Friday, September 29, 2023
പുസ്‌തകപരിചയം - പാപ്പിയോൺ - ഹെന്ററി ഷാരിയർ
Thursday, September 28, 2023
വായനാനുഭവം - മുതൽ - വിനോയ് തോമസ്
Monday, September 25, 2023
പുസ്‌തകപരിചയം - കാറ്റിൻറെ നിഴൽ - കാർലോസ് റൂയിസ് സാഫോൺ
കാറ്റിൻറെ നിഴൽ - സ്‌പാനിഷ് എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫോൺ 2001 ള്ള പ്രസിദ്ധീകരിച്ച 'ദി ഷാഡോസ് ഓഫ് ദി വിൻഡ്' എന്ന കൃതിയുടെ ശ്രീമതി രമാ മേനോൻ തയ്യാറാക്കിയ മലയാളം പരിഭാഷയാണത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണ് 'ദി ഷാഡോസ് ഓഫ് ദി വിൻഡ്'. അതിശയകരമായ ഒരു സൃഷ്ടി തന്നെയാണ് ആ നോവൽ. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സ്‌പാനിഷ് സിറ്റിയായ ബാഴ്‌സലോണയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതിനാൽത്തന്നെ ഈ കൃതി 2001 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് നോവൽ വായിച്ചുകഴിയുമ്പോൾ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടാണ് കാർലോസ് റൂയിസ് സാഫോൺ നോവൽ രചിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക് രചന.
നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു കുറ്റാന്വേഷണ സ്വഭാവത്തിലൂടെ മുന്നേറുന്ന എന്നാൽ പ്രണയവും, ഡ്രാമയും, കുടുംബ വൈകാരികതകളും ആവശ്യത്തിന് മേമ്പൊടിയായിട്ടുള്ള കഥ. ശ്രീ അജയ് പി മങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ പോലെ പുസ്‌തകങ്ങളും ഗ്രന്ഥപ്പുരകളും നിറഞ്ഞൊരു പശ്ചാത്തലത്തിൽ നിന്നാണ് കഥയുടെ തുടക്കം. നായകനായ ഡാനിയേലിൻറെ ബാല്യത്തിൽ ലഭിക്കുന്ന ഒരു പുസ്‌തകം. അത് അവന്റെയും അവനോട് അനുബന്ധിച്ചുള്ളവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഡാനിയേലും അച്ഛനുമായുള്ള ബന്ധം പോലെ മൂന്നോളം ഊഷ്‌മളമായ അച്ഛൻ-മകൻ ബന്ധങ്ങളെ തികച്ചും വ്യത്യസ്തവും എന്നാൽ മനസ്സിൽ തൊടുന്നരീതികളിൽ നോവലിസ്റ്റ് എഴുതിച്ചേർത്തിരിക്കുന്നു. അതേപോലെ തന്നെയാണ് രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഡാനിയേലിന്റെയും ജൂലിയൻ കാരക്‌സിന്റെയും പ്രണയത്തിലെ തീവ്രതകളും ഹൃദ്യമെന്ന് വിശേഷിപ്പിക്കാം. ഒരു സിനിമയിൽ കാണുന്നതുപോലെ ബാഴ്‌സലോണയുടെ ആ കാലഘട്ടത്തിലെ ജീവിതങ്ങളെ നമ്മുടെ മുന്നിൽ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. 561 പേജുകളുള്ള വലിയൊരു നോവലാണ് കാറ്റിൻറെ നിഴൽ എങ്കിലും ഒരിക്കൽപ്പോലും വായന മതിയാക്കിയേക്കാം എന്നൊരു ചിന്ത വായനക്കാരിൽ ഉളവാകാതെ താൽപര്യത്തോടെ വായനയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതി അഭിനന്ദനാർഹം തന്നെ. ഏച്ചുകെട്ടലുകളില്ലാത്ത രമാ മേനോൻറെ പരിഭാഷയും പ്രശംസനീയം തന്നെ.
വിശ്വവിഘ്യാതമായ ഒരു നോവലിൽ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നറിയാമെങ്കിലും, 561 എന്നത് ഒരു 400 പേജിൽ ഒതുക്കിയിരുന്നെങ്കിൽ നോവലിന് ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വേഗത കൈവന്നേക്കുമായിരുന്നു എന്ന് തോന്നി. ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും അത് സംഭവ്യം ആയിരുന്നെന്നും. എന്നിരുന്നാലും ആദ്യമേ പറഞ്ഞതുപോലെ നോവലിൻറെ വലിപ്പം ഒരിക്കലും അതിൻറെ ആസ്വാദ്യതയെ ബാധിച്ചിട്ടില്ല എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അവസാനവാക്ക് : നിരാശപ്പെടുത്താത്ത, ഹൃദ്യമായ ഒരു വായനാനുഭവം. വ്യത്യസ്തവും കാമ്പുള്ളതുമായ കൃതികൾ വായിക്കണമെന്നുള്ളവർക്കും പേജുകളുടെ എണ്ണം വായനയെ ബാധിക്കില്ല എന്നുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പുസ്‌തകം.
Thursday, July 20, 2023
വായനാനുഭവം - കുട നന്നാക്കുന്ന ചോയി - എം മുകുന്ദൻ
കുട നന്നാക്കുന്ന ചോയി ആവിക്കപ്പൽ കയറി കടലിനക്കരെ പോയി. പോകുന്നതിന് മുൻപ് മാധവനെ ഒരു കവർ ഏൽപ്പിച്ചിട്ടാണ് പോയത്. പ്രിയ എഴുത്തുകാരൻ ശ്രീ എം മുകുന്ദൻറെ കുട നന്നാക്കുന്ന ചോയി എന്ന നോവലിൻറെ കഥാതന്തു ആണ് ആ പറഞ്ഞത്. ഈ ചോയിയോ മാധവനോ അത്ര പ്രധാനപ്പെട്ട ആളുകൾ അല്ലതാനും. ഇന്നത്തെ കാലത്ത് നിന്ന് ആലോചിക്കുമ്പോൾ അതിനെന്താ ഇത്ര കഥ ഉണ്ടാക്കാൻ മാത്രം എന്ന് തോന്നാം. ഒരു നാട്ടിലെ ഓരോ സ്‌പന്ദനവും നാട്ടുകാർ ഒരുമിച്ച് പങ്കിട്ടിരുന്ന ഒരു കാലഘട്ടമാണ് കഥാപശ്ചാത്തലം. വായിക്കുന്തോറും നമുക്കും തോന്നും ആ ഒരു കാലം മതിയായിരുന്നു. നിഷ്‌കളങ്കരായ നാട്ടുകാർ. ഇന്ന് അടുത്ത വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് പോലും യാതൊരു ധാരണയുമില്ലാതെ വളരുന്ന ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ഒരു ലോകമാണ് ഈ നോവലിൽ വരച്ചിടുന്നത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിലും പശ്ചാത്തലത്തിലും തന്നെയാണ് കുട നന്നാക്കുന്ന ചോയിയും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് മയ്യഴിയിൽ നിന്നും മടങ്ങിയ വായനക്കാരന് ഒരിക്കൽക്കൂടി ആ നാട്ടിലൂടെ ഒന്ന് അലയാനുള്ള അവസരം.വളരെ ചെറിയൊരു തന്തു ആയിരുന്നിട്ടും അതിമനോഹരമായി അതിനെ ഇരുന്നൂറ് പേജിന് മുകളിൽ വരുന്നൊരു നോവലാക്കി മാറ്റിയത് ശ്രീ എം മുകുന്ദനെപ്പോലെ അതുല്യ പ്രതിഭകൾക്ക് മാത്രം സാധിക്കുന്നൊരു കഴിവാണ്. മൂപ്പൻ കുന്നും, മയ്യഴിയിലെ നിരത്തുകളും പിന്നെ പ്രധാന കഥാപാത്രങ്ങളായ മാധവനും ചോയിയും അവരോടൊപ്പം ആ നാട്ടിൽ ജീവിച്ച നൂറുകുമാരനും, പത്രാസുകാരൻ പത്രോസും കക്കൂയിയിൽ തോലൻ കാരണവരുമൊക്കെ നാളുകൾ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിലനിൽക്കും.
നിരാശപ്പെടുത്താത്ത, നല്ലൊരു വായനാനുഭവം സമ്മാനിച്ച മറ്റൊരു എം മുകുന്ദൻ മയ്യഴിക്കഥ
വായനാനുഭവം - പ്ലാനറ്റ് 9 - മായ കിരൺ
മലയാളത്തിൽ വായിച്ചതിൽ വെച്ച് വ്യത്യസ്തമായ ഒരു പ്രമേയത്തെ മുൻനിർത്തി ശ്രീമതി മായാ കിരൺ എഴുതിയ നോവലാണ് പ്ലാനറ്റ് 9. അന്യഗ്രഹജീവികൾ കഥാപാത്രമായി വരുന്ന സ്‌പേസ് ഫിക്ഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന നോവലാണിത്. ശരിക്കും ഒരു ഹോളിവുഡ് സിനിമ ആസ്വദിക്കുന്നതുപോലെ ആസ്വാദനീയമായി നോവൽ ഒരുക്കിയ ശ്രീമതി മായാ കിരണിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.
സയൻസ് ഫിക്ഷൻ വിഭാഗത്തിലെ പുസ്തകങ്ങൾ ആവശ്യപ്പെടുന്നതുപോലെ മനസ്സിരുത്തിയുള്ള ഒരു വായന ആവശ്യപ്പെടുന്നൊരു പുസ്തകമാണ് പ്ലാനറ്റ് 9. ഫിക്ഷനോ യാഥാർഥ്യമോ എന്ന് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും, സംഭവ്യം എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങളും കഥയിലുടനീളം കാണാം.
കഥയിലേക്ക് ഒന്നെത്തിനോക്കിയാൽ ഭൂമി നേരിടാൻ പോകുന്ന ഒരു ആപത്ത്, മനുഷ്യരാശിയെത്തന്നെ തുടച്ചുനീക്കിയേക്കാവുന്ന ഒരു അന്യഗ്രഹ ജീവിയുടെ ആക്രമണം തിരിച്ചറിയപ്പെടുന്നതും അതിൽ നിന്ന് ലോകം രക്ഷപ്പെടുന്നതുമാണ് നോവലിലെ പ്രതിപാദ്യം. സംഭവങ്ങളെ എൺപത് ശതമാനവും സംഭാഷണങ്ങളിലൂടെയാണ് വിവരിക്കുന്നത്. അതും നാസ. ഇസ്രോ, സ്പേസ് എക്‌സ് തുടങ്ങിയ ബഹിരാകാശ ഗവേഷണരംഗത്തെ ഭീമന്മാരിലെ കൂടിയ തലകൾ തമ്മിലുള്ള സംഭാഷണം. പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അതിശയോക്തി കൂടാതെ അവരുടെ മീറ്റിങ്ങുകൾ വായിച്ചെടുക്കാം, അവർ പറയുന്ന കാര്യങ്ങൾ മനസിലാക്കാം (എന്തായാലും എനിക്ക് മനസിലായി) എന്നത് എഴുത്തുകാരിയുടെ വിജയമാണ്. ഇനിയും യോഗി കഥയ്ക്ക് തുടർക്കഥകൾ ഉണ്ടായേക്കാം എന്ന രീതിയിലാണ് കഥ അവസാനിപ്പിക്കുന്നത്. ഇതുപോലൊരു വിഷയം ഇന്റർനെറ്റും ലോകസിനിമകളും കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന മലയാളി വായനക്കാർക്ക് മുന്നിൽ സധൈര്യം അവതരിപ്പിച്ച എഴുത്തുകാരിക്ക് ബിഗ് സല്യൂട്ട്. എവിടെയെങ്കിലും അൽപ്പം പാളിപ്പോയിരുന്നെങ്കിൽ വൻ ഫ്ലോപ്പ് ആയിപ്പോകുമായിരുന്ന ടോപ്പിക്കിനായി അവർ നടത്തിയിട്ടുള്ള അണിയറപ്രവർത്തനങ്ങൾ ഊഹിക്കാവുന്നതിനുമപ്പുറമാണ്.
നെഗറ്റീവ് ആയി തോന്നിയത് മലയാളത്തിൽ ഈ കാറ്റഗറിയിൽ പുസ്തകങ്ങൾ കണ്ടിട്ടില്ലെങ്കിലും ഇതുപോലെയുള്ള തീമുകൾ ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതായി തോന്നി. ഏറെക്കുറെ എല്ലാ സമസ്യകൾക്കും ഉത്തരം നൽകുന്നുണ്ടെങ്കിലും എന്തോ എവിടെയോ വിട്ടുപോയപോലൊരു തോന്നൽ അവസാനം എന്നിലവശേഷിച്ചു. ഒരുപക്ഷെ അത് എൻറെ വായനയുടെ കുഴപ്പമാകാം.
വ്യത്യസ്തമായ വായനക്കായി സധൈര്യം സമീപിക്കാവുന്ന നോവലാണ് പ്ലാനറ്റ് 9




