വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ
കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് വിദഗ്ധൻ ഡോ. ബി ഉമാദത്തൻ തന്റെ സേവനകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് കപാലം. പ്രമാദമായ ഒട്ടേറെ കേസുകളുടെ പിന്നാമ്പുറ കഥകൾ വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി, "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" ഫോറൻസിക് മെഡിസിനെക്കുറിച്ചും ആധുനിക കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് വിഭാഗത്തിനുള്ള പങ്കിനെക്കുറിച്ചും പൊതുസമൂഹത്തിന് ഒരു ധാരണയുണ്ടാകുവാൻ ഒത്തിരി സഹായിച്ച പുസ്തകമാണ്. ജനപ്രീതിയിലും ആ പുസ്തകം മുന്നിലെത്താൻ കാരണം ഫോറൻസിക് വിദഗ്ധൻ കൂടിയായ ഗ്രന്ഥാകർത്താവിന്റെ പുസ്തകരചനാ വൈഭവം കൊണ്ട് കൂടിയാണ്. ആ പുസ്തകത്തിന്റെ വിജയത്തെ തുടർന്ന് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഡിസി ബുക്‌സിനായി പ്രസിദ്ധീകരിച്ച പുസ്തകമാണ് കപാലം.
ഒരു ഫോറൻസിക് സർജൻ തന്റെ സർവീസ് പശ്ചാത്തലത്തിൽ 15 പുസ്തകങ്ങൾ ഇറക്കിയാൽ സ്വാഭാവികമായും ആവർത്തന വിരസമായി മാറാൻ സാധ്യതയുണ്ട്. ആ അപകടം മുന്നിൽക്കണ്ട് വ്യത്യസ്തങ്ങളായ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് കപാലത്തിൽ. ത്രില്ലിംഗ് ആയുള്ള 15 കഥകൾ ആയി നമുക്കത് വായിക്കാം. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ കഥകൾ എന്നോർക്കുമ്പോൾ വായനയ്ക്ക് മാധുര്യമേറും.
ഒട്ടേറെ വിജ്ഞാനപ്രദമാണ് ഡോ.ഉമാദത്തന്റെ അവതരണം. പ്രൊഫസർ കൂടിയായ അദ്ദേഹം വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നെ ആകർഷിച്ച മറ്റൊരു വസ്തുത കേസുകൾ തിരഞ്ഞെടുത്ത രീതിയാണ്. 15 കേസുകളും ഒന്നിനൊന്ന് വ്യത്യസ്തം. കൊലപാതകങ്ങൾ, ആത്മഹത്യകൾ, അപകടമരണങ്ങൾ, ദുരൂഹ സാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ തുടങ്ങി ഓരോ കേസും തികച്ചും വ്യത്യസ്തം. യഥാർത്ഥ സംഭവങ്ങളായതിനാൽ സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കാണുന്ന ലൂപ്‌ഹോളുകൾ ഇവിടെ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ത്രില്ലിംഗ് എന്നതിനപ്പുറം മനുഷ്യജീവൻ എത്ര നിസാരമാണെന്ന് പലകഥകളും നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഓരോ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നുവരുന്നതെന്നും.
ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കപാലം. 2019 ഓഗസ്റ്റ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആറാം പതിപ്പാണ് ഞാൻ വായിച്ചത്. 254 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ.

No comments:
Post a Comment