു പോയതുപോലെ ആയിപ്പോയി. രണ്ടാം പകുതിയൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ എനിക്ക് മനസിലായില്ല. വീണ്ടും വായിച്ചു നോക്കാമെന്ന് വെച്ചാൽ ആദ്യം ഒന്ന് വായിച്ചു തീർത്ത പാട് ഓർക്കുമ്പോൾ തൽക്കാലം മനസ്സിലാക്കിയിടത്തോളം മതി എന്ന് കരുതേണ്ടി വരും.

280 പേജുകളുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഇൽ പ്രസിദ്ധീകരിച്ച നോവലിൻറെ വില 400/- രൂപ ആയിരുന്നു. ജർമ്മനിയിൽ നാസികൾ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഏകാധിപത്യം ആരംഭിച്ചതുപോലൊരു അവസ്ഥ നമ്മുടെ രാജ്യത്തും ഉണ്ടാകുന്നു. ഉള്ളത് പറയണമല്ലോ ഒരിടത്തും നമ്മുടെ രാജ്യത്തിൻറെ പേര് പ്രതിപാദിച്ചതായി കണ്ടില്ല. അതിനാൽ ഒരു സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നതെന്ന് ആദ്യം കരുതി. ആ രീതിയിൽ ആസ്വദിക്കാമെന്ന് വിചാരിച്ചപ്പോഴാണ് പഴയ ബ്രിട്ടീഷ് ഭരണമൊക്കെയായി ചില സൂചനകൾ തന്ന് ഇത് വേറൊരു രാജ്യമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് മനസിലാക്കുന്നത്. അത് തന്നെയാണ് കഥയിലെ ഏറ്റവും വലിയ പോരായ്‌മ. ഏകാധിപത്യം വരുന്നു, സമ്മതിച്ചു. കൗതുകമുള്ള കഥാ തന്തു. പക്ഷെ വായനക്കാരൻ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നും എങ്ങനെ ഏകാധിപത്യത്തിലേക്ക് മാറി എന്നതാണ്. അതിന് വ്യക്തമായൊരു വിശദീകരണം നൽകാൻ നോവലിസ്റ്റിനായിട്ടില്ല. പകരം പഴയ ആര്യൻ സുപ്രീമസി എന്ന വംശീയ ധ്രുവീകരണത്തെ കൂട്ടുപിടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞവർ, കൂട്ടുകാർ ഒക്കെ ദി കൗൺസിൽ എന്ന ഭരണപക്ഷത്തിന്റെ പിന്തുണയോടെ രണ്ടുചേരിയിലാകുന്നു. ജാതി മത ഭേദമെന്നെ വംശീയ ന്യൂനപക്ഷ പീഡനം ആരംഭിക്കുന്നു. ഈ പറഞ്ഞതും ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്നു. നാസികൾ ജൂതന്മാരെ ഒരു സുപ്രഭാതത്തിൽ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കുന്ന അവസ്ഥ. 


നോവലിൻറെ ആകർഷകമായ ഒന്നാം പകുതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. രണ്ടാം പകുതിയിൽ എന്താണ് നടന്നതെന്ന് സത്യത്തിൽ മനസിലായിട്ടില്ല. ഒരു രാജ്യം മുഴുവൻ ഏകാധിപത്യത്തിന് കീഴിലാക്കിയ കൗൺസിലിന് എതിരെ ഒരു സംഘം പ്രവർത്തിക്കുന്നു. പുസ്തകങ്ങൾ ആണ് അവരുടെ പ്രധാന ആയുധം എന്ന് മനസിലായി. യാഥാർഥ്യം മനസിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെ നിരോധിച്ച രാജ്യത്ത് ആ പുസ്തകങ്ങൾ പടവാളാക്കുന്ന ഗ്രൂപ്പ്. (നിരോധിക്കുന്നതിന് മുൻപ് ആ പുസ്തകങ്ങൾ ഉള്ളപ്പോൾ തന്നെയല്ലേ അവർ ഭരണം പിടിച്ചെടുക്കുന്നത്??). അവരുടെ ആശയങ്ങൾ ഒക്കെയാണ് രണ്ടാം പകുതി. 


സത്യത്തിൽ വായിച്ചു കഴിഞ്ഞപ്പോൾ സമയം കുറെ കളഞ്ഞല്ലോ എന്ന് ശരിക്കും സങ്കടം തോന്നിപ്പോയ ഒരപൂർവ്വ വായന.