വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു
മിസ്റ്ററി, ഹൊറർ ജേർണലുകളിൽ ജപ്പാനിൽ വളരെയധികം ജനപ്രീതി നേടിയ എഴുത്തുകാരനാണ് ഉകെത്സു. വിചിത്രമായ ജീവിതരീതി പിന്തുടരുന്ന അദ്ദേഹം ഇതുവരെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. യൂട്യൂബ് വീഡിയോകളിൽ മുഖംമൂടി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ജാപ്പനീസ് മാംഗാ കൃതികളുടെ ആരാധികയായ മകളിൽ നിന്നാണ് എനിക്ക് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് നോവലായ "സ്‌ട്രേഞ്ച് ഹൗസെസ്" വായിക്കുവാൻ സാധിച്ചത്. അദ്ദേഹം എഴുതിയ സ്‌ട്രേഞ്ച് പിക്ചെർസ്, സ്‌ട്രേഞ്ച് ബിൽഡിങ്‌സ് എന്നീ നോവലുകളും ലോകത്തെമ്പാടുമുള്ള മിസ്റ്ററി ആരാധകരുടെ പ്രിയപ്പെട്ടതാണ്.
ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് വളരെയധികം പ്രത്യേകതകളുള്ള നോവലാണ് 'സ്‌ട്രേഞ്ച് ഹൗസെസ്'. സുപ്രധാനമായ കാര്യങ്ങളെല്ലാം ചിത്രങ്ങളുടെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. തുടക്കം മുതൽ വായനക്കാരനെ പിടിച്ചിരുത്തുന്ന നിഗൂഢത, യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന അവതരണം, രാത്രി വായനയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് സ്‌ട്രേഞ്ച് ഹൗസെസ്.
ടോക്യോയിൽ ഒരു വീട് വാങ്ങുവാൻ പോകുന്ന സുഹൃത്ത്, ആ വീടിന്റെ പ്ലാനിൽ അസാധാരണമായ ഒരു ഡിസൈൻ കണ്ടതിനെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ തല്പരനായ നോവലിസ്റ്റിന്റെ കാണുവാൻ വരുന്നതാണ് തുടക്കം. ആ അസാധാരണത്തെ പിന്തുടർന്ന് പോകുന്ന നോവലിസ്റ്റ് കണ്ടെത്തുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളും നിഗൂഢതകളും ആവശ്യത്തിന്. ഏറ്റവും ഹൈലറ്റ് ആയി തോന്നിയത് ആവശ്യമായ എല്ലാ വിശദീകരണങ്ങളും ചിത്രങ്ങളായി നൽകിയിരുന്നതാണ്. ഓരോ പേജിലും സസ്‌പെൻസ് നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ രീതികളുമായി അജഗജാന്തര വ്യത്യാസമുള്ള ജാപ്പനീസ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും നമുക്ക് കഥയും പശ്ചാത്തലങ്ങളും ഒരു സിനിമയിലെന്നപോലെ വ്യക്തമാകും.
ജിം റിയോൺ ആണ് നോവൽ ഇംഗ്ലീഷ് ലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

No comments:
Post a Comment