Thursday, October 28, 2021

വായനാനുഭവം : അയൽക്കാർ


പി കേശവദേവ് 

ഇരുപതാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിക്കപ്പെട്ട അതുല്യ രചനകളിൽ ഒന്നാണ് പി. കേശവദേവിൻറെ "അയൽക്കാർ". ആ കാലഘട്ടത്തിൽ ഒട്ടേറെ കൃതികൾക്ക് പ്രതിപാദ്യവിഷയമായത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം എന്ന സമ്പ്രദായത്തിന്റെ ദൂഷ്യഫലങ്ങളും തകർച്ചയും പിന്നെ ജാതി സമവാക്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങളുമാണ്. അയൽക്കാർ എന്ന കൃതിയുടെ പ്രതിപാദ്യവും അത് തന്നെ. ലളിതമായ ശൈലിയിൽ ഒരു സിനിമയിൽ കാണുന്നത് പോലെ ആ കഥ വർണ്ണിച്ചിരിക്കുന്ന രീതിയാണ് മറ്റു കൃതികളിൽ നിന്നും അയൽക്കാരെ ഒരു പടി ഉയർത്തി നിർത്തുന്നത്.


1953 ലാണ് പി കേശവദേവ് "അയൽക്കാർ" എഴുതുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലേ മധ്യകേരളത്തിലെ ഒരു കർഷക ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. മംഗലശ്ശേരി എന്ന നായർ തറവാട് ആണ് കഥയിലെ കേന്ദ്രബിന്ദു. യാഥാസ്ഥിതികനായ കാരണവർ പദ്‌മനാഭപിള്ള ആഢ്യത്വത്തിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടി വരുന്ന കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രതിനിധിയാണ്. ഒരു പ്രളയകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ മംഗലശ്ശേരിയിൽ അഭയം തേടുന്ന കുഞ്ഞുവറീതും ഈഴവൻ ആണെങ്കിലും മംഗലശ്ശേരി തറവാടിൻറെ നെടുംതൂണായ കുഞ്ഞനുമാണ് മറ്റ് കഥാപാത്രങ്ങൾ. മംഗലശ്ശേരിയുടെ തകർച്ചയിലൂടെ ഫ്യൂഡൽ സംവിധാനം ഇല്ലാതായ രീതി കഥാകാരൻ വ്യക്തമാക്കിത്തരുന്നു. പടിപടിയായി കുഞ്ഞുവറീത് ഒരു മുതലാളിയായി മാറുന്നതും ഈഴവർ ഒരു സമുദായം എന്ന നിലയിൽ മുന്നേറുന്നതും ഈ മൂന്ന് കുടുംബങ്ങളിലൂടെ തന്നെ കേശവദേവ് വരച്ചുകാട്ടുന്നുണ്ട്. കഥ ആരംഭിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ സാധിക്കാത്ത വ്യത്യാസമാണ് കഥ അവസാനിക്കുമ്പോൾ ആ ഗ്രാമത്തിൽ ഉണ്ടാകുന്നത്. തിരിച്ചും അതേപോലെ തന്നെ. കഥ അവസാനിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് തുടക്കത്തിൽ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ സാധിക്കുന്നില്ല.  


ഇതുപോലെയുള്ള പ്രമേയങ്ങൾ ധാരാളം പിന്നീട് പല പല നോവലുകളിലും സിനിമകളിലും വന്നിട്ടുള്ളതിനാൽ ഇപ്പോൾ വായിക്കുമ്പോൾ കഥാഗതിയൊക്കെ ഏറെക്കുറെ പ്രവചിക്കാൻ സാധിക്കുമെങ്കിലും അയൽക്കാർ നൽകുന്ന വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 1964 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഈ കൃതിയെ തേടിയെത്തിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച കൃതികളുടെ ലിസ്റ്റിൽ ഇടംപിടിച്ച അയൽക്കാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ്   

Tuesday, October 19, 2021

വായനാനുഭവം - ജീവിതപ്പാത


ആത്മകഥകൾ പലതും വായിച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുൾകലാം സാറിനെ പോലെ ജീവിതം തന്നെ പാഠപുസ്തകം ആക്കേണ്ടുന്നവരുടെ ജീവിതകഥകൾ വായിക്കുക എന്നത് സത്യത്തിൽ വളരെ വിലയേറിയ ഒരു വായനാനുഭവം തന്നെ ആണെന്ന് പറയാം. എന്നിരിക്കിലും ആത്മകഥ എന്നത് അതിൻറെ എല്ലാ അർത്ഥത്തിലും സത്യസന്ധമായ ഒരു തുറന്നെഴുത്ത് തന്നെ ആണെന്ന് മനസിലാക്കിത്തന്ന ഒരു പുസ്തകം ഈ അടുത്ത ദിവസങ്ങളിൽ വായിക്കുവാൻ ഇടയായി. ചെറുകാട് എന്നപേരിൽ അറിയപ്പെടുന്ന ശ്രീമാൻ ഗോവിന്ദ പിഷാരോടിയുടെ "ജീവിതപ്പാത". 


ഒട്ടേറെ സവിശേഷതകൾ നിറഞ്ഞൊരു അമൂല്യ രചനയാണ്‌ ജീവിതപ്പാത. ചെറുകാട് ജനിക്കുന്ന 1914 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യഘടന, പ്രത്യേകിച്ചും മലപ്പുറം ഉൾപ്പെടുന്ന മലബാർ മേഖലയിലെ അമ്പലവാസി സമൂഹത്തിൻറെ ജീവിതം വളരെ വ്യക്തമായി ഈ കൃതിയിൽ വരച്ചിട്ടിരിക്കുന്നു. പിഷാരോടി, വാര്യർ തുടങ്ങിയ അമ്പലവാസികൾക്ക് അന്നത്തെ ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന സ്ഥാനം, അവരുടെ ഇടയിൽ നിലനിന്നിരുന്ന ആചാരങ്ങൾ, സർവ്വോപരി അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം. അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ നമ്മൾ ഇതൊക്കെ കേട്ടിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും അനുഭവസ്ഥന്റെ വാക്കുകളിൽ അവയുടെയൊക്കെ ഭീകരത വിവരിച്ചു കേൾക്കുമ്പോൾ നമ്മൾ ശരിക്കും അത്ഭുതപ്പെട്ടുപോകും. ഇതൊക്കെ ശരിക്കും കേരളത്തിൽ അതും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ നിലനിന്നിരുന്നതാണോ എന്ന് സങ്കൽപ്പിക്കാൻ പോലും കേരളത്തിലെ ആധുനിക തലമുറയ്ക്ക് സാധിക്കില്ല. ഒരു ചരിത്രാന്വേഷി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ജീവിതപ്പാത. രാജവംശങ്ങളുടെ ചരിത്രങ്ങൾ വിവരിക്കുന്ന മ്യൂസിയങ്ങൾ അല്ലാതെ അക്കാലത്തെ സാധാരണക്കാരൻറെ ജീവിതത്തിൻറെ ശേഷിപ്പുകൾ കണ്ടു മനസിലാക്കാൻ പറ്റിയ സംവിധാനങ്ങൾ ഒന്നും കേരളത്തിൽ അധികം ഇല്ലെന്ന് നിരാശയോടെ അംഗീകരിക്കേണ്ടി വരും. ആ സാഹചര്യത്തിലാണ് ജീവിതപ്പാത പോലൊരു ഗ്രന്ഥത്തിൻറെ മൂല്യം വർദ്ധിക്കുന്നത്.


യാഥാസ്ഥിതികതയിൽ മുങ്ങി മുഴുകി ജീവിക്കുന്ന ഒരു പിഷാരടി കുടുംബത്തിൽ അതിൻറെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിച്ച് വളർന്ന ചെറുകാട്, തന്നാൽ ആവുന്ന വിധം പൊരുതി ആ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് വരുന്നതാണ് ഇതിൽ വിവരിച്ചിരിക്കുന്ന സന്ദർഭം. അതോടൊപ്പം തന്നെ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ പടവുകളും ഒരു പ്രവർത്തകൻറെ കാഴ്ച്ചപ്പാടിൽ വിശദമാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോൺഗ്രസ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇ.എം.എസും, എ.കെ.ജി യുമൊക്കെ എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ചുവടുമാറിയതെന്നും ആ കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ച എപ്രകാരം ആയിരുന്നെന്നും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


ശ്രീമാൻ. ഗോവിന്ദ പിഷാരോടി 

സ്വന്തം സമുദായത്തിലെ അനാചാരങ്ങൾ വിവരിക്കുന്നത് പോലെ തന്നെ തൻറെ പ്രസ്ഥാനത്തിലെ നിലപാട് മാറ്റങ്ങളെയും ഈ ജീവചരിത്രത്തിൽ ചെറുകാട് വിവരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധത്തിന് എതിരെ ശക്തമായ പ്രചാരണം നടത്തിവന്ന പാർട്ടി, കമ്മ്യൂണിസ്റ്റ് റഷ്യ യുദ്ധത്തിന് ഇറങ്ങിയതോടെ യുദ്ധത്തെ ന്യായീകരിക്കാൻ തുടങ്ങിയ സന്ദർഭമൊക്കെ രസകരമായി തന്നെ വർണ്ണിച്ചിട്ടുണ്ട്. 


നമ്മൾ ജീവിക്കുന്ന നാട് കൃത്യം ഒരു നൂറ്റാണ്ട് മുൻപ് എങ്ങനെ ആയിരുന്നെന്നതും അന്നത്തെ ജീവിതരീതികളും കുടുംബ ബന്ധങ്ങളും, ആചാരങ്ങളും, സാമ്പത്തിക നിലവാരവും വിദ്യാഭ്യാസ രംഗവും സാഹിത്യരംഗവും ഒക്കെ പുസ്തകം വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിറഞ്ഞുനിൽക്കും. സാധാരണയിൽ നിന്നും കൂടുതൽ സമയമെടുത്താണ് ഈ പുസ്തകം ഞാൻ വായിച്ചു തീർത്തത്. കേന്ദ്ര സാഹിത്യ, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ജീവിതപ്പാത വായിക്കുവാൻ ഇത്രയും താമസിച്ചതെന്തേ എന്ന് മാത്രമാണ് ഇപ്പോൾ അത്ഭുതം.   

Tuesday, September 28, 2021

വായനാനുഭവം - യക്ഷി


മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു കൃതിയാണ് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി". 1967 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം വായിച്ചിട്ടില്ലാത്തവർ ചുരുക്കം. 1968 ഇൽ തന്നെ സത്യൻ, ശാരദ ജോടികൾ അഭിനയിച്ച "യക്ഷി" എന്ന പേരിൽ ഇറങ്ങിയ സിനിമ പുസ്തകം വായിക്കാത്ത മലയാളികളെ വരെ ആ കഥയിലേക്ക് കൊണ്ടുപോയി. വയലാർ എഴുതിയ "സ്വർണ്ണച്ചാമരം വീശിയെത്തുന്ന" എന്ന മനോഹരഗാനം ആ സിനിമയിലേതായിരുന്നു. പിന്നീട് മലയാളസിനിമ ന്യൂ ജൻ കാലത്തിൽ എത്തിയപ്പോഴും അവർ ആ കഥ തേടിപ്പോയെങ്കിൽ കാലത്തിന് മായ്ക്കാൻ സാധിക്കാത്ത ബ്രില്ല്യൻസ് ആ കഥയ്ക്കുണ്ട് എന്ന സത്യം അവർ തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ആവാം. അങ്ങനെയാണ് 2011 ഇൽ ഫഹദ് ഫാസിൽ നായകനായി "അകം" എന്ന സിനിമ ഉദയം കൊണ്ടത്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ആ ചിത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

 

മലയാളത്തിൽ ഇന്നോളം ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചതെന്ന് കണക്കാക്കാവുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറിനെ നിരൂപണം ചെയ്തുകളയാമെന്ന സാഹസം ഒന്നുമല്ലെങ്കിലും ആ വായനാനുഭവം ഇവിടെ പങ്കുവെക്കുന്നു. മലയാളം നോവലുകൾ വായിച്ചുതുടങ്ങിയ കാലം. പൊള്ളേത്തൈ സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഒരു വഴിയുണ്ടായിരുന്നു. മലയാളം പാഠപുസ്തകത്തിൽ മലയാളത്തിലെ പ്രശസ്തരായ കവികളുടെയും കഥാകാരന്മാരുടെയും ചെറിയൊരു സൃഷ്ടി പഠിക്കുവാനുള്ള പാഠമായി നൽകും. പാഠം തുടങ്ങുന്നതിന് മുൻപായി ഒരു പാരഗ്രാഫ് ചെറിയ അക്ഷരത്തിൽ രചയിതാവിനെ പരിചയപ്പെടുത്താൻ മാറ്റിവെച്ചേക്കും. അതിൽ അദ്ദേഹത്തിൻറെ പ്രധാന കൃതികൾ ഏതൊക്കെയാണെന്നും ലഭിച്ച അവാർഡുകൾ ഏതൊക്കെയാണെന്നും കുറിച്ചിട്ടുണ്ടാകും. (വളരെ നല്ലൊരു ആശയം ആയിരുന്നെങ്കിലും സിലബസ് തീർക്കാനുള്ള വ്യഗ്രതയിൽ അന്നത്തെ ഒരു ടീച്ചറും ആ പാരഗ്രാഫ് എന്തിനാണെന്ന് പോലും പറഞ്ഞു നൽകിയിരുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുത ആയിരുന്നു. ആവശ്യക്കാർക്ക് വേണമെങ്കിൽ വായിച്ചു നോക്കാം എന്ന ലൈൻ) പാഠഭാഗം ഇഷ്ടപ്പെട്ടാൽ ആ രചയിതാവിൻറെ മറ്റ് പുസ്തകങ്ങൾ ആ പാരഗ്രാഫിൽ നിന്നും നോക്കി മനസിലാക്കും, പിന്നെ ലൈബ്രറിയിൽ പോകുമ്പോൾ അത് അന്വേഷിച്ച് വായിക്കും. മലയാറ്റൂരിൻറെ വേരുകളിലെ ഒരു ഭാഗം അന്ന് പഠിക്കാൻ ഉണ്ടായിരുന്നു. അത് വളരെ ഇഷ്ടപ്പെട്ടതിനാൽ ആ പുസ്തകം കോർത്തുശ്ശേരി എസ്.എൻ. ലൈബ്രറിയിൽ നിന്നും കണ്ടുപിടിച്ച് വായിച്ചു. അതോടൊപ്പം മറ്റൊരു പേരും മനസ്സിൽ കുറിച്ചിട്ടു, യക്ഷി. പ്രേതകഥകൾ വായിക്കാൻ ഇഷ്ടമാണ്. അപ്പോൾ മലയാറ്റൂർ തന്നെ യക്ഷി എന്നൊരു കൃതി എഴുതിയിട്ടുണ്ടെങ്കിൽ അത് വായിക്കുക തന്നെ. പക്ഷെ എസ്.എൻ. ലൈബ്രറിയിൽ ആ പുസ്തകം ഇല്ലായിരുന്നു. പിന്നീട് ദേശസേവിനിയിൽ അംഗത്വം എടുത്ത് ചെന്നപ്പോളാകട്ടെ നോക്കുന്നതൊക്കെ വായിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ മാത്രം. ആ തിരക്കിനിടയിൽ യക്ഷി വഴുതിപ്പോയി. "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്ന് പറയും പോലെ ഈ അടുത്തകാലത്താണ് ആ പുസ്തകം കയ്യിലെത്തുന്നത്. 


ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ പറ്റുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഇപ്പോൾ ഒരു നല്ല സിനിമ ഇറങ്ങിയാൽ കാണുന്ന ഒരു ട്രെൻഡ് ആണ് ഡയറക്‌ടർ ബ്രില്ല്യൻസ് കണ്ടുപിടിക്കൽ. യക്ഷി വായിച്ചുകഴിയുമ്പോൾ അത്ഭുതപ്പെട്ടുപോകുന്നത് മലയാറ്റൂരിൻറെ ബ്രില്ല്യൻസിനെ കുറിച്ചോർത്താണ്. കഥാഗതിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വ്യക്തമായി നിർവചിച്ചിരിക്കുന്നു. സൈക്കിക്ക് ആയ ഒരാളുടെ ചിന്താഗതികൾ അതിമനോഹരമായാണ് മലയാറ്റൂർ വരച്ചിട്ടിരിക്കുന്നത്. കാലാനുവർത്തിയാണ് ആ കഥ എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ നായകൻറെ ചിന്തകളെ സ്വാധീനിച്ചത് അക്കാലഘട്ടത്തിലെ ആളുകളുടെ പേടിസ്വപ്നം ആയിരുന്ന യക്ഷി ആയിരുന്നെങ്കിൽ ഇന്ന് മറ്റെന്തെങ്കിലും ആവാം. സംശയത്താൽ ഭാര്യയെ കൊലപ്പെടുത്തുന്ന കഥകളും ദാമ്പത്യ ബന്ധങ്ങൾ തകരുന്ന കഥകളും ധാരാളം നാം കേൾക്കാറുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ ഇതുപോലെയുള്ള യക്ഷികൾ തന്നെ ആകും വില്ലന്മാർ.  നാല്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭാഷയിൽ ഇതുപോലൊരു സാഹിത്യസൃഷ്ടി ഉദയം ചെയ്തതിൽ മലയാളികളായ നമുക്കോരോരുത്തർക്കും അഭിമാനിക്കാം. 

Wednesday, July 7, 2021

കോപ്പയും യൂറോയും - താത്വിക അവലോകനം

കോപ്പ അമേരിക്കൻ മത്സരം നടക്കുന്ന ഒഴിഞ്ഞ സ്റ്റേഡിയം 

യൂറോ കപ്പ് നടക്കുന്ന നിറഞ്ഞ സ്റ്റേഡിയം 

കൊറോണയുടെ പിടിയിലമർന്ന ശേഷം ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് അറിഞ്ഞൊന്ന് ആഘോഷിക്കാനുള്ള വേദിയാവുകയാണ് ഇപ്പോൾ നടന്നുവരുന്ന യൂറോകപ്പ്, കോപ്പാ അമേരിക്ക മത്സരങ്ങൾ. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെങ്കിലും മെസ്സിയെയും റൊണാൾഡോയെയും നെയ്മറെയുമൊക്കെ വിരാട് കൊഹ്‌ലിക്കും ധോണിക്കുമൊക്കെ ഒപ്പം ആരാധിക്കുന്ന നമ്മളും പതിവുപോലെ ബ്രസീൽ ഫാൻസ്‌, അർജന്റീനാ ഫാൻസ്‌, ബെൽജിയം ഫാൻസ്‌ വേഷങ്ങൾ അണിഞ്ഞ് ഇവിടെ പടവെട്ടിത്തുടങ്ങി. മത്സരങ്ങൾ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ഇതുവരെ കണ്ട കളികൾ മനസിലുളവാക്കിയ ചില ചിന്തകൾ പങ്കുവെക്കുകയാണ്.

ആദ്യം ആരംഭിച്ചത് യൂറോ കപ്പ് ആയിരുന്നു. ലോക ഒന്നാം നമ്പർ ടീം ആയ ബെൽജിയം, ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ്, ലോക ഒന്നാം നമ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ, കൂടാതെ മുൻ ലോകകപ്പ് ജേതാക്കളും ഫുട്‍ബോൾ ലോകത്തെ അതികായരുമായ ജർമ്മനി, സ്‌പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി ഏതാണ്ട് ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പ് പോലെ തോന്നിക്കുന്ന രാജ്യങ്ങൾ. യൂറോപ്യൻ ഫുട്‍ബോൾ ലീഗുകൾ വഴി കേരളത്തിലെ ശരാശരി ഫുട്‍ബോൾ ആരാധകരുടെ വരെ പ്രിയങ്കരരായ റൊണാൾഡോ, എംബപ്പെ, ലുക്കാക്കു, ഗീസ്മാൻ തുടങ്ങിയ കളിക്കാരുടെ സാന്നിദ്ധ്യം. സർവ്വോപരി ആർത്തുല്ലസിക്കുന്ന, സദാ സമയവും ബിയറും നുണഞ്ഞ്, ഇഷ്ട ടീമിൻറെ ദേശീയ ഗാനങ്ങൾ ആലപിച്ച് ആഘോഷമാക്കുന്ന ഫുട്‍ബോൾ ഭ്രാന്തന്മാർ സൃഷ്ടിക്കുന്ന ത്രസിപ്പിക്കുന്ന ഗ്യാലറി അന്തരീക്ഷം. ഡെന്മാർക്ക് താരം എറിക്സൺ കുഴഞ്ഞു വീണതിന് ശേഷം കളി തുടർന്നപ്പോളും അടുത്ത കളികളിലും എതിർ ടീമുകളും കാണികളും ടീമിന് ആദരം അർപ്പിച്ചത് കായികലോകത്തെ രോമാഞ്ച കാഴ്ചകളിൽ ഒന്നായി. സംവിധായകൻ ശങ്കർ അല്ലെങ്കിൽ രാജമൗലി ഇന്ത്യയിലെ സൂപ്പർതാരങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കിയ ഒരു ബ്രഹ്‌മാണ്ഡ ചലച്ചിത്രം പോലെയാണ് യൂറോകപ്പ് അനുഭവപ്പെട്ടത്. 

മറുവശത്ത് ഒരു യൂട്യൂബ് ചാനലിൽ, അറിയപ്പെടാത്ത ഏതോ ചങ്ങാതി അണിയിച്ചൊരുക്കിയ വെബ് സീരീസിന്റെ പൊലിമയേ കോപ്പാ അമേരിക്കയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ പളപളപ്പൻ സ്റേഡിയങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഒരു മൂന്നാം ലോക രാജ്യത്തിൻറെ പരമാവധി കഴിവുകൾ ഉപയോഗിച്ച് തേച്ച് മിനുക്കിയിട്ടും ബ്രസീലിലെ സ്റ്റേഡിയങ്ങൾ ബഹുകാതം പിന്നിലാണ്. ആളുകളുടെ അസാന്നിധ്യം കൂടിയാകുമ്പോൾ നമ്മുടെ ഐ.എസ്.എല്ലിനെക്കാൾ മോശമാണല്ലോ ഇവന്മാരുടെ ആംബിയൻസ് എന്നു തോന്നിപ്പോകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്രയെങ്കിലും ഒപ്പിക്കാൻ പെട്ട പാട് സംഘാടകർക്ക് അറിയാം. ടൂർണമെന്റിന് ഒരാഴ്‌ച്ച മുൻപോ മറ്റോ ആണ് വേദി ഏത് രാജ്യത്താണെന്ന് തീരുമാനമായത് തന്നെ. ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും വാക്സിനേഷൻ നടത്തി, മാസ്ക്ക് പോലും നിർബന്ധമില്ലാത്ത വികസിത യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്ന യൂറോ കപ്പ് എവിടെ കിടക്കുന്നു, മൂന്നാം ലോകരാജ്യങ്ങളിലെ വല്യേട്ടനായ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കോവാക്സിൻ എന്ന വാക്‌സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച്, അതിൽ അഴിമതി കണ്ടെത്തി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കോപ്പാ അമേരിക്ക എവിടെ കിടക്കുന്നു. കളിക്കാരുടെ കാര്യമെടുത്താൽ മെസ്സിയെയും നെയ്മറെയും സുവാരസിനേയും പിന്നെ ബ്രസീൽ, അർജന്റീന ടീമുകളിലെ ചില കളിക്കാരെയും മാറ്റി നിർത്തിയാൽ ബാക്കി ആരെയുംകുറിച്ച് ഒരു അറിവുമില്ല (ഒരു സാധാരണ ഫുട്‍ബോൾ പ്രേമിയുടെ കാര്യമാണ് ഉദ്ദേശിച്ചത്. ഹാർഡ്കോർ ഫാനുകളെ ഉദ്ദേശിച്ചല്ല). അവാർഡ് പടം പോലെ നടക്കുന്ന മത്സരങ്ങളും ബഹു രസമാണ്. ഫൗളുകളുടെ പ്രളയമാണ്. അടിയെന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി. ബ്രസീലിനോടും അർജന്റീനയോടും മത്സരിക്കാൻ വരുന്ന ചില ടീമുകളുടെ ലക്ഷ്യം എങ്ങനെയെങ്കിലും തൊണ്ണൂറ് മിനിറ്റ്, അധികം ഗോളുകൾ മേടിക്കാതെ കളി തീർക്കാം എന്നുള്ളതാണെന്ന് തോന്നും. അതിനായി പരമാവധി സമയം കളയാനും എതിർ കളിക്കാരെ ഫൗൾ ചെയ്ത് തർക്കിച്ചു നിൽക്കാനും ശ്രമിക്കുന്നത് പോലെ. ഇപ്പോൾ ഇന്ത്യ ആണ് ബ്രസീലുമായി കളിക്കുന്നതെങ്കിൽ ഗോളൊന്നും അടിക്കാൻ മെനക്കെടാതെ പതിനൊന്ന് പേരും ഗോളൊന്നും കയറാതെ കിണഞ്ഞ് പരിശ്രമിച്ച് സമയം തീർത്താൽ പിന്നെ ഞെളിഞ്ഞ് നിന്ന് പറയാമല്ലോ "ഞങ്ങളും ബ്രസീലുമൊക്കെ ഫുട്‍ബോളിൽ ഒരേ വേവ് ലെങ്ത്ത് ആണ്" എന്ന്. ഇഞ്ചുറി ടൈം പത്ത് മിനിറ്റെങ്കിലും ഉണ്ടാകും. മാൻ ഓഫ് ദി മാച്ച് അവാർഡിന് ശരിക്കും അർഹർ മത്സരം നിയന്ത്രിക്കുന്ന റഫറിമാർ ആണെന്ന് തോന്നും. 

ഒരിടയ്ക്ക് സിനിമകളിൽ കാണുന്ന ഒരു പതിവായിരുന്നു നായികയ്ക്ക് വേണ്ടി കോടീശ്വരനായ അച്ഛൻ/കാമുകൻ പണത്തിൻറെ ധാരാളിത്തം കാട്ടി എന്തെങ്കിലും ചെയ്ത് കൊടുക്കുമ്പോൾ സാധാരണക്കാരനായ നായകൻ എന്തെങ്കിലും പാട്ടോ ലൊട്ടുലൊടുക്ക് സാധനമോ കാണിക്കുമ്പോൾ നായിക നായകൻറെ ഒപ്പം പോകുന്നത്. അതേപോലത്തെ ഒരു ക്ലൈമാക്‌സ് ആണ് ഇപ്പോൾ കോപ്പയിലും സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. ഇത്രയും ബിൽഡപ്പ് ഒക്കെ നൽകി കെട്ടിപ്പൊക്കി ഉണ്ടാക്കിയെടുത്ത യൂറോ ആരാധകർ മൊത്തമായി കോപ്പ ഫൈനൽ ലൈനപ്പ് കണ്ടതോടെ സ്റ്റാറ്റസിൽ നിന്നും യൂറോയെ താത്ക്കാലത്തേക്കെങ്കിലും തഴഞ്ഞ് അവിടെ കോപ്പയെ പ്രതിഷ്ഠിച്ചിരിക്കുന്നു. യൂറോ ഫൈനലിൽ ഇറ്റലിക്ക് എതിരായി ഇംഗ്ലണ്ട് വന്നാലും ഡെന്മാർക്ക് വന്നാലും ബ്രസീൽ-അർജന്റീന ഫൈനലിൻ്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. പ്രേക്ഷകരുടെ കയ്യടി നേടാൻ ബ്രഹ്‌മാണ്ഡ ചിത്രം തന്നെ വേണമെന്നില്ല എന്ന് ചുരുക്കം. കാമ്പുള്ള കഥയാണെങ്കിലും യൂട്യൂബ് ചാനൽ തന്നെ വൈറൽ ആകാൻ ധാരാളം.   

Wednesday, June 23, 2021

ഒരു നനഞ്ഞ സ്പർശനം


യൂറോകപ്പിലെ വാശിയേറിയ മത്സരം കണ്ടുകഴിഞ്ഞപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. മത്സരത്തിൻറെ ചൂടിൽ ഉറക്കം അലിഞ്ഞുപോയിരിക്കുന്നു. ടിവിയും ലൈറ്റുകളും ഓഫാക്കി ബെഡ്‌റൂമിലെത്തി. ഭാര്യയും മോളും രണ്ടുറക്കം കഴിഞ്ഞിരിക്കുന്നു. കിടന്നാൽ ഉറക്കം ഉടനൊന്നും വരില്ല. അപ്പുറത്തെ മുറിയിൽ പോയി കുറച്ചുസമയം കൂടി വായിക്കാം. വായനാദിനത്തിൽ വായിച്ചുതുടങ്ങിയ പുസ്തകം ഒരു സസ്‌പെൻസ് ത്രില്ലർ ആയതിനാൽ കൂടുതൽ ആലോചിച്ച് സമയം കളഞ്ഞില്ല. പുസ്തകവുമെടുത്ത് പടിഞ്ഞാറേ മുറിയിൽ പോയി ലൈറ്റും ഫാനുമിട്ട് കട്ടിലിൽ കയറിക്കിടന്ന് വായന തുടങ്ങി. പുസ്തകം കൊള്ളാം, ഒരു ഹൊറർ മൂഡ് ഒക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കൊണ്ട് രാത്രി വായിക്കുന്നതാണ് അതിൻറെ രസം. വായിച്ച് ഒന്ന് രണ്ട് അദ്ധ്യായം കഴിഞ്ഞപ്പോളേക്കും പുറത്ത് മഴ തുടങ്ങി. മഴയും കാറ്റും വീശിയടിക്കുന്നതിൻറെ ഒച്ചപ്പാടുകൾ പുറത്ത് നിന്നും കേട്ടുതുടങ്ങി. അതിലൊന്നും ശ്രദ്ധിക്കാതെ പുസ്തകത്തിൽ മുഴുകി കിടന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയി. ഇൻവെർട്ടർ ഉള്ളതിനാൽ കുഴപ്പമില്ല, ഫാനിൻറെ സ്‌പീഡും ട്യൂബിന്റെ ലൈറ്റും അൽപ്പം കൂടിയത് പോലെ തോന്നും. ഇൻവെർട്ടറിൽ നിന്നുള്ള കറണ്ടിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫാൻ ചെറിയ മൂളലും ആരംഭിച്ചിട്ടുണ്ട്. കറണ്ട് ഉടനെ വന്നില്ലെങ്കിൽ ഇൻവെർട്ടറും കയ്യൊഴിയും. എത്ര മഴയും തണുപ്പും ആണെന്ന് പറഞ്ഞാലും ഫാനിൻറെ ഒച്ച കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്നാണ് ഒരു ബുദ്ധി മനസിലുദിച്ചത്. എന്തായാലും കിടന്ന് വായിക്കുന്നു. പുറത്താണെങ്കിൽ നല്ല മഴയും കാറ്റും. ജനൽ തുറന്നിട്ടാൽ ഫാൻ തത്ക്കാലം ഒഴിവാക്കാം. പിന്നെ ഉറങ്ങാൻ നേരം ഓണാക്കിയാൽ മതി. അത്രയും കൂടി കറണ്ട് സംഭരിക്കാം. ഞാൻ വായനയ്ക്ക് ബ്രേക്ക് കൊടുത്തുകൊണ്ട് എഴുന്നേറ്റ് കട്ടിലിൻറെ സൈഡിലുള്ള ജനലുകൾ തുറന്ന് കൊളുത്തിട്ട് വെച്ചു. പുറത്തുനിന്നും തണുപ്പ് അകത്തേക്ക് അടിച്ചുകയറി. ഇനിയിപ്പോൾ കറണ്ട് ഇല്ലെങ്കിലും സാരമില്ലെന്ന് ഓർത്തുകൊണ്ട് ഞാൻ ഫാൻ ഓഫാക്കി വായന തുടർന്നു. 

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല, അപ്പുറത്തെ ഹാളിൽ തൂക്കിയിരിക്കുന്ന പഴയ സയന്റിഫിക് ക്ലോക്ക് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു മണിയടിക്കുന്നത് കേട്ടപ്പോളാണ് സമയത്തെക്കുറിച്ച് ഒരു ബോധ്യം ഉണ്ടായത്. എന്തായാലും ഇന്ന് തീരില്ല. നാളെ ഒരിരുപ്പിന് വായിച്ചു തീർക്കാമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ കിടക്കാൻ തീരുമാനിച്ചു. ഇന്നിനി ഇവിടെ കിടക്കാം. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അപ്പുറത്ത് ചെല്ലുമ്പോൾ വന്ന ഉറക്കം പിന്നെയും പോകും. കട്ടിലിൻറെ തലയ്ക്കലുള്ള സ്വിച്ച് ബോർഡിൽ കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഫാൻ ഓണാക്കി. ഇതിനിടയിലെപ്പോളോ കറണ്ട് വന്നിരിക്കുന്നു. നോവലിനെ കുറിച്ച് ഓർത്തുകൊണ്ട് തന്നെ ഉറക്കത്തിലേക്ക് കടന്നു. 

ഉറക്കത്തിനിടയിൽ വലത്ത് കാലിൻറെ മുട്ടിന് താഴെ നിന്നും മുണ്ട് വഴുതി മാറിയ നഗ്നതയിൽ ഒരു തണുപ്പ് പെട്ടെന്ന് അനുഭവപ്പെട്ടപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്. ജനലഴികൾക്കിടയിലൂടെ കാലിൽ സ്പർശിച്ച ഒരു നനഞ്ഞ കൈ അതിവേഗം പുറത്തേക്ക് പോകുന്നതാണ് ഞെട്ടിയുണർന്ന എൻറെ കണ്ണുകൾ കണ്ടത്. മരിച്ചവരുടെ കൈ പോലെ ആ കൈ വല്ലാതെ വിളറി വെളുത്തിരുന്നു. മേലാസകലം പാഞ്ഞുകയറിയ ഒരു കുളിരിൽ ഞാൻ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റ് പുറത്തേക്ക് നോക്കി. കട്ടപിടിച്ച ഇരുട്ട് മാത്രം. കട്ടിലിൻറെ അരികിലായി വെച്ചിരുന്ന മൊബൈൽ വേഗം എടുത്ത് ടോർച്ച് ഓണാക്കി പുറത്തേക്ക് തെളിച്ചു നോക്കി. വല്ല കള്ളനും ആണെങ്കിലോ?. അകത്തുള്ള ആളുടെ ഉറക്കത്തിൻറെ ഗാഢത അറിയാൻ ചില കള്ളന്മാർ ജനാലയുടെ അടുക്കൽ ലൈറ്റർ ഒന്ന് ഫ്ലാഷ് ചെയ്യിക്കും എന്ന് ആരോ പറഞ്ഞുകേട്ടത് ഓർമയിൽ വന്നു. അകത്തു നിന്നും പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ. അങ്ങനെ എൻറെ ഉറക്കം അളക്കാൻ ആണോ ഇനി കൈ കൊണ്ട് തൊട്ടുനോക്കിയത്?? പുറത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. ഞാൻ എത്തിവലിഞ്ഞ് ജനലിന്റെ താഴെയൊക്കെ ടോർച്ച് അടിച്ചു നോക്കി. അവിടെയൊക്കെ ചെടിച്ചട്ടികളാണ്. ആർക്കും ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറ്റില്ല, അതും ജനലഴികളിലൂടെ കൈ നീട്ടി എന്നെ തൊടാൻ പറ്റുന്ന രീതിയിൽ. അപ്പോൾ ഞാൻ സ്വപ്‌നം കണ്ടത് തന്നെ ആയിരിക്കും. അല്ലാതെ അത്ര വിളറി വെളുത്ത കൈ ഒക്കെ?? അസംഭവ്യം. ഞാൻ ലൈറ്റ് ഓൺ ആക്കി തലയിണയുടെ സമീപം വിശ്രമിക്കുന്ന പുസ്തകം കൈകൊണ്ട് എടുത്ത് കിലുക്കത്തിലെ തിലകനെപ്പോലെ പറഞ്ഞു. "മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ കോപ്പ് എഴുതി വെച്ചേക്കുന്നു.". ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുൻപായി കാലിൽ തൊട്ടു എന്ന് തോന്നിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. നനഞ്ഞ വിരലുകൾ കൊണ്ട് തൊട്ടതുപോലെ അവിടെ ചെറിയ നനവ് വ്യക്തമായി കാണാം. അപ്പോൾ കാലിൽ ആരോ തൊട്ടു എന്നത് എൻറെ സ്വപ്നമല്ല. അവിടെ നനവ് എത്താനുള്ള ഒരു സാധ്യതയുമില്ല. ചെറിയ ഒരു ഭയം എന്നിൽ മൊട്ടിട്ടുതുടങ്ങി. പെട്ടെന്ന് തന്നെ ഞാൻ ജനാലകൾ അടച്ചു കുറ്റിയിട്ടു. കുറച്ചുനേരം കൂടി കട്ടിലിൽ ചുമ്മാതിരുന്നിട്ട് വീണ്ടും കിടന്നു. ലൈറ്റ് ഓഫ് ചെയ്യുമ്പോൾ എൻറെ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കുന്നത്രയും ഉച്ചത്തിലാണ് ഹൃദയം ഇടിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോളും ചുറ്റുപാടുമുള്ള ഓരോ ചെറിയ അനക്കത്തെക്കുറിച്ചും എൻറെ കാതുകൾ ജാഗ്രതയോടെ ഉണർന്നു നിൽക്കുന്നതായി തോന്നി. ഓരോ ചെറിയ അനക്കത്തിനും ചെറിയ ഉച്ചയ്ക്കും ഞാൻ ഞെട്ടി കണ്ണു തുറന്നു. ആ ജാഗ്രതയ്ക്കിടയിൽ എപ്പോളോ എന്നെ വീണ്ടും ഉറക്കം മാടിവിളിച്ചു തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. എൻറെ മൊട്ടത്തലയുടെ ഇടതുഭാഗത്ത് ചെവിയുടെ മുകളിലായി ഒരു തണുത്ത സ്പർശനം. എൻറെ ശരീരത്തിലെ ഓരോ രോമകൂപവും എന്നെക്കാളും മുന്നേ ഉണർന്നുകഴിഞ്ഞിരുന്നു. പെട്ടെന്ന് ഞാൻ ലൈറ്റ് ഇട്ടു. മുറിയിൽ ഒന്നുമില്ല. ഞാൻ തലയിൽ തൊട്ടുനോക്കി. നനവ് ഉള്ളതുപോലെ. ചാടിയെഴുന്നേറ്റ് മുറിയിലെ ചുമരലമാരിയിലെ കണ്ണാടിയുടെ മുന്നിലെത്തി നോക്കി. ചെറുതായി നനവ് ഉണ്ട്. പെട്ടെന്ന് കട്ടിലിൻറെ അടിയിൽ നിന്നൊരു അനക്കം. ആ തണുപ്പിലും ഞാൻ ചെറുതായി വിയർക്കുവാൻ തുടങ്ങി. മുറിയിൽ ഞാൻ തനിച്ചല്ല എന്ന് ഉറപ്പായി. പണ്ട് കണ്ട ഗ്രഡ്ജ് എന്ന ജാപ്പനീസ് പ്രേതപ്പടങ്ങളിലെപ്പോലെ കട്ടിന്നടിയിലെ ഇരുളിൽ വിളറി വെളുത്ത പ്രേതരൂപികൾ പതിയിരിക്കുന്നതായി ഞാൻ ഭയന്നു. അവസാനം എന്തുംവരട്ടെ എന്ന് മനസിലുറപ്പിച്ചുകൊണ്ട് കട്ടിലിൻറെ അടിയിലേക്ക് മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് കുനിഞ്ഞു നോക്കി. പെട്ടെന്ന് ഒരാൾ കയ്യിൽപിടിച്ച് വലിച്ചാൽ ഒറ്റച്ചാട്ടത്തിന് കട്ടിലിൻറെ മുകളിൽ കയറണം എന്ന തയ്യാറെടുപ്പോടുകൂടിയാണ് താഴേക്ക് കുനിഞ്ഞത്. മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകളായിരുന്നു അവിടെ എന്നെ കാത്തിരുന്നത് 

പുറത്തെ ചെമ്പരത്തിയിൽ ഇരുന്ന് മഴകൊണ്ടുമടുത്തപ്പോളാണ് ആ മരത്തവളയ്ക്ക് വീടിൻറെ ഭിത്തിയിൽ കുറച്ചുസമയം പറ്റിപ്പിടിച്ചിരിക്കാമെന്ന് തോന്നിയത്. ഭിത്തി ലക്ഷ്യംവെച്ച് ചാടിയ ചാട്ടം ഉന്നം തെറ്റി കൃത്യമായി എൻറെ കാലിൻറെ നഗ്നതയിൽ വന്ന് ക്രാഷ് ലാൻറ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഭൂമികുലുക്കം പോലെ അനുഭവപ്പെട്ട എൻറെ ഞെട്ടലിൽ തെറിച്ച് കമ്പ്യൂട്ടർ മേശപ്പുറത്ത് പതിച്ച തവളച്ചാർ വീണ്ടും ലൈറ്റ് ഓഫ് ആയപ്പോൾ ജനലിന്റെ നേരെ ചാടിയെങ്കിലും ഫാനിൻറെ സ്പീഡിൽ ലക്ഷ്യത്തിലെത്താതെ എൻറെ തലയിൽ തട്ടി നേരെ താഴേക്ക് വീഴുകയായിരുന്നു. 

ടോർച്ചുമടിച്ച് പ്രേതത്തെ നോക്കുന്നത് പോലെ മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് പോലെ മരത്തവള മൊഴിഞ്ഞു. "ഇങ്ങനെ പേടിക്കാതെടാ, വെറുതെ മനുഷ്യർക്ക് പേരുദോഷം ഉണ്ടാക്കാനായിട്ട്"