വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ
മലയാളത്തിലെ ഏറ്റവും മുതിർന്നതും എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ എം മുകുന്ദൻ എഴുതിയ ഏറ്റവും പുതിയ നോവലാണ് 2025 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം". ഒട്ടേറെ സവിശേഷതകൾ ഉള്ളതിനാലാണ് ഈ നോവലിലേക്ക് ഞാൻ ആകൃഷ്ടനായത്. ഒന്നാമത്തേത് മയ്യഴിയുടെ കഥാകാരൻ, ദൈവത്തിന്റെ വികൃതികളും ഹരിദ്വാറിൽ മണി മുഴങ്ങുമ്പോഴും, മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി കഥകളും ഒക്കെ എഴുതിയ അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്നും വിരിഞ്ഞ പുസ്തകം. രണ്ടാമത്തേത് അദ്ദേഹം ആദ്യമായി എഴുതുന്ന മുഴുനീള പ്രണയകഥ, മൂന്നാമത്തേത് 2022 ൽ എൺപത് വയസ് തികഞ്ഞ ഒരാൾ ജെൻ സി കാലഘട്ടത്തെക്കുറിച്ച് എഴുതുന്ന ഒരു നോവൽ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നോവലാണ് ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം.
നോവലിനെക്കുറിച്ച് പറഞ്ഞാൽ നല്ലവനായ ഒരു യുവാവിന് തന്റേടിയായ ഒരു യുവസുന്ദരിയോട് തോന്നുന്ന പ്രണയം ആണ് പ്രമേയം. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പരിചയവുമില്ലാത്ത നായികയെ 100 ദിവസത്തിനുള്ളിൽ നിന്നെ ഞാൻ കെട്ടുമെന്ന് വെല്ലുവിളിക്കുന്നു. പിന്നെ അതിനായി കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഓരോ ദിവസവും ഓരോ അധ്യായങ്ങളായി വായനക്കാരന്റെ മുന്നിലേക്കെത്തും. നായകന് 100 ദിവസം കൊണ്ട് നായികയെ കിട്ടുമോ എന്ന് തോന്നുന്ന ആകാംക്ഷയാണ് വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
380 പേജുകളുള്ള നോവലിനെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് മുകുന്ദൻ സാറിന്റേത്. പക്ഷെ ദൗർഭാഗ്യവശാൽ അത് മാത്രമാണ് ഈ നോവലിനെക്കുറിച്ച് പോസിറ്റീവ് ആയി പറയാനുള്ളത്. ഒരു വ്യത്യസ്തതയ്ക്ക് എം മുകുന്ദനെപ്പോലൊരു നോവലിസ്റ്റിന് ഈ ഒരു നോവൽ ഇറക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ 480/- രൂപ മുടക്കി ഈ നോവൽ മേടിച്ച് വായിക്കുന്ന വായനക്കാരനെ ഓർക്കുമ്പോൾ സങ്കടം തോന്നും. മറ്റൊന്നും വേണ്ട, എം മുകുന്ദൻ അല്ലാതെ വേറെ ആരെങ്കിലും, ഒരു പുതുമുഖം ആണ് ഈ നോവൽ എഴുതി നൽകിയതെങ്കിൽ ഡിസി പോയിട്ട് മുഖ്യധാരാ പ്രസാധകർ ആരുംതന്നെ ഇത് പ്രസിദ്ധീകരിക്കുമായിരുന്നു എന്നുപോലും എനിക്ക് തോന്നുന്നില്ല. കാരണങ്ങൾ പറയാം. അൽപ്പം സ്പോയിലർ ഉണ്ട്. താല്പര്യമില്ലാത്തവർ അടുത്ത ഖണ്ഡിക വായിക്കണമെന്നില്ല.
സൽഗുണ സമ്പന്നനായ നായകൻ അങ്ങനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് നിർത്തിക്കൂടാ, റാങ്ക് ഹോൾഡർ, ഉന്നത ജോലി, ദുഃശീലങ്ങളില്ല, മനുഷ്യസ്നേഹി, സൈക്കിളിൽ മുണ്ടുടുത്ത് ജോലിക്ക് പോകുന്ന കോർപ്പറേറ്റ് ജീവനക്കാരൻ, കുടുംബസ്നേഹി, സ്വന്തമായി ഒരു മാതൃകാ വീട് ഉണ്ടാക്കി ചുമ്മാ അവിടെ പോയിരിക്കുന്ന ആർക്കിടെക്ട്, അനുജത്തിയോട് എന്തും സംസാരിക്കുന്ന, അവൾക്ക് പതിനായിരത്തോളം തുക പ്രതിമാസം പോക്കറ്റ് മണി നൽകുന്ന ഏട്ടൻ അങ്ങനെ ക്രിഞ്ചോട് ക്രിഞ്ചാണ് നായകൻ. പക്ഷെ ഒരിടത്ത് കക്ഷിക്ക് പിഴച്ചുപോയി. വായിച്ചുതള്ളിയ പ്രണയഇതിഹാസങ്ങൾ മുന്നോട്ട് വെച്ച ലക്ഷണങ്ങൾ അനുസരിച്ച് അവനൊരു പെണ്ണിനെ കാണുന്നു. ഐസ്ക്രീം ചുണ്ടുള്ള (അതെന്താണോ എന്തോ?) ഒരു സുന്ദരി. ചുണ്ടാണ് നായികയുടെ കൊഴുത്ത ശരീരത്തിലെ മെയിൻ. (പഴയ പാട്ടുകളിലെ മാൻമിഴിയാളെയും പനങ്കുല മുടിയുള്ളവളെയുമൊക്കെ ഞാനൊന്ന് ഓർത്തിട്ട് ഈ ചുണ്ടത്തിയെയും സങ്കൽപ്പിച്ചു നോക്കി. എന്തോ എവിടെയോ ഒരു പന്തികേട് പോലെ. ഈ സൽഗുണ സമ്പന്നൻ എങ്ങനെ വീണുപോയോ എന്തോ?) പ്രണയം എന്ന് പറഞ്ഞാൽ ലോകത്ത് വേറാർക്കും ഇതുവരെ തോന്നാത്ത ജാതി പ്രണയം. നായികയെ നായകന് തിന്നണമത്രെ. ആദ്യമായി നായികയുമായി ഫോൺ സംഭാഷണം നടത്തുമ്പോൾ സൽഗുണൻ പറയുന്നത് ഞാൻ നിന്നെ വായിക്കുകയായിരുന്നു. അടിവയറ്റിൽ എത്തിയപ്പോൾ എന്റെ ജീവൻ പോയെന്നാണ്. അതുകേട്ട് ബ്ലോക്ക് ചെയ്യാത്ത നായിക നായകനോട് അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസിൽ വെച്ച് കാണാമെന്ന് സമ്മതിക്കുന്നു. അപ്പോഴേ സാമാന്യബോധമുള്ളവന്മാർ അപകടം മനസിലാക്കി സ്കൂട്ടാകും. പക്ഷെ നായകൻ അവിടെ ചെല്ലുമെന്ന് മാത്രമല്ല അവളെ 100 ദിവസത്തിനുള്ളിൽ കെട്ടുമെന്ന് വെല്ലുവിളിക്കുകയും ചെയ്യും. പിന്നെ ഇതെങ്ങനെ സംഭവിക്കുമെന്ന് ഉള്ള ആകാംക്ഷയിൽ ഓരോ പേജും മറിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും. നായകൻ ഈ ഭൂമിയിൽ ഈ യുഗത്തിലെന്നല്ല, ജനിക്കേണ്ടവനേ അല്ല. അജ്ജാതി കോമാളി.
നായികയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. പേര് നന്ദന. ഇപ്പോൾ വിളിക്കപ്പെടുന്നത് ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്നാണ്. ഗായിക ടെയ്ലർ സ്വിഫ്റ്റിനോടുള്ള ആരാധന മൂത്താണ് നന്ദന എന്ന ക്രിഞ്ചു പേര് മാറ്റി ഒരു വെറൈറ്റി പിടിച്ചത് (വട്ട് നായകന് മാത്രമല്ലെന്ന് ചുരുക്കം). പിന്നെ കട്ട ബോൾഡ്, ബോൾഡ് എന്നുപറഞ്ഞാൽ സ്വന്തം തന്തയെ വരെ തന്തയ്ക്ക് വിളിക്കും. പിന്നെ ബിയറടിക്കും, പുകവലിക്കും തെറിവിളിക്കും അങ്ങനെ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പുരുഷവിരോധിയല്ല, പക്ഷെ വിവാഹവിരോധിയാണ്.
നോവലിന്റെ ക്ലൈമാക്സ് ആണ് ഇങ്ങനെ ഒരു റിവ്യൂ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നൂറിലേക്കുള്ള ഓരോ ദിവസവും ആണ് ഓരോ അധ്യായവും എന്ന് പറഞ്ഞല്ലോ. അൻപത് ദിവസം ആയിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്നിലെ ആകാംക്ഷ കൂടി, എൺപത് ദിവസമായിട്ടും ഒന്നും സംഭവിക്കുന്നില്ല, ആകാംക്ഷ വീണ്ടും കൂടി. അവസാനം ..അല്ലെങ്കിൽ വേണ്ട. പി.ജെ ആന്റണിയുടെ മൂഷികസ്ത്രീ എന്ന നാടകത്തിൽ പെടുമരണം എന്നൊരു കഥാപാത്രമുണ്ട്. പുള്ളി ഒരു നാടകനടനും സംവിധായകനുമൊക്കെയാണ്. ഒരിക്കൽ സ്വയം നായകനായി അദ്ദേഹം ഒരു നാടകം ചെയ്തു. നാടകം അവസാനിക്കുന്നത് നായകൻറെ മരണത്തോടെയാണ്. എന്തൊക്കെ ചെയ്തിട്ടും നായകൻ മരിക്കുന്നില്ല. അവസാനം പുള്ളി കസേരയിൽ കയറി ചുമ്മാ അങ്ങ് ഇരുന്ന് അങ്ങ് മരിച്ചു. അങ്ങനെ നാടകം തീർത്തു. അതോടെ പുള്ളിയുടെ പേര് പെടുമരണം എന്നുമായി. അതുപോലൊരു അവസാനം ആയിപ്പോയെന്നു മാത്രം പറയാം.

Ennalum M Mukundhan-e pole oru established writer ingane oru komaali novel ezhuthiyello ennu orkkumbol athishayam thonunu.
ReplyDelete