Monday, October 20, 2025

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് (Book Review - Pattunoolppuzhu by S Harish)

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് 




മലയാളികൾക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ വായനാനുഭവം പകർന്നു നൽകിയ കൃതികളായിരുന്നു "മീശ"യും "ആഗസ്റ്റ് 17" ഉം. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്തിച്ച ആ നോവലുകൾ വായിക്കുമ്പോൾ ശരിക്കും ആ സൃഷ്ടികൾക്ക് വേണ്ടി നോവലിസ്റ്റ് നടത്തിയ തയ്യാറെടുപ്പുകളെയോർത്ത് അത്ഭുതം തോന്നിയിരുന്നു. അത്രത്തോളം ചരിത്രത്തെ പഠിച്ചെങ്കിൽ മാത്രമേ അത് ഒരു കഥ പോലെ അവതരിപ്പിക്കുവാനും തിരുത്തി എഴുതുവാനും സാധിക്കൂ. ആ മഹത്കൃത്യം നിർവഹിച്ച നോവലിസ്റ്റ് ശ്രീ എസ്. ഹരീഷ് ന്റെ ഏറ്റവും പുതിയ നോവലാണ് പട്ടുനൂൽപ്പുഴു. ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാ തന്തുവാണ് ഇക്കുറി നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്നും മനസ്സിലായത് അദ്ദേഹം ആദ്യം എഴുതുവാൻ നിശ്ചയിച്ചിരുന്ന നോവലായിരുന്നു പട്ടുനൂൽപ്പുഴുവെന്നാണ്. പിന്നീട് മീശയും ആഗസ്റ്റ് 17 ഉം എഴുതിക്കഴിഞ്ഞ് പുറത്തിറങ്ങാനായിരുന്നു ഈ നോവലിന്റെ വിധി. മുൻ നോവലുകളിലൂടെ ഒരു നോവലിസ്റ്റ് എന്ന നിലയിൽ ശ്രീ ഹരീഷ് കൈവരിച്ച പരിചയസമ്പത്ത് മൂന്നാമത്തെ നോവലിന് ഗുണം ചെയ്തിട്ടുണ്ടെന്നുതന്നെ പറയാം. ആദ്യനോവലുകളിൽ കഥ പറഞ്ഞ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനവും കഥാതന്തുവും കൊണ്ടുവരാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.


2024 ഡിസംബറിൽ ഡിസി ബുക്സിലൂടെ പുറത്തിറങ്ങിയ നോവലിന്റെ 2025 ജൂണിൽ പുറത്തിറങ്ങിയ ഒൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവൽ കൈവരിച്ച ജനപ്രീതി വ്യക്തമാണ്. 284 പേജുകളുള്ള നോവലിന്റെ വില 350 രൂപയാണ്. 


വായനയിലേക്ക് വരാം. ഇത് സാംസ യുടെ കഥയാണ്. സംസയെ ചുറ്റിപ്പറ്റിയുള്ളവരാണ് നോവലിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങൾ. പൊതുവായി ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയാണ്. അന്തർമുഖനായ നായകൻ, മാനസിക പ്രശ്നങ്ങൾ നേരിടുന്ന നായകൻറെ സുഹൃത്ത്, ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന രീതിയിൽ സ്വപ്നലോകത്ത് ജീവിച്ച് ദുരന്തപര്യവസായിയായ ജീവിതം ചോദിച്ചുവാങ്ങുന്ന അച്ഛൻ കഥാപാത്രം, അതിന്റെ ഫലം അനുഭവിക്കുന്ന അമ്മ ആനി, അവരുടെ വീട്ടിലെ പട്ടി തുടങ്ങി വളരെ കുറച്ച് കഥാപാത്രങ്ങളാണ് നോവലിലുള്ളത്. അവരുടെ മാനസിക സംഘർഷങ്ങളും ചിന്താവ്യാപാരങ്ങളും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. വിഷാദം, മരണം, ഏകാന്തത എന്നിവയാൽ നിർമ്മിക്കപ്പെട്ടൊരു കൂട്ടിനുള്ളിലെ പ്യൂപ്പ അവസ്ഥയിലാണ് ഈ കഥാപാത്രങ്ങൾ. ആ പ്യൂപ്പ അവസ്ഥയിൽ നിന്നും പൊട്ടിച്ച് പുറത്തുവരുന്ന ശലഭങ്ങളായി അവരെ കാണിക്കുന്നില്ല. പ്യൂപ്പയാവാൻ നിർമ്മിക്കുന്ന കൂടിനുവേണ്ടി ജീവൻ ത്യജിക്കേണ്ടിവരുന്ന പട്ടുനൂൽപ്പുഴുവിന്റെ പേര് നോവലിന് നൽകിയതും അതുകൊണ്ടാവാം.   


എസ്. ഹരീഷിന്റെ മുൻ നോവലുകൾ ഇഷ്ടപ്പെട്ടിട്ടുള്ള വായനക്കാർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന നോവൽ തന്നെയാണ് പട്ടുനൂൽപ്പുഴു. പരിചിതമെങ്കിലും നോവലിലാകെ നിറഞ്ഞു നിൽക്കുന്ന ഏകാന്തതയും വിഷാദവും എല്ലാവർക്കും ദഹിക്കണമെന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഇതിലെ പല സന്ദർഭങ്ങളും പരിചിതമായി തോന്നി. ആയതിനാൽ എന്റെ കപ്പിലെ കാപ്പി തന്നെയായിരുന്നു ഈ നോവലും.

Thursday, October 16, 2025

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ (Book Review - Mulberry Ennodu ninte Zorbatekkurichu parayu by Bennyamin)

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ




മലയാളിയായ നജീബ് എന്ന ചെറുപ്പക്കാരന് മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന ഗൾഫിൽ വെച്ച് സംഭവിച്ച ദുരന്തകഥ "ആടുജീവിതം" എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സാഹിത്യലോകത്തേക്ക്  ആധികാരികമായി കടന്നുവന്ന എഴുത്തുകാരനാണ് മുൻ പ്രവാസി കൂടിയായ ശ്രീ ബെന്യമിൻ. വായനക്കാരനെ നജീബിന്റെ കൂടെ നടത്തിക്കുന്ന, പൊള്ളിക്കുന്ന ഭാഷ തന്നെയായിരുന്നു ആടുജീവിതത്തിന്റെ വിജയത്തിന് പിന്നിലുള്ള ചാലകശക്തി. പിന്നീട് അദ്ദേഹം എഴുതിയ ഓരോ നോവലിലും വായനക്കാരനെ സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ കെട്ടി വലിക്കുന്ന ഒരു മാന്ത്രികത ദർശിക്കാൻ സാധിക്കും. ആ ബെന്യമിൻ ഇക്കുറി മറ്റൊരു സംഭവകഥയുമായി വരുമ്പോൾ വായനക്കാരന് ധൈര്യമായി അതിലേക്ക് ഇറങ്ങാം. സത്യമേതാ മിഥ്യയേതാ എന്നറിയാത്തൊരു പ്രഹേളികയിലേക്കാണ് താൻ ഇറങ്ങാൻ പോകുന്നതെന്നൊരു വിശ്വാസത്തോടെ. ആ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലർത്തിയ പുസ്തകമാണ് അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ"


എന്നിലെ വായനക്കാരൻ എത്രമാത്രം ശൈശവാവസ്ഥയിലാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ നോവലിനെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ എന്റെ ആദ്യ പ്രതികരണം. "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ" എന്തൊരു ഊളപ്പേര്! കേൾക്കുമ്പോഴേ അറിയാം കട്ട ക്രിഞ്ച്  ആണെന്ന്. മൾബറി എന്ത് പറയാനാണ്? ഇനി അതൊരു പേരാണെങ്കിൽ അങ്ങനെയൊക്കെ ആരെങ്കിലും പേരിടുമോ? സോർബയെക്കുറിച്ച് പറയാൻ ആരാണ് ഈ സോർബ. ബെന്യാമിൻ അടുത്തിടെ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയതായി അറിഞ്ഞിരുന്നു. ആ വഴിയിൽ കിട്ടിയ വല്ല യൂറോപ്യൻ കഥയുമായിരിക്കും. എന്തായാലും പുസ്തകത്തെ നൈസായി ഞാൻ അവഗണിച്ചു. പിന്നീട് പല കോണുകളിൽ നിന്നും നോവലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടുതുടങ്ങിയതുകൊണ്ടും അദ്ദേഹത്തിന്റെ മുൻ രചനകൾ ഓട് നിരാശപ്പെടുത്താതിരുന്നതുകൊണ്ടും രണ്ടതും കൽപ്പിച്ച് വാങ്ങിച്ചു. ഡി.സി ബുക്ക്സ് 2025 ജൂലൈയിൽ പുറത്തിറക്കിയ ആദ്യപതിപ്പിൽ ഒന്ന് തന്നെയാണ് വാങ്ങിയത് 431 പേജുകളുള്ള പുസ്തകത്തിന്റെ വില 499 രൂപയായിരുന്നു.


വായനാനുഭവത്തെക്കുറിച്ച് പറയാം. ആദ്യ പേജ് മുതൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനശൈലി. ബെന്യാമിന് മനോഹരമായി  യാത്രാവിവരണം രചിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന രീതിയിലാണ് ആദ്യ അദ്ധ്യായം. പിന്നീട്, നായികയായ ഡെയ്‌സി നടത്തുന്ന ഗ്രീസ് യാത്രയും അവരുടെ ഫ്ലാഷ് ബാക്കും ഇടകലർത്തി മുന്നോട്ടുപോകുന്നു. ഡെയ്സിയുടെ മൂന്ന് കാലഘട്ടങ്ങളാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൂടെ ആരാണ് ഡെയ്സിയെന്നും, അവരുടെ ഭർത്താവ് ഷെൽവിയെക്കുറിച്ചും അവരെ ഒന്നിപ്പിച്ച അവരുടെ ആരാധ്യപുരുഷനായ ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസിനെക്കുറിച്ചും അവരുടെ മൾബറി ബുക്ക്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനത്തെക്കുറിച്ചും സോർബയെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. കോഴിക്കോടേക്ക് ഷെൽവിക്കും ഡെയ്സിക്കുമൊപ്പം നടക്കാൻ വായനക്കാരൻ നിർബന്ധിതനാകുന്നു. അവരുടെ വിജയങ്ങളിൽ സന്തോഷിക്കുന്നു. അവരുടെ ഇടർച്ചകളിൽ മനസ്സ് പതറുന്നു. ഒടുക്കം ഒരുതരം നിർവികാരതയോടെ ഒരു നെടുവീർപ്പോടെ വായിച്ച് തീർക്കുന്നു. യഥാർത്ഥ നജീബിനെ കണ്ടതുപോലെ യഥാർത്ഥ ഡെയ്സിയെയും കാണാൻ ഒരു ആഗ്രഹം ആ വായന അവശേഷിപ്പിക്കും. 


പുസ്തകപ്രസാധനം എന്താണെന്നും ആ മേഖലയിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒരു പാഠപുസ്തകം പിലെ നോവൽ വിവരിക്കുന്നു. ഒരു പാഷൻ ആയി തുടങ്ങുന്ന സംരംഭം പിന്നീട് ബിസിനസ് മാത്രമായി കൂപ്പുകുത്തുമ്പോൾ ഉണ്ടാകുന്ന അധഃപതനവും ദുരന്തവും കണ്ണുതുറപ്പിക്കുന്നതാണ്. പുസ്തകമേളകളിൽ പോകുമ്പോൾ പേരറിയാത്ത നൂറുകണക്കിന് പ്രസാധകരെ കാണുവാൻ സാധിക്കും. ഈ നോവൽ വായിക്കുമ്പോൾ തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ ആ പ്രസാധകരെയൊക്കെ ഓർമ്മവരും. സാഹിത്യലോകം ഒരു കടലാണ്. മീനുകൾ പുസ്തകങ്ങളാവുമ്പോൾ എഴുത്തുകാർ മീൻപിടുത്തക്കാരാവുന്നു. അത് പ്രസിദ്ധീകരിക്കുന്നവർ കടപ്പുറത്ത് മൽസ്യം ലേലം ചെയ്യാൻ വരുന്ന തരകന്മാരെപ്പോലെയും ആണ്. ആയിരക്കണക്കിന് തീരങ്ങളിൽ ഒരേ സമയം ലേലം വിളികൾ നടക്കുന്നുണ്ട്. അതിൽ രക്ഷപെട്ടുപോയവർ ആരൊക്കെ? മൽസ്യം വിൽക്കാൻ വരുന്നവരെ അറിഞ്ഞാലും ആരാണ് ഈ താരകന്മാരെ അറിയുന്നത്?


എനിക്ക് അത്ഭുതം തോന്നിപ്പിച്ച ഒരു എഴുത്തുകാരനാണ് ശ്രീ ബെന്യമിൻ. എന്തൊരു എഴുത്താണ് അദ്ദേഹത്തിന്റെ. ബുധിജീവി ഭാഷയില്ലാതെ, വായനക്കാരനെ കിടിലം കൊള്ളിക്കുന്ന മലയാള പദങ്ങൾ കുത്തിനിറയ്ക്കാതെ എന്ത് മനോഹരമായാണ് അദ്ദേഹം ജീവിതങ്ങൾ വരച്ചിടുന്നത്. വായനക്കാരന്റെ പൾസ് അറിയുന്ന നിലവിലെ ഏറ്റവും മികച്ച എഴുത്തുകാരൻ താനാണെന്ന് മൾബെറിയിലൂടെ ബെന്യമിൻ അടിവരയിടുന്നു. ഓരോ നോവലിലും എഴുത്തുകാരൻ എന്ന നിലയിൽ  അദ്ദേഹം കൈവരിക്കുന്ന പുരോഗതി കൃത്യമായി വായിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇനിയും നമുക്ക് കാത്തിരിക്കാം സ്ഥലജലവിഭ്രമം വരുത്തുന്ന അടുത്ത നോവലിനായി.

Monday, July 14, 2025

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി (Book Review - Malgudiyile Narabhoji by R K Narayan)

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി  



സുപ്രസിദ്ധ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ശ്രീ ആർ.കെ നാരായൺ എഴുതിയ മാൽഗുഡിയിലെ നരഭോജി എന്ന നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ആർ.കെ നാരായൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന സ്ഥലമാണ് മാൽഗുഡി. കർണ്ണാടകത്തിലെ മാൽഗുഡി എന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു അത്ഭുത സാങ്കൽപ്പിക പ്രദേശമാണ്. ആ പ്രദേശത്തിനെ അടിസ്ഥാനമാക്കി പതിനാലോളം നോവലുകളും അതിലേറെ കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നോവലാണ് മാൽഗുഡിയിലെ നരഭോജി. 

അത്ഭുതകരമായ ഒരു രചനയാണ്‌ ശ്രീ ആർ കെ നാരായണിന്റെത് . അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം - മാൽഗുഡി - സൃഷ്ടിക്കുന്നു. അവിടെ അദ്ദേഹം ഇതിഹാസങ്ങൾ രചിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാൻ പറ്റാത്ത ചുഴിയിലകപ്പെട്ടതുപോലെ വായനക്കാർ വട്ടം ചുറ്റുന്നു. ആ മാൽഗുഡിയിലെ സാധാരണക്കാരനായ ഒരു പ്രസ് ഉടമയുടെ കഥയാണ് മാൽഗുഡിയിലെ നരഭോജി. നടരാജ്. അദ്ദേഹവും കുടുംബവും പ്രസും അവിടെ വരുന്ന സുഹൃത്തുക്കളും കസ്റ്റമേഴ്സും പിന്നെ ജീവനക്കാരനായ ശാസ്ത്രിയും. ഇതാണ് അദ്ദേഹത്തിന്റെ ലോകം. ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാൻ, അല്ലെങ്കിൽ ഉൾക്കണ്ണിൽ കാണുവാൻ സാധിക്കുന്ന ഒരു ലോകം. അവിടേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ കടന്നുവരാളോടെ നടരാജന്റെ ജീവിതത്തിലും മാൽഗുഡിയിലും ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രചനാ രീതി. 


കാലംതെറ്റിയുള്ള വായനയായിരുന്നെങ്കിലും കാലാതീതമായ ഒരു കൃതി ആയതിനാൽ ആസ്വാദനത്തിന് കുറവുകളൊന്നും സംഭവിച്ചില്ല. കുറച്ച് ദിവസത്തേക്ക് മാൽഗുഡിയിൽ ഒന്ന് പോയി വന്ന പ്രതീതി ജനിപ്പിച്ച നോവൽ. 2019 ൽ മലയാളം പരിഭാഷ തയ്യാറാക്കിയത് ശ്രീ സൈനു കുര്യൻ ജോർജ് ആണ്. ഡിസി ബുക്ക്സ് ആയിരുന്നു പ്രസാധകർ.

Wednesday, July 9, 2025

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ (Book review - Kaalam by MT Vasudevan Nair)

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ  



എം.ടി വാസുദേവൻ നായരുടേതായി ഒരു നോവൽ വായിക്കുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി - കാലം ആണ് ആ നോവൽ. 1969 ൽ പുറത്തിറങ്ങിയ നോവലിന്റെ 2023 ൽ ഇറങ്ങിയ മുപ്പത്തിയെട്ടാമത്‌ പതിപ്പായിരുന്നു ഞാൻ വായിച്ചത്. കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രസാധകക്കുറിപ്പിൽ അവർ പറയുന്നത് മലയാളത്തിൽ ആധുനിക സാഹിത്യത്തിന് തുടക്കം കുറിച്ച ആദ്യ 'ഇന്ത്യൻ നോവൽ" ആണ് കാലം എന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായില്ല. ഏത് രീതിയിൽ ആണ് ഇത് ഒരു ഇന്ത്യൻ നോവൽ എന്ന് വിശേഷിപ്പിച്ചതെന്നും മനസിലായില്ല. വർഷങ്ങൾക്ക് ശേഷം ഒരു എം ടി നോവൽ വായിക്കുമ്പോൾ മനസ്സിൽ പഴയ അസുരവിത്തും നാലുകെട്ടും അതിലെ നായകന്മാരും ഓർമ്മയിൽ വന്നു. ഒരു പക്ഷെ ആ കാലഘട്ടത്തിൽ ഇതൊരു ആധുനികതയുടെ തുടക്കം ആയിരുന്നിരിക്കാം. എന്നിരിക്കിലും കാലവും എം ടി യുടെ സ്വത്വ പ്രതിസന്ധി നേരിടുന്ന നായകന്മാരുള്ള മറ്റ് നോവലുകളിൽ നിന്നും വ്യത്യാസമൊന്നും തോന്നാതിരുന്നത് എന്റെ പരിമിതി ആയിരിക്കാം.


കാലം സേതുവിൻറെ കഥയാണ്. ക്ഷയിച്ച ഒരു നായർ തറവാട്ടിലെ പുതു തലമുറക്കാരനാണ് സേതുവും. സേതുവിന്റെ ചിന്തകളെയും പ്രതിസന്ധികളെയും അതിമനോഹരമായി ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നു. പലപ്പോഴും എന്റെയും ഉള്ളിലുള്ള അന്തർമുഖതകൾ തന്നെയല്ലേ ഈ നായകനും പ്രകടിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അവതരണം. സേതുവിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളാണ് മറ്റുള്ളവർ. ക്ഷയോന്മുഖമായ പശ്ചാത്തലത്തിൽ നിന്നും വരുന്നതിനാൽ ഉന്നതമായൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് സേതു സഞ്ചരിക്കുമ്പോൾ ആ പാതയിലൂടെ വായനക്കാരനും സഞ്ചരിക്കുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരീക്ഷണങ്ങളും ഒടുക്കം താൻ നേടിയതൊക്കെയും പരാജയങ്ങളായിരുന്നെന്ന തിരിച്ചറിവും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.


എം ടി യുടെ രചനാ വൈഭവം പിടിച്ചുലച്ചുകളഞ്ഞെങ്കിലും കാലം തെറ്റിയുള്ള വായനയായിരുന്നു കാലം എന്ന് എനിക്ക് തോന്നാതിരുന്നില്ല. അസുരവിത്ത്, നാലുകെട്ട് ഒക്കെ വായിച്ച സമയത്ത് ഈ നോവൽ വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒത്തിരിയേറെ എനിക്ക് ഈ നോവലിനെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു എന്ന് തോന്നിപ്പോയി.

Wednesday, June 11, 2025

പുസ്തക പരിചയം - പ്രേമ നഗരം - ബിനീഷ് പുതുപ്പണം (Book Review - Prema Nagaram by Bineesh Puthuppanam)

പുസ്തക പരിചയം  - പ്രേമ നഗരം - ബിനീഷ് പുതുപ്പണം 




ഡി.സി ബുക്ക്സ് ന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമായ പ്രേമ നഗരം എന്ന നോവൽ പരിചയപ്പെടുത്തുന്നു. ശ്രീ ബിനീഷ് പുതുപ്പണം എഴുതിയ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 2021 നവംബർ മാസത്തിലാണ്. ഞാൻ വായിക്കുന്നത് 2024 സെപ്റ്റംബറിൽ ഇറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പാണ്. അതിൽ നിന്നുതന്നെ നോവലിന്റെ ജനപ്രീതി വ്യക്തമാണ്. റാം c/o ആനന്ദി പോലെ, ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്നീ ബെസ്റ്റ് സെല്ലറുകൾ പോലെ യൂത്തിന്റെ ഇടയിലാണ് ഈ നോവലിനും പ്രചുരപ്രചാരം ലഭിച്ചിരിക്കുന്നത്. യുവത്വം തന്നെയാണ് നോവൽ മുന്നോട്ട് വെയ്ക്കുന്ന ആശയവും.


നോവൽ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അത് വായിച്ചുകഴിഞ്ഞപ്പോൾ എന്റെ യുവത്വം കഴിഞ്ഞുപോയെന്ന യാഥാർഥ്യം തലപൊക്കിവന്നു. അമ്മാവൻ സിൻഡ്രോം എന്നിലും കയറിയിരിക്കുന്നു. പരിശുദ്ധ പ്രണയങ്ങൾ വായിച്ചു ശീലിച്ചതിനാലാവാം, മാംസ നിബദ്ധമല്ല രാഗം എന്ന് കേട്ടുവളർന്നതിനാലാവാം, പലതും ദഹിക്കാതെ പുളിച്ചുതികട്ടുന്നു. ഒരു പക്ഷെ കല്യാണത്തിന് മുൻപ് വായിച്ചിരുന്നെങ്കിൽ വേറൊരു ലെവൽ വായനാനുഭവം ആയേനെ. 


നീലുവിന്റെയും മാധവിന്റെയും പ്രണയമാണ് പ്രേമാനഗരം. മാധവിന്റെ വീക്ഷണത്തിൽ കഥ ഇതൾ വിരിയുന്നു. ഇന്ന് സമൂഹത്തിൽ കാണുന്ന, എന്നാൽ സാഹിത്യത്തിൽ അത്ര മഹത്വവൽക്കരിക്കപ്പെടാത്തതൊരു പ്രണയമാണ് അവരുടേത്. സാധാരണ പ്രണയത്തിലെ ലക്ഷ്യസ്ഥാനമായ ഒന്നിക്കൽ ഇവർക്ക് ബാധകമല്ല. അത് സാധ്യമല്ലായെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ പ്രണയിക്കുന്നതും. കാരണം നീലു മറ്റൊരാളുടെ ഭാര്യയാണ്, പ്രായം തികഞ്ഞൊരു പെൺകുട്ടിയുടെ അമ്മയാണ്. എങ്കിലും അവർ മനസ്സുകൊണ്ട് അടുക്കുന്നു, ശരീരം കൊണ്ട് ഒന്നാകുന്നു, എനിക്കിപ്പോൾ നിന്റെ വിയർപ്പിന്റെ ഗന്ധമാണല്ലോയെന്ന് അത്ഭുതപ്പെടുന്നു. ഭർത്താവും പുത്രിയും ഈ ബന്ധം അറിയുന്നില്ല. അതിനാൽത്തന്നെ അവരുടെ മുന്നിൽ പതിവ്രതയും സ്നേഹനിധിയായ അമ്മയുമാണ് നീലു. 

സമൂഹത്തിൽ നിലനിന്നുവന്ന സാമൂഹ്യബോധത്തെ സദാചാരമെന്ന് കരുതുകയും തങ്ങൾ നടത്തുന്ന ഓരോ സാമൂഹ്യവിരുദ്ധതയും സദാചാരവാദികളുടെ മുഖത്തേക്കുള്ള അടിയാണെന്ന് കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. മദ്യപാനത്തെ ആഘോഷമാക്കുന്ന സിനിമകളും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നിസ്സാരവൽക്കരിക്കുന്നതുമായ സിനിമകൾ പുറത്ത് വരുകയും അത് വാണിജ്യവിജയം നേടുകയും ചെയ്യുന്നത് അതിന്റെ സൂചനയാണ്. നിനക്ക് കാണിക്കാം, അത് സിനിമയിൽ വരുമ്പോഴാണ് പ്രശ്നം എന്ന് പറഞ്ഞ് എതിർ സ്വരങ്ങളെ അവർ അടിച്ചമർത്തും. ചുരുക്കം പറഞ്ഞാൽ പൂർണ്ണനായ ഒരാൾക്ക് മാത്രമേ സമൂഹത്തിൽ ഉയർന്നുവരുന്ന ഇത്തരം മൂല്യച്യുതികളെ ചോദ്യം ചെയ്യാൻ സാധിക്കൂ എന്നതായി അവസ്ഥ. തെറ്റ് ചെയ്യാത്തവരായി ആരുമില്ലാത്തതിനാൽ ആർക്കും ഫലത്തിൽ ഒന്നും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്നായി. ഇതൊക്കെ പറയാൻ കാരണം നോവൽ വായിക്കുമ്പോൾ ഒരു കൊച്ചുപുസ്തകം വായിക്കുമ്പോഴുള്ള പോലെ ഒരു സുഖം കിട്ടുന്നുണ്ടെങ്കിലും അത് മുന്നോട്ട് വെക്കുന്ന പ്രമേയത്തിന്, അവിഹിതത്തിന്, സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത എന്നെ ഭയപ്പെടുത്തുന്നു.