Thursday, September 28, 2023

വായനാനുഭവം - മുതൽ - വിനോയ് തോമസ്



പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനും പുറ്റ് എന്ന കൃതിയിലൂടെ 2021 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത ശ്രീ വിനോയ് തോമസിൻറെ പുതിയ നോവൽ - മുതൽ - ൻറെ വായനാനുഭവമാണ് ഇക്കുറി. വിഷമത്തോടെതന്നെ ആദ്യമേ പറയുകയാണ് ശ്രദ്ധേയമായ പുറ്റ്, കരിക്കോട്ടക്കരി എന്നീ നോവലുകൾ എഴുതിയതിന് ശേഷമാണ് 2023 ആഗസ്റ്റിൽ 'മുതൽ' പ്രസിദ്ധീകരിക്കുന്നതെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന വിനോയ് തോമസ് കൃതി 'മുതൽ' ആണ്. അതിനാൽ തന്നെ അദ്ദേഹത്തിൻറെ പതിവ് എഴുത്തുരീതികളെക്കുറിച്ച് താരതമ്യം ചെയ്തുനോക്കുവാനോ ഈ പുസ്തകത്തിൽ ഞാൻ വളരെ പ്രത്യേകതയോടെ കാണുന്ന കാര്യങ്ങൾ അദ്ദേഹത്തിൻറെ സ്ഥിരം ചേരുവകകൾ തന്നെ ആണല്ലോയെന്ന് പറയുവാനോ സാധിക്കില്ല. ഒരു കാര്യം ഉറപ്പ് പറയാം അദ്ദേഹത്തിൻറെ മുൻ നോവലുകൾ വായിക്കാതിരുന്നത് മോശമായിപ്പോയി എന്നൊരു തോന്നൽ ഈ നോവൽ വായന കഴിഞ്ഞപ്പോൾ തോന്നി. തീർച്ചയായും വായിക്കുക തന്നെ ചെയ്യും. കാരണം മുതലിൻറെ മുതൽ എഴുത്തുകാരൻറെ ബുദ്ധിയും സാമർത്ഥ്യവുമാണ്. 

നോവലിനെക്കുറിച്ച് പറയാം. വ്യത്യസ്തമായ ഒരു കഥാതന്തുവും അതിലും വ്യത്യസ്തമായ ഒരു അവതരണവുമാണ് നോവലിൻറെ പ്രത്യേകത. മുതൽ - എന്താണ് മുതൽ? ധനം, ധാന്യം, പശു, രാജ്യം, ആരോഗ്യം, സന്താനം എന്നിങ്ങനെ പല രൂപത്തിൽ നമ്മൾ മുതലിനെ കാണുന്നു, അനുഭവിക്കുന്നു. ഒരാൾക്ക് മുതൽ ആകുന്നത് മറ്റൊരാൾക്ക് മുതൽ ആകുന്നില്ല. എന്തായാലും മുതലിനെ തേടിയാണ് മനുഷ്യൻറെ ജീവിതത്തിൻറെ നല്ലപങ്കും ചിലവഴിക്കപ്പെടുന്നത്. ആ മുതലിനെ ഒന്ന് പരിചയപ്പെടുന്നതിനായി നോവലിസ്റ്റ് നടത്തുന്ന യാത്ര. കണ്ടെത്തിയ കാര്യങ്ങൾ ഒരു കഥാകാരൻറെ എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടി ഒരു നോവലായി അവതരിപ്പിച്ചിരിക്കുന്നു. അതും രസകരമായി, വേളൂർ കൃഷ്ണൻകുട്ടിയെയോ അതിലേറെ പമ്മനെയോ ഓർമ്മിപ്പിക്കുന്ന രചനാ രീതി. നഷ്ടബോധമില്ലാതെ 381 പേജുകളുള്ള പുസ്‌തകം വായിച്ചു തീർക്കാം. 

കഥാകാരൻറെ സ്വാതന്ത്ര്യം അതിൻറെ പൂർണതോതിൽ വാരിവിതറിയിരിക്കുന്നതിനാൽ എരിവും പുളിയുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും കടന്നുകൂടിയിട്ടുണ്ട്. ശ്രീനാരായണഗുരു മുതൽ ഭഗവൻ രജനീഷ് വരെ, അല്ലെങ്കിൽ സിറാജ് ഉദ്ദ് ദൗള മുതൽ നെഹ്‌റു വരെ ഒരുമാതിരിപ്പെട്ട സകല സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സംഭവങ്ങളെയും മുതലിൽ കെട്ടി അലക്കിയിട്ടുമുണ്ട്. അല്ലെങ്കിലും നമ്മൾ കണ്ടു പരിചയിച്ച ഒരു സംഭവത്തെ വേറൊരു വീക്ഷണകോണകത്തിൽ കാണുമ്പോഴാണല്ലോ ആഗസ്റ്റ് 17 പോലുള്ള കൃതികൾ ഉണ്ടാകുന്നത്. ചില കടുംവെട്ട് പ്രയോഗങ്ങളെയെല്ലാം നായകനായ സുധീഷ് നിലാവിൻറെ തലയിൽകെട്ടിവെച്ച് നോവലിസ്റ്റ് കൈകഴുകുന്നുണ്ട്. എന്തായാലും ഈ സംഭവങ്ങളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കാൻ വേണ്ടിവന്ന ബുദ്ധിയെക്കുറിച്ചാണ് ഞാൻ ആദ്യം സൂചിപ്പിച്ചതും അദ്ദേഹത്തിൻറെ ബാക്കി പുസ്തകങ്ങൾ കൂടി വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.

എനിക്കൊരു കുഴപ്പമുണ്ട്. അത് എൻറെ മാത്രം കുഴപ്പമാണോയെന്നറിയില്ല. തൃശൂർ പശ്ചാത്തലമാക്കിയുള്ള നോവലോ സിനിമകളോ കണ്ടുകഴിഞ്ഞാൽ കുറെ നേരം ആ സ്ലാങ് വായിൽ നിന്നും പോകില്ല. ന്നാ താൻ കേസ് കൊട് പോലുള്ള കാസർകോടൻ പശ്ചാത്തലമുള്ള സിനിമകൾ കണ്ടാൽ ആ സ്ളാങ് ബഹിർഗമിക്കും. അതായിരിക്കും 381 പേജ് സുധീഷ് നിലാവിൻറെ കൂടെ സഞ്ചരിച്ച ശേഷം നോവലിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിയേക്കാം എന്ന് വിചാരിച്ചപ്പോൾ പുറത്തേക്ക് വന്നത് താഴെ എഴുതിയിരിക്കുന്ന പാരഗ്രാഫാണ്. അത് വായിച്ച് മാമനോടൊന്നും തോന്നല്ലേ, ഒക്കെ ആ സുധീഷ് നിലാവ് പറയുന്നതാണെന്ന് കരുതിയാൽ മതി.

"ചുമ്മാ ഊമ്പിത്തിരിഞ്ഞ് ഇരിക്കുമ്പോൾ വായിച്ചുതള്ളാൻ പറ്റിയ ഒരു മൂഞ്ചിയ കഥ. അല്ലെങ്കിലും വല്ലവനും അവരാതിച്ച കഥയാണെന്ന് പറഞ്ഞു തന്നാൽ ഇവിടുത്തെ മൈഗുണാണ്ടികൾ ഇടിച്ചുകുത്തിനിന്ന് വായിച്ചുകൊള്ളുമെന്ന് എൻറെ ആശാൻ ശ്രീപൂമരം ഗോപാലനാശാൻ അവർകൾ കാലങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. അല്ലെങ്കിലും ആശാൻ പറഞ്ഞ ഏത് കാര്യമാണ് പിഴച്ചിട്ടുള്ളത്. എന്നാലും എൻറെ വിനോയ് ആശാനേ സോറി ശ്രീപൂമരം ഗോപാലനാശാനേ നമിക്കുന്നു"

Monday, September 25, 2023

പുസ്‌തകപരിചയം - കാറ്റിൻറെ നിഴൽ - കാർലോസ് റൂയിസ് സാഫോൺ


    കാറ്റിൻറെ നിഴൽ -  സ്‌പാനിഷ്‌ എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫോൺ 2001 ള്ള പ്രസിദ്ധീകരിച്ച 'ദി ഷാഡോസ് ഓഫ് ദി വിൻഡ്' എന്ന കൃതിയുടെ ശ്രീമതി രമാ മേനോൻ തയ്യാറാക്കിയ മലയാളം പരിഭാഷയാണത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണ് 'ദി ഷാഡോസ് ഓഫ് ദി വിൻഡ്'. അതിശയകരമായ ഒരു സൃഷ്ടി തന്നെയാണ് ആ നോവൽ. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സ്‌പാനിഷ്‌ സിറ്റിയായ ബാഴ്‌സലോണയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതിനാൽത്തന്നെ ഈ കൃതി 2001 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് നോവൽ വായിച്ചുകഴിയുമ്പോൾ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടാണ് കാർലോസ് റൂയിസ് സാഫോൺ നോവൽ രചിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക് രചന.

നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു കുറ്റാന്വേഷണ സ്വഭാവത്തിലൂടെ മുന്നേറുന്ന എന്നാൽ പ്രണയവും, ഡ്രാമയും, കുടുംബ വൈകാരികതകളും ആവശ്യത്തിന് മേമ്പൊടിയായിട്ടുള്ള കഥ. ശ്രീ അജയ് പി മങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ പോലെ പുസ്‌തകങ്ങളും ഗ്രന്ഥപ്പുരകളും നിറഞ്ഞൊരു പശ്ചാത്തലത്തിൽ നിന്നാണ് കഥയുടെ തുടക്കം. നായകനായ ഡാനിയേലിൻറെ ബാല്യത്തിൽ ലഭിക്കുന്ന ഒരു പുസ്‌തകം. അത് അവന്റെയും അവനോട് അനുബന്ധിച്ചുള്ളവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഡാനിയേലും അച്ഛനുമായുള്ള ബന്ധം പോലെ മൂന്നോളം ഊഷ്‌മളമായ അച്ഛൻ-മകൻ ബന്ധങ്ങളെ തികച്ചും വ്യത്യസ്തവും എന്നാൽ മനസ്സിൽ തൊടുന്നരീതികളിൽ നോവലിസ്റ്റ് എഴുതിച്ചേർത്തിരിക്കുന്നു. അതേപോലെ തന്നെയാണ് രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഡാനിയേലിന്റെയും ജൂലിയൻ കാരക്‌സിന്റെയും പ്രണയത്തിലെ തീവ്രതകളും ഹൃദ്യമെന്ന് വിശേഷിപ്പിക്കാം. ഒരു സിനിമയിൽ കാണുന്നതുപോലെ ബാഴ്‌സലോണയുടെ ആ കാലഘട്ടത്തിലെ ജീവിതങ്ങളെ നമ്മുടെ മുന്നിൽ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. 561 പേജുകളുള്ള വലിയൊരു നോവലാണ് കാറ്റിൻറെ നിഴൽ എങ്കിലും ഒരിക്കൽപ്പോലും വായന മതിയാക്കിയേക്കാം എന്നൊരു ചിന്ത വായനക്കാരിൽ ഉളവാകാതെ താൽപര്യത്തോടെ വായനയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതി അഭിനന്ദനാർഹം തന്നെ. ഏച്ചുകെട്ടലുകളില്ലാത്ത രമാ മേനോൻറെ പരിഭാഷയും പ്രശംസനീയം തന്നെ. 

വിശ്വവിഘ്യാതമായ ഒരു നോവലിൽ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നറിയാമെങ്കിലും, 561 എന്നത് ഒരു 400 പേജിൽ ഒതുക്കിയിരുന്നെങ്കിൽ നോവലിന് ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വേഗത കൈവന്നേക്കുമായിരുന്നു എന്ന് തോന്നി. ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും അത് സംഭവ്യം ആയിരുന്നെന്നും. എന്നിരുന്നാലും ആദ്യമേ പറഞ്ഞതുപോലെ നോവലിൻറെ വലിപ്പം ഒരിക്കലും അതിൻറെ ആസ്വാദ്യതയെ ബാധിച്ചിട്ടില്ല എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത, ഹൃദ്യമായ ഒരു വായനാനുഭവം. വ്യത്യസ്തവും കാമ്പുള്ളതുമായ കൃതികൾ വായിക്കണമെന്നുള്ളവർക്കും പേജുകളുടെ എണ്ണം വായനയെ ബാധിക്കില്ല എന്നുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പുസ്‌തകം.

Thursday, July 20, 2023

വായനാനുഭവം - കുട നന്നാക്കുന്ന ചോയി - എം മുകുന്ദൻ



കുട നന്നാക്കുന്ന ചോയി ആവിക്കപ്പൽ കയറി കടലിനക്കരെ പോയി. പോകുന്നതിന് മുൻപ് മാധവനെ ഒരു കവർ ഏൽപ്പിച്ചിട്ടാണ് പോയത്. പ്രിയ എഴുത്തുകാരൻ ശ്രീ എം മുകുന്ദൻറെ കുട നന്നാക്കുന്ന ചോയി എന്ന നോവലിൻറെ കഥാതന്തു ആണ് ആ പറഞ്ഞത്. ഈ ചോയിയോ മാധവനോ അത്ര പ്രധാനപ്പെട്ട ആളുകൾ അല്ലതാനും. ഇന്നത്തെ കാലത്ത് നിന്ന് ആലോചിക്കുമ്പോൾ അതിനെന്താ ഇത്ര കഥ ഉണ്ടാക്കാൻ മാത്രം എന്ന് തോന്നാം. ഒരു നാട്ടിലെ ഓരോ സ്‌പന്ദനവും നാട്ടുകാർ ഒരുമിച്ച് പങ്കിട്ടിരുന്ന ഒരു കാലഘട്ടമാണ് കഥാപശ്ചാത്തലം. വായിക്കുന്തോറും നമുക്കും തോന്നും ആ ഒരു കാലം മതിയായിരുന്നു. നിഷ്‌കളങ്കരായ നാട്ടുകാർ. ഇന്ന് അടുത്ത വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് പോലും യാതൊരു ധാരണയുമില്ലാതെ വളരുന്ന ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ഒരു ലോകമാണ് ഈ നോവലിൽ വരച്ചിടുന്നത്.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിലും പശ്ചാത്തലത്തിലും തന്നെയാണ് കുട നന്നാക്കുന്ന ചോയിയും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് മയ്യഴിയിൽ നിന്നും മടങ്ങിയ വായനക്കാരന് ഒരിക്കൽക്കൂടി ആ നാട്ടിലൂടെ ഒന്ന് അലയാനുള്ള അവസരം.വളരെ ചെറിയൊരു തന്തു ആയിരുന്നിട്ടും അതിമനോഹരമായി അതിനെ ഇരുന്നൂറ് പേജിന് മുകളിൽ വരുന്നൊരു നോവലാക്കി മാറ്റിയത് ശ്രീ എം മുകുന്ദനെപ്പോലെ അതുല്യ പ്രതിഭകൾക്ക് മാത്രം സാധിക്കുന്നൊരു കഴിവാണ്. മൂപ്പൻ കുന്നും, മയ്യഴിയിലെ നിരത്തുകളും പിന്നെ പ്രധാന കഥാപാത്രങ്ങളായ മാധവനും ചോയിയും അവരോടൊപ്പം ആ നാട്ടിൽ ജീവിച്ച നൂറുകുമാരനും, പത്രാസുകാരൻ പത്രോസും കക്കൂയിയിൽ തോലൻ കാരണവരുമൊക്കെ നാളുകൾ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിലനിൽക്കും. 

നിരാശപ്പെടുത്താത്ത, നല്ലൊരു വായനാനുഭവം സമ്മാനിച്ച മറ്റൊരു എം മുകുന്ദൻ മയ്യഴിക്കഥ 

വായനാനുഭവം - പ്ലാനറ്റ് 9 - മായ കിരൺ


മലയാളത്തിൽ വായിച്ചതിൽ വെച്ച് വ്യത്യസ്തമായ ഒരു പ്രമേയത്തെ മുൻനിർത്തി ശ്രീമതി മായാ കിരൺ എഴുതിയ നോവലാണ് പ്ലാനറ്റ് 9. അന്യഗ്രഹജീവികൾ കഥാപാത്രമായി വരുന്ന സ്‌പേസ് ഫിക്ഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന നോവലാണിത്. ശരിക്കും ഒരു ഹോളിവുഡ് സിനിമ ആസ്വദിക്കുന്നതുപോലെ ആസ്വാദനീയമായി നോവൽ ഒരുക്കിയ ശ്രീമതി മായാ കിരണിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. 

സയൻസ് ഫിക്ഷൻ വിഭാഗത്തിലെ പുസ്തകങ്ങൾ ആവശ്യപ്പെടുന്നതുപോലെ മനസ്സിരുത്തിയുള്ള ഒരു വായന ആവശ്യപ്പെടുന്നൊരു പുസ്തകമാണ് പ്ലാനറ്റ് 9. ഫിക്ഷനോ യാഥാർഥ്യമോ എന്ന് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും, സംഭവ്യം എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങളും കഥയിലുടനീളം കാണാം.

കഥയിലേക്ക് ഒന്നെത്തിനോക്കിയാൽ ഭൂമി നേരിടാൻ പോകുന്ന ഒരു ആപത്ത്, മനുഷ്യരാശിയെത്തന്നെ തുടച്ചുനീക്കിയേക്കാവുന്ന ഒരു അന്യഗ്രഹ ജീവിയുടെ ആക്രമണം തിരിച്ചറിയപ്പെടുന്നതും അതിൽ നിന്ന് ലോകം രക്ഷപ്പെടുന്നതുമാണ് നോവലിലെ പ്രതിപാദ്യം. സംഭവങ്ങളെ എൺപത് ശതമാനവും സംഭാഷണങ്ങളിലൂടെയാണ് വിവരിക്കുന്നത്. അതും നാസ. ഇസ്രോ, സ്പേസ് എക്‌സ് തുടങ്ങിയ ബഹിരാകാശ ഗവേഷണരംഗത്തെ ഭീമന്മാരിലെ കൂടിയ തലകൾ തമ്മിലുള്ള സംഭാഷണം. പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അതിശയോക്തി കൂടാതെ അവരുടെ മീറ്റിങ്ങുകൾ വായിച്ചെടുക്കാം, അവർ പറയുന്ന കാര്യങ്ങൾ മനസിലാക്കാം (എന്തായാലും എനിക്ക് മനസിലായി) എന്നത് എഴുത്തുകാരിയുടെ വിജയമാണ്. ഇനിയും യോഗി കഥയ്ക്ക് തുടർക്കഥകൾ ഉണ്ടായേക്കാം എന്ന രീതിയിലാണ് കഥ അവസാനിപ്പിക്കുന്നത്. ഇതുപോലൊരു വിഷയം ഇന്റർനെറ്റും ലോകസിനിമകളും കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന മലയാളി വായനക്കാർക്ക് മുന്നിൽ സധൈര്യം അവതരിപ്പിച്ച എഴുത്തുകാരിക്ക് ബിഗ് സല്യൂട്ട്. എവിടെയെങ്കിലും അൽപ്പം പാളിപ്പോയിരുന്നെങ്കിൽ വൻ ഫ്ലോപ്പ് ആയിപ്പോകുമായിരുന്ന ടോപ്പിക്കിനായി അവർ നടത്തിയിട്ടുള്ള അണിയറപ്രവർത്തനങ്ങൾ ഊഹിക്കാവുന്നതിനുമപ്പുറമാണ്.

നെഗറ്റീവ് ആയി തോന്നിയത് മലയാളത്തിൽ ഈ കാറ്റഗറിയിൽ പുസ്തകങ്ങൾ കണ്ടിട്ടില്ലെങ്കിലും ഇതുപോലെയുള്ള തീമുകൾ ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതായി തോന്നി. ഏറെക്കുറെ എല്ലാ സമസ്യകൾക്കും ഉത്തരം നൽകുന്നുണ്ടെങ്കിലും എന്തോ എവിടെയോ വിട്ടുപോയപോലൊരു തോന്നൽ അവസാനം എന്നിലവശേഷിച്ചു. ഒരുപക്ഷെ അത് എൻറെ വായനയുടെ കുഴപ്പമാകാം. 

വ്യത്യസ്തമായ വായനക്കായി സധൈര്യം സമീപിക്കാവുന്ന നോവലാണ് പ്ലാനറ്റ് 9  

Saturday, July 8, 2023

വായനാനുഭവം - ആൽഫ - ടി ഡി രാമകൃഷ്‌ണൻ


    ഒരു ഹോളിവുഡ് സിനിമയുടേത് പോലെ വ്യത്യസ്‌തമായ പ്രമേയം, വായനക്കാരനെ പിടിച്ചിരുത്തുന്ന തുടക്കം, എന്തുകൊണ്ട് ഇങ്ങനെ ഞാൻ ചിന്തിച്ചില്ല? അല്ലെങ്കിൽ ഇങ്ങനെ എപ്പോഴോ ഞാൻ ചിന്തിച്ചിട്ടുള്ളതാണല്ലോ? എന്ന് തോന്നിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ, അവസാനം ഇതിലും നന്നായി അവസാനിപ്പിക്കാമായിരുന്നല്ലോ എന്ന് തോന്നിപ്പിച്ചുകൊണ്ട് പൂർണ്ണ സംതൃപ്‌തി നൽകാതെയുള്ള അവസാനിപ്പിക്കൽ. ശ്രീ ടി.ഡി രാമകൃഷ്ണൻറെ നോവലുകളെ കുറിച്ച് പൊതുവെ (പച്ച മഞ്ഞ ചുവപ്പ് നെ ഒഴിവാക്കുന്നു) പറയാവുന്ന അഭിപ്രായം ആണെങ്കിലും ഇപ്പോൾ പറഞ്ഞുവന്നത് അദ്ദേഹത്തിന്റേതായി ഞാൻ അവസാനം വായിച്ച നോവൽ ആൽഫ യെ കുറിച്ചാണ്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ രചിച്ച ശ്രീ ടി ഡി രാമകൃഷ്ണൻറെ ആദ്യ നോവലാണ് 2003 ഇൽ ഡി സി ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച "ആൽഫ". 2021 ഇൽ പ്രസിദ്ധീകരിച്ച അതിൻറെ ഏഴാം പതിപ്പ് ഞാൻ വായിക്കുമ്പോൾ പുസ്തകത്തിൻറെ പുറംചട്ടയിൽ ഗ്രന്ഥകാരൻറെ പേരിന് മുന്നിലായി ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൻറെ രചയിതാവ് എന്നൊരു പരിചയപ്പെടുത്തൽ കണ്ടപ്പോൾ കൗതുകം തോന്നി. കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോരയേക്കാൾ ഒരുപക്ഷെ ലോകപ്രശസ്തിയിലേക്ക് തന്നെ ഉയരേണ്ടിയിരുന്ന പുസ്‌തകം തന്നെയാണ് ആൽഫ. ആ ഒരു കൃതിയിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന ടി ഡി രാമകൃഷ്ണൻറെ എൻട്രി ആണ് ശരിക്കും മാസ് എൻട്രി. അദ്ദേഹത്തിൽ നിന്നും ലോകം കീഴടക്കുന്ന കൃതികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ആൽഫ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.

കൃതിയിലേക്ക് വരാം. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത ഈ പുരോഗതി വെറും 25 വര്ഷം കൊണ്ട് നേടിയെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ വിചിത്രമായ ഒരു പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്ന നരവംശ ഗവേഷകൻ പ്രൊഫസർ ഉപലേന്ദു ചാറ്റർജിയുടെയും അദ്ദേഹത്തോടൊപ്പം അതിനായി ഇറങ്ങിത്തിരിക്കുന്ന 12 ചെറുപ്പക്കാരുടെയും അനുഭവങ്ങളാണ് കഥാപശ്ചാത്തലം. 1973 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത് ആരാലും തിരിച്ചറിയപ്പെടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒറ്റപെട്ടുകിടക്കുന്ന ഒരു ദ്വീപ് ആണ്. ആ ദ്വീപിന് നൽകുന്ന പേരാണ് ആൽഫ. പുറംലോകവുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, വസ്ത്രങ്ങളും കണ്ണടകളുമുൾപ്പെടെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ നേടിയെടുത്തതെല്ലാം ഉപേക്ഷിച്ച് അവർ ആ ദ്വീപിലേക്ക് കടക്കുന്നു. മനുഷ്യർ സൃഷ്ടിച്ച ഭാഷയും നിയമങ്ങളും എല്ലാം അവർ ഉപേക്ഷിക്കുന്നു. പിന്നീട് അവർക്ക് എന്ത് സംഭവിക്കുന്നു? ഇതാണ് നോവൽ. 

പോസിറ്റിവ് വശങ്ങൾ നോക്കിയാൽ മുകളിലെ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്നത് വായിക്കുമ്പോൾ ആർക്കും തോന്നുന്ന കൗതുകം തന്നെയാണ് മുഖ്യം. ഓരോ ആളുകളുടെയും അനുഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥ പലപ്പോഴും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പല പൊയ്‌മുഖങ്ങളെയും നാട്യങ്ങളെയും നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. സർവ്വോപരി ഓരോ പേജ് വായിക്കുമ്പോഴും വായനക്കാരന് സ്വന്തമായി ആ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള ധാരാളം അവസരങ്ങൾ നോവലിലുണ്ട്. 

നെഗറ്റിവ് വശമായി ചൂണ്ടിക്കാണിക്കാനുള്ളത് മേൽപ്പറഞ്ഞ ആ സ്വാതന്ത്ര്യം ആസ്വദിച്ച് വരുമ്പോഴേക്കും നോവലിസ്റ്റ് നീ അത്രയും അങ്ങട് ആസ്വദിക്കണ്ട എന്ന് പറയുംപോലെ പെട്ടെന്ന് അങ്ങ് തീർത്തുകളയുന്നു എന്നതാണ്. ശരിക്കും നൂറിൽ താഴെ മാത്രം പേജുകളേ നോവലിനുള്ളൂ. ആദ്യ അൻപത് പേജ് അത്യാവശ്യം നല്ല രീതിയിൽ പോയിട്ടുണ്ടെന്ന് പറയാം. അവസാന 50 പേജുകൾ പെട്ടെന്ന് അവസാനിക്കും. നല്ലൊരു എൻഡിങ് കഥയ്ക്ക് ലഭിക്കാത്തത് പോലെ. പക്ഷെ ഒരു തുടക്കകാരൻറെ കൃതിയാണ് ആൽഫയെന്ന് ഒരിക്കലും വിശ്വസിക്കാൻ തോന്നില്ല. വ്യത്യസ്തമായ വിഷയങ്ങൾ ആഗ്രഹിക്കുന്നവർക്കും നരവംശ വിഷയത്തിൽ താത്‌പര്യമുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന കൃതിയാണ് ആൽഫ.