Monday, April 10, 2023

വായനാനുഭവം - ഹരിദ്വാറിൽ മണി മുഴങ്ങുന്നു - എം മുകുന്ദൻ


കാലാനുവർത്തിയായ രചനകളാണ് എം മുകുന്ദൻ എഴുതിയിട്ടുള്ള മിക്കവാറും കൃതികൾ. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി ഗാഥകളും ദൈവത്തിൻറെ വികൃതികളുമൊക്കെ വായിക്കുമ്പോൾ നാമറിയാതെ ആ കാലഘട്ടത്തിലെ മയ്യഴിയിലേക്കും ഡൽഹിയിലേക്കുമൊക്കെ അലഞ്ഞു നടക്കും. ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഡൽഹിയുമായോ മാഹിയുമായോ വിദൂരസാമ്യം പോലും ആ കഥാപശ്ചാത്തലങ്ങൾക്ക് ഉണ്ടാവണമെന്നില്ല. അതാണ് ഡൽഹി, അല്ലെങ്കിൽ അതാണ് മയ്യഴിയെന്ന് ആ സ്ഥലങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത വായനക്കാരൻ വിശ്വസിക്കും. അതൊരസാധ്യ കഴിവുതന്നെയാണ്. സമകാലീന എഴുത്തുകാരിൽ എം. മുകുന്ദൻ, എം ടി തുടങ്ങിയവരുടെ തട്ട് ഒരു പടി ഉയർന്നുനിൽക്കുന്നതിന് കാരണവും എഴുത്തിലെ ഈ മാന്ത്രികത തന്നെയാവാം.

എം മുകുന്ദൻ സാറിൻറെ ഏറ്റവും മികച്ചതെന്ന് പറയാനാവില്ലെങ്കിലും നിലവാരത്തിൽ ഉന്നതനിലവാരം പുലർത്തുന്ന കൃതിയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു". എഴുപതുകളുടെ തുടക്കത്തിലെ ഡൽഹിയും ഹരിദ്വാറുമാണ് കഥയുടെ പശ്ചാത്തലം. ഡൽഹിയിൽ ഒരു വിദേശി നടത്തുന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന രമേശ് ആണ് കഥാനായകൻ. തൊഴിലുടമയുടെ വിശ്വസ്തനും പരിഭാഷകനുമൊക്കെയായ രമേശിന് മോശമല്ലാത്ത പ്രതിഫലവും അവിടെനിന്നും ലഭിക്കുന്നുണ്ട്. പണത്തിൻറെ ധാരാളിത്തവും ഉത്തരേന്ത്യയിൽ സുലഭമായ ലഹരിവസ്തുക്കളുടെ ഉപഭോഗവും അന്തർമുഖനായി അമ്മയുടെ കീഴിൽ വളർന്ന രമേശിന്റെ ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നുണ്ട്. 

തന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ച കാമുകി സുജയുമായി ഒരു അവധി ആഘോഷിക്കുവാൻ ഹരിദ്വാറിലേക്ക് രമേശ് നടത്തുന്ന യാത്രയാണ് നോവലിൻറെ പ്രതിപാദ്യം. ലഹരിവിമുക്ത പുണ്യഭൂമിയായ ഹരിദ്വാറിൽ ചിലവഴിക്കേണ്ടിവരുന്ന മൂന്ന് ദിവസങ്ങൾ അതിമനോഹരമായാണ് നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നത്. ലഹരിയുടെ ഉപയോഗം മൂലം ഒരാൾ നശിക്കുന്നത് ആ ദിവസങ്ങളിൽ കാണാം. ലഹരിയില്ലാത്ത സമയങ്ങളിലെ സന്തോഷങ്ങളും മാന്യതയും പിന്നീട് ലഹരിക്ക് കീഴ്പ്പെടുമ്പോൾ സംഭവിക്കുന്ന വിഷമങ്ങളും ചപലതകളും രാവും പകലും പോലെ നമുക്ക് മുന്നിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നു. ഒരാൾ എങ്ങനെയാവരുത് എന്നതിനുദാഹരണമായി നായകൻ മാറുന്നു. സന്തുഷ്ട ജീവിതം കണ്മുന്നിൽ നിൽക്കുമ്പോഴും അതിനെ നിഷ്ക്കരുണം തള്ളിമാറ്റി ലഹരിയിലേക്ക് അഭയം തേടുന്നതും അവസാനം ജീവിതത്തിൽ നിന്നും  ഒളിച്ചോടുന്നതിനുള്ള ഇടമായിക്കണ്ട് ആത്മീയതയെ സ്വീകരിക്കുന്നതും നെടുവീർപ്പോടെയല്ലാതെ വായിക്കാൻ സാധിക്കില്ല.

കഥയിൽ കടന്നുപോകുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു സന്ദേശം വായനക്കാരന് കൈമാറാൻ കഥാകാരനായിട്ടുണ്ട്. ചെഗുവേരയെ ഇഷ്ടപ്പെടുന്ന, വിപ്ലവചിന്തകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും നിഷ്‌കളങ്കമായി രമേശിനെ പ്രണയിക്കുന്ന നായികാ സുജ, രമേഷിൻറെ രണ്ട് വ്യക്തിത്വങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന റിക്ഷാക്കാരൻ ഹനുമാൻ, തലസ്ഥാനനഗരത്തിലെ തിരക്കിലും കാപട്യങ്ങളിലും മനസുമടുത്ത് ഹരിദ്വാറിലെത്തുന്ന നായകനോട് അവസരങ്ങൾ തേടി നഗരത്തിൽ ചേക്കേറാനുള്ള താൽപ്പര്യം വെളിപ്പെടുത്തുന്ന ഹോട്ടൽ ജീവനക്കാരൻ, തുടങ്ങി ഓരോരുത്തർക്കും ഓരോ വ്യക്തിത്വങ്ങൾ എം മുകുന്ദൻ കൃത്യമായി നൽകുന്നുണ്ട്. 

എഴുപതുകളിലെ ഹരിദ്വാറിൻറെ മുക്കും മൂലയും നാം രമേശിനൊപ്പവും സുജയ്‌ക്കൊപ്പവും നടന്നു കാണും. വായനകഴിഞ്ഞാലും ആ സ്ഥലങ്ങളും കഥാപാത്രങ്ങളും കുറച്ചുനാൾ വായനക്കാരൻറെ ഉള്ളിൽ നിറഞ്ഞുനിൽക്കും. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു"

Tuesday, April 4, 2023

വായനാനുഭവം - ഇഷാംബരം - അരുൺ ആർ


1947 ലാണ് മലയാളത്തിലെ ഇതിഹാസം ശ്രീ തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ ദുരിതജീവിതം വരച്ചുകാട്ടിക്കൊണ്ട് "തോട്ടിയുടെ മകൻ" പുറത്തിറക്കുന്നത്. ആ ഒരു കാലഘട്ടത്തിൽ സമൂഹത്തിൻറെ താഴെക്കിടയിലുള്ള വിവിധ ജനസമൂഹങ്ങളുടെ ദുരിതങ്ങൾ പിന്നീടുള്ള തലമുറയ്ക്കായി ആ കാലഘട്ടത്തിലുണ്ടായിരുന്ന തകഴിക്കും കേശവദേവിനും ഉറൂബിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആ ദുരിതവും ദാരിദ്ര്യവുമൊക്കെ വായിക്കുമ്പോൾ ഒരുപക്ഷെ അത് വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ നമ്മുടെ പൂർവ്വികർ അനുഭവിച്ച ക്ഷാമകാലം. 

കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ആവശ്യവസ്തുക്കൾക്ക് പോലും ദൗർലഭ്യം നേരിടുകയും ചെയ്ത സമയത്ത് പഴയ തലമുറക്കാർ പുതുതലമുറയ്ക്ക് ആ ക്ഷാമകാലത്തെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ നൽകിയിരുന്നു. അധികം പരീക്ഷിക്കാതെ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആ ദുരിതകാലത്തെ ജനം മറക്കുകയും വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായിരുന്നിട്ടും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കേരളം ലോക്ക് ഡൗണിനെ മറികടന്നെങ്കിലും അങ്ങനെ ആയിരുന്നില്ല രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇടതിങ്ങി പാർക്കുന്ന പ്രദേശങ്ങളിലൊന്നായ മുംബൈയിലെ ചേരികളിൽ താമസിക്കുന്ന, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരെ ആ അവസ്ഥ എങ്ങനെ ബാധിച്ചു എന്നതിൻറെ മനോഹരമായ അവതരണമാണ് ശ്രീ അരുൺ ആർ രചിച്ച ഇഷാംബരം എന്ന നോവൽ. പ്രതീക്ഷയുണർത്തുന്ന ഒരു എഴുത്തുകാരൻറെ ഉദയമാണ് ഇഷാംബരം എന്ന് പറയാം. അത്രയും മികച്ച രീതിയിൽ, മികച്ച കയ്യടക്കത്തോടെ ആ വിഷയത്തെ അരുൺ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കോവിഡ് കാലത്ത് നാം കേട്ട ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് അരുൺ ഈ കൃതി രചിച്ചിരിക്കുന്നത്. ഒരു പക്ഷെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെടേണ്ട ഒരു വാർത്ത ആയിരുന്നത്. ദൗർഭാഗ്യവശാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു ചാനലിലെയും അന്തി ചർച്ചയ്ക്ക് പോലും വിഷയമാകാതെ പോകാനായിരുന്നു ആധുനികഭാരതം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വിധി. മങ്ങിയ പത്രത്താളുകളിൽ ഒതുങ്ങിപ്പോകാതെ ആയിരങ്ങളുടെ മനസിലേക്ക് ആ വേദനകളെ പകർന്നു നൽകിയ ശ്രീ അരുണിന് അഭിനന്ദനങ്ങൾ.

ഇഷാംബരം ഇഷാനിയുടെ കഥയാണ്. ഇഷാനിയാവട്ടെ വർത്തമാന ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ പ്രതിനിധിയാണ്. തന്റേതല്ലാത്ത കാരണത്താൽ ജനിക്കപ്പെട്ട വംശത്താൽ വെറുക്കപ്പെട്ട, സ്ത്രീ ആയതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന അധഃകൃതയായ ഒരു സ്ത്രീ. അവളുടെ മാനസിക വ്യാപാരങ്ങൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും. ജീവിതത്തിൽ ഒരിക്കലും ആരാലും സ്നേഹിക്കപ്പെടാത്ത ഒരുവൾ. ഓരോ നിമിഷവും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുമായി ജീവിക്കുന്ന ഇഷാനിയിലൂടെ മുബൈ ചേരിയായ ധാരാവിയിലെ സ്ത്രീജീവിതം കൂടി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അവൾക്ക് കൂട്ടുള്ളതാകട്ടെ നോട്ടത്തിൽപ്പോലും സ്നേഹം പങ്കുവയ്ക്കാൻ അറിയാത്ത ദാസും, ഏതുനേരവും മലം നാറുന്ന ശുചീകരണ തൊഴിലാളി. ചുടലമുത്തുവിനെപ്പോലെ ആ സമുദായത്തിൽ ജനിച്ചുപോയതുകൊണ്ട് ആ തൊഴിലിലേക്ക് ഇറങ്ങേണ്ടിവരുന്ന ഹതഭാഗ്യവാൻ. നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന ആ പാവങ്ങളുടെ ഇടയിലേക്ക് കോവിഡ് മഹാമാരിയുടെ പേരിൽ ലോക്ക് ഡൌൺ അവതരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ അരുണിന്റെ ഇഷാംബരം വായിച്ചാൽ മതിയാകും. ഒരു സിനിമയിലെന്ന പോലെ ഉൾകണ്ണിൽ കാണാൻ സാധിക്കുമെന്നത് കൂടാതെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി നമ്മെ അവരുടെ ചിന്തകളിൽ പങ്കാളിയുമാക്കുന്ന വരികൾ. 

അവിടെനിന്നുമാണ് നോവലിൻറെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരു വശത്തേക്കുള്ള പ്രയാണം. അധികാരികളുടെ കണ്ണിൽപ്പെടാതെ കിട്ടിയതുമായി ഒരു ജനത നടത്തുന്ന പലായനം. പ്രതീക്ഷയോടെ സ്വന്തം നാട് ഉപേക്ഷിച്ച് മുംബൈ എന്ന നഗരത്തിലെ ചേരിയിൽ കുടിയേറിയ ഒരു ജനത മഹാമാരിയുടെ നാളുകളിൽ ആ നഗരം തങ്ങളെ നിഷ്‌കരുണം കയ്യൊഴിയുന്നതുകണ്ട് പകച്ചു നിൽക്കുന്നതും അവസാനം മറ്റൊരു പ്രതീക്ഷയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുമാണ് ആ പലായനം. മഹാമാരി മനുഷ്യരെ പേടിയോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിച്ച നാളുകൾ ആയതിനാൽ അവരുടെ ദുരിതം കൂടി. 

അതിശക്തമായ ഒരു പ്രമേയമാണ് ശ്രീ അരുൺ തൻറെ ആദ്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യയുടെ പൊയ്‌മുഖം പൊളിച്ചെഴുതാൻ ഒരു യുവ എഴുത്തുകാരൻ മലയാളത്തിൽ നിന്നും ഉദിച്ചുയർന്നത് പ്രതീക്ഷകൾക്ക് വകവെക്കുന്നു. പച്ചയായ യാഥാർഥ്യങ്ങൾ അത് എത്ര നാറുന്നതാണെങ്കിലും തുറന്നെഴുതാൻ അരുണിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Tuesday, March 21, 2023

വായനാനുഭവം - സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി മങ്ങാട്ട്)



ശ്രീ അജയ് പി മങ്ങാട്ടിന്റെതായി ഞാൻ വായിച്ച നോവൽ മൂന്ന് കല്ലുകൾ ആയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുര ദൗർഭാഗ്യവശാൽ രണ്ടാമതായാണ് വായിക്കുന്നത്. സങ്കീർണ്ണമായ മനുഷ്യമനസും അതിനേക്കാൾ സങ്കീർണ്ണമായ ബന്ധങ്ങളുമാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥകാരന്റേതായി ആദ്യം വായിച്ച പുസ്തകമായ മൂന്ന് കല്ലുകളിലെയും ഈ പുസ്തകത്തിലെയും കഥകൾ തമ്മിൽ താരതമ്യം ചെയ്‌താൽ ചില സാമ്യങ്ങൾ കണ്ടെത്താൻ സാധിക്കും. രണ്ടിലും മനസിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണ്ണതകൾ തേടിയുള്ള അന്വേഷണം തന്നെയാണ് പ്രതിപാദ്യം. രണ്ടിലെയും പ്രാധാനകഥാപാത്രങ്ങൾ അവർ അനുഭവിക്കുന്ന പലവിധ പ്രശ്‌നങ്ങളാൽ ഉള്ളിലേക്ക് ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കപ്പെടുന്ന ആളുകളാണ്. 

മൂന്ന് കല്ലുകളേക്കാൾ സുഖമുള്ളൊരു വായനാനുഭവം നൽകാൻ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് സാധിച്ചു. രണ്ടുപുസ്‌തകങ്ങളും വായനക്കാരനെ അവൻറെ വഴിക്ക് അഴിഞ്ഞാടാൻ അനുവദിക്കാതെ ശ്രദ്ധയോടെയുള്ളൊരു വായന ആവശ്യപ്പെടുന്നുണ്ട്.  


മികച്ചൊരു വായനക്കാരൻനോട് അവൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവയുടെ രചയിതാക്കളും അവനോട് സംവദിക്കുന്നു. അഗാധമായ വായന അവനെ എഴുത്തിൻറെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. വായിച്ച പുസ്തകങ്ങളിൽ നിന്നുമുള്ള അനുഭവങ്ങളും രചയിതാക്കൾ അവരുടെ വരികളിലൂടെ പറഞ്ഞുകൊടുത്ത അനുഭവങ്ങളും എഴുതുന്ന കൃതിയെ നല്ലൊരു സാഹിത്യസൃഷ്ടിയാക്കുവാൻ അവനെ സഹായിക്കും. അജയ് പി മങ്ങാടിന്റെ ആദ്യ കൃതി വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് അത്തരം ഒരു സൃഷ്ടിയുടെ ജനനമായിട്ടാണ്. ലോകോത്തരമായ ഒട്ടനവധി സാഹിത്യസൃഷ്ടികളുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യത്താൽ സമ്പന്നമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പുസ്തകരചയിതാവിൻറെ ആഴത്തിലുള്ള വായനയും അവ സന്ദർഭോചിതമായി ഗ്രന്ഥപ്പുരയിൽ അടുക്കിവെച്ചിരിക്കുന്ന രചനാവൈഭവവും ശരിക്കും അത്ഭുതപ്പെടുത്തും.


ശരിക്കും സൂസന്നയുടെ കഥയല്ല ഈ നോവൽ പറയുന്നത്. പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന അലി എന്നയാളുടെ കഥയാണ്. പുസ്തകങ്ങളുമായി ബന്ധപ്പെട്ട് അലി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുമായി അവൻ സ്ഥാപിക്കുന്ന ബന്ധങ്ങളുമാണ് നോവൽ പറയുന്നത്. എങ്കിലും ഒരു ഗ്രന്ഥപ്പുരയിലെന്നതുപോലെ ലോക ക്ലാസിക്കുകൾ അതിമനോഹരമായി ഈ പുസ്തകത്തിലുടനീളം അടുക്കിവെച്ചിരിക്കുന്നത് കാണാം. വായനയെ ജീവനായിക്കാണുന്ന ഒരുപറ്റം ആളുകൾ. കമ്പം സഭ പോലെ വായനാനുഭവങ്ങൾ പങ്കുവെച്ച് ഒരുമിച്ചുകൂടുന്ന വിവിധതരക്കാരായ ആളുകൾ. അവരിലൂടെയെല്ലാം വായനയെ എങ്ങനെ സമീപിക്കണമെന്നതും സാഹിത്യസൃഷ്ടികളുടെ ഉദയത്തെക്കുറിച്ചുമൊക്കെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. 


അജയ് പി മങ്ങാട് ൻറെ രണ്ടു കൃതികളും വായിച്ചുകഴിഞ്ഞപ്പോൾ ഈ നോവലുകളെക്കുറിച്ച് ആരോഗ്യകരമായ ഒരു ചർച്ച നടത്താൻ സാധിച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ പോലെ ഞാൻ മനസിലാക്കുന്നത് ആയിരിക്കണമെന്നില്ല വേറൊരാൾ വായിച്ചെടുക്കുന്ന അർത്ഥതലങ്ങൾ. അവ പങ്കുവെക്കുന്നത് രസകരമായിരിക്കും. നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയകളിൽ വന്ന റിവ്യൂകൾ വായിച്ചപ്പോഴാണ് ഇതിന് ഇങ്ങനെയും അർത്ഥം ഉണ്ടോ എന്ന് ആലോചിക്കുന്നത് (ആ അർത്ഥങ്ങൾ സംവിധായകൻ പോലും മനസ്സിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്)


വ്യത്യസ്തമായൊരു വായനാനുഭവം തന്നെയായിരുന്നു സൂസന്നയുടെ ഗ്രന്ഥപ്പുര നൽകിയതെന്ന് നിസംശ്ശയം പറയാം. ഇനിയുള്ള എൻറെ വായനകളെ ഈ പുസ്‌തകം സ്വാധീനിക്കുമെന്നും തോന്നുന്നു. ഒരു പുനർവായന കൂടി വേണമെന്നും എനിക്ക് തോന്നുന്നു. കാരണം രചയിതാവ് പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഗുണകരമാണെന്ന് തോന്നിയിരുന്നു. മികച്ചൊരു വായനക്കാരൻ തൻറെ അനുഭവത്തിൽ നിന്നും നൽകുന്ന ഉപദേശങ്ങളായാണ് ഒരു എളിയ വായനക്കാരനായ, ഇനിയും വായനയെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാത്ത എനിക്ക് അനുഭവപ്പെട്ടത്. 


അവസാന വാക്ക് : വായനയെ സ്നേഹിക്കുന്നവർക്ക് ധൈര്യപൂർവ്വം സമീപിക്കാവുന്ന ഗ്രൻഥശാലയാണ് സൂസന്നയുടെ  ഗ്രൻഥശാല.

Sunday, March 12, 2023

വായനാനുഭവം - മൂന്ന് കല്ലുകൾ



2023 ഇൽ വളരെ പ്രതീക്ഷയോടെ വായിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ശ്രീ.അജയ് പി മങ്ങാട് എഴുതിയ മൂന്ന് കല്ലുകൾ എന്ന നോവൽ. എനിക്കത്ര പഥ്യമല്ലാത്ത നോൺ ലീനിയറായ രചനയാണ്‌ മൂന്ന് കല്ലുകളിൽ ഉള്ളത്. അതിനാൽത്തന്നെ ഞാൻ പുലർത്തിയ പ്രതീക്ഷയോട് പൂർണ്ണമായും തൃപ്തി നൽകിയ വായനാനുഭവമായിരുന്നു ആ നോവലിൽ നിന്നും ലഭിച്ചതെന്ന് പറയാൻ സാധിക്കില്ല. വായനക്കാരനെ അധികം മിനക്കെടുത്താതെ നേരെ വാ നേരെ പോ എന്ന രീതിയിൽ പറയുന്ന കഥകളെ ഇഷ്ടപ്പെടുന്ന ഒരു മടിയൻ വായനക്കാരൻ ആയതിനാലാവാം എനിക്ക് ആ ഒരു അനുഭവം ഉണ്ടായത്. ഒരുപക്ഷെ എഴുതിയതിൽ കൂടുതൽ എഴുതാൻ ഉണ്ടാകുമെന്നും അത് വായനക്കാരൻ അവൻറെ ഭാവനയിൽ പൂരിപ്പിച്ചുകൊള്ളട്ടെ എന്ന രീതിയിൽ എഴുതുന്ന ആധുനിക നോവലുകളിൽ ഉൾപ്പെടുത്താവുന്ന കൃതിയാണ് മൂന്ന് കല്ലുകൾ. ശ്രദ്ധയോടെയുള്ള വായന ആവശ്യപ്പെടുന്ന പുസ്‌തകം. ശ്രദ്ധയില്ലാതെ വായിച്ചാൽ ഇതിപ്പോൾ ഇവിടെ എന്താ സംഭവിച്ചത്? ഇവന്മാരൊക്കെ ആരാ? അപ്പോൾ നേരത്തെ പറഞ്ഞവന്മാരും ഇവന്മാരുമായിട്ട് എന്താ ബന്ധം എന്നൊക്കെ തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. 

കഥയേക്കാൾ ഒരുപിടി കഥാപാത്രങ്ങളെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത് എന്നതാണ് ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു പ്രൂഫ് റീഡറായ കറുപ്പൻ, കറുപ്പൻ എന്ന പേരുകാരനായ പിതാവുള്ള മാധവൻ, അവരെ ബന്ധിപ്പിക്കുന്ന കബീർ എന്നിവരിലൂടെയാണ് കോഴിക്കോട് പശ്ചാത്തലമായ കഥ വികസിക്കുന്നത്. കഥ അല്ല കഥകൾ. കറുപ്പനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്, മാധവനെ ചുറ്റിപ്പറ്റി അവൻറെ കഥയുണ്ട്, ആ കഥയിൽ ചോര, കാക്ക, രാധ, റഷീദ, ഏക, ഊറായി എന്നിങ്ങനെ കഥാപാത്രങ്ങളുണ്ട്, പശ്ചാത്തലമായി മലയോരഗ്രാമമായ ഇരുട്ടുകാനവും മലമുണ്ടയുമുണ്ട്. ഇവരെല്ലാവരെയും കുറിച്ച് വായനക്കാരനെ ചിന്തിക്കാൻ നോവൽ പ്രാപ്തരാക്കുന്നുണ്ട്. 

വ്യത്യസ്തമായ ഒരു ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാകുന്ന നോവലാണ് മൂന്ന് കല്ലുകൾ എന്ന് നിസംശ്ശയം പറയാം. ആ കൃതിക്ക് എങ്ങനെ ആ പേര് വന്നു എന്നതിനെക്കുറിച്ചുപോലും വായനക്കാരന് അവന്റേതായ രീതിയിൽ നിഗമനങ്ങളിലെത്താം. മൂന്ന് കല്ലുകളെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ നോവലിന് തന്നെ പ്രതിപാദ്യം ആകുവാൻ മാത്രം എന്താണ് അതിന് പ്രാധാന്യം എന്ന് ചിന്തിച്ചുകൊണ്ട് നോവലിലേക്ക് നോക്കിയാൽ ആ കല്ലുകൾ വരാനുള്ള സാഹചര്യം, അതുമായി ബന്ധപ്പെടുന്ന ചോര, ചോരയുമായി ബന്ധപ്പെടുന്ന മാധവൻ, മാധവനുമായി ബന്ധപ്പെടുന്ന കബീർ, കബീറുമായി ബന്ധപ്പെടുന്ന കറുപ്പൻ എന്നിങ്ങനെ പലരിലേക്കും ആ കല്ലുകളുടെ ഭാരം കടക്കുന്നതായി കാണാം. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം കണ്ടതിന് ശേഷം ആസ്വാദകർ സ്വന്തമായി പല നിഗമനങ്ങളിലേക്ക് എത്തിയതുപോലെ ഈ നോവലിൽ നിന്നും അത്തരം ഒരനുഭവം ലഭിക്കും. അത് തന്നെയാണ് ആ സിനിമയുടെയും നോവലിന്റെയും വിജയം. ചുമ്മാ വായിച്ചു തള്ളിക്കളയാവുന്ന നോവൽ അല്ല മൂന്ന് കല്ലുകൾ എന്ന് ചുരുക്കം. 

Monday, March 6, 2023

പുസ്തക പരിചയം - ദി ബ്രെയിൻ ഗെയിം


ഒട്ടേറെ നാളുകൾക്ക് ശേഷമാണ് ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത്. സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയും സർവ്വോപരി എൻറെ നാട്ടുകാരിയുമായ ശ്രീമതി മായ കിരൺ എഴുതിയ "ദി ബ്രെയിൻ ഗെയിം" ഇത്രയും നാളത്തെ കാത്തിരുപ്പ് വെറുതെയായില്ല എന്ന് തെളിയിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരവായനാനുഭവം. 

കുട്ടിക്കാലത്ത് ഷെർലക് ഹോംസ് കൃതികൾ വായിച്ചുകൊണ്ടാണ് കുറ്റാന്വേഷണ പുസ്തകങ്ങളിലേക്ക് ഇറങ്ങുന്നത്. ആവേശത്തോടെ അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികൾ വായിച്ചു തീർത്തു. രണ്ടും മൂന്നും ആവർത്തി വായിച്ച കൃതികളും ഇല്ലാതില്ല. ഫോറൻസിക്കും പോസ്റ്റ് മോർട്ടവുമൊക്കെ വരുന്നതിന് മുന്നേയുള്ള കാലത്ത് നിരീക്ഷണത്തിലൂടെ കേസുകൾ തെളിയിച്ചിരുന്ന ഹോംസിനെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഒരു മൃതദേഹത്തിൽ കാണപ്പെടുന്ന പരുക്ക് മരണത്തിന് മുൻപ് സംഭവിച്ചതാണോ അതോ മരണത്തിന് ശേഷം സംഭവിച്ചതാണോ എന്നറിയാൻ മൃതദേഹത്തെ തല്ലി പരീക്ഷണം നടത്തിയ ഹോംസിൻറെ കാലത്തുനിന്നും അജഗജാന്തരം മാറിയിട്ടുണ്ട് ആധുനിക കുറ്റാന്വേഷണ നോവലുകൾ. ആ മാറ്റം അടിമുടി രേഖപ്പെടുത്തുന്ന നോവലാണ് ബ്രെയിൻ ഗെയിം. 

സോഷ്യൽ മീഡിയ ആണ് കൃതിയിലെ സംഭവങ്ങളുടെ പ്രധാന പശ്ചാത്തലം എന്നതിൽ തുടങ്ങുന്നു ആ ആധുനികതയുടെ കടന്നുകയറ്റം. ആർതർ കോനൻ ഡോയലിന്റെയും അഗതാ ക്രിസ്റ്റിയുടെയും ലോകത്ത് നിന്നും നേരെ കൊച്ചിയിൽ നടക്കുന്നൊരു ബ്രെയിൻ ഗെയിമിലേക്ക് ലാൻഡ് ചെയ്തപ്പോൾ ഉണ്ടായ ഒരു അങ്കലാപ്പ് കുറയാൻ കുറച്ചൊക്കെ സഹായിച്ചത് സമീപകാലത്ത് കണ്ട ഡിറ്റക്ടീവ് സിനിമകളാണ്. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ബ്രെയിൻ ഗെയിം നമുക്ക് ആസ്വദിക്കാം. ഏറെക്കുറെ നാല് മണിക്കൂർ മാത്രമാണ് 206 പേജുള്ള ആ നോവൽ വായിച്ചുതീർക്കാൻ വേണ്ടിവന്നത്. ഓരോ അദ്ധ്യായം വായിക്കുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ നമ്മെ ഇരുത്തി വായിപ്പിക്കും. സസ്പെൻസുകൾ മാലപ്പടക്കം പോലെ പൊട്ടിത്തുടങ്ങിയ അവസാന ഭാഗത്ത് ചെറിയ കൺഫ്യൂഷൻ ഉണ്ടായതൊഴിച്ചാൽ ഒരു നെഗറ്റിവും പറയാനില്ലാത്ത കൃതിയാണ് "ദി ബ്രെയിൻ ഗെയിം".

കുറ്റാന്വേഷണ നോവലിൻറെ ഉള്ളടക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അതിൻറെ തുടർന്നുള്ള ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ കഥയെക്കുറിച്ച് കൂടുതൽ പറയാനില്ല. കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പര, അത് അന്വേഷിക്കുന്ന സമർത്ഥനായ പോലീസ് ഓഫീസർ, അതി ബുദ്ധിമാനായ കുറ്റവാളി ഇങ്ങനെ ഒരു ത്രെഡ് പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

നോവലിസ്റ്റിൻറെ ഇതേ കാറ്റഗറിയിൽ ഇറങ്ങിയ പുതിയ നോവൽ "ഇൻസിഷൻ" നല്ല അഭിപ്രായത്തോടെ മുന്നേറുന്നുണ്ട്. ബ്രെയിൻ ഗെയിം നൽകിയ വായനാ സുഖം തീർച്ചയായും ആ നോവൽ വായിക്കാനും പ്രേരിപ്പിക്കും. അതേപോലെ സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ രചിച്ച "പ്ലാനറ്റ് 9" എന്ന പുസ്തകവും തീർച്ചയായും വായിച്ചിരിക്കും. കാരണം വേറൊരു മേഖലയിൽ ജോലിചെയ്യുന്ന ആളായിരുന്നിട്ടും കുറ്റാന്വേഷണ നോവലായ ബ്രെയിൻ ഗെയിം ഉദ്യോഗഭരിതമാക്കാൻ എഴുത്തുകാരി നടത്തിയിട്ടുള്ള കഠിനാധ്വാനം ഓരോ വരിയിലും നമുക്ക് വായിച്ചറിയാം. തീർച്ചയായും അതേ എഫോർട്ടോ അതിലേറെയോ ഞാൻ വായിക്കാനുള്ള പുസ്തകങ്ങളിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും നാളായിട്ടും കായിപ്പുറംകാരിയായ മായ കിരൺ എഴുതിയ പുസ്തകങ്ങൾ വായിച്ചില്ലെന്ന കുറ്റബോധം ആ വായനയെ എത്രയും നേരത്തേയാക്കും. എന്തായാലും ഒരുകാര്യം ഉറപ്പാണ് മലയാള കുറ്റാന്വേഷണ സാഹിത്യശാഖയ്ക്ക് മികച്ചൊരു എഴുത്തുകാരിയെ ലഭിച്ചിരിക്കുന്നു എന്ന ബെന്യാമിൻറെ വാക്കുകൾ വെറുതെയല്ല. അഭിനന്ദനങ്ങൾ